കൊച്ചി മുസിരിസ് ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തുന്നവര്‍ക്കുള്ള പ്രധാന പ്രശ്നം ഈ കലാസൃഷ്ടികളെ എങ്ങനെ ആസ്വദിക്കാം അല്ലെങ്കില്‍ വിലയിരുത്താം എന്നതാണ്. അതിനുള്ള മറുപടിയാണ് സ്വിസ് കലാകാരനായ തോമസ് ഹെര്‍ഷോണിന്‍റെ മാര്‍ച്ച് 28 വരെ നീണ്ടു നില്‍ക്കുന്ന പരിശീലനകളരി.
എഴുത്ത്, ഫോട്ടോ, വീഡിയോ, പെയിന്‍റിംഗ്, പ്രതിമ തുടങ്ങി കലാസൃഷ്ടികള്‍ ഏതു രൂപത്തിലുള്ളതുമാകാം. പക്ഷെ ഇവയുടെ ഗുണമേډ നോക്കിയല്ല ഇതിനെ വിലയിരുത്തേണ്ടതെന്ന് ഹെര്‍ഷോണ്‍ തന്‍റെ പരിശീലന കളരിയിലൂടെ പറഞ്ഞു കൊടുക്കുന്നു. കലാസൃഷ്ടിയെ വിലയിരുത്തേണ്ടത് അത് പുറത്തു വിടുന്ന ഊര്‍ജ്ജത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.
തോമസ് ഹെര്‍ഷോണിന്‍റെ പരിശീലനകളരിയുടെ പേരു തന്നെ എനര്‍ജി യെസ്, ക്വാളിറ്റി നോ എന്നാണ്. ഒരു കലാസൃഷ്ടിയെ ബാഹ്യമായ സ്വാധീനങ്ങളില്ലാതെ സ്വയം എങ്ങിനെ വിലയിരുത്താമെന്നതാണ് അദ്ദേഹം പഠിപ്പിക്കുന്നത്. വിലയിരുത്തലുകള്‍ വ്യക്തി കേന്ദ്രീകൃതമായി വ്യത്യസ്തമാകാം എന്നും അദ്ദേഹം പറഞ്ഞു.
സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ ഹെര്‍ഷോണിന്‍റെ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. ഏകാംഗമായ കലാപ്രദര്‍ശനത്തേക്കാളും അദ്ദേഹം താത്പര്യപ്പെടുന്നത് ഒന്നിലധികം സൃഷ്ടികളുടെ പ്രദര്‍ശനത്തെയാണ്. ഇത്തരം സൃഷ്ടികളില്‍ പ്രാദേശികമായ വസ്തുക്കളുടെ ഉപയോഗം നിരവധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
ഗുണമേډയെന്ന വാക്കിനെ പിന്തിരിപ്പനായാണ് ഹെര്‍ഷോണ്‍ കാണുന്നത്. വിധിനിര്‍ണയമാണ് ശുഭാപ്തിവിശ്വാസമുള്ള പദം. സൃഷ്ടിയുടെ വിധിനിര്‍ണയം കലാകാരന്‍റെ വിധിനിര്‍ണയമാകരുതെന്നും അദ്ദേഹം നിര്‍ഷകര്‍ഷിച്ചു.
61-കാരനായയ ഹെര്‍ഷോണിന്‍റെ പരിശീലനകളരി ഫോര്‍ട്ട്കൊച്ചിയിലെ ബിനാലെ പവലിയനിലാണ്. പരിശീലന കളരിയില്‍ പങ്കെടുക്കുന്ന വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ കലാസൃഷ്ടികള്‍ പരസ്പരമാണ് വിലയിരുത്തേണ്ടത്. ഫോട്ടോ, രേഖാചിത്രം, ചെറുകഥ, കവിത, തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.
ചെന്നൈയില്‍ നിന്നുള്ള മൂന്ന് സ്ക്കൂള്‍കുട്ടികളുടെ സൃഷ്ടിയ്ക്ക് മികച്ച വിലയിരുത്തല്‍ ലഭിച്ചു. സ്വന്തം മുഖം മാവിന്‍റെ ശിഖരം കൊണ്ടുണ്ടാക്കിയ കൊച്ചിക്കാരിയുടെ സൃഷ്ടി വലിയ പ്രശംസ നേടി. യാതൊരു മൂല്യവുമില്ലാത്ത വസ്തു കൊണ്ടാണ് ഈ കലാസൃഷ്ടിയുണ്ടാക്കിയത്. പക്ഷെ അതിന് വലിയ പ്രശംസ ലഭിച്ചുവെന്നും അവര്‍ പറഞ്ഞു. ബിനാലെയിലെ പങ്കാളിത്ത ആര്‍ട്ടിസ്റ്റായ വിപിന്‍ ധനുര്‍ധരനും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.