Continue reading “പര്‍ദയും ജമാത്തും തമ്മിലെന്ത്?”

" /> Continue reading “പര്‍ദയും ജമാത്തും തമ്മിലെന്ത്?”

"> Continue reading “പര്‍ദയും ജമാത്തും തമ്മിലെന്ത്?”

">

UPDATES

കേരളം

പര്‍ദയും ജമാത്തും തമ്മിലെന്ത്?

                       
വി ഷഫീഖ്
 
 
 
മലപ്പുറത്ത് പറയുന്ന പോലെ, ആളും കായീം നോക്കിയാല്‍ കേരള ജമാത്ത് ഇസ്ളാമിയായിരിക്കും ഒരു പക്ഷെ സംസ്ഥാനത്തെ ഏറ്റവും ചെറിയ മുസ്ളീം സംഘടന. എന്നാല്‍ വൈരുദ്ധ്യം എന്ന് പറയട്ടെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ജമാത്ത് ഇസ്ളാമിയുമായി ബന്ധപെട്ട വാര്‍ത്തകള്‍ (മറ്റു ഏത് മുസ്ളീം മത സംഘടനകളെക്കാളും) മുസ്ളീം കേരളത്തിന്റെ നാല് ചുവരുകള്‍ക്ക് അപ്പുറം കേരളീയ പൊതു സമൂഹത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴി തുറക്കുന്നുണ്ട്. ഒരു മത മൗലികവാദ സംഘടന എന്ന നിലയില്‍ മാത്രം കേരളീയ മുസ്ളീം സമൂഹം പോലും കണ്ടിരുന്ന പ്രസ്ഥാനം ‘സോളിഡാരിറ്റി’ വഴി മതത്തെ ബാക്ഫൂട്ടില്‍ നിര്‍ത്തി പുതിയ രാഷ്ട്രീയ സാമൂഹിക ‘വ്യവഹാരങ്ങള്‍’ തുടങ്ങിയത് തന്നെയാണ് ഇത്തരം ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിമരുന്നിട്ടത്. കൂട്ടത്തില്‍ മുസ്ളീം ലോകത്ത് ഉണ്ടായി കൊണ്ടിരിക്കുന്ന മാറ്റങ്ങളും.
 
1941 ആഗസ്റ്റ് മാസം 26-ന് ലാഹോറില്‍ മൌലാന അബുല്‍ അല മൗദുദി (1903 – 79)യുടെ മുഖ്യ കാര്‍മികത്വത്തില്‍ ആണ് ജമാത്ത് ഇസ്ളാമി രൂപീകരിച്ചത്. ഹുകൂമത്തെ ഇലാഹി, അതായത് ഇസ്ളാമിക രാഷ്ട്ര സംസ്ഥാപനം ആയിരുന്നു മുഖ്യ ലക്ഷ്യം. മൗദുദി തന്നെ ആയിരുന്നു സംഘടനയുടെ ആദ്യത്തെ അമീറും. സെകുലര്‍ ഡെമോക്രസിയെ നഖശിഖാന്തം എതിര്‍ത്ത മൗദുദി, കടുത്ത സ്ത്രീ വിരുദ്ധ ആശയങ്ങള്‍ തന്നെയാണ് മുന്നോട്ട് വച്ചത്. ശോഭനമായ ഒരു ഇസ്ളാമിക ലോകം സ്വപ്നം കണ്ട് വിഭാജനാന്തരം മൗദൂദി പാകിസ്ഥാനിലേക്ക് പോയെങ്കിലും, ഇന്ത്യയില്‍ ബാക്കിയുണ്ടായ പ്രവര്‍ത്തകര്‍ സംഘടിച്ച് ജമാത്ത് ഇസ്ലാമി ഹിന്ദ് (JIH) എന്ന പേരില്‍ മുന്നോട്ട്‌ പോയി. മൗദൂദിയന്‍ ആശയങ്ങള്‍ തീവ്രമായി മുന്നോട്ട് വെച്ച്, കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചെങ്കിലും മുസ്ളീം സമൂഹത്തില്‍ പോലും കാര്യമായ സ്വാധീനം നേടിയെടുക്കാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല. സംഘടന മുന്നോട്ട് വെച്ച ആശയങ്ങള്‍ രാജ്യത്തെ മുസ്ളീം സമൂഹത്തിനു പോലും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല എന്ന് സാരം. ഈ ഒരു പശ്ചാത്തലത്തില്‍ വേണം കേരള ജമാത്ത് ഇസ്ളാമി കഴിഞ്ഞ ഒരു ദശകം എടുത്ത തീരുമാനങ്ങളുടെ ബാക്കിപത്രം അന്വേഷിക്കുവാന്‍.
 
ഇസ്ളാമിലെ സ്ത്രീ ആയിരിക്കും ഒരു പക്ഷെ ഇസ്ളാമുമായി ബന്ധപെട്ട ചര്‍ച്ചകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയപ്പെട്ടത്. സ്ത്രീ പ്രശ്നങ്ങളോടുള്ള സമീപനം പലപ്പോഴും ഇസ്ളാമിനെ ഒരു ‘ആന്റി മോഡേണ്‍’ മതമായി തന്നെ ചിത്രീകരിക്കാന്‍ കാരണമാകാറുമുണ്ട്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ഇസ്ളാമിനകത്തു നിന്ന് തന്നെ വാദങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട് എന്നതാണ് സമീപകാല ഇസ്ളാമിലെ പല പുതിയ വായനകളും തെളിയിക്കുന്നത്. ആമിന വദൂദ്, ആയിഷ ജലാല്‍, ഖദീജ മുംതാസ് , കാരശ്ശേരി മാഷ് ഒക്കെ ഇവരില്‍ ചിലര്‍  മാത്രം. ഇതൊക്കെ പുതിയ കഥ.
 
സ്ത്രീ പ്രശ്നങ്ങളോടുള്ള മൗദുദിയുടെ കാഴ്ചപ്പാടിനെ ഒറ്റ വാക്കില്‍ സംഗ്രഹിക്കുകയാണെങ്കില്‍ ‘തികഞ്ഞ ഒരു പാട്രിയാര്‍ക് ‘ എന്ന് വിളിക്കാം. ഒരു പക്ഷെ സമീപ കാല ഇസ്ളാമിന്റ്റെ ചരിത്രത്തില്‍ ഇത്രയധികം സ്ത്രീവിരുദ്ധമായ ആശയങ്ങള മുന്നോട്ട് വെച്ച മറ്റൊരു നേതാവ് ഇല്ലെന് പറയാം. അദ്ദേഹത്തിന്റെ ‘പര്‍ദ’ എന്ന ഒറ്റ ഗ്രന്ഥം മതി അദ്ദേഹവും ജമാത്തും മുന്നോട്ട് വെക്കുന്ന സ്ത്രീ വിരുദ്ധത മനസിലാക്കാന്‍.
 
                                                                            ഫോട്ടോ: സോളിഡാരിറ്റി ഫേസ് ബുക്ക് പേജ്
 
 
സ്ത്രീകളെ ‘ഇസ്ളാമിന്റെ ഏറ്റവും ശക്തമായ ആണ്ണിക്കല്ല്’ എന്നാണ് മൗദുദി വിശേഷിപിച്ചത്. സ്ത്രീകളുടെ ധാര്‍മികമായ തകര്‍ച്ചയാണ് ഇസ്ളാമിന്റെ തകര്‍ച്ചയ്ക്ക് കാരണം എന്നാണ് മൗദുദിയന്‍ മതം. സ്ത്രീകള്‍ക്ക് ഉള്ള സ്വാതന്ത്ര്യമാണ് പല ഇസ്ളാമിക രാഷ്ട്രങ്ങളുടെയും തകര്‍ച്ചക്ക് കാരണമായത്. അത് കൊണ്ട് തന്നെ തന്റെ ‘പര്‍ദ’യുടെ മൂന്നില്‍ രണ്ടു ഭാഗവും ഇസ്ളാമിന്റെ ആണ്ണികല്ലിനെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായാണ് മൗദുദി നീക്കി വച്ചത്. സ്ത്രീകളെ ഇസ്ളാമിക നാഗരികതയുടെ ഹൃദയ ഭാഗത്ത് പ്രതിഷ്ഠിച്ച മൗദുദി, പക്ഷെ, സ്ത്രീയ ഭരിക്കാന്‍ ദൈവം ചുമതല പെടുത്തിയതാണ് പുരുഷനെ എന്ന് വാദിച്ചു. ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ വീട്ടില്‍ കഴിയുന്നതാണ് ഉത്തമം എന്നും അടിമുടി മറയ്ക്കണം എന്നും വാദിച്ചു. സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തെ നഖശിഘാന്തം എതിര്‍ത്ത മൗദുദി, സ്ത്രീകള്‍ അധികാരത്തില്‍ വരുന്നത് നാടിന്റെ നാശത്തിന്റെ തുടക്കമാകും എന്നും പറഞ്ഞു വച്ചു. സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന ചില പ്രത്യേക ശാരീരിക പ്രവര്‍ത്തങ്ങള്‍ വീടിനു പുറത്തുള്ള ജോലിക്ക് അവരെ കൊള്ളരുതാത്തവരാക്കുമെന്നും, അത് കൊണ്ട് തന്നെ സ്ത്രീ ഒരു നല്ല അമ്മയായി, സഹോദരിയായി, ഭാര്യയായി, മകളായി വീടിനുള്ളില്‍ അടങ്ങി ഒതുങ്ങി കഴിയുന്നതാണ് ഉത്തമം എന്നും മൗദുദി വാദിച്ചു.
 
‘ചരിത്രപരം’ എന്ന് ജമാത്തുകാര്‍ വിശേഷിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ കുറ്റിപുറത്തെ ജമാത് വനിതാ സമ്മേളനത്തിന്റെ (24.01.2010) രാഷ്ട്രീയത്തെ മൗദുദിയുടെ ഈ നിലപാടുകളുടെ പശ്ചാത്തലത്തില്‍ പരിശോധനക്ക് വിധേയമാക്കണം. അന്ധകാരത്തില്‍ ടോര്‍ച്ചിന്റ്റെ വെളിച്ചത്തില്‍ സ്ത്രീകള്‍ തനിച്ചു ചുമരെഴുതിയതും, പോസ്റ്റര്‍ ഒട്ടിച്ചതും, സമ്മേളന വേദിയിലെ മൈക്ക് സ്ത്രീകള്‍ തന്നെ നിയന്ത്രിച്ചതും, ജനാധിപത്യത്തോടുള്ള എതിര്‍പ്പ് മൂലം വോട്ട് ചെയ്യാതിരുന്ന ജമാത്തുകാര്‍ സ്ത്രീകളെ തിരഞ്ഞടുപ്പില്‍ മത്സരിപ്പിച്ചതും എല്ലാം ഈ പശ്ചാത്തലത്തില്‍ ആയിരിക്കണം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കൂടാതെ കാലങ്ങളായി സ്ത്രീ പ്രശ്നങ്ങളില്‍ ജമാത്തിന്റെ വിവിധ ഘടകങ്ങള്‍ എടുക്കുന്ന നിലപാടുകളും പരിശോധിക്കേണ്ടതുണ്ട്. അത്തരമൊരു അന്വേഷണം കേരള ജമാ അത്ത് സമീപകാലത്തായി മുന്നോട്ട് വെക്കുന്ന മൗദൂദിയന്‍ ആശയങ്ങളില്‍ നിന്നുള്ള വ്യതിചലനത്തിന്റെ പച്ചയായ രാഷ്ട്രീയം വെളിച്ചത്തു കൊണ്ടുവരും. സോളിഡാരിറ്റി അടക്കമുള്ള സംഘടനകളുടെ ശരിയായ അജണ്ടയും രാഷ്ട്രീയവും മനസിലാക്കാന്‍ സാധിക്കും. 
 
പര്‍ദ എന്ന മൗദൂദിയുടെ ഗ്രന്ഥത്തോടുള്ള കേരള ജമാത്തിന്റെ സമീപനം പരിശോധിക്കാം. മൗദൂദിയുടെ ഒട്ടു മിക്ക എഴുത്തുകളും കേരള ജമാത്തിന്റെ നിയന്ത്രണത്തിലുള്ള IPH (Islamic publishing house) മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ പര്‍ദയുടെ പരിഭാഷ ഇത് വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിന് ഒരു തൃപ്തികരമായ വിശദീകരണം നല്കാന്‍ കേരള ജമാത്തിന് ഇതു വരെ സാധിച്ചിട്ടുമില്ല. മാത്രവുമല്ല, കേരള ജമാത്ത് ഇസ്ലാമി കൂടി അംഗമായിട്ടുള്ള JIH കേന്ദ്ര സമിതിയും മറ്റു അനവധി സംസ്ഥാന ഘടകങ്ങളും ഇപ്പോഴും പ്രസിദ്ധീകരിക്കുന്നുണ്ടുതാനും. ഇതിന്റെ അര്‍ഥം ജമാത് ഇപ്പോഴും മൗദൂദിയുടെ നിലപാടില്‍ തന്നെ ഉറച്ചു നില്കുന്നു എന്ന് തന്നെ അല്ലെ?
  
1980-കളിലാണ് കേരള ജമാത്ത് ഒരു വനിതാ സംഘടന രൂപീകരിക്കുന്നത്. ശരിഅത്ത് വിവാദ സമയത്ത് സംഘടന സജീവമായി രംഗത്തുണ്ടായിരുന്നു താനും. എന്നാല്‍ സമുദായത്തില്‍ നിന്ന് തന്നെ ശരിഅത്ത് നിലപാടുകളോട് വിമര്‍ശനം ഉയര്‍ന്നതോടെ ജമാത്തിന്റെ വനിതാ സംഘടനകള്‍ക്കടക്കം മാറി ചിന്തിക്കേണ്ടി വന്നു എന്നത് ചരിത്രം. എന്ത് തന്നെ ആയാലും 1990-കള്‍ക്ക് ശേഷം ‘പുരോഗമന’ ചായം തേച്ച പ്രവര്‍ത്തനങ്ങളുമായി വനിതാ സംഘടന രംഗത്തെത്തി. പഞ്ചായത്തുകളില്‍ വനിതാ സംവരണം വന്നതും സംഘടനയ്ക്കകത്തു പ്രബലരായി വരുന്ന മധ്യ വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ സമ്മര്‍ദ്ദവും, അംഗത്വത്തില്‍ കൂടുതലായി യുവതികളും വിദ്യാര്‍ഥിനികളും വന്നതുമൊക്കെ ഇത്തരമൊരു മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു.
 
എങ്കില്‍ തന്നെയും, ജമാതിന്റെ വനിതാ വിഭാഗത്തിന്റെയോ വിദ്യാര്‍ഥിനികളുടെ സംഘടനയായ GIO (Girls Islamic Organization) ന്റെയോ അജണ്ടകളില്‍ ഒന്നും തന്നെ സ്ത്രീ പുരുഷ സമത്വം ഒരു മുഖ്യ വിഷയമായി ഉയര്‍ന്നു വന്നിട്ടില്ല. ഇസ്ളാമിനകത്ത് സ്ത്രീയെ രണ്ടാം തരം പൗരന്മാരായി കണക്കാക്കാന്‍ പലപ്പോഴും കാരണമാകുന്ന ഇസ്ളാമിക ശരിഅത്തിനെ കുറിച്ചുള്ള ഗൗരവ സംവാദങ്ങളില്‍ ഏര്‍പ്പെടാനും ഈ സംഘടനകള്‍ക്ക് പലപ്പോഴും ആവുന്നില്ല. മൗദുദിയന്‍ ആശയങ്ങള്‍ക്ക് സംഘടനക്ക് മേലുള്ള ശക്തമായ സ്വാധീനം തന്നെയാണ് ഇത്തരം ചര്‍ച്ചകളെയും സംവാദങ്ങളെയും മുഖ്യ അജണ്ടയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. ജമാതിന്റെ നിയന്ത്രണത്തിലുള്ള മാധ്യമം ആഴ്ചപതിപ്പ് ഒരു സമ്പൂര്‍ണ വനിതാ പതിപ്പ് ഇറക്കിയപ്പോഴും (15.03.2010) കേരളത്തിലെ മുസ്ളീം സ്ത്രീയുടെ വര്‍ത്തമാന യഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ലേഖനം പോലും ഉള്‍ക്കൊള്ളിക്കാതിരുന്നതും ഇത് കൊണ്ടായിരിക്കാം. മുസ്ളീം അല്ലാത്ത സ്ത്രീ പക്ഷ ചിന്തകര്‍ക്കു ഇടം ലഭിച്ചപ്പോള്‍ പുരുഷ ഇസ്ളാമിനെ തുറന്നു കാണിക്കുന്ന ഒരു മലയാളി എഴുത്തുകാര്‍ക്കും ഈ പ്രത്യേക പതിപ്പില്‍ പോലും ഇടം ലഭിച്ചില്ല എന്നത് കേവലം യാദൃച്ഛികം ആവില്ല. മാത്രമല്ല, ഇസ്ളാമിക ശരി അത്തും സ്ത്രീകളും എന്ന അടിയന്തര പ്രാധാന്യമുള്ള വിഷയത്തില്‍ പോലും ഒരു ചര്‍ച്ച വന്നില്ല.
   
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുള്ള വിദ്യാഭ്യാസ രീതിയോട് മൗദുദി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ആ മൗദൂദിയന്‍ കാഴ്ചപ്പാട് തന്നെയാകാം ഒരു കാമ്പസില്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സംഘടനകള്‍ രൂപീകരിക്കുവാനും ജമാത്തിനെ പ്രേരിപിച്ചത്. SIO (Students Islamic Organization) ആണ്‍കുട്ടികള്‍ക്കും GIO (Girls Islamic Organization) പെണ്‍കുട്ടികള്‍ക്കും.
 
എന്തിനേറെ പറയുന്നു, ഡല്‍ഹിയിലെ ദാരുണമായ സംഭവത്തിന് ശേഷം രൂപീകരിച്ച ജസ്റ്റിസ് വര്‍മ കമ്മീഷന് മുന്നില് ജമാഅത്തെ ഇസ്ളാമി സമര്‍പ്പിച്ച നിര്‍ദേഷങ്ങളില്‍ ചിലതാണ് ആണ്‍ കുട്ടികളും പെണ്‍കുട്ടികളും യോജിച്ചുള്ള വിദ്യാഭ്യാസം അവസാനിപ്പിക്കുകയും അത് പോലെ തന്നെ സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുകയും വേണം എന്നൊക്കെയുള്ളത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീ പ്രശ്നങ്ങളില്‍ മൗദൂദിയന്‍ ആശയത്തില്‍ നിന്ന് കാര്യമായി ജമാ അത്തെ ഇസ്ളാമി വ്യതിചലിച്ചിട്ടില്ലെന്നു സാരം.  അത് കൊണ്ടു തന്നെയാണ് കേരള ജമാത്തിന്റെ മൗദൂദിയന്‍ ആശയത്തില്‍ നിന്നുള്ള വ്യതിചലനം സംഘടനയുടെ ഒരു ‘സ്ട്രാറ്റജി’ മാത്രമായി പോകുന്നത്.    
 

(ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷകനാണ് ലേഖകന്‍)

Share on

മറ്റുവാര്‍ത്തകള്‍