Continue reading “bk”

" /> Continue reading “bk”

"> Continue reading “bk”

">

UPDATES

bk

                       
ലാ റോഹാ…
 
സ്പെയിന്‍ എന്ന സ്പാഞ്ഞ (Espana) എന്ന് ഇവിടുത്തുകാര്‍ വിളിക്കുന്ന ഈ യൂറോപ്യന്‍ രാജ്യത്തെ ഫുട്‌ബോള്‍  സംസ്‌കാരത്തെയും ഇവിടുത്തെ അധികം അറിയപ്പെടാത്ത വസ്തുതകളുമാണ് ഈ എഴുത്തില്‍. സ്പാനിഷ് ഫുട്‌ബോളിനെ കുറിച്ച് എഴുതാന്‍ ഇതിലും ഉത്തമമായ സമയം മറ്റൊന്നില്ല  എന്ന് തോന്നുന്നു. 2010 ഫുട്‌ബോള്‍ ലോകകപ്പ്, 2008, 2012 UEFA യൂറോപ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്, 2008  മുതല്‍ തുടര്‍ച്ചയായി  ഫിഫ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം, ഇത് സ്പാനിഷ് നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ 'ന്യൂ ജനറേഷന്‍' കാലഘട്ടം. റ്റിക്കി – റ്റക്ക എന്ന ശൈലി പുതുതായി പരിശീലിച്ചു വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടവും സമ്പാദ്യവുമായി അവര്‍ കരുതുന്നു, ഈ ശൈലിക്കൊരു ആന്റിഡോട്ട്  കണ്ടുപിടിക്കാന്‍ മറ്റു ടീമുകള്‍ക്ക്  കഴിഞ്ഞ അര ദശാബ്ധ കാലമായി സാധിച്ചതുമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ചുവപ്പ്  എന്നര്‍ത്ഥം വരുന്ന 'ലാ റോഹ' (La Roja)  എന്നറിയപെടുന്ന സ്പാനിഷ് ഫുട്‌ബോളിന്റെ  ഇപ്പോഴത്തെ തിളക്കം.
 
സ്പെയിന്‍ ലോകകപ്പ് കിരീടം നേടുന്നതിനു മുന്‍പ് തന്നെ സ്പാനിഷ് ഫുട്‌ബോളിനെ ലോകം ആരാധിച്ചിരുന്നു. റിയല്‍ മാഡ്രിഡ്, ബാഴ്സിലോണ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ലാ ലിഗ (La Liga) എന്ന സ്പാനിഷ് ലീഗ് ക്ളബ് ഫുട്‌ബോളും, കടും ചുവപ്പ് ജെഴ്‌സി അണിഞ്ഞ്, കുറിയ പാസുകളുമായി കളിക്കുന്ന കുറിയ കളിക്കാരുള്ള ദേശീയ ടീമും, ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടിയ വീറും വാശിയുടെയും രണ്ടു മൂന്ന് കളി മുഹുര്‍ത്തങ്ങള്‍ മാത്രം മതിയാവും സ്പാനിഷ് ഫുട്‌ബോളിനെ  ഇഷ്ടപെടാനും നെഞ്ചേറ്റാനും.
 
വാഗ്ദത്ത ഭൂമിയിലേക്ക് ടീമിനെ കൈപിടിച്ച് നടത്തിയ കോച്ച് ദെല്‍ ബോസ്‌കെ എന്ന ബിഞ്ചെന്തൊ ദെല്‍ ബോസ്‌കെ ഗോണ്‍സാലെസും, ഒരു മനസ്സും പതിനൊന്നു ശരീരവുമായി കളിക്കുന്ന ലാ റോഹയും, ഫുട്‌ബോളിന്റെ പേരില്‍ അസഹിഷ്ണുതക്കു പേരുകേട്ട സ്പാനിഷ് ജനതയും നടത്തിയ ഒറ്റക്കെട്ടായ ശ്രമം എന്ന് മാത്രമേ ഇപ്പോഴത്തെ അവസ്ഥയെ ചുരുങ്ങിയ വാക്കില്‍ വിലയിരുത്താന്‍ പറ്റു. കഴിഞ്ഞ കുറച്ചു കാലമായി നേടിയെടുത്ത അസൂയാവഹങ്ങളായ വിജയങ്ങളുടെയും അവയുടെ സന്തോഷത്തില്‍ മതിമറക്കുകയും ചെയ്ത സ്പെയിനിലെ ജനങ്ങള്‍ ഒരു പക്ഷെ തങ്ങളുടെ രാജ്യം നേരിട്ട ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ അതില്‍ നിന്നും ഊര്‍ജംകൊണ്ടിരിക്കണം, തീര്‍ച്ച.  ഈ അവസരത്തില്‍ ഇവിടുത്തെകുറിച്ചു എഴുതുന്നതിന്റെ പ്രസക്തി വളരെ വലുതാണെന്ന് ഞാന്‍ മനസിലാക്കുന്നു. അധികമാരും അറിയാത്തതും ചര്‍ച്ച ചെയ്യപ്പെടാത്തതുമായ കാര്യങ്ങള്‍ കൂടുതലായി വായിക്കാം. ഇതിലേക്ക് ഒരു ചെറിയ ഫുട്‌ബോള്‍ കഥ പറഞ്ഞു അവസാനിപ്പിക്കുന്നു. വിഷയം, മുമ്പ് സൂചിപിച്ച അസഹിഷ്ണുതയും അതിന്റെ അനന്തരഫലവും.
 
സെര്‍ഹിയൊ റാമോസ് ഗാര്‍സിയ (Sergio Ramos Garcia), കാളപ്പോരിനു പേരുകേട്ട അന്ദലൂസ്യയിലുള്ള സേവിജ പ്രവിശ്യയില്‍ ജനനം. ഇപ്പോഴുള്ള സ്പാനിഷ് ടീമിന്റെ ഡിഫെന്‍സ് നെടുംതൂണ്‍, റിയല്‍ മാഡ്രിഡില്‍ ക്ളബ് ഫുട്‌ബോള്‍ കളിക്കുന്നു. 2012 ഏപ്രില്‍ 25 അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ കരിയറിലെ കറുത്ത ദിനമായി അറിയപ്പെടുന്നു. റിയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്ക് മത്സരത്തില്‍ ഒരു ചെറിയ പെനാല്‍റ്റി മിസ്സ്, ആ കളിയില്‍ തന്നെ പേരുകേട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, കാക്കയും ഫിലിപ് ലാമും വരെ പെനാല്‍റ്റി  പാഴാക്കിയവരുടെ കൂട്ടത്തിലുണ്ട്. എന്നിട്ടും സെര്‍ഹിയൊ മാത്രം കഠിനമായി ശിക്ഷിക്കപ്പെട്ടു, കാരണമോ പെനാല്‍റ്റി വളരെ ദയനീയമായിരുന്നു; ക്രോസ് ബാറില്‍ നിന്നും വളരെ അകന്നുപോയി. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും സെര്‍ഹിയൊയുടെ പെനാല്‍റ്റി ക്രുരമായി പരിഹസിക്കപെട്ടു. ഒരു ഉദാ: നാസ ന്യൂസ്  ഫ്ളാഷ് – '25 ഏപ്രില്‍ 2012 അപ്രതീക്ഷിത സൂര്യ ഗ്രഹണം. സെര്‍ഹിയൊ റാമോസിന്റെ പെനാല്‍റ്റിയെ തുടര്‍ന്ന് സ്പാനിഷ് സമയം രാത്രി പതിനൊന്നു മണിക്ക് ശേഷമാണ് സൂര്യ ഗ്രഹണം നടന്നത്. സാന്തിയാഗോ ബെര്‍ണബെയു സ്‌റ്റേഡിയത്തില്‍ നിന്നുമാണ് ഇത് വ്യക്തമായി കാണാന്‍ കഴിഞ്ഞത്'.
 
എന്നിട്ടും അരിശം തീരാതിരുന്ന ഫുട്‌ബോള്‍ ആരാധകനായ ഒരു യൂണിവേഴ്സിറ്റി അധ്യാപകന്‍ ഈ വിഷയം തന്റെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തി! മൂന്നാം വര്‍ഷ ഫിസിക്‌സ്  ചോദ്യപേപ്പറില്‍ ഇങ്ങനെ വായിക്കാം : 'സെര്‍ഹിയൊ റാമോസ്, തന്റെ മേലുള്ള ഉത്തരവാദിത്വത്തിന്റെ കാഠിന്യത്തില്‍ ഉണ്ടായ അമിത ഭീതിയാല്‍  താന്‍ എടുക്കേണ്ട പെനാല്‍റ്റിയുടെയും പന്തിന്റെയും ഗതി നിര്‍ണയിക്കുന്നതില്‍ പരാജയപെട്ടു. ഈ അവസരത്തില്‍ പന്തിന്റെ ഭാരം M ആണെന്നിരിക്കെ അത് തൊടുത്തുവിട്ട വെര്‍ട്ടിക്കല്‍ ദിശയുടെ കോണ്‍ പൈയുടെ നാലില്‍ ഒരംശമാകുകയും വേഗത ഭുമിയുടെ എസ്‌കേപ് വെലോസിറ്റിക്ക് തുല്യമാകുകയും ചെയ്തപ്പോള്‍ എതിര്‍ ഗോള്‍പോസ്റ്റില്‍ എത്തിയില്ല, എങ്കില്‍ :
(Rt-ഉം Mt-ഉം ഭുമിയുടെ റേഡിയസും ഭാരവുമായി കരുതുക, ഭുമിയുടെ ഭ്രമണവും,കാറ്റിന്റെ ഫ്രിക്ഷനും അവഗണിക്കുക)
എ) പന്തിന്റെ 'motion constants' കണക്കാക്കുക 
ബി) ഇന്റര്‍നാഷണല്‍ സ്‌പേസ്  സ്റ്റേഷന്‍റെ ഭ്രമണ പഥത്തിന്റെ റേഡിയസ് 3RT ആണെങ്കില്‍ അതിലുള്ളവര്‍ പന്തുമായുള്ള കുട്ടിയിടി ഭയക്കേണ്ടതുണ്ടോ?
  
പക്ഷെ കഥ ഇവിടെ അവസാനിക്കുന്നില്ല… 
കൃത്യം രണ്ടു മാസങ്ങള്‍ക്ക് ശേഷം സെര്‍ഹിയൊ ശക്തമായി മറുപടി കൊടുത്തു, ഒരുഗ്രന്‍ 'പനന്‍ക' പെനാല്‍റ്റിയിലൂടെ. 
 
27 June 2012-ല്‍ പോര്‍ച്ചുഗലിനെതിരെ യുറോക്കപ്പ് സെമിഫൈനല്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ നാലാമതായി സ്പെയിനിനു വേണ്ടി പെനാല്‍റ്റി എടുക്കുമുമ്പ് സെര്‍ഹിയൊ തന്റെ ഉദ്ദേശം ദെല്‍ ബോസ്‌കെയോട് പറയുകയും ചെയ്തു. വളരെ ബുദ്ധിമുട്ടുള്ള ഒരു പെനാല്‍റ്റി ശൈലിയാണ്  'പനന്‍ക'. ഗോളി ഏതെങ്കിലും ഒരുവശത്തേക്ക് ചാടും എന്ന് മുന്‍കൂട്ടി കണ്ട് പന്ത് ഒരു നേര്‍ രേഖയില്‍ ചിപ്പ് ചെയ്തിടുന്ന കുബുദ്ധി. ആദ്യമായിട്ടല്ലെങ്കില്‍ കൂടി സെര്‍ഹിയൊയുടെ അവസ്ഥയില്‍ ആ തീരുമാനം ചങ്കൂറ്റം നിറഞ്ഞതായിരുന്നു. ഇതിനുവേണ്ടി അദ്ദേഹം കഠിനമായി പരിശീലിച്ചിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു.
പിറ്റേന്ന് ഇറങ്ങിയ പത്രങ്ങള്‍ എഴുതിയത് ഇങ്ങനെ:
 
Sergio Ramos, ¡que torero!
സെര്‍ഹിയൊ റാമോസ് , ഏടോ കാളപ്പോരുകാരാ!
 
 
 
ടോണി ടെഡ്ഡി ഫെര്‍ണാണ്ടസ്. മാവേലിക്കര സ്വദേശി. ഇപ്പോള്‍ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ താമസം. ഫുട്‌ബോളിനോട് ചെറുപ്പം മുതല്‍ കമ്പമുള്ള ടോണി കളിച്ചു വളര്‍ന്നത് നാട്ടിന്‍പുറത്തെ കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍. ആദ്യം സ്‌കൂള്‍ ടീമിലും പിന്നീട് കോളേജ് ടീമിലും. ഒരു പ്രഫഷണല്‍ ഫുട്‌ബോളറായി മാറാന്‍ ആഗ്രഹിച്ചെങ്കിലും  മെച്ചപ്പെട്ട കരിയര്‍ര്‍ എന്ന വീട്ടുകാരുടെ സമ്മദ്ദര്‍ത്തെ തുടര്‍ന്ന് എത്തപ്പെട്ടത് ഫിസിക്‌സിന്റെ ലോകത്ത്. ഇപ്പോള്‍ സ്പാനിഷ് നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒപ്റ്റിക്‌സില്‍, സീനിയര്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചര്‍. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌പെയിനിലെ നിന്നുമായി രണ്ട് ഡോക്ടറേറ്റ് ബിരുദങ്ങള്‍. സ്‌പെയിനില്‍ നിന്നുള്ള  ലോക്കല്‍ ഫുട്‌ബോള്‍ വിദഗ്ധന്‍ന്‍ എഴുതുന്ന കുറിപ്പുകള്‍ ഇനി മുടങ്ങാതെ അഴിമുഖത്തില്‍.  
 

 

Share on

മറ്റുവാര്‍ത്തകള്‍