UPDATES

അഴിമുഖം ക്ലാസിക്സ്

ഇഎംഎസ് മന്ത്രിസഭയുടെ പുറത്താക്കല്‍; തെളിവുകളുമായി സിഐഎ രേഖകള്‍

ഇന്ത്യയില്‍ നിന്നും സ്ഥിരമായി സിഐഎ ആസ്ഥാനത്തേക്ക് കേബിളുകള്‍ പോയി; കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ വളര്‍ച്ച തടഞ്ഞില്ലെങ്കില്‍ അത് രാജ്യം മുഴുവന്‍ വ്യാപിക്കും എന്നു അമേരിക്ക ഭയപ്പെട്ടു; നമ്പൂതിരിപ്പാട് റഷ്യയുമായി നേരിട്ട് ബന്ധം പുലര്‍ത്തി

                       

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിട്ട വിമോചന സമരത്തിന് ധനസഹായം നല്‍കിയത് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്ഥിരമായി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും വാദഗതികള്‍ ഉയര്‍ന്നു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റുകളുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് സിഐഎ അടുത്തകാലത്ത് പുറത്തുവിട്ട അക്കാലത്തെ അവരുടെ രഹസ്യരേഖകള്‍ തെളിയിക്കുന്നത്.

സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്ന് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്നും സ്ഥിരമായി സിഐഎ ആസ്ഥാനത്തേക്ക് കേബിളുകള്‍ പോയിരുന്നു. അതില്‍ ഓരോ സംസ്ഥാനത്തിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിശകലനങ്ങളും മുന്നറിയിപ്പുകളും അടങ്ങിയിരുന്നു. കൂടാതെ പ്രതിവാര റിപ്പോര്‍ട്ടുകളും കേന്ദ്ര രഹസ്യന്വേഷണ ബുള്ളറ്റിനുകളും ചാര സംഘടനയുടെ ആസ്ഥാനത്തേക്ക് അയച്ചിരുന്നു.

1957 മെയ് ഒമ്പതിനയച്ച ‘ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ്’ എന്ന കേബിളില്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നതിന്റെ ആശങ്കകള്‍ പങ്കുവെയ്ക്കുന്നുണ്ട്.

നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടി ദേശീയ പാര്‍ലമെന്റില്‍ മുഖ്യ ശക്തിയാകുകയും 13 സംസ്ഥാനങ്ങളില്‍ 11 ഇടത്തു വിജയിക്കുകയും ചെയ്തെങ്കിലും പാര്‍ട്ടിക്ക് പല സംസ്ഥാനങ്ങളിലും അടിത്തറയിളകി. ചെറിയ സംസ്ഥാനമായ കേരളത്തില്‍ ‘കമ്മീസ്’ പരിപൂര്‍ണ്ണ നിയന്ത്രണം കരസ്ഥമാക്കി. കമ്യൂണിസ്റ്റുകള്‍ക്ക് മുന്‍പില്‍ നിരവധി പ്രശ്നങ്ങളുണ്ട്. വലിയ ജനസംഖ്യ, വിഭവ ദാരിദ്ര്യം, വ്യവസായമേഖലയിലെ പിന്നോക്കാവസ്ഥ, ഭക്ഷ്യ ക്ഷാമം എന്നിവകൊണ്ട് ഇന്ത്യയിലെ ഏറ്റവു ദരിദ്രമായ സംസ്ഥാനമാണ് കേരളം. ജനപ്രീയത കൂട്ടാന്‍ വേണ്ടി കമ്യൂണിസ്റ്റുകള്‍ കഠിന പ്രയത്നം ചെയ്യുകയാണ്. അവര്‍ തങ്ങളുടെ കാര്‍ഡുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ കമ്യൂണിസ്റ്റുകളുടെ വിജയം പ്രാദേശിക തലത്തില്‍ ഒതുങ്ങി നില്‍ക്കുകയില്ലെന്ന് ഈ കേബിള്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിലെ സാമ്പത്തിക വികസനത്തിന് ദേശീയ പ്രാധാന്യം ലഭിക്കും. പ്രാദേശികമായി നടപ്പിലാക്കുന്ന മിതത്വമുള്ള നയങ്ങള്‍ അവര്‍ക്ക് ഇന്ത്യയില്‍ എമ്പാടും സ്വീകാര്യത നല്‍കും.

അതേ സമയം ഇന്ത്യന്‍ ഗവണ്‍മെന്‍റ് കമ്യൂണിസ്റ്റുകളോടുള്ള തങ്ങളുടെ എതിര്‍പ്പ് കൂട്ടിയിട്ടുണ്ടെന്നും സിഐഎ രേഖ പറയുന്നു. ‘എന്നിരുന്നാലും ക്രമസമാധാന തകര്‍ച്ച ഉണ്ടാകാതെ ഇന്ത്യാ ഗവണ്‍മെന്റിന് കമ്യൂണിസ്റ്റുകളെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാന്‍ സാധിക്കില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ ഒരു വര്‍ഷം കൊടുക്കാന്‍ തയ്യാറാണ് താനും. അതേസമയം യു എസ് പിന്തുണയോടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസം കേരളത്തില്‍ നിന്നുണ്ടാകുന്നുണ്ട്’ എന്നു കൂടി പറഞ്ഞുകൊണ്ടാണ് ഈ കേബിള്‍ അവസാനിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ നെഹ്രു സര്‍ക്കാര്‍ പിരിച്ചുവിടുന്നതിന് തൊട്ടുമുമ്പ്, കേരളത്തിന്റെ രാഷ്ട്രീയ സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ട് 1959 ജൂണ്‍ 18ന് അയച്ച രേഖയില്‍, ജൂണ്‍ 12ന് ആരംഭിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ, സാമുദായിക ശക്തികളുടെ പ്രകടനങ്ങളും ആക്രമണ സംഭവങ്ങളും തീവ്രമായിട്ടുണ്ട് എന്ന് വിലയിരുത്തുന്നു. ആദ്യത്തെ നാലു ദിവസങ്ങളില്‍ നടന്ന പോലീസ് വെടിവെപ്പില്‍ മാത്രം 12 പേര്‍ കൊല്ലപ്പെട്ടു. പക്ഷെ ഇപ്പോള്‍ കലാപം ഏകദേശം തണുത്ത അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്.

‘രൂക്ഷമായ കലാപം ആവിര്‍ഭവിക്കാത്തപക്ഷം, മുന്‍പ് തീവ്രമായ പ്രചാരണപരിപാടികള്‍ നേരിടേണ്ടി വന്നിട്ടില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സാധിച്ചേക്കും. പക്ഷെ, പരിഷ്‌കരണ നടപടികള്‍ക്കായുള്ള കമ്മ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും മന്ദീഭവിക്കുക തന്നെ ചെയ്യും.

1959 ജൂണ്‍ 30-നുള്ള ബ്രീഫിംഗില്‍ ക്യൂബ, അര്‍ജന്‍റീന. നിക്കാരഗ്വ, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ ഒപ്പമാണ് കേരളത്തെ കുറിച്ചും വിശദീകരിക്കുന്നത് എന്നു കാണാം.

കമ്യൂണിസ്റ്റ് സര്‍ക്കാരിനെ നെഹ്രു ഗവണ്‍മെന്‍റ് പുറത്താക്കിയതിന്റെ തൊട്ടടുത്ത മാസം സാമാന്യം വിശദമായൊരു റിപ്പോര്‍ട്ട് സി ഐ എ ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. 1959 ആഗസ്റ്റ് 14നു സമര്‍പ്പിച്ച ‘Geographic Inteligence Memorandum’ എന്ന രേഖയില്‍ കേരളത്തിന്റെ സാമൂഹ്യ –സാമ്പത്തിക വിവരങ്ങളും ഭൂമിശാസ്ത്ര പ്രത്യേകതകളും വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തിയുള്ള പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ള ഭൂപടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘കമ്യൂണിസ്റ്റ് ആധിപത്യത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കി രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപകാല നടപടി ഈ ഇന്ത്യന്‍ സംസ്ഥാനത്തെ ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുകയാണ്. കേരളത്തിന്റെ ഭൌതികവും സംസ്കാരികവുമായ ഘടകങ്ങളെ കുറിച്ചുള്ള ഉള്‍ക്കാഴ്ച നിലവിലുള്ള സാഹചര്യത്തെ കുറിച്ചുള്ള ചിത്രം നല്കും’, എന്നു തുടങ്ങുന്ന രേഖ സാമാന്യം വിശദമായി കേരളത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളെയും ജനസംഖ്യയുടെ സ്വഭാവത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. ആലപ്പുഴയെ ‘കമ്യൂണിസ്റ്റ് ശക്തി കേന്ദ്രം’ എന്നു വിശേഷിപ്പിക്കുന്ന രേഖയില്‍ പുന്നപ്ര വയലാര്‍ സമരത്തെ പരമാര്‍ശിക്കുന്നുണ്ട്. കൂടാതെ ആലപ്പുഴ നഗരത്തെ കേരളത്തിന്റെ മോസ്കോ ആയി അറിയപ്പെടുന്നു എന്നും പറയുന്നുണ്ട്.

55 ശതമാനം ആളുകള്‍ കൃഷിയെ ആശ്രയിക്കുന്നു എന്നു പറയുമ്പോഴും കാര്‍ഷിക മേഖല ഏറെ സങ്കീര്‍ണ്ണമാണ് എന്നു രേഖ പറയുന്നുണ്ട്. 1959 ജൂണില്‍ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണം നിയമം ഈ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരമാകില്ലെങ്കിലും വരും സര്‍ക്കാരുകള്‍ ഈ നിയമം വേണ്ട രീതിയില്‍ പരിഷ്ക്കരിക്കാന്‍ സാധ്യതയുണ്ട് എന്നും രേഖ പറയുന്നു.

രാഷ്ട്രീയ ബോധം അല്ലെങ്കില്‍ വര്‍ഗ്ഗ ബോധം എന്നതിനേക്കാള്‍ സമൂഹത്തില്‍ കൂടുതല്‍ ആധിപത്യം സാമുദായിക/മത ബോധത്തിനാണ് എന്നു രേഖ നിരീക്ഷിക്കുന്നുണ്ട്. അതോടൊപ്പം പ്രമുഖ മത വിഭാഗമായ ഹിന്ദു മതത്തിലെ ജാതി വിവേചനങ്ങളെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ വിഭജിതമായ സാമൂഹ്യ ഘടനയാണ് ജാതിരഹിത, വര്‍ഗ്ഗരഹിത സിദ്ധാന്തം കൊണ്ടുനടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുയോജ്യമായ മണ്ണായി കേരളത്തെ മാറ്റിയതെന്നും രേഖ പറയുന്നു.

അതേ സമയം കേരള ഗവണ്‍മെന്‍റ് സോവിയറ്റ് യൂണിയനുമായി നേരിട്ടു ബന്ധം സൂക്ഷിക്കുന്നുണ്ട് എന്ന സംശയവും ഈ രേഖ പങ്കുവെയ്ക്കുന്നുണ്ട്. ‘കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി നമ്പൂതിരിപ്പാട് ബ്ളോക്ക് രാജ്യങ്ങളുടെ (കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍) സഹായം നേരിട്ടു സ്വീകരിച്ചു എന്നതിന് തെളിവാണ് 1959 ജനുവരിയില്‍ മോസ്കോയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പായി അദ്ദേഹത്തിന്റെ പ്രസ്താവന. ഒരു സംസ്ഥാന ഗവണ്‍മെന്‍റ് മേധാവി എന്ന നിലയില്‍ ഏതെങ്കിലും വിദേശ രാജ്യങ്ങളുമായി നേരിട്ടു സഹായ പദ്ധതി ഉണ്ടാക്കാന്‍ അദ്ദേഹത്തിന് അധികാരമില്ല. ഇന്ത്യാ ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുക എന്നത് മാത്രമാണു അദ്ദേഹത്തിന് മുന്‍പിലുള്ള എക വഴി. അദ്ദേഹം അത്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട് എന്നതിന് തളിവാണ് സോവിയറ്റ് യൂണിയനില്‍ നിന്നു സംസ്ഥാന ഉടമസ്ഥതയില്‍ ആരംഭിച്ച കയര്‍ ഫാക്ടറിക്ക് ലഭിച്ച സഹായം.‘ എന്നു പറഞ്ഞുകൊണ്ടാണ് ഈ രേഖ അവസാനിക്കുന്നത്.

നൂറു കണക്കിന് പേജുകളാണ് ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ട രേഖകളില്‍ ഉള്ളത്. ഇതില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൗതുകം ജനിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത് 1950 ഓഗസ്റ്റ് രണ്ടിനാണ്. റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

‘1. പൊടുന്നനെ അപ്രത്യക്ഷനാവുകയും ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഏജന്റാണെന്ന് തെളിയുകയും ചെയ്ത ഒരു സിപിഐ അംഗത്തെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കാണിക്കുന്ന മുന്നറിയിപ്പ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി എല്ലാ സെല്ലുകള്‍ക്കും ലോക്കല്‍ കമ്മിറ്റികള്‍ക്കും നല്‍കിയിരിക്കുന്നു. തിരു-കൊച്ചി സംസ്ഥാനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളരെ പ്രസിദ്ധനായിരുന്ന ഒരു സിപിഐ പ്രവര്‍ത്തകനായിരുന്നു അയാള്‍. വിദ്യാര്‍ത്ഥി ഹോസ്റ്റലുകളിലും പൊതുഭക്ഷണശാലകളിലും ഇയാള്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്നു; പോലീസ് അറസ്റ്റില്‍ നിന്നും മറ്റ് പാര്‍ട്ടി മെമ്പര്‍മാരോടൊപ്പം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന് അദ്ദേഹത്തെ സിപിഐ അംഗങ്ങള്‍ അഭിനന്ദിച്ചിരുന്നു.

2. സിപിഐയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണ കേസില്‍ ഉള്‍പ്പെട്ട പല സിപിഐ നേതാക്കളെയും അറസ്റ്റ് ചെയ്തത്. തിരു-കൊച്ചി പോലീസിന് ഇയാള്‍ നല്‍കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഐയുടെ കാലടി ഓഫീസ് വിജയകരമായി റെയ്ഡ് ചെയ്യാന്‍ സാധിച്ചതെന്നും അനുമാനിക്കപ്പെടുന്നു.’

1965 ഫെബ്രുവരി 26ന് ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തലിന്റെ 13-ാം പേജില്‍ കേരളത്തിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെ:

‘ഇപ്പോള്‍ ഇടതു-വലതു ഭാഗങ്ങളായി വിഘടിച്ചു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിമിത്തം ഇന്ത്യയിലെ കേരള സംസ്ഥാനത്ത് മാര്‍ച്ച് നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് വിജയം എന്ന ഭീഷണി വലിയ ഒരളവില്‍ ഒഴിഞ്ഞുപോയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റേതൊരു രാഷ്ട്രീയ ഗ്രൂപ്പിനെക്കാളും വലിയ വോട്ടര്‍ ശക്തി ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് നിന്നാല്‍ ഉണ്ടാവുമെങ്കിലും, അവരുടെ കണ്ണില്‍ ഇപ്പോഴത്തെ പ്രചാരണം അധികാരത്തിലെത്താനുള്ള ഏറ്റവും വലിയ ഈടായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മേല്‍ക്കോയ്മയ്ക്ക് വേണ്ടിയുള്ളതാണ്.’

ലോകത്തെമ്പാടും നടത്തിയ ചാരപ്രവര്‍ത്തനങ്ങളുടെ 13 ദശലക്ഷം പേജുകള്‍ വരുന്ന ഡോക്യുമെന്റാണ് ജനുവരി 18-നു സിഐഎ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുള്ളത്. എന്തായാലും ഇപ്പോള്‍ പുറത്തുവന്ന സിഐഎ രേഖകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച ഏതൊക്കെ രീതിയിലാണ് അമേരിക്കയെ അസ്വസ്ഥതപ്പെടുത്തിയിരുന്നത് എന്നതിലേക്ക് വെളിച്ചം വീശുക തന്നെ ചെയ്യും.

(2017 ജനുവരി 24ന് പ്രസിദ്ധീകരിച്ചത്)

Share on

മറ്റുവാര്‍ത്തകള്‍