Continue reading “പതിഞ്ഞതിനപ്പുറം”

" /> Continue reading “പതിഞ്ഞതിനപ്പുറം”

"> Continue reading “പതിഞ്ഞതിനപ്പുറം”

">

UPDATES

ഓഫ് ബീറ്റ്

പതിഞ്ഞതിനപ്പുറം

                       
കെ പി വിനോദ്
 
 
ടെലിവിഷന്‍ ചാനലിന്റെ എണ്ണം കൂടിയതോടെ വാര്‍ത്താചാനലിന്റെ മത്സരവും മുറുകി. ചാനലിലെ ഒരു വാര്‍ത്തക്ക് ഒരു ദിവസത്തെ ആയുസേ ഉള്ളൂ ഇപ്പോള്‍. പത്രങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ഒരു പ്രസ്താവന നടത്തിയാല്‍ അത് വരുന്നത് അടുത്ത ദിവസം പിന്നെ അതിന്റെ പ്രതികരണം അതിനടുത്ത ദിവസം അങ്ങനെ ഒരാഴ്ച നിറഞ്ഞു നിന്നിരുന്ന വാര്‍ത്തകള്‍ ഇന്നു ടെലിവിഷനില്‍ പുലര്‍കാല വാര്‍ത്തയില്‍ പതിയെ തുടങ്ങി ഉച്ചവാര്‍ത്തിയില്‍ ഉച്ചസ്ഥായിയില്‍ എത്തി ഒന്‍പതുമണിക്കത്തെ ചാനല്‍ ചര്‍ച്ചയില്‍ മംഗളം പാടി അവസാനിപ്പിക്കുന്നതോടെ ആ വാര്‍ത്തകളുടെ സെറിമോണിയല്‍ ശവസംസ്‌കാരം നടക്കും.  ഇതിന് ഒരു കാരണം ചാനലുകളുടെ മത്സരം തന്നെ. ചാനലുകളുടെ ആകാശയുദ്ധത്തില്‍ പുതിയ ചാനലിന്റെ രംഗപ്രവേശനത്തോടെ ചാനലുകള്‍ പുതിയ വാര്‍ത്തകള്‍ കണ്ടുപിടിക്കുകയും അത് അവരുടേത് മാത്രമാക്കുന്നതിന്റേയും തിരക്കില്‍ കേരളം ചര്‍ച്ച ചെയ്യപ്പെടേണ്ട പല വാര്‍ത്തകളും അകാല മരണം സംഭവിക്കുന്നു എന്നതാണ് ദു:ഖകരമായ അവസ്ഥ. ഈ അടുത്ത ദിവസം പുതുചാനല്‍ ബ്രേക്ക് ചെയ്ത വി എസ് അച്യുതാനന്ദന്റെ വെളിപ്പെടുത്തലുകള്‍ ആ ചാനലിനുപോലും പിറ്റേ ദിവസം അതേ ചൂടാടെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
 
ഫോട്ടോഫിനിഷിങ്ങില്‍ ഒന്നാമതെത്തുന്ന ഫ്‌ളാഷ് ന്യൂസുകള്‍ക്കാണ് വാര്‍ത്ത ശേഖരിക്കാന്‍ പോകുന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരുടെ കണ്ണ്. പലപ്പോഴും ചാനലുകളുടെ ഡസ്‌കില്‍ നിരത്തി വച്ചിരിക്കുന്ന ടെലിവിഷനുകള്‍, ഫീല്‍ഡില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടര്‍മാരുടെ പേടിസ്വപ്നമാണ്. ബ്രേക്കിങ് ന്യൂസിന്റെ ലോകറിക്കോര്‍ഡ് ഇപ്പോഴും തോട്ടപ്പള്ളിക്കാരന്‍ മാധവന്‍പിള്ള ശിവരാമന്‍പിള്ള (എം ശിവറാം) എന്ന മലയാളി പത്രപ്രവര്‍ത്തകന്റെ പേരിലാണ്. ‘റോയിട്ടേഴ്‌സ്’ എന്ന വാര്‍ത്താ ഏജന്‍സിയുടെ സ്വീകരണമുറിയില്‍ റംഗുണിലെ പട്ടാള അട്ടമറിയുടെ വാര്‍ത്ത പുറംലോകത്തേക്ക് 24 മണിക്കുറിന്റെ ലീഡില്‍ എത്തിച്ച എം ശിവറാമിന്റെ പേര് സ്വര്‍ണ്ണ ലിപികളില്‍ തിളങ്ങുമ്പോള്‍ ശിവറാമിന്റെ നാട്ടിലെ ടെലിവിഷന്‍ സ്റ്റുഡിയോകളിലെ ബ്രേക്കിങ് യന്ത്രത്തിന് കേടുസംഭവിച്ചാല്‍ മാത്രമേ പ്രേക്ഷകന് ബ്രേക്കിങ് ന്യൂസ് ഇല്ലാത്ത ടെലിവിഷന്‍ പെട്ടികാണാന്‍ കഴിയൂ എന്ന അവസ്ഥയാണ്. 
 
 
 
 
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറങ്ങിയ  ‘വടക്കുനോക്കിയന്ത്ര’ത്തിന്റെ ശ്രീനിവാസന്‍ ടച്ചോടെ വന്ന പരസ്യമാണ് ഓര്‍മ്മ വരുന്നത്. ”തളത്തില്‍ ദിനേശന്റെ കഥ ആദ്യമായി ലോകസിനിമയില്‍” മറ്റു ചാനലുകളില്‍ എന്തെങ്കിലും കാണിക്കുമ്പോള്‍ അതില്‍കാര്യമില്ലാ എന്നുപറയുകയും നമുക്ക് എന്തെങ്കിലും തടയുമ്പോള്‍ നമ്മളെല്ലാം തളത്തില്‍ ദിനേശന്‍മാരാകുന്ന അവസ്ഥയാണ് ടെലിവിഷന്‍ പ്രവര്‍ത്തകരുടെ ഒരു പൊതു സ്വഭാവം. ഇത്തരം മത്സരങ്ങളില്‍ ഏറ്റവും പിന്നാലെ നടന്നത് മലയാളത്തിന്റെ ആദ്യചാനലായ ഏഷ്യാനെറ്റായിരുന്നു. നേരോടെ നിരന്തരം വാര്‍ത്തകള്‍ കാണിക്കുക എന്ന കര്‍മ്മത്തിലായിരുന്നു ഏഷ്യാനെറ്റിന്റെ ഊന്നല്‍..  ഇന്നത്തേപ്പോലെ ചാനല്‍ മേധാവിമാരുടെ തലക്കുമേലേ നില്‍ക്കുന്ന ‘ടാം’ (ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ്) എന്ന ഡെമോക്‌ളസിന്റെ വാളിനെക്കുറിച്ച് ബേജാറായിരുന്നില്ല ഏഷ്യാനെറ്റ് ന്യൂസ്. എന്നാല്‍ മനോരമാ ന്യൂസിന്റെ വരവ് കേരളം ഒട്ടുക്ക് ഫ്‌ളെക്‌സ് വെച്ച് നാട്ടില്‍ പാട്ടാക്കിയതോടെ ഏഷ്യാനെറ്റിന്റെ വാര്‍ത്താ മേധാവിക്കു തന്നെ ചാനലില്‍ പ്രത്യക്ഷപ്പെട്ട് ‘ഞങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും ഒന്നാമതാണെന്ന് പറയിപ്പിക്കല്ലെ’ എന്ന പരസ്യവുമായി വരേണ്ടി വന്നു. ഇന്ന് ചാനലുകള്‍ തുടങ്ങുന്നതിനുമുമ്പ് ഫ്‌ളെക്‌സുകള്‍ പാതയോരത്ത് തലതിരിച്ചുവെച്ച് വാസ്തവം ഞങ്ങള്‍ അറിയിക്കുമെന്ന് പ്രചാരണം നടത്തുകയാണ് പുതിയ ചാനലുകള്‍. പുതിയ പുതിയ ചാനലുകളുടെ വരവോടെ ചാനലുകളിലേക്കുള്ള കുടിയേറ്റവും സാധാരണ സംഭവമാകുന്നു. കണ്ടുകണ്ടിരിക്കും ഒരുത്തനെ മറ്റു ചാനലില്‍ക്കാണുന്നതു സ്ഥിരം സംഭവം ആളെക്കണ്ട് ചാന.ല്‍ ഏതാണെന്നു തീരുമാനിച്ചാല്‍ പ്രേഷകന് സ്ഥലജലഭ്രമം ഉണ്ടാകുമെന്നത് തീര്‍ച്ച.
 
പണ്ട് ഒരു ചാനലില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍ പിന്നീട് വാര്‍ത്താശേഖരണത്തിന്റെ ഭാഗമായി ഒത്ത്കൂടുന്നത് നിത്യസംഭവം.അപ്പോള്‍ പഴയ സൗഹൃദംകാണിച്ചാല്‍ ചിലപ്പോള്‍ പണകിട്ടി എന്നുംവരും. അങ്ങനെ പഴയ സീനിയറോട് അല്പം മമത കാണിച്ച് എട്ടിന്റെ പണി കിട്ടിയ ഒരു കഥ. സൂര്യനെല്ലിക്കേസ് അട്ടിമറിച്ചു എന്ന് ഇന്ത്യുടെ വലിയ കോടതി പറഞ്ഞ ദിവസത്തെ വൈകുന്നേരം സ്ഥലം നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്. രാജ്യസഭാ ഉപാധ്യക്ഷന്‍ കേരളത്തില്‍ എത്തുന്നു എന്നറിഞ്ഞ് ചാനല്‍പ്പട കുതിച്ചെത്തുന്നു. സൂര്യനെല്ലിക്കേസില്‍ മലയാളി അറിഞ്ഞതിനപ്പുറം അറിയിക്കാന്‍ പ്രമുഖചാനലിന്റെ  അടക്കം തത്സമയ സംപ്രേക്ഷണ വാഹനങ്ങള്‍ എയര്‍പ്പോര്‍ട്ടില്‍ പത്തിവിടര്‍ത്തിനിന്നു. 6.15 നോടെ രാജ്യസഭാ ഉപാധ്യാക്ഷന്‍ എയര്‍പോര്‍ട്ടിനു പുറത്തെത്തുന്നു.  കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ വൈകിട്ടത്തെ വാര്‍ത്തകള്‍ ചൂടോടെ മലയാളികളുടെ സ്വീകരണമുറികളിലേക്ക് തൊടുത്തുവിടുന്ന സമയം. സൂര്യനെല്ലി വിഷയം ആദ്യം ചോദിച്ചാല്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിയാലോ എന്ന് കരുതി അറിഞ്ഞതിലപ്പുറം അറിയിക്കുന്ന ചാനലിലെ റിപ്പോര്‍ട്ടര്‍ മറ്റു ചാനല്‍ലേഖികമാരോട് പെരുന്നയിലെ നഷ്ടപ്പെട്ടുപോയ താക്കോലിനെക്കുറിച്ച് ചോദിക്കാമെന്ന് സമവായത്തിലെത്തുന്നു.  താക്കോലിനെക്കുറിച്ച് കേട്ടമാത്രയില്‍ ഉപാധ്യക്ഷന്‍ വാചാലനായി. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ടപാടെ ഡല്‍ഹി നായരേക്കാളും നല്ല സെക്കുലര്‍ ആണ് മല്ലപ്പള്ളിക്കാരന്‍ അച്ചായന്‍ എന്ന് പെരുന്നയില്‍ നിന്നും പെരുമ്പറകൊട്ടിയതിന്റെ ഉപകാരസ്മരണ.  വാസ്തവം തലതിരിച്ച് കാണിക്കുമോയെന്ന് പേടിച്ച് താമസിച്ചെത്തിയ പുതിയ ചാനലിന്റെ ലേഖിക ആള്‍ക്കൂട്ടത്തിനിടയില്‍ കയറാന്‍ പാടുപെടുന്നതുകണ്ട് സ്ത്രീയെന്ന പരിഗണനയും പഴയ സ്‌നേഹവും വച്ച് മൈക്ക് ‘ഇങ്ങുതാ ചേച്ചി ‘ എന്ന് പഴയ സഹപ്രവര്‍ത്തകന്‍ , ടിയാന്റെ രണ്ടുകൈയിലും മൈക്കെത്തിയതോടെ ലേഖിക തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് തുരുതുരാ ഫ്‌ളാഷുകള്‍ മിന്നിക്കുമ്പോള്‍ രണ്ടുകൈയിലും മൈക്കുമായി നില്‍ക്കുന്ന എന്റേയുംകൂടി പഴയ സഹപ്രവര്‍ത്തകനായ സുഹൃത്തിന്റെ മുഖം കോപം കൊണ്ട് ചുവക്കുന്നത് വ്യൂ ഫൈന്‍ഡറിലെ കാഴ്ചക്കുപുറത്ത് എനിക്ക് കാണാമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റുചാനലുകളിലെ ഫ്‌ളാഷുകള്‍ കണ്ട് ന്യൂസ്ഡസ്‌കില്‍നിന്നുള്ള വിളിയില്‍ പോക്കറ്റില്‍കിടന്ന് ബ്‌ളാക്ക് ബെറി നിര്‍ത്താതെ ചിലച്ചതോടെ പഴയ സഹപ്രവര്‍ത്തകന്റെ സകല ക്ഷമയും നശിച്ച് ‘ചേച്ചി കാണിച്ചത് വൃത്തികേടായിപ്പോയിയെന്ന്’ പറഞ്ഞ് പൊട്ടിത്തെറിക്കുമ്പോള്‍ രണ്ടുപേരും എന്റെ പഴയ സഹപ്രവര്‍ത്തകാരായിരുന്നതുകൊണ്ട് ഫ്യൂഫൈന്‍ഡറിന് പുറത്ത് പതിഞ്ഞതൊന്നും കണ്ടില്ലെന്ന് നടിച്ച് എനിക്ക് ഈ വാര്‍ത്ത എത്രയും വേഗം ആപ്പീസില്‍ എത്തിച്ചില്ലെങ്കില്‍ പണി വേറെ കിട്ടും എന്നതിനാല്‍ കാറില്‍ കയറി വേഗം സ്ഥലം കാലിയാക്കി. 
 
 
(ഒരു ചാനലില്‍ സീനിയര്‍ കാമാറാ ജേര്‍ണലിസ്റ്റ് ആണ് ലേഖകന്‍)
 

 

Share on

മറ്റുവാര്‍ത്തകള്‍