July 17, 2025 |
Share on

’52 സെക്കന്റ്’ കൊണ്ടുള്ള മുന്നറിയിപ്പുകള്‍

കുറ്റിപ്പുറം പാലം, അവള്‍ക്കൊപ്പം, തുടങ്ങിയ സിനിമകള്‍ ഒരുക്കിയ പ്രതാപ് ജോസഫിന്റെ ഏറ്റവും പുതിയ സിനിമയാണ് അമ്പത്തിരണ്ട് സെക്കന്റ്.

52 അമ്പത്തിരണ്ട് സെക്കന്റ് കൊണ്ട് ഒരു കൊച്ചു സിനിമ. സെന്‍സറിങ്ങിന്റെ കത്രികയില്‍ അവസാനിക്കുന്ന പുതിയ സിനിമകളുടെ ഭാവിയെ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട് ‘അമ്പത്തിരണ്ട് സെക്കന്റ്’എന്ന കൊച്ചു സിനിമ. കുറ്റിപ്പുറം പാലം, അവള്‍ക്കൊപ്പം, തുടങ്ങിയ സിനിമകള്‍ ഒരുക്കിയ പ്രതാപ് ജോസഫിന്റെ ഏറ്റവും പുതിയ സിനിമയാണ് അമ്പത്തിരണ്ട് സെക്കന്റ്. റോട്ടര്‍ഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ പുരസ്കാരം നേടിയ സനല്‍കുമാര്‍ ശശിധരന്‍റെ സെക്സി ദുര്‍ഗ എന്ന ചിത്രത്തിന്‍റെ ക്യാമറമാന്‍ പ്രതാപ് ജോസഫ്‌ ആണ്.

‘ഈ സിനിമയുടെ കഥയും സംഭാഷണങ്ങളും തികച്ചും സാങ്കല്‍പ്പികം സാദൃശ്യങ്ങള്‍ പക്ഷെ യാദൃച്ഛികമല്ല.’ തുടക്കത്തില്‍ കാട്ടുന്ന മുന്നറിയിപ്പ് തന്നെയാണ് ദേശീയ ഗാനത്തിന്റെ അതേ ദൈര്‍ഘ്യമുള്ള സിനിമയുടെ രാഷ്ട്രീയവും. തിയേറ്ററിനകത്തും പുറത്തും നിങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന മുന്നറിയിപ്പോടെ തുടങ്ങുന്ന സിനിമ, ഇരുട്ട് മുറികളില്‍ കാണിക്കേണ്ട ദേശീയതയില്‍ തുടങ്ങി ബീഫ്! നിരോധനം, മദ്യപാനം, മതം, സിഗററ്റ്, ഗോമാംസം, സ്വവര്‍ഗലൈംഗികത, മൃഗസംരക്ഷണം തുടങ്ങിയവയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഒന്നിന് പുറകെ ഒന്നൊന്നായി വന്ന് സിനിമയിലെ ദൃശ്യങ്ങള്‍ മായ്ക്കുന്നു. ഒരു ബീപ് ശബ്ദത്തോടെ സിനിമ അവസാനിക്കുന്നു.


സംവിധായകന്‍ പ്രതാപ് ജോസഫ്‌

ഭക്ഷണം, വസ്ത്രം, കല, – ഫാസിസം എല്ലായിടത്തും പിടി മുറുക്കുന്നുതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. ക്രൈം നമ്പര്‍ 89 എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതനായ എസ്. പ്രദീപാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആശയം സംവിധായകന്‍ സുദേവന്റേതാണ് അമ്പത്തിരണ്ട് സെക്കന്റിന്റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ പ്രതാപ് ജോസഫ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×