‘നിങ്ങള്‍ക്ക് ഞങ്ങള്‍ 20,000 ആനകളെ തരാം’
ജര്‍മനിക്ക് ബോട്‌സ്വാന പ്രസിഡന്റ് മോക്ഗ്വീറ്റ്‌സി മസിസി നല്‍കിയ വാഗ്ദാനമാണ്. പ്രത്യക്ഷത്തില്‍ ഇതൊരു ഓഫര്‍ ആണെന്നു തോന്നുമെങ്കിലും, ആ വാക്കുകള്‍ക്ക് പിന്നില്‍ പ്രതിഷേധത്തിന്റെ സ്വരവുമുണ്ട്. സംഭവം വലിയൊരു ആനപ്രശ്‌നമാണ്!
ആഹാരത്തിന് വേണ്ടിയല്ലാതെയും മൃഗങ്ങളെ വേട്ടയാടുന്ന പതിവുണ്ട്. ട്രോഫി ഹണ്ടിംഗ് എന്നു വിളിക്കും. വന്യമൃഗങ്ങളെ വേട്ടയാടി പിടിച്ച് അവയുടെ ശരീരഭാഗങ്ങള്‍ മുറിച്ച് സൂക്ഷിക്കുന്നതാണ് ട്രോഫി ഹണ്ടിംഗ്. ആനക്കൊമ്പോ, സിംഹത്തിന്റെയോ പുലിയുടെയോ പല്ലുകളോ നഖങ്ങളോ തോലോ, കാട്ടുപോത്തിന്റെ തലയോ, മാനിന്റെ കൊമ്പുകളോ അങ്ങനെ, വേട്ടക്കാരന്റെ ധീരത പ്രകടമാക്കുന്ന അടയാളങ്ങള്‍ ശേഖരിക്കുക. വിപണയില്‍ കോടികള്‍ മറിയുന്ന ബിസിനസ് കൂടിയാണ്. ആഫ്രിക്കന്‍ വനാന്തരങ്ങളാണ് ഇത്തരം വേട്ടയാടലുകളുടെ പ്രധാന കേന്ദ്രം. യൂറോപ്യന്മാരായിരിക്കും ഭൂരിഭാഗം വേട്ടക്കാരും. പല രാജ്യങ്ങളും ട്രോഫി ഹണ്ടിംഗ് നിയമവിധേയമാക്കിയിട്ടുണ്ട്. വരുമാനം പ്രതീക്ഷിച്ച്. ട്രോഫി ഹണ്ടിംഗ് ധാരളമായി നടക്കുന്ന ആഫ്രിക്കന്‍ രാജ്യമാണ് ബോട്‌സ്വാന. ആനകളാണ് സ്ഥിരം ഇരകള്‍. ബോട്‌സ്വാനയാണെങ്കില്‍ ആനക്കാര്യത്തില്‍ സമ്പന്നന്മാരാണ്. യൂറോപ്പില്‍ നിന്നും വേട്ടക്കാര്‍ ഇറങ്ങുന്നത് രാജ്യത്തിന് മോശമില്ലാത്ത വരുമാനവും ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
ഇതിനിടയിലാണ് ജര്‍മന്‍ പരിസ്ഥിതി മന്ത്രാലയം പുതിയൊരു ആശയം മുന്നോട്ടുവച്ചത്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് നിരോധിക്കുക. ഈ തീരുമാനമാണ് ബോട്‌സ്വാനയെ പ്രകോപിപ്പിച്ചത്. മൊത്തത്തിലുള്ള ഇറക്കുമതി നിരോധിക്കേണ്ടതില്ലെന്നും സംരക്ഷിത പട്ടികയില്‍ പെടുന്ന മൃഗങ്ങളുടേതുമാത്രം മതിയെന്ന തീരുമാനമാണ് ജര്‍മന്‍ പാര്‍ലമെന്റ് എടുത്തിട്ടുള്ളത്.
ഇതാദ്യമല്ല, ഇതിനു മുമ്പ് ബ്രിട്ടനും കൊടുത്തിരുന്നു ആന ഓഫര്‍! മാര്‍ച്ചില്‍ ബ്രിട്ടനും ട്രോഫി ഹണ്ടിംഗിന്റെ ഭാഗമായുള്ള മൃഗശരീരഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കുക. അന്ന് പ്രസിഡന്റല്ല, പരിസ്ഥിതി മന്ത്രിയാണ് ബോട്‌സ്വാന വക പതിനായിരം ആനകളെ ബ്രിട്ടന് വാഗ്ദാനം ചെയ്തത്. മാര്‍ച്ചില്‍ അമേരിക്കയും സമാനസ്വഭാവമുള്ള തീരുമാനം എടുത്തിരുന്നു. വേട്ടയാടി പിടിക്കുന്ന ആഫ്രിക്കന്‍ ആനകളുടെ ശരീരഭാഗങ്ങളും, ജീവനുള്ള ആനകളെയും ഇറക്കുമതി ചെയ്യുന്നതില്‍ യു എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് ചെയ്തത്.
ഏകദേശം 1,30,000 ആനകള്‍ ബോട്‌സ്വാനയിലുണ്ടെന്നാണ് കണക്ക്. അതായത്, ലോകത്തിലുള്ള മൊത്തം ആനകളുടെ മൂന്നിലൊന്ന്. ആനകളുടെ എണ്ണം പെരുകുന്നത് ബോട്‌സ്വാനയ്ക്ക് തലവേദനയുമാണ്. വിളകള്‍ തിന്നുകയും സ്വത്തുവകകള്‍ നശിപ്പിക്കുകയും മനുഷ്യരെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന ആനക്കൂട്ടങ്ങളെ നിയന്ത്രിക്കുക കൂടി ട്രോഫി ഹണ്ടിംഗിലൂടെ ലക്ഷ്യമിടുന്നുണ്ട്. അതിനു തുരങ്കം വയ്ക്കുകയാണ് ജര്‍മനിയൊക്കെ ചെയ്യുന്നതെന്നാണ് മസിസി ആരോപിക്കുന്നത്. വേട്ടയാടല്‍ നിരോധനം കര്‍ശനമാക്കിയതിന്റെ ഫലമായി 1996 നും 2014 നും ഇടയില്‍ ആനകളുടെ എണ്ണം ഇരട്ടിയായി. പെരുകുന്ന ആനക്കൂട്ടങ്ങള്‍, വരള്‍ച്ചാപ്രശ്‌നങ്ങള്‍കൊണ്ട് ദുര്‍ബലമായ പരിസ്ഥിയുള്ള, 2.5 ദശലക്ഷം മനുഷ്യര്‍ മാത്രം വസിക്കുന്ന നാടിന് താങ്ങാവുന്നതല്ലെന്നാണ് മസിസി പരാതിപ്പെടുന്നത്.
2013 ബോട്‌സ്വാന ട്രോഫി ഹണ്ടിംഗ് നിരോധിച്ചതായിരുന്നു. എന്നാല്‍ പ്രാദേശിക ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് മൂലം 2019-ല്‍ നിരോധനം നീക്കം ചെയ്തു. നിരോധനം വന്നതിനു പിന്നാലെ പ്രാദേശിക മനുഷ്യ സമൂഹങ്ങളുടെ വരുമാനം നിലച്ചു, അവരുടെ ജീവിതം ബുദ്ധിമുട്ടിലായി. രാജ്യത്ത് ഇപ്പോള്‍ വാര്‍ഷിക വേട്ടയാടല്‍ ക്വാട്ട അനുവദിച്ചിട്ടുണ്ട്.
വാസ്തവത്തില്‍, ഈ ആനപ്രശ്‌നം, നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. വേട്ടയാടല്‍ ലാഭകരമായൊരു ബിസിനസാണ്. ദരിദ്രരായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇതിന്റെ പ്രയോജനം നേടുന്നവരാണ്. അതേസമയം, ജര്‍മനി, ബ്രിട്ടന്‍ പോലുള്ള സമ്പന്നന്മാരായ രാജ്യങ്ങള്‍ വേട്ടയാടലിന്റെ ധാര്‍മികതയാണ് ചിന്തിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ദരിദ്രര്‍ക്കും സമ്പന്നര്‍ക്കും ഇടയില്‍ നടക്കുന്ന പ്രതിസന്ധിയാണിത്. മോക്ഗ്വീറ്റ്‌സി മസിസിയെ കോപാകുലനാക്കുന്നതും ഈ പ്രതിസന്ധിയാണെന്നാണ് റിപ്പോര്‍ട്ടര്‍ കേറ്റ് ബ്രാഡി ദ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. സി ഐ ടി ഇ എസ്(Convention on International Trade in Endangered Species of Wild Fauna and Flora)- ആണ് ട്രോഫി ഹണ്ടിംഗിന് മേല്‍ നിയന്ത്രണാധികാരമുള്ള സംവിധാനം. ഇവരാണ് വേട്ടയാടലിന് പെര്‍മിറ്റ് അനുവദിക്കുന്നത്. മൃഗസ്‌നേഹികള്‍ സി ഐ ടി ഇ എസ്സിനോട് ദീര്‍ഘകാലമായി ആവശ്യപ്പെടുന്നത് വംശനാഷ ഭീഷണി നേരിടുന്ന മൃഗങ്ങളെ വേട്ടയാടുന്നത് പൂര്‍ണമായി നിരോധിക്കണമെന്നാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍, മൃഗശരീരഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ജര്‍മനി. രാജ്യത്തെ ഫെഡറല്‍ ഏജന്‍സി ഫോര്‍ നേച്ചര്‍ കണ്‍സര്‍വേഷന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 26 ആനകളുടെ ശരീരഭാഗങ്ങളാണ് ഇറക്കുമതി ചെയ്തത്. കായിക വിനോദത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും ഭാഗമായി മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നത് അവയുടെ വംശനാശത്തിന് കാരണമാകുമെന്നാണ് യൂറോപ്പിലെ മൃഗാവകാശ വക്താക്കള്‍ പരാതിപ്പെടുന്നത്. എന്നാല്‍, ട്രോഫി ഹണ്ടിംഗ് ഒരിക്കലും അനധികൃത മൃഗവേട്ട പോലെ നടക്കുന്ന ഒന്നല്ലെന്നും ഇത് നിയന്ത്രണത്തോടെയാണ് നടക്കുന്നതെന്നുമാണ് മറുവാദം. ഫോട്ടോഗ്രഫി ടൂറിസത്തെക്കാള്‍ വരുമാനം പ്രാദേശിക സമൂഹത്തിന് ട്രോഫി ഹണ്ടിംഗ് നേടിക്കൊടുക്കുന്നുണ്ടെന്നും മറുവാദക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.