June 13, 2025 |
റസീന കെ കെ
റസീന കെ കെ
Share on

“ഒരു കുടുംബത്തിന് രണ്ട് മാസം കഞ്ഞികുടിക്കാനുള്ള കാശ് കൊടുത്ത് കൊല്ലത്തിൽ രണ്ട് തവണ ഷൂ വാങ്ങിക്കുന്നവരാണ് സ്ത്രീകളെ കുറ്റം പറയുന്നത്”

ഒരു കുടുംബത്തിന് രണ്ട് മാസം കഞ്ഞികുടിക്കാൻ തികയുന്ന കാശ് കൊടുത്ത് കൊല്ലത്തിൽ രണ്ട് തവണ കാലിലിടാനുള്ള ഷൂ വാങ്ങിക്കും.

ഹെൽമറ്റ്‌ തലേലോട്ട് വെക്കും മുമ്പ്-ഊരിയാലുടൻ, കക്കൂസിൽ കേറുമ്പോ-ഇറങ്ങുമ്പോ എന്നകണക്കിന് മുടി ചീകും. ഉറങ്ങുമ്പോഴും ചീർപ്പ് പോക്കറ്റിൽ തന്നെ കാണും.

ഏതേലും ബ്രാൻഡിന്റെ പേര് ഇത്തിരിക്കുഞ്ഞൻ തുണിയിൽ പോക്കറ്റിന്റെ മോളിൽ എഴുതി ഒട്ടിച്ചത് കണ്ടാൽ കൊള്ളവിലക്ക് കുപ്പായോം പാന്റും ഷെഢിയും വാങ്ങും.

ഡൈ,ഷാമ്പു,പെർഫ്യൂം, ഷൂപോളിഷ്,ജെൽ, ക്രീം…ദിദൊക്കെമിനിമം രണ്ട് കമ്പനിയുടെ നിർബന്ധമായും കയ്യിൽ കാണും.

പണയം വെക്കാതെ ബാക്കിയുണ്ടെങ്കിൽ, കഴുത്തിൽ സ്വർണ്ണകൊണ്ടൊരു പിരിയൻ മാലേം കയ്യിലൊരു കല്ലുവെച്ച മോതിരോം ഫിറ്റ്‌ ചെയ്യും.ഇല്ലങ്കിൽ വിചിത്ര രൂപങ്ങൾ കറുത്ത ചരടിൽ കോർത്ത് കഴുത്തിൽ തൂക്കി അഡ്ജസ്റ്റ് ചെയ്യും.

കവറോ,ബാഗോ യാത്രയിൽ അല്ലാതെ കയ്യിലെങ്ങാൻ വെക്കേണ്ടി വന്നാൽ അന്തസ് പേടിച്ചു എവിടേലും കൊണ്ട് കളഞ്ഞെങ്കിലും അപ്പിയറൻസ് ഗെറ്റ് അപ്പ്‌ കാക്കും.

ഒരു കുടുംബത്തിന് രണ്ട് മാസം കഞ്ഞികുടിക്കാൻ തികയുന്ന കാശ് കൊടുത്ത് കൊല്ലത്തിൽ രണ്ട് തവണ കാലിലിടാനുള്ള ഷൂ വാങ്ങിക്കും.

ഹെയർ സ്റ്റൈൽ മാറ്റി മാറ്റി ഫ്രീക്കൻ ആവുന്നതെങ്ങിനെ എന്ന് ഒന്നര മണിക്കൂർ ഇടവിട്ട് ഗൂഗിൾ സേർച്ച്‌ ചെയ്യും.

ജിമ്മിൽ പോയി കാശ് മുടക്കി മസിലു പെരുപ്പിച്ചു ഫോട്ടോ എടുത്ത് വാട്സ് ആപ് സ്റ്റാറ്റസ് ഇട്ട് ആളെ കാട്ടി രോമാഞ്ചം കൊള്ളും.

ഓടാൻ പോവാൻ, ജിമ്മിൽ പോവാൻ, കളിക്കാൻ പോവാൻ, എസ്‌സിക്യൂട്ടീവ് ലുക്ക്‌, ടൂറിനു പോവാൻ- ജാക്കറ്റ്, ബുള്ളറ്റ് ഓടിക്കാൻ-ബർമുഡ, മരിപ്പിന് പോവാൻ-മുണ്ട് എന്നിങ്ങനെ ഡ്രസ്സ്‌ വാങ്ങിക്കൂട്ടി, അതൊക്കെ വീട്ടിലുള്ള പെണ്ണുങ്ങളെ കൊണ്ട് അലക്കി തേച്ചു മടക്കിപ്പിച്ചു വാഡ്രോബ്ൽ കുത്തിത്തിരുകി വെക്കും.

നാല് മുടി ഒപ്പം കൊഴിഞ്ഞാൽ കഷണ്ടി തുടങ്ങിയോന്ന് മുപ്പത് വട്ടം കണ്ണാടി നോക്കും.

ഇതിനൊക്കെ എന്താ കൊഴപ്പം? ഒരു കൊഴപ്പോമില്ല. സ്ത്രീകൾ ജാസ്തി ബ്യൂട്ടി കോൺഷ്യസ്സ് ആണ്, അവരതിന് കുറേ പണം ചിലവാക്കും എന്നൊക്കെ ഇടക്കിടെ ഇങ്ങനെ എഴുന്നുള്ളിക്കുന്നോണ്ട് പറഞ്ഞന്നേ ഉള്ള്.

റസീന കെ കെ

റസീന കെ കെ

മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യ അധ്യാപിക

More Posts

Leave a Reply

Your email address will not be published. Required fields are marked *

×