UPDATES

ഓഫ് ബീറ്റ്

വയറു നിറച്ച് ആഹാരം കൊടുത്താല്‍ ആരവരുടെ മലംകോരും? -ഈ ചോദ്യത്തോട് അശ്വതി നായര്‍ പ്രതികരിച്ചതിങ്ങനെ

വിശപ്പ് അറിഞ്ഞു വളര്‍ന്നതുകൊണ്ട് അതിന്റെ വേദന എനിക്കറിയാം

                       

ഒരുനേരത്തെ ആഹാരത്തിനുവേണ്ടി വഴിയോരങ്ങളില്‍ കാത്തുകിടക്കുന്ന ജീവിതങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ നമുക്കെങ്ങനെ പുരോഗതിയെക്കുറിച്ച് പറയാന്‍ കഴിയും? നമ്മുടെ ശാസ്ത്രനേട്ടങ്ങള്‍ ആകാശം കടന്നുപോകുന്നു, ലോകത്തോട് നമ്മള്‍ രാജ്യത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് വാചാലരാകുന്നു. അപ്പോഴും ദൈന്യതയാര്‍ന്നൊരു നോട്ടവുമായി ആരെങ്കിലും എറിഞ്ഞുകൊടുക്കുന്ന ഒരു വറ്റിനായി ഒരുപാട് പേര്‍ ഈ രാജ്യത്തിന്റെ തെരുവുകളില്‍ ജീവിതമെന്ന ശാപവും പേറി കഴിയുന്നു. കാണാതെ പോകുന്ന ആ കാഴ്ച്ചകളിലല്ലേ നമ്മുടെയെല്ലാം യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിക്കുന്നത്? തെരുവിന്റെ ദാരിദ്ര്യവും നിസ്സഹായതയും പലപ്പോഴും ഭരണകൂടങ്ങള്‍ കണ്ണടച്ചവഗണിക്കുമ്പോഴും, ചിലരുണ്ട്; ചില മനുഷ്യര്‍, ആ കാഴ്ചകള്‍ തരുന്ന വേദന സ്വയമേറ്റെടുത്ത് പുറംതള്ളപ്പെട്ട മനുഷ്യന്റെ ആശ്വാസമായി മാറാന്‍. അവരിലൊരാളാണ് അശ്വതി എന്ന പെണ്‍കുട്ടി. തന്റെ ജീവിതവും പ്രവര്‍ത്തനവും വഴിയോരങ്ങളിലെ മനുഷ്യര്‍ക്ക് വേണ്ടിക്കൂടി മാറ്റിവയ്ക്കാന്‍ തയ്യാറായ അശ്വതി നായര്‍ സംസാരിക്കുന്നു. (തയ്യാറാക്കിയത്: രാകേഷ് നായര്‍)

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു. ലോകത്തിനു മുന്നില്‍ നമ്മുടെ രാജ്യം ഒരുപാട് വളര്‍ന്നിരിക്കുന്നു. വിമര്‍ശനബുദ്ധ്യാ പറയുന്നതല്ലെങ്കില്‍ കൂടി, മംഗള്‍യാന്‍ വിജയം നമ്മള്‍ ആഘോഷിക്കുമ്പോഴും ഓര്‍ക്കുക, വിശന്നുക രയുന്ന കുറെ മനുഷ്യര്‍ നമ്മുടെ കണ്‍മുന്നില്‍ ഇപ്പോഴും നില്‍ക്കു ന്നുണ്ടെന്ന്. മനസ്സില്‍ കുറെ ദയയും കരുണയും ഉള്ളതുകൊണ്ടാണ് ഞാനീ പ്രവര്‍ത്തന ങ്ങള്‍ ക്കിറങ്ങിയതെന്ന് ധരിക്കരുത്. ഇതെന്റെ പ്രതിഷേധമാണ്, ഇവിടുത്തെ ഭരണ കൂടത്തോട്, സമൂഹത്തോട് എല്ലാമുള്ള പ്രതിഷേധം. സ്വന്തം മാതാപി താക്കളെ വഴിയിലുപേക്ഷിച്ച് കടന്നുകളയുന്ന മക്കളോടുള്ള പ്രതിഷേധം. ഒരുനേരത്തെ ഭക്ഷണം, അതിനു വകയില്ലാത്തവന് കൊടുക്കുന്നതും ഉപേക്ഷി ക്കപ്പെട്ടവന് ഒരാശ്രയം ഒരുക്കി കൊടുക്കുന്നതുമെല്ലം എന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നതിനെക്കാള്‍ പ്രതിഷേധങ്ങളായിട്ട് വേണം കാണാന്‍.

വിശപ്പ് അറിഞ്ഞ വളര്‍ന്നതുകൊണ്ട് അതിന്റെ വേദന എനിക്കറിയാം
ജീവിതത്തില്‍ ഒരുപാടു പട്ടിണി കിടന്നിട്ടുള്ളവളാണ്. വാശിയെടുത്തോ വഴക്കിട്ടോ ഒരുനേരം ഭക്ഷണം ഉപേക്ഷിക്കുന്ന പട്ടിണിയല്ല, കഴിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് അനുഭവിച്ച പട്ടിണി. എന്റെ കുട്ടിക്കാലം അത്തരം അനുഭവങ്ങളാലായിരുന്നു സമ്പന്നം. ഞങ്ങള്‍ മക്കളെയും അമ്മയേയും ഉപേക്ഷിച്ച് പോയതാണ് എന്റെ അച്ഛന്‍. മറ്റുവീടുകളില്‍ പണിയെടുത്താണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. അതുകൊണ്ട് ദാരിദ്ര്യവും പട്ടിണിയും എന്താണെന്ന് വായിച്ചും പറഞ്ഞും കേള്‍ക്കാതെ തന്നെ മനസ്സിലാക്കാന്‍ പറ്റി. ഇതേ വിധി അനുഭവിക്കുന്ന മറ്റൊരാളെ കണ്ടാല്‍ മുഖം തിരിക്കാതിരിക്കാന്‍ ശീലിച്ചത് അങ്ങിനെയാണ്. ഒരു മെഡിക്കല്‍ റപ്രസസെന്ററ്റീവിന്റെ തൊഴില്‍ കിട്ടിയപ്പോള്‍ ചെയ്യാന്‍ ആഗ്രഹിച്ച പലതും ചെയ്യാന്‍ തുടങ്ങി. നേരത്തെ പറഞ്ഞതുപോലെ സമൂഹത്തിലിറങ്ങി കാരുണ്യപ്രവര്‍ത്തികള്‍ ചെയ്‌തേക്കാം എന്ന ഉദ്ദേശ്യമൊന്നും എനിക്കില്ലായിരുന്നു. പ്രത്യേകിച്ച് യാതൊരുവിധ ഉദ്ദേശ്യവും ഇല്ലാതെ തന്നെയാണ് ഞാന്‍ ഇറങ്ങിത്തിരിച്ചത്. അതിനെന്നെ പ്രേരിപ്പിച്ചത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും നിസ്സംഗതയും അവഗണനയുമാണ്. വിശന്നിരിക്കുന്ന ഒരു മനുഷ്യനെ കാണുമ്പോള്‍ ഇപ്പോഴും എനിക്ക് തോന്നുന്നത് ദയയല്ല, ഒരു ഫയറാണ്. ആ ആളിക്കത്തല്‍ അണയ്ക്കാനാണ് ഞാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നത്.

 

വയറു നിറച്ച് ആഹാരം കൊടുത്താല്‍ ആര് അവരുടെ മലംകോരും?
ഞാന്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ പ്രേരണയായൊരു സംഭവമുണ്ട്. മൂന്നാലു വര്‍ഷങ്ങള്‍ക്കുമുമ്പാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികള്‍ക്ക് കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ആരോരുമില്ലാത്ത രോഗികളാണ് ഒമ്പതാം വാര്‍ഡിലുള്ളത്. ആ പാവങ്ങള്‍ക്ക് വയറു നിറയാന്‍പോലും ഒന്നും കിട്ടുന്നില്ലെന്നു കേട്ടപ്പോള്‍ വെറുതേയിരിക്കാന്‍ തോന്നിയില്ല. ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി കൊടുത്തു. ആ രോഗികള്‍ക്ക് ഞാന്‍ ഭക്ഷണമെത്തിച്ചു കൊടുക്കാമെന്നും അതിനുള്ള അനുവാദം തരണമെന്നും ഡിഎംഒയോടു പറഞ്ഞു. അന്ന് എന്നോട് ഡിഎംഒ പറഞ്ഞതെന്താണാന്നോ- അവര്‍ക്കൊക്കെ വയറു നിറച്ചു ആഹാരം കൊടുത്താല്‍ അവിടെയാകെ മലവിസ്സര്‍ജ്ജനം നടത്തുമെന്ന്. ആ മലം ഞാന്‍ വന്നു കോരുമോയെന്ന്. അവിടുത്തെ ജോലിക്കാര്‍ക്ക് അതൊന്നും ചെയ്യാന്‍ നേരമില്ലത്രേ! ഇത്രയും അവഹേളനപരമായ ഒരു മറുപടിയായിരിക്കും ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ കരുതിയില്ല.

സ്വന്തം ആശുപത്രിയുടെ കീഴില്‍ വരുന്ന രോഗികളെക്കുറിച്ചാണ് സര്‍ക്കാര്‍ പ്രതിനിധികൂടിയായ ഡിഎംഒ ഇങ്ങനെ അറപ്പുളവാക്കുന്നരീതിയില്‍ പറഞ്ഞത്. ഞാന്‍ മനുഷ്യാവാകാശ കമമ്മിഷനില്‍ പരാതി കൊടുത്തു. അതോടെ ഈ സംഭവം കേസായി. പിന്നീട് ആശുപത്രി സൂപ്രണ്ട് എനിക്ക് ഒമ്പതാം വാര്‍ഡില്‍ ഭക്ഷണം കൊടുക്കാന്‍ അനുമതി നല്‍കി. കേവലം ഒരാശുപത്രിയില്‍ ഇത്തരത്തിലാണ് നടക്കുന്നതെങ്കില്‍ നമ്മുടെ രാജ്യത്ത് എന്തൊക്കെയായിരിക്കും നടക്കുന്നത്?

ശവം സ്വന്തമാക്കാന്‍ അവര്‍ വന്നു
മൂന്നുവര്‍ഷത്തോളമായി തെരുവു ജീവിതങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടയില്‍ മനസ്സിനെ വേദനിപ്പിച്ച കുറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്റെ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തിലാണ്. തിരുവനന്തപുരത്ത് ഒരു ക്ഷയരോഗിയുടെ ജീവിതവുമായി ബന്ധപ്പെടേണ്ടി വരുന്നത്. ആരോരുമില്ലാത്ത ആ പാവം വഴിയരികില്‍ കിടക്കുകയായിരുന്നു. പുലയനാര്‍കോട്ട ക്ഷയയരോഗാശുപത്രിയില്‍ നിന്ന് അയാളെ പുറത്താ ക്കിയതാ ണ്. ബൈ സ്റ്റാന്‍ഡറായി ആരുമില്ലെന്നതായിരുന്നു കാരണം. ക്ഷയരോഗിയും ആരുമില്ലാത്തവനുമായതുകൊണ്ട് ഒരാശുപത്രിയിലും അഡ്മിറ്റ് ചെയ്യാന്‍ സമ്മതിച്ചില്ല. ഒടുവില്‍ തെരുവില്‍ തന്നെ എനിക്ക് അദ്ദേഹത്തെ പരിചരിക്കേണ്ടി വന്നു. മരുന്നും നല്ല ഭക്ഷണവും നല്‍കി ഞാന്‍ ആ പാവത്തെ നോക്കി.

പക്ഷേ, രണ്ടുമാസം മാത്രമെ എനിക്കതിനു സാധിച്ചുള്ളൂ. അപ്പോഴേക്കും അദ്ദേഹം മരിച്ചൂ! മരണത്തിനു തൊട്ടുമുമ്പ് എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു- മോളേ…ഞാന്‍ മരിച്ചാല്‍ എന്റെ ദേഹം ഞങ്ങളുടെ മതാചാരപ്രകാരം ( അദ്ദേഹമൊരു ഇസ്ലാം ആയിരുന്നു) അടക്കണം-എന്നാല്‍ ആ ആഗ്രഹം നടത്തികൊടുക്കാന്‍ എനിക്കായില്ല. അതിനെന്നെ സമ്മതിച്ചില്ല. മതം, നിയമം, എത്രയെത്ര നൂലാമാലകള്‍. അദ്ദേഹത്തിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തിരിച്ചറിയാന്‍ ഞാന്‍ പോയിരുന്നു. പുതിയ കസവു മുണ്ടൊക്കെ പുതച്ചാണ് അവിടെ ആ മനുഷ്യന്‍ കിടന്നിരുന്നത്. ഏതൊക്കെയോ രക്ഷകര്‍ത്താക്കള്‍ വന്നിരിക്കുന്നു എന്ന് വ്യക്തമായി. ആ മുഖത്തേക്ക് നോക്കി നിന്നപ്പോള്‍ വെറുതെ ഓര്‍ത്തുപോയി- ഇന്നലെ വരെ സ്വന്തം നാണം മറയ്ക്കാന്‍പ്പോലും വഴിയില്ലാതെ തെരുവില്‍ കിടക്കുകയായിരുന്നല്ലോ ഈ പാവം!

അന്നം കൊടുക്കുന്നത് പുണ്യമാണ് മോളെ
എന്റെ അമ്മ പറഞ്ഞതാണ് ഈ വാചകം. എന്റെ ആഗ്രഹങ്ങള്‍ പറഞ്ഞപ്പോള്‍ അമ്മയ്ക്ക് വലിയ സന്തോഷം. തെരുവിലിറങ്ങി അനാഥന്റെയും ഭാന്ത്രന്റെയും രോഗികളുടെയുമെല്ലാം ഇടയില്‍ നടക്കാന്‍ ഒരു പെണ്‍കുട്ടി തയ്യാറാകുമ്പോള്‍, അതിലെ ബുദ്ധിമുട്ടൊന്നും പറഞ്ഞ് അമ്മ പിന്തിരിപ്പിക്കാന്‍ നോക്കിയില്ല. അമ്മയ്ക്ക് അറിയാേലാ; പട്ടിണിയെന്തെന്ന്! ഒറ്റപ്പെടലെന്താണെന്ന്. ഉള്ളത് എത്രപേ ര്‍ക്കാണെന്നു വച്ചാല്‍ വെച്ചുണ്ടാക്കി തരാന്‍ ഞാന്‍ തയ്യാറാണെന്നാണ് അമ്മ പറഞ്ഞത്. ഞാനും സഹോദരിയും മെഡിക്കല്‍ റെപ്രസന്റേറ്റീവുകളാണ്. അമ്മ ഇപ്പോഴും വീട്ടുജോലികള്‍ക്കു പോകുന്നുണ്ട്. പിന്നെ ഞങ്ങളൊരു തട്ടുകടയും നടത്തുന്നുണ്ട്. ഇതില്‍ നിന്നെല്ലാം കിട്ടുന്നതില്‍ നിന്ന് മിച്ചം പിടിച്ചാണ് ഇല്ലാത്തവനുവേണ്ടി എന്തെങ്കിലുമൊക്കെ ഞങ്ങള്‍ ഉണ്ടാക്കുന്നത്.

അറുപതുപേര്‍ക്ക് ഇന്ന് ദിവസേന ഭക്ഷണം കൊടുക്കുന്നുണ്ട്. അതിനുള്ള ചെലവെല്ലാം ഞാന്‍ തന്നെയാണു വഹിക്കുന്നതെന്ന് കരുതരുത്. നല്ലമനസ്സുള്ളവ രുടെ പിന്തുണ കിട്ടാറുണ്ട്. പലരും വീടുകളില്‍ നടക്കുന്ന ആഘോഷങ്ങളിലെ ഒരു പങ്ക് എത്തിച്ചുതരും. മനുഷ്യത്വമുള്ള ഒരു വിഭാഗം ആളുകളുടെ പിന്തുണ ഉള്ളതുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. തിരുവനന്തപുരത്ത് പതിനഞ്ചു കിലോ മീറ്റര്‍ ചുറ്റളവിനുളളില്‍ മാത്രമാണ് ഇപ്പോള്‍ ഞങ്ങളുടെ ആഹാരവിതര ണം നടക്കുന്നത് അത് വളരെ ചെറുതാണെന്ന് അറിയാം. പക്ഷേ നിലവിലെ സ്ഥിതി അതിനേ അനുവദിക്കുന്നുള്ളൂ.

ഫേസ്ബുക്കിലെ മദര്‍ തേരേസയും അമൃതാനന്ദമയിയും
ഒരു വ്യക്തി സമൂഹത്തിലിറങ്ങി ചെന്ന് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങിയാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും. ആദ്യകാലത്ത് അത്തരം ചോദ്യങ്ങളും പരിഹാസങ്ങളും കുറെ കേള്‍ക്കേണ്ടി വന്നിട്ടു ണ്ട്. പുഴുവരിച്ച നിലയില്‍ കിടക്കുന്ന ഒരു മനുഷ്യനെ സഹായിക്കാനുള്ള എന്റെ ഉദ്യമത്തെപ്പോലും പോലീസുകാര്‍ക്ക് കോഴ്‌സിന്റെ ഭാഗമായ ഇന്റേണ്‍ഷിപ്പ് ആയിട്ടാണ് തോന്നിയത്. ഒരു മാസം ഇതുപോലെ എത്ര കേസ് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പോലീസുകാര്‍ ചോദിച്ചിട്ടുള്ളത്. എന്ത് കോഴ്‌സ്, എന്ത് കേസ്? ആര്‍ക്കെങ്കിലും ഒരു സഹജീവിയെ സഹായിക്കണമെന്ന് തോന്നിയാല്‍ എന്തൊക്കെ വ്യവസ്ഥകള്‍ അനുസരിക്കണമിവിടെ? ഞാനേതോ വലിയ ഗ്യാംഗിന്റെ ഭാഗമാണെന്നാണ് ചിലര്‍ കണ്ടെത്തിയത്.

മറ്റു ചിലര്‍ക്ക് ഞാന്‍ ഫേസ്ബുക്കിലെ മദര്‍ തെരെസയാണ്! ശരിയാണ് എന്റെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയയെ ഞാന്‍ ആശ്രയിക്കുന്നുണ്ട്. എനിക്ക് പുണ്യാളത്തി യാകാനല്ല അത്. അവനവന്‍ ജീവിക്കുന്ന സമൂഹത്തില്‍ കാണേണ്ട കുറെ കാഴ്ചകള്‍ കൂടിയുണ്ടെന്ന് ഒരാളെയെങ്കില്‍ ഒരാളെ അറിയിക്കാനാണ്. അതിനാണ് ചിലര്‍ എന്നെ ഫേസ്ബുക്കിലെ മദര്‍ തെരേസ ആക്കുന്നത്. മദര്‍ തെരേസയുടെ ജീവിതം ഒരിടത്തുപോലും അനുകരിക്കാനോ പിന്തുടരാനോ എനിക്കായിട്ടില്ല. വേറൊരു കൂട്ടരുടെ ഭീഷണി ഇതിലുമൊക്കെ തമാശയാണ്- അവളുടെ പോക്ക്, മറ്റൊരു അമൃതാനന്ദമയി ആകാനാണ്, ഒരിക്കലും അതിനവളെ അനുവദിക്കരുതെന്ന്!

പലര്‍ക്കും പുച്ഛമാണ് ഞാന്‍ ചെയ്യുന്നതിനോട്. ബലാത്സംഗം ചെയ്യാന്‍ വരുന്നവനും ഇലയിട്ട് ചോറുകൊടുക്കുന്നവള്‍ എന്നാണ് ചില പരിഹാസങ്ങള്‍. തെരുവുകളില്‍ ജീവിക്കുന്നവരെല്ലാം അക്രമികളും ബലാത്സംഗം ചെയ്യാന്‍ നടക്കുന്നവരുമാണെന്നാണ് പരിഷ്‌കൃത ജീവിതങ്ങള്‍ വിശ്വസിച്ചുവച്ചിരിക്കുന്നത്! ഇത്തരത്തിലുള്ള പല എതിര്‍പ്പുകളും കുറ്റപ്പെടുത്തലുകളും ഉണ്ടായതോടെയാണ് ഒരു ഓര്‍ഗനൈസേഷന്‍ രൂപീകരിക്കണണെന്ന് തീരുമാനിക്കുന്നത്. അങ്ങിനെയാണ് ജ്വാല എന്ന പ്രസ്ഥാനം തുടങ്ങുന്നത്. ഇന്ന് മുപ്പത് അംഗങ്ങള്‍ ജ്വാലയിലുണ്ട്. അവരില്‍ പലരേയും എനിക്ക് ഒരു പരിചയവുമില്ലായിരുന്നു. ഫേസ്ബുക്കിലൂടെ അശ്വതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളും കൂടെയുണ്ടെന്ന് പറഞ്ഞു മുന്നോടുവന്നവരാണവര്‍. സര്‍ക്കാരിന്റെയോ മറ്റുള്ള സംഘടനക ളുടെയോ യാതൊരു പിന്തുണയും ജ്വാലയക്ക് കിട്ടുന്നില്ല.പ്രത്യകിച്ച് ഒരു വരുമാനമോ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ, കെട്ടിടമോ ഇല്ല. ഇപ്പോള്‍ ഞങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഒരു റെസിഡന്‍ഷ്യല്‍ ഏരിയായിലാണ്. അവിടെ നിന്ന് ഒഴിയണമെന്നാണ് പ്രദശവാസികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പലപ്പോഴും രോഗികളെയും മറ്റും ഞങ്ങള്‍ക്ക് ജ്വാലയുടെ ഓഫിസിലേക്ക് കൊണ്ടുവരേണ്ടി വരും. പ്രാകൃതരും ശരീരം പൊട്ടിയൊലിക്കുന്നവരൊക്കെയായിരിക്കും. ഇതാണ് ആ ഏരിയായില്‍ താമസിക്കുന്നവര്‍ക്ക് ഇഷ്ടമാകാത്താത്.ഇറങ്ങേണ്ടി വന്നാല്‍ മനുഷ്യനെ മനുഷ്യന് മനസ്സിലാകുന്ന മറ്റൊരിടത്തേക്ക മാറേണ്ടി വരും.



അവര്‍ തെരുവില്‍ അലയേണ്ടി വരുന്നത് ആരുകാരണം?

തെരുവില്‍ കിടക്കുന്നവരെ എല്ലാവരേയും അനാഥാലയങ്ങളിലേക്കോ അതുപോലുള്ള മറ്റുസ്ഥാപനങ്ങളിലേക്കോ മാറ്റാന്‍ ജ്വാല ശ്രമിക്കാറില്ല. ആഗ്രഹമുള്ളവര്‍ പോട്ടെ, അല്ലാത്തവര്‍ക്ക് തെരുവിന്റെ സ്വാതന്ത്ര്യമാണ് വേണ്ടതെങ്കില്‍ അവരെ തടയരുത്. സ്ത്രീകളെ മാത്രം, അവരുടെ സുരക്ഷിതത്വം ഓര്‍ത്ത് ഏതെങ്കിലും സന്നദ്ധ സ്ഥാപനങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിക്കാറുണ്ട്. ഞങ്ങളുടെ ഈ തീരുമാനത്തിനെതിരെ ഉയരുന്ന പരാതി; തെരുവില്‍ ആളെക്കൂട്ടന്‍ ശ്രമിക്കുന്നു എന്നാണ്. ആരാണ് ഇവിടെ തെരുവുമക്കളെ സൃഷ്ടിക്കുന്നത്? ഒരു അശ്വതിയാണോ? അതോ ഞങ്ങളുടെ സംഘടനയാണോ? ഈ സമൂഹവും ഭരണകൂടവുമല്ലെ യഥാര്‍ത്ഥ ഉത്തരവാദികള്‍. ഇനി മറ്റൊരു കാര്യം, നമ്മുടെ അനാഥാലയങ്ങളും വൃദ്ധസദനങ്ങളുമെല്ലാം കാരുണ്യത്തിന്റെയും ദയയുടെയും ആലയങ്ങളാണോ? പലയിടത്തും നടക്കുന്നതു കേട്ടാല്‍ ഈ തെരുവു തന്നെ നല്ലതെന്ന് മനസ്സിലാകും. പറയേണ്ടവര്‍ക്ക് എന്തുവേണമെങ്കിലും പറയാം. പക്ഷേ, വാളെടുത്തു വരുന്നവരൊക്കെ ഒരു നേരമെങ്കിലും ഒരാളുടെയെങ്കിലും വിശപ്പ് മാറ്റിയവരാകണം!

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍