UPDATES

ഇന്ത്യ

എക്സിറ്റ് പോള്‍: എൻഡിഎയോട് ചാഞ്ഞ് ഡിഎംകെ; സർക്കാരുണ്ടാക്കുന്ന പാർട്ടിക്ക് പിന്തുണയെന്ന് ബിജെഡി

പ്രതിപക്ഷ മഹാസഖ്യത്തിൽ നിന്നും എൻഡിഎ സഖ്യത്തിൽ നിന്നും മാറി നിന്നിരുന്ന ഒഡിഷയിലെ ബിജു ജനതാദൾ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്ന കക്ഷിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

                       

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതോടെ നിലപാടിൽ വെള്ളം ചേർത്ത് ഡിഎംകെ. മെയ് 23ന് ഫലം വന്നതിനു ശേഷം മാത്രമേ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കൂ എന്ന് എംകെ സ്റ്റാലിൻ പ്രസ്താവിച്ചു. കൂടാതെ, മെയ് 23ന് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ കൂടിക്കാഴ്ച നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎ സഖ്യത്തോട് സഖ്യകക്ഷിയാണ് ഡിഎംകെ. പ്രതിപക്ഷ മഹാസഖ്യത്തിന്റെ നിലപാടുകളോട് പല ഘട്ടത്തിലും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കോൺഗ്രസ്സ്-ബിജെപിയിതര ഫെഡറൽ മുന്നണി സ്ഥാപിക്കാനുള്ള ആശയവുമായി തന്നെ വന്നു കാണാൻ ശ്രമിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനോട് ഒട്ടും അനുകൂലമായല്ല സ്റ്റാലിന്‍ പ്രതികരിച്ചത്. അത്തരമൊരു സംരംഭം വിജയിക്കുമോയെന്ന സംശയം അദ്ദേഹം നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്തു. യുപിഎ മുന്നണിക്കായിരിക്കും തന്റെ പിന്തുണയെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു സ്റ്റാലിൻ.

എക്സിറ്റ് പോളുകളെല്ലാം തമിഴ്നാട്ടിൽ ഡിഎംകെ വൻ മുന്നേറ്റം നടത്തുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതാണ്ടെല്ലാ സീറ്റുകളിലും ഡിഎംകെ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങള്‍.

റിപ്പോര്‍ട്ട്: ബിഷപ്പുമാര്‍ക്കടക്കം വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപമുള്ളതിന്റെ വിവരങ്ങളാണ് ‘വ്യാജരേഖ’യിലെന്ന് ആരോപണം; വൈദികനെ അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രി പോലീസ് പള്ളിയില്‍; സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി

മെയ് 23ന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ‘ആരു പറഞ്ഞു മെയ് 23ന് കൂടിക്കാഴ്ചയുണ്ടെന്ന്’ എന്ന ചോദ്യമുന്നയിക്കുകയായിരുന്നു സ്റ്റാലിൻ. റിസൾട്ട് അറിഞ്ഞ ശേഷം കൂടിക്കാഴ്ച നടത്തിയിട്ടേ കാര്യമുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഡിഎ സഖ്യത്തിന് അധികാരത്തിലെത്താൻ കഴിയുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പറഞ്ഞത്. ഇതോടെ പ്രാദേശിക പാർട്ടികൾ എൻഡിഎയോട് ചായുന്ന നിലപാടിലേക്ക് മാറുന്നതാണ് കാണുന്നത്. നേരത്തെ സോണിയയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയ മായാവതിയുടെ നടപടിക്കു പിന്നാലെയാണ് ഡിഎംകെയും സമാന നിലപാട് സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡൽഹിയിൽ വെച്ച് നടക്കാനിരുന്ന മായാവതി-സോണിയ കൂടിക്കാഴ്ച റദ്ദാക്കപ്പെട്ടിരുന്നു. അങ്ങനെയൊരു കൂടിക്കാഴ്ച പദ്ധതിയിട്ടിരുന്നില്ലെന്നാണ് ബിഎസ്പി നേതാക്കൾ അറിയിച്ചത്. മെയ് 23ന്റെ കൂടിക്കാഴ്ചയിലും മായാവതി പങ്കെടുക്കുമെന്നതിന് ഉറപ്പൊന്നുമില്ല.

പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കാൻ പ്രയത്നിച്ചു വരുന്ന ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡുവാണ് മെയ് 23നുള്ള കൂടിക്കാഴ്ചയിലേക്ക് പ്രതിപക്ഷ പാർട്ടി നേതാക്കളെ ക്ഷണിക്കാൻ ഓടി നടന്നിരുന്നത്. അഖിലേഷും മായാവതിയും യെച്ചൂരിയും സ്റ്റാലിനുമടക്കമുള്ള നിരവധി നേതാക്കളെ അദ്ദേഹം നേരിൽച്ചെന്ന് കാണുകയും ചെയ്തിരുന്നു.

പ്രതിപക്ഷ മഹാസഖ്യത്തിൽ നിന്നും എൻഡിഎ സഖ്യത്തിൽ നിന്നും മാറി നിന്നിരുന്ന ഒഡിഷയിലെ ബിജു ജനതാദൾ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്ന കക്ഷിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു ഈ പ്രഖ്യാപനം.

ബിജെഡിയുടെ മുതിർന്ന നേതാവായ അമർ പട്നായിക്ക് ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന സൂചന നല്കുകയും ചെയ്തിട്ടുണ്ട്. എക്സിറ്റ് പോളുകൾ എൻഡിഎക്ക് അനുകൂലമായതിനാൽ എൻഡിഎ സഖ്യത്തോട് ചേരേണ്ടി വരുമെന്ന നിലയാണ് ഇപ്പോഴുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഈ സംഭവവികാസങ്ങൾ മെയ് 23ന്റെ പ്രതിപക്ഷ കൂടിക്കാഴ്ചയെ പ്രതിസന്ധിയിലാക്കാനാണ് സാധ്യത. ഇതിനുള്ള ആലോചനകൾ ഹൈക്കമാൻഡ് തുടങ്ങിയെന്നാണ് വിവരം. മെയ് 24നായിരിക്കും യോഗം നടക്കുക എന്നും വിവരമുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍