UPDATES

വിപണി/സാമ്പത്തികം

അനില്‍ അംബാനിയുടെ റിലൈന്‍സ് കമ്മ്യൂണിക്കേഷന് ഭീമമായ കടബാധ്യത

45,700 കോടി രൂപയുടെ കടമാണ് റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളത്.

                       

അനില്‍ അംബാനിയുടെ റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ് വലിയ സാമ്പത്തികനഷ്ടത്തിലും കടക്കെണിയിലുമാണെന്ന് റിപ്പോര്‍ട്ട്. 45,700 കോടി രൂപയുടെ കടമാണ് റിലൈന്‍സ് കമ്മ്യൂണിക്കേഷനുള്ളത്. ടെലികോം മേഖലയിലെ കടുത്ത മത്സരം നേരിടാന്‍ കഴിയാതെ വന്നതാണ് റിലൈന്‍സ് കമ്മ്യൂണിക്കേഷനെ പ്രതിസന്ധിയിലാക്കുന്നത്. കടം തിരിച്ചടയ്ക്കാന്‍ വഴി കാണാതെ നട്ടം തിരിയുന്ന കമ്പനി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ടവറുകള്‍ വില്‍ക്കുന്നത് സംബന്ധിച്ചും വയര്‍ലെസ് സേവനങ്ങള്‍ എയര്‍സെല്ലുമായി ലയിപ്പിക്കുന്നത് സംബന്ധിച്ചുമെല്ലാം ചര്‍ച്ചകള്‍ നടന്നു വരുകയാണ്. 25,000 കോടി രൂപയോളം ഇത്തരത്തില്‍ തിരിച്ചടയ്ക്കാനാവുമെന്നാണ് റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ് സിഇഒ ഗുര്‍ദീപ് സിംഗ് പറയുന്നത്.

14,000 കോടി രൂപയുടെ നഷ്ടമാണ് ഒരു വര്‍ഷം കൊണ്ട് റിലൈന്‍സിനുണ്ടായിരിക്കുന്നത്. എയര്‍ടെല്ലും വൊഡാഫോണും കോള്‍ നിരക്കുകള്‍ കുത്തനെ കുറച്ചും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കിയും മുന്നേറിയപ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റിലൈന്‍സിന് നിരവധി ഉപഭോക്താക്കളെ നഷ്ടമായി. കനേഡിയന്‍ കമ്പനിയായ ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന് ടവറുകള്‍ വില്‍ക്കാനാണ് പദ്ധതി. ഡല്‍ഹിയിലും മുംബൈയിലുമുള്ള വസ്തുവകകള്‍ വില്‍ക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

അതേസമയം കടം തിരിച്ചടയ്ക്കാന്‍ സമയമെടുക്കുന്നത് ബ്രൂക്ക്ഫീല്‍ഡും എയര്‍സെല്ലുമായും ഉള്ളതടക്കമുള്ള കരാറുകളെ ബാധിക്കുമെന്നാണ് നിക്ഷേപകരുടെ ആശങ്ക. കടം തിരിച്ചടയ്ക്കുന്നതോടെ കമ്പനി പാപ്പരായേക്കും. കമ്പനിയുടെ ലോണുകള്‍ പ്രത്യേക സ്‌പെഷല്‍ മെന്‍ഷന്‍ അക്കൗണ്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പലിശ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. ഓഹരികളില്‍ 40 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.

Share on

മറ്റുവാര്‍ത്തകള്‍