UPDATES

വിദേശം

ഈ കടുത്ത വേനല്‍ മറികടക്കുമോ പരമാധികാരി?

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് നേരിടുന്ന പ്രതിസന്ധികള്‍

                       

അധികാരമെന്ന പോലെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിനെ വിവാദങ്ങളും, സംവാദങ്ങളും ഒഴിയാബാധ പോലെ പിന്തുടരുകയാണ്. ഭരണകാര്യങ്ങളില്‍ എന്ന പോലെ മറ്റു രാജ്യങ്ങളോടുള്ള വിദേശ നയങ്ങളുടെ പേരിലും രാജ്യത്തിനകത്തും പുറത്തും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനാവുകയാണ് ഷീ.

കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍, ലോക നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചുറപ്പിച്ച പ്രസംഗത്തതിനായി ചൈനീസ് പ്രസിഡന്റ് എത്താതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിന് കാരണമായി. ഇത് ഷിയുടെ ആരോഗ്യത്തെയും രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുമുള്ള വ്യാപകമായ ആശങ്കകള്‍ക്ക് ഇടയായി. ഇതു കൂടാതെയാണ് ചൈനീസ് പ്രീമിയറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ ബ്രിക്സിന്റെ റെഡ് കാര്‍പെറ്റില്‍ നിയോഗിച്ചിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തിയ സംഭവം സമൂഹമാധ്യമങ്ങളില്‍ മീമുകള്‍ വഴി ചര്‍ച്ചയാകുന്നത്.

പ്രകൃതിദുരന്തങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, മന്ത്രിമാരുടെ തിരോധാനം, കമ്മ്യൂണിറ്റി വിയോജിപ്പുകള്‍, അന്താരാഷ്ട്ര കലഹങ്ങള്‍ തുടങ്ങി നിരവധി വെല്ലിവിളികള്‍ നിറഞ്ഞ അധികാര കാലഘട്ടത്തിലൂടെയാണ് ഷീ ജിന്‍പിംഗ് കടന്നു പോകുന്നത്. എന്നാല്‍ സ്ഥിഗതികള്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധാഭിപ്രായങ്ങള്‍ അദ്ദേഹം മുഖവിലക്കെടുക്കുന്നില്ല. ചൈനീസ് മനുഷ്യാവകാശ-നിയമ വിദഗ്ധനും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ജെറോം കോഹന്‍ ഈ വേനല്‍ പ്രസിഡന്റിനെ സംബന്ധിച്ച് കൂടുതല്‍ കടുത്തതാണെന്ന് അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര സമൂഹം മുതല്‍ ചൈനയിലെ ജനങ്ങളും രാഷ്ട്രീയ ഉന്നതരിലും വരെ ഈ അതൃപ്തി നീളുന്നുണ്ടെന്നും കോഹന്‍ പറയുന്നു.

ഇത്തരത്തിലുള്ള അനിശ്ചിതാവസ്ഥ ഷീ ജിന്‍പിംഗ് മുന്‍പും നേരിട്ടിട്ടുണ്ട്. 2018ല്‍ ചൈനയുടെ സാമ്പത്തിക പ്രശ്നങ്ങള്‍, യുഎസുമായുള്ള വ്യാപാര യുദ്ധം, വാക്സിന്‍ അഴിമതി തുടങ്ങിയ ആഭ്യന്തര പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. സമാനമായി 2022 ലെ അതിഭീകരമായ സീറോ-കോവിഡ് എക്സിറ്റും ‘വൈറ്റ് പേപ്പര്‍ ‘പ്രതിഷേധവും ഷീ ജിന്‍പിംഗിന് കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം അദ്ദേഹത്തെ അലട്ടുന്ന പ്രശ്നങ്ങള്‍ ഭാഗികമാണ്.
അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനം അധികാരത്തെ ഇരുമ്പിനെ വെല്ലുന്ന ശക്തിയില്‍ ചേര്‍ത്തുനിര്‍ത്തുന്നതാണെന്ന് ഏഷ്യാ സൊസൈറ്റി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ റോറി ഡാനിയല്‍സ് പറയുന്നു. നിങ്ങളുടെ വിശ്വസ്ത ഉപദേശകരുടെ എണ്ണം തീരെ ചെറുതകുമ്പോള്‍, പ്രശ്‌നങ്ങളുടെ വലുപ്പവും കൂടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ചൈനയുടെ സമ്പദ്വ്യവസ്ഥ തകര്‍ച്ച തുടരുകയാണ്. പ്രധാന വികസന കമ്പനിയായ കണ്‍ട്രി ഗാര്‍ഡന്‍ ഹോള്‍ഡിംഗ്സ് തകര്‍ച്ച ഭീഷണി നേരിട്ടതുമൂലം ഭവന വിപണിയും പ്രതിസന്ധിയിലാണ്. വേതനത്തിനും വ്യവസ്ഥകള്‍ക്കുമെതിരായുള്ള ഫാക്ടറി പ്രതിഷേധങ്ങള്‍ ശക്തതമാണ്. രാജ്യത്തെ ബഹുപൂരിപക്ഷം യുവാക്കള്‍ ഇപ്പോഴും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് അനുഭവിക്കുന്നുണ്ട് -ഓഗസ്റ്റില്‍ സര്‍ക്കാര്‍ നെഗറ്റീവ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കിയതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ പ്രയാസമനുഭവിക്കുന്നുണ്ടെന്ന് ഒരു ചൈനീസ് പൗരന്‍ പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയുന്നു.

ജൂലൈയില്‍, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗിനെ ആഴ്ചകളോളം കാണാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിനെ അധികാരത്തില്‍
നിന്ന് നീക്കം ചെയ്തിരുന്നു. ഈ വെള്ളിയാഴ്ച്ച, പ്രതിരോധ മന്ത്രി ലി ഷാങ്ഫുവുവിനെയും കാണാതായിരുന്നു. ഈ തിരോധനത്തിലും
അന്വേഷണം പുരോഗമിക്കുകയാണ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോക്കറ്റ് ഫോഴ്സിലെ മുതിര്‍ന്ന നേതാക്കളുടെ അപ്രതീക്ഷിത പുനഃസംഘടനയ്ക്കു പിന്നാലെയായിരുന്നു ലീയുടെ തിരോധാനം. ക്വിന്‍, ലീ എന്നിവരുടെ തിരോധാനം ഷീയുടെ തന്ത്ര പരമായ നീക്കങ്ങളുടെ സൂചനയാണെന്ന് ലീ ക്വാന്‍ യൂ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡ്രൂ തോംസണ്‍ പറയുന്നു.

അമേരിക്കയും മറ്റു ലിബറല്‍ രാജ്യങ്ങളുമായുള്ള ചൈനയുടെ ആഗോള ഇടപെടലുകളിലും അടുത്തിടെ വലിയ രീതിയില്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരിയിലെ ബലൂംഗേറ്റ് സാഗയ്ക്ക് ശേഷം യുഎസുമായുള്ള ചൈനയുടെ ബന്ധം മെച്ചപ്പെട്ടിരുന്നു, എന്നാല്‍ ജൂണില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഷീയെ സ്വേച്ഛാധിപതി എന്ന് വിളിച്ചതും, ഓഗസ്റ്റില്‍ ദക്ഷിണ കൊറിയയുമായും ജപ്പാനുമായും ചരിത്രപരമായ സുരക്ഷാ കരാറില്‍ യു എസ് ഒപ്പുവച്ചതും ബെയ്ജിംഗിനെ പ്രകോപിപ്പിച്ചിരുന്നു.

ഓഗസ്റ്റ് അവസാനം യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ബെയ്ജിംഗില്‍ സന്ദര്‍ശനം നടത്തിയത്, വെസ്റ്റ്മിന്‍സ്റ്ററിനുള്ളില്‍ ചൈനയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഒരു തര്‍ക്കം പൊട്ടിപ്പുറപ്പെടുന്നത് വരെ പ്രതീക്ഷ നല്‍കുന്നതായിരുന്നു.

ഓഗസ്റ്റില്‍, ഷീ ജി20 യില്‍ നിന്ന് ഒഴിഞ്ഞു നിന്നിരുന്നു. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരം വളരെ കുറവായതിനാല്‍, ഉച്ചകോടിക്കെത്തിയ ചൈനീസ് സംഘത്തിന് യോഗത്തില്‍ എത്ര മാത്രം സ്വാധീനം നേടാനാകാനുമെന്നതില്‍ നിരീക്ഷകര്‍ ആശങ്കാകുലരായിരുന്നു. നിരവധി തര്‍ക്ക പ്രദേശങ്ങള്‍, ചൈന ഏകപക്ഷീയമായി അവകാശപ്പെടുന്ന പുതുക്കിയ ദേശീയ ഭൂപടം, ദക്ഷിണ ചൈനാക്കടലിലെ ആക്രമണാത്മക നീക്കങ്ങള്‍, തായ്വാനില്‍ തുടരുന്ന സൈനിക ഭീഷണി, റഷ്യക്ക് നല്‍കുന്ന തുടര്‍ച്ചയായ പിന്തുണ എന്നിവയുള്‍പ്പെടെ സമീപകാല ചൈനീസ് നടപടികളില്‍ ജി20 ലോക നേതാക്കള്‍ അതൃപ്തി നിലനിന്നിരുന്നു.

പ്രസംഗിക്കാന്‍ സാധിച്ചില്ല എന്നതൊഴിച്ചാല്‍, ബ്രിക്‌സ് അതിന്റെ അംഗത്വം വിപുലീകരിച്ചത് ഷീക്ക് വലിയ വിജയമായിരുന്നു. മെയ് മാസത്തില്‍ നടന്ന ആദ്യ ചൈന-മധ്യേഷ്യ ഉച്ചകോടിയില്‍ നിരവധി വ്യാപാര കരാറുകളും, ഉയ്ഗറുകള്‍ക്കെതിരായ സിന്‍ജിയാങ് അടിച്ചമര്‍ത്തല്‍ പോലുള്ള ആഭ്യന്തര നയങ്ങള്‍ക്ക് ശക്തമായ പിന്തുണയും ഷീക്ക് ഉണ്ടാക്കാനായെന്ന് അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ആഗോള ചൈന ഹബ്ബിലെ നോണ്‍ റസിഡന്റ് ഫെലോ നിവ യൗ പറയുന്നു.

ഇതൊക്കെയാണെങ്കിലും, ചൈനയിലെ ജനങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ വലയുകയാണെന്നാണ് വിദഗ്ധാഭിപ്രായം. തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പ്രതിഫലം നല്‍കി മറ്റു രാജ്യങ്ങളെ ഒപ്പം നിര്‍ത്തുമ്പോഴും സ്വന്തം ജനങ്ങളെ കൂടെ നിര്‍ത്താന്‍ ചൈനീസ് ഭരണകൂടം പരാജയപ്പെടുന്നുണ്ടെന്നാണ് നിവ യൗ-നെപോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ വേനല്‍ക്കാലം നല്‍കുന്ന പാഠങ്ങള്‍ ഷീ ജിന്‍പിംഗ് പഠിക്കുന്നുണ്ടോ, തന്റെ ജനങ്ങളുടെ മുറുമുറുപ്പുകള്‍ കേള്‍ക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം എന്നാണ് ജെറോം കോഹന്‍ പറയുന്നത്. തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ കഴിവുള്ളയാള്‍ തന്നെയാണ് ഷീ എന്നും കോഹന്‍ ചൂണ്ടിക്കാണിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍