UPDATES

വായന/സംസ്കാരം

ചിന്തയും ഭൗതിക പദാര്‍ത്ഥവുമായി രാജു സുത്തറിന്‍റെ ബിനാലെ കൊളാറ്ററല്‍

ചിന്തകള്‍ മനുഷ്യന്‍റെ തലച്ചോറിനുള്ളില്‍ പ്രത്യേകതരം രാസപ്രോട്ടീന്‍ സൃഷ്ടിക്കുന്നുവെന്ന് അവര്‍ കണ്ടെത്തി. ഇതു യഥാര്‍ത്ഥത്തില്‍ ഭൗതികപദാര്‍ത്ഥം തന്നെയാണെന്ന് രാജു സുത്തര്‍ പറയുന്നു.

                       

ചിന്തയ്ക്കും ഭൗതികപദാര്‍ത്ഥത്തിനുമിടയിലെ ബന്ധം തിരയുന്ന സൃഷ്ടികളാണ് കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി നടക്കുന്ന പ്രദര്‍ശനമായ ബിനാലെ കൊളാറ്ററലില്‍ ആര്‍ട്ടിസ്റ്റ് രാജു സുത്തര്‍ ഒരുക്കിയിരിക്കുന്നത്. രാജുവുള്‍പ്പെടെ അഞ്ച് ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നൊരുക്കിയിരിക്കുന്ന ഈ പ്രദര്‍ശനത്തില്‍ വിവിധ കലാമാധ്യമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

അമേരിക്കന്‍ ന്യൂറോസയന്‍റിസ്റ്റായ കാന്‍ഡേസ് ബീബി പെര്‍ട്ടിന്‍റെ കണ്ടുപിടുത്തങ്ങളാണ് ഈ കലാസൃഷ്ടികളുടെ അടിസ്ഥാനം. എക്സപ്ലോറര്‍ ഓഫ് ദി ബ്രെയിന്‍ എന്നാണ് ഈ ശാസ്ത്രജ്ഞ അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ ചിന്തയും അനുഭവങ്ങളും മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റവും തമ്മിലുള്ള ബന്ധമാണ് ഡോ. പെര്‍ട്ടിന്‍റെ ഗവേഷണം.

ചിന്തകള്‍ മനുഷ്യന്‍റെ തലച്ചോറിനുള്ളില്‍ പ്രത്യേകതരം രാസപ്രോട്ടീന്‍ സൃഷ്ടിക്കുന്നുവെന്ന് അവര്‍ കണ്ടെത്തി. ഇതു യഥാര്‍ത്ഥത്തില്‍ ഭൗതികപദാര്‍ത്ഥം തന്നെയാണെന്ന് രാജു സുത്തര്‍ പറയുന്നു.

ചിന്ത, ഭൗതിക പദാര്‍ത്ഥം എന്നിവയും സമകാലീന കലയും തമ്മിലുള്ള സംഭാഷണമാണ് രാജു സുത്തര്‍ ബിനാലെ കൊളാറ്ററിലൂടെ മുന്നോട്ടു വയക്കുന്നത്.ചിന്തകള്‍ ഭൗതിക പദാര്‍ത്ഥമാണെങ്കില്‍ ചിന്തയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന സമകാലീന കലാസൃഷ്ടികള്‍ എവിടെ നില്‍ക്കുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു. ചിന്തകളല്ലാത്തതെന്തെന്ന അന്വേഷണത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

സമകാലീന കഥക് നര്‍ത്തകന്‍ ഋഷികേശ് പവാര്‍, കളിമണ്‍ കലാകാരന്‍ രാജേഷ് കുല്‍ക്കര്‍ണി, ചിത്രകാരനായ സന്ദീപ് സോണാവാനെ, വസ്ത്രകലാകാരി വൈശാലി ഓക്ക് എന്നിവരുടെ സൃഷ്ടികളാണ് ഈ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. ചിന്തയും ഭൗതിക പദാര്‍ത്ഥമാണ്(തോട്ട് ഈസ് ഓള്‍സോ എ മാറ്റര്‍) എന്നതാണ് പ്രദര്‍ശനത്തിന് നല്‍കിയിരിക്കുന്ന പേര്.

ഫോര്‍ട്ട് കൊച്ചിയിലെ ജ്യൂ ടൗണിലാണ് ഈ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. വലുപ്പമേറിയ സൃഷ്ടികള്‍ കൊണ്ട് പെട്ടന്ന് സന്ദര്‍ശകരുടെ കണ്ണില്‍പ്പെടുന്നതാണ് ഈ പ്രദര്‍ശനം. സോണാവാനെയുടെയും സുത്തറിന്‍റെയും വലിയ ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്. ജാമ്യതീയ രൂപങ്ങളും അടിസ്ഥാന നിറങ്ങളുമാണ് ഈ സൃഷ്ടികളില്‍ ഉപയോഗിച്ചിട്ടുള്ളത്.

ത്രികോണത്തിന് മൂന്ന് വരകളും ചതുരത്തിന് നാല് വരകളും വേണമെന്നതു പോലെയാണ് ചിന്തകളെ വിശകലനം ചെയ്യേണ്ടതെന്ന് 53 കാരനായ സോണാവാനെ പറഞ്ഞു.

ചിന്തയുടെ വിത്തുകളാണ് വൈശാലി ഓക്ക് തന്‍റെ കലാസൃഷ്ടിയിലൂടെ മുന്നോട്ടു വയ്ക്കുന്നത്. തുണിയുടെ വിവിധ ഡിസൈനുകളും അടുക്കുകളുമെല്ലാം ഇതിനെ വ്യത്യസ്തമാക്കുന്നു. ചിന്തകളുടെ പോക്കും വരവുമാണ് കുല്‍ക്കര്‍ണിയുടെ പ്രതിഷ്ഠാപനങ്ങള്‍ പ്രമേയമാക്കുന്നത്. കളിമണ്ണില്‍ തീര്‍ത്ത രൂപങ്ങളെ കയറു കൊണ്ട് കൂട്ടിക്കെട്ടിയിരിക്കുന്നു. സമയത്തിനിടയില്‍ പുറത്താക്കപ്പെട്ട എന്തോ ഒന്നിനെ ഓര്‍മ്മിപ്പിക്കുന്നതാണിത്.

കലാപ്രകടനത്തിലൂടെ ശരീരവും ചിന്തകളുമായുള്ള ബന്ധം ഋഷികേശ് പവാര്‍ അവതരിപ്പിക്കുന്നു. ചിന്തകളുടെ കളിസ്ഥലം എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. വര്‍ത്തമാനകാല ചിന്തകളെ ബാധിക്കുന്ന സംഘട്ടനങ്ങളില്‍ ജീവിക്കുന്ന വ്യക്തിത്വങ്ങളെ സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് പുണെയിലെ സെന്‍റര്‍ ഫോര്‍ കണ്ടംപററി ഡാന്‍സിന്‍റെ സ്ഥാപകന്‍ കൂടിയായ 36-കാരന്‍ പവാര്‍ പറഞ്ഞു.

ബിനാലെ മൂന്നാം ലക്കത്തിലെ റൂട്ട്സ് ആന്‍ഡ് റൂട്ട്സ്(വേരുകളും പാതകളും) എന്ന കൊളാറ്ററല്‍ പ്രദര്‍ശനത്തിന്‍റെ തുടര്‍ച്ച എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. രാജു സുത്തര്‍ ക്യൂറേറ്റ് ചെയ്ത ഈ പ്രദര്‍ശനത്തില്‍ പുണെയില്‍ നിന്നുള്ള നിരവധി ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍