Continue reading “ചിത്രാ അയ്യരുടെ ആനക്കാര്യങ്ങള്‍”

" /> Continue reading “ചിത്രാ അയ്യരുടെ ആനക്കാര്യങ്ങള്‍”

"> Continue reading “ചിത്രാ അയ്യരുടെ ആനക്കാര്യങ്ങള്‍”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചിത്രാ അയ്യരുടെ ആനക്കാര്യങ്ങള്‍

Avatar

                       

മനുഷ്യരുടെ ഒരുപാട് കഥകള്‍ക്കിടയില്‍ എന്തിനാണ് ഈ വക ആനക്കാര്യങ്ങള്‍? അവശതയനുഭവിക്കുന്ന വളര്‍ത്താനകളെയും കാട്ടാനകളെയുമെല്ലാം സംരക്ഷിക്കാന്‍ ചെറിയൊരു പ്രോജക്ടുമായി ഇറങ്ങിയ ചിത്രയോട് കേട്ടവരെല്ലാം ചോദിച്ചതിങ്ങനെയാണ്. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ചിത്രാ അയ്യര്‍ തന്നെ പറയും. തിരക്കു പിടിച്ച നഗര-സംഗീതജീവിതത്തില്‍ നിന്നും തണുപ്പിന്റെ കൂടാരത്തിലേക്ക് ചുരം കയറി വരികയായിരുന്നു പ്രിയ ഗായിക. പാട്ടിന്റെ പാലാഴികള്‍ നീന്തി ജീവിതം സംഗീത സാന്ദ്രമാകുമ്പോഴും നന്മയുടെ നാട്ടുവഴികളിലൂടെ ഒരു പാടു സമയങ്ങള്‍. വെയില്‍ താണിറങ്ങുന്ന കിഴക്കന്‍ ചെരിവിന്റെ ഓരങ്ങള്‍ ചേര്‍ന്ന് വയനാടെന്ന സുന്ദര നാടിനെ അടുത്തറിയാനുള്ള ചെറുയാത്രകള്‍.  കുളിരായി കാടിന്റെ കാഴ്ചകള്‍. ഒരു കൈ അകലത്തിലേക്ക് സൗഹൃദം സ്ഥാപിക്കാന്‍ ഓടിയെത്തുന്ന കാട്ടുമൃഗങ്ങള്‍. ഗോത്ര ജീവിതത്തിന്റെ വശ്യതകള്‍. ഇതെല്ലാമായിരുന്നു ചിത്രാ അയ്യരെന്ന ജീനിയസ്സിനെ വയനാട്ടിലേക്ക് ക്ഷണിച്ചത്. സെലിബ്രിററി ജീവിതത്തിന്റെ അകല്‍ച്ചകളൊന്നുമില്ലാതെ  നാടുമായി ഊഷ്മളമായ സൗഹൃദം. വളര്‍ത്തു മൃഗങ്ങളും ആനകളുമാണ് മനസ്സു നിറയെ. അവശതയനുഭവിക്കുന്ന നാട്ടാനകള്‍ക്കായി ഒരു തണല്‍. സ്വന്തമായി രൂപംനല്‍കിയ സൊസൈറ്റി ഫോര്‍ എലഫന്റ് വെല്‍ഫെയര്‍ ഒരു ലക്ഷ്യത്തിലെത്തിക്കണം. സ്വപനങ്ങളും പ്രതീക്ഷകളുമായി പുതിയ പ്രോജക്ടിനെക്കുറിച്ച് ചിത്രാ അയ്യര്‍ സംസാരിക്കുന്നു. (തയ്യാറാക്കിയത്-രമേഷ് കുമാര്‍ വെളളമുണ്ട)

രമേഷ് കുമാര്‍: പ്രണയവും സഹതാപവുമെല്ലാം ആനകളോട്. തിരക്കിനിടയിലും ഒരു പാട് ആനക്കാര്യങ്ങള്‍. പാട്ടുകാരിയായ ചിത്രാ അയ്യര്‍ക്ക് എങ്ങിനെയാണ് ആനകളോട് പ്രണയം തോന്നിയത്?

ചിത്രാ അയ്യര്‍: ചെറുപ്പം മുതലേ എനിക്ക് വളര്‍ത്തുമൃഗങ്ങളോട് അത്രയ്ക്കും അടുപ്പമുണ്ടായിരുന്നു. പൂച്ചകളെയും നായകളെയുമെല്ലാം എനിക്കിഷ്ടമായിരുന്നു. ഈ ഇഷ്ടങ്ങള്‍ക്കിടയിലായിരുന്നു എനിക്ക് ആനകളോടും കമ്പം കയറിയത്. പ്രത്യേകിച്ചും വളര്‍ത്താനകള്‍ അനുഭവിക്കുന്ന ദുതിതങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നുതോന്നി. കരുനാഗപ്പള്ളിയില്‍ വീടിനടുത്തുള്ള കൊമ്പനാനയായിരുന്നു എന്റെ കൂട്ടുകാരന്‍. ആ സൗഹൃദം അധിക നാള്‍ നീണ്ടുനിന്നില്ല. രോഗം വന്ന് അവശനായി അവന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറുമ്പനായ ആ കൊമ്പന്റെ ജീവന്‍ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയാതെ പോയതിന്റെ സങ്കടം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അവന്റെ പരമ്പരകള്‍ക്കെങ്കിലും ഒരു തണല്‍ നല്‍കണമെന്ന് തോന്നി. ഇതാണ് സൊസൈറ്റി ഫോര്‍ എലഫന്റ് വെല്‍ഫെയര്‍ എന്ന ആശയത്തിന് രൂപം നല്‍കാന്‍ പ്രേരണയായത്. കേരളം സംസ്ഥാന മൃഗമായി വാഴ്ത്തുമ്പോഴും വളര്‍ത്താനകള്‍ ഒരുപാട് പീഢനത്തിനിരയാവുന്ന വാര്‍ത്തകളാണ് നമ്മള്‍ കേള്‍ക്കുന്നത്. ആരോഗ്യമുള്ള കാലത്തെല്ലാം ക്രൂരമായി പണിയെടുപ്പിക്കുകയും പിന്നീട് അവശതയനുഭവിക്കുമ്പോള്‍ പുറന്തള്ളുകയും ചെയ്യുന്നതാണ് ആനക്കമ്പക്കാരുടെ നാട്ടിലെ സ്ഥിതി. ഇതുപോലെ ഉപേക്ഷിക്കപ്പെടുന്ന ആനകള്‍ക്കായി ഒരു സങ്കേതം. എന്‍റെ സ്വപ്നമിതാണ്.

രമേഷ്: പുതിയ സംരംഭത്തിന്ആരാണ് സഹായിക്കുന്നത്?

ചിത്ര: ആഗ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലഫന്റ് റെസ്ക്യു സെന്റര്‍ എസ് ഒ എസ് എന്ന സംഘടനയാണ് ആന സംരക്ഷണത്തില്‍ എനിക്ക് മുന്നില്‍ മാതൃകയായുള്ളത്. നിരവധി ആനകളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിയ നാനൂറ് ഏക്കറോളം സ്ഥലത്താണ് ഈ ആന സംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഞാനുണ്ടാക്കിയ പ്രൊജക്ട് ഇതുമായി ചെറിയൊരു സാമ്യമുണ്ട് എന്നു മാത്രം. നോര്‍ത്തിലെ രീതികള്‍ അതേപോലെ ഇവിടെ നടത്താന്‍ കഴിയില്ല. നമ്മുടെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രത്തിനും അനുസരിച്ച് ഇവയില്‍ മാറ്റം വരുത്തണം. എന്നാല്‍ മാത്രമേ ലക്ഷ്യത്തിലെത്താന്‍ കഴിയുകയുള്ളൂ. ഇതിനായി എല്ലാവരുടെയും പിന്തുണ ആവശ്യമാണ്.വളരെ എളുപ്പം കാര്യങ്ങള്‍ നീങ്ങില്ല എന്നറിയാം.എങ്കിലും ഒരു കുഞ്ഞായി ഇപ്പോള്‍ നില്‍ക്കുന്ന എന്റെ സൊസേറ്റിക്ക് സമാന മനസ്‌കരായ ഒട്ടേറെ പേര്‍ വിവിധ മേഖലകളില്‍ നിന്നും നല്‍കുന്ന പ്രോത്സാഹനങ്ങളിലാണ് എന്റെ പ്രതീക്ഷ മുഴുവന്‍. 

രമേഷ്: സര്‍ക്കാരിന്റെ സഹായമാണല്ലോ ഏററവും പ്രധാനം. ഇതുസംബന്ധിച്ച സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം എന്തായിരുന്നു?

ചിത്ര: ആദ്യമായി ഇത്തരത്തില്‍ ഒരു പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഞാന്‍ പ്രതീക്ഷിച്ചതിലധികം ഉത്സാഹത്തോടെയാണ് അവശരാകുന്ന  ആനകള്‍ക്കായി ഒരു സംരക്ഷണ കേന്ദ്രത്തിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. കാര്യങ്ങളെല്ലാം വിശദീകരിച്ചപ്പോള്‍ തുടര്‍ നടപടികള്‍ക്കെല്ലാം സഹായം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വളരെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അവശതയനുഭവിക്കുന്ന നാട്ടാനകളെ സംരക്ഷിക്കുന്നതിന് അധികൃതരില്‍ നിന്നും ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണ ഞാനും അനുകൂലമായി കാണുന്നു. ആറുകോടി രൂപയോളം ഈ പ്രൊജക്ടിനായി വേണ്ടി വരും. 200 ഏക്കറോളം സ്ഥലവും. കുറച്ചു കാലമെടുത്താലും ഇവ യാഥാര്‍ത്ഥ്യമാക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം.

രമേഷ്: കാട്ടാനകളും ആനകളല്ലേ ഇവര്‍ക്കും വേണ്ടേ സംരക്ഷണം?

ചിത്ര: തീര്‍ച്ചയായും. ഇവര്‍ക്കും വേണം പരിചരണം. നാട്ടിലും കാട്ടിലുമെല്ലാം ആനകള്‍ കുറഞ്ഞുവരികയാണ്. പ്രത്യേകിച്ചും കൊമ്പനാനകളെ നാട്ടില്‍ കാണാനില്ല. അതുകൊണ്ടുതന്നെ ആനകളുടെ വംശപ്പെരുപ്പം കുറയുന്നു. പലതും മൃതപ്രായമായ അവസ്ഥയിലാണുള്ളത്. കാട്ടാനകളാവട്ടെ ആവാസ വ്യവസ്ഥയുടെ തകര്‍ച്ച കൊണ്ട് അതിജീവനം തേടുകയാണ്. കാടിനുള്ളില്‍ തീറ്റ കുറഞ്ഞു. വേനലാവുമ്പോള്‍ കുടിവെള്ളം തേടിയാണ് ഇവയുടെ പലായനം. തേക്കിന്‍ മരങ്ങള്‍ നിറയുന്ന ഊഷരവനങ്ങള്‍ വന്യജീവികള്‍ക്കെല്ലാം വിനയാവുകയാണ്. ഈ രീതിയിലുള്ള വനവത്കരണങ്ങള്‍ പാടില്ല. യഥേഷ്ടം തീറ്റകള്‍ ലഭിക്കുന്ന സ്വഭാവിക വനം വളര്‍ത്തലാണ് അഭികാമ്യം. വയനാട് വന്യജീവി സങ്കേതത്തില്‍ ഏകദേശം അറുന്നൂറിലധികം ആനകളുണ്ടെന്നാണ് കണക്കുകള്‍. ഇതൊരു പ്രതീക്ഷയാണ്. മൂന്നു സംസ്ഥാനങ്ങള്‍ അതിരിടുന്ന വന്യജിവി സങ്കേതം വരും കാലത്തിന്റെ അമൂല്യ സമ്പത്തുകൂടിയാണ്. ഇതിനോട് പൊരുത്തപ്പെട്ടു കഴിയുന്ന ആദിവാസികള്‍ക്കും മറ്റും മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കി വേണം വന്യജീവി സംരക്ഷണത്തിന് മാതൃക സൃഷ്ടിക്കാന്‍.

രമേഷ്: വന്യജീവി ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന വയനാടിന് ഒരു ആന സംരക്ഷണ കേന്ദ്രത്തിനോട് എങ്ങിനെ പൊരുത്തപ്പെടാന്‍ കഴിയും?

ചിത്ര: ആനസംരക്ഷണ കേന്ദ്രം വയനാട്ടില്‍ തുടങ്ങുമെന്ന് തീരുമാനമൊന്നുമായിട്ടില്ല. എങ്കിലും ഇത്തരത്തിലുള്ള ഒരു ഡ്രീം പ്രൊജക്ടിന് വയനാട് തന്നെയാണ് ഏറ്റവും യോജിച്ച സ്ഥലം. അനുകൂലമായുള്ള കാലാവസ്ഥയാണ് ഇവിടെയുള്ളത്. ഇന്ത്യയില്‍ തന്നെ വന്യജീവികളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഏറ്റവും അധികം നടക്കുന്നതും ഇവിടെയാണെന്നകാര്യം ദുഖിപ്പിക്കുന്നു. വനാതിര്‍ത്തിയിലെ കര്‍ഷകരും ആദിവാസികളുമൊക്കെ ഒരു കാലത്ത് വന്യജീവികളോടെല്ലാം പൊരുത്തപ്പെട്ടാണ് കഴിഞ്ഞത്. കാട് വിട്ട് ഇവ അപൂര്‍വ്വമായി മാത്രമാണ് നാട്ടിലിറങ്ങിയിരുന്നത്. ഇന്നിതെല്ലാം മാറി. ഗ്രാമീണര്‍ അക്രമിക്കപ്പെടുന്നതിന്റെയും കൃഷി നശിപ്പിക്കുന്നതിന്റെയും അനുഭവങ്ങള്‍ പറയുന്നു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ആനകളുടെ സഞ്ചാരപഥങ്ങള്‍ പോലും നശിച്ചു. ആനത്താരകള്‍ വീണ്ടെടുത്ത് നല്‍കിയാല്‍ ഒരു പരിധിവരെ ഇവയുടെ നാട്ടിലേക്കുള്ള കുടിയിറക്കം തടയാം. വന്‍കിട ലോബികളുടെ കാടിനുള്ളിലേക്കുള്ള കടന്നുകയറ്റവും തടയണം. ശരിയായ കാടു സംരക്ഷണവും കൃഷിപരിപാലനവും ബോധവത്കരിച്ചാല്‍ ആരും ഒരു നല്ല കാര്യത്തിന് എതിരാവുകയില്ല.

രമേഷ്: പുതിയ പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തെ എങ്ങിനെ കാണുന്നു..?

ചിത്ര: പ്രകൃതിയെ സംരക്ഷണം നമ്മുടെ കടമയാണ്. വരും തലമുറയില്‍ നിന്നും കടം കൊണ്ടതാണ് ഈ ഭൂമിയെന്ന ഓര്‍മ്മ എല്ലാവര്‍ക്കും വേണം. പരിസ്ഥിതി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. ശരിയായ ബോധവത്കരണ പ്രക്രിയയിലൂടെ  പരിസ്ഥിതി സംരക്ഷണ ദൗത്യങ്ങള്‍ എല്ലാവര്‍ക്കും നിറവേറ്റാന്‍ കഴിയണം. മഴയും തണുപ്പുമെല്ലാം നമ്മെ കൈവിട്ടു പോയാല്‍ നാം എന്തുചെയ്യും. ഇതിനൊന്നും ഒരു ബദല്‍ രുപപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തിലുളള ജീവിത ശൈലികള്‍ പ്രോത്സാഹിക്കപ്പെടണം. മറ്റു ജീവജാലങ്ങള്‍ക്ക് കൂടി ഭീഷണിയാകുന്ന തരത്തില്‍ മനുഷ്യന്‍ ചൂഷണത്തിനിറങ്ങിയാല്‍ പിന്നെ ആരാണ് ഈ ഭൂമിയെ അടുത്ത തലമുറയ്ക്കായി കാത്തുവെക്കുക. പശ്ചിമഘട്ടം ചുരുങ്ങി വരികയാണ്. നിരവധി ജീവജാലങ്ങള്‍ ഇവിടെ നിന്നും വംശനാശത്തിന് കീഴടങ്ങിയതായി പഠനങ്ങള്‍ പറയുന്നു. മനുഷ്യന്റെ ശരാശരി ജീവിതത്തെ ബാധിക്കാത്ത നിയമങ്ങളാണ് നടപ്പിലാവേണ്ടത്.

രമേഷ്: വയനാടിനെക്കുറിച്ച്…?

ചിത്ര:പശ്ചിമ ഘട്ടത്തിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ചെടുത്ത് നല്കിയതാണ് വയനാടെന്ന ഭൂമി. ആദിവാസികളും സാധാരണക്കാരായ കര്‍ഷകരും ഏറെയുള്ള സ്ഥലം. മല നിരകളും കാടുകളുമെല്ലാം വരച്ചിടുന്നത് ഒരു അപൂര്‍വ്വ ചിത്രമാണ്. സ്വഭാവികമായ സൗന്ദര്യമാണ് വയനാട്ടിലെ വിനോദ കേന്ദ്രങ്ങള്‍ക്കുള്ളത്. നഗരത്തിരക്കില്‍ നിന്നും എത്തുന്നവര്‍ക്ക് ഇതൊക്കെയും ഒരു വേറിട്ട കാഴ്ചയാവും. കാടുകളുടെ നാശവും മറ്റും അന്തരീക്ഷ താപനില ഉയര്‍ത്തുന്നു എന്നതാണ് സത്യം.എന്തെങ്കിലും ചെയ്തുല്ലെങ്കില്‍ കുളിരുളള  വയനാട് ഓര്‍മ്മയാകും.വിശാലമായ വയലുകളായിരുന്നു വയനാടിന്റെ ഖ്യാതി സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം നികന്നു തീരുന്നതാണ് ഇപ്പോഴത്തെ കാഴ്ച.

സംഗീതമായാലും അഭിനയമായാലും ജീവിതമായാലും ഇതിനെല്ലാമൊരു പൂര്‍ണ്ണത വേണമെന്നാണ് ചിത്ര അയ്യരെന്ന കലാകാരിയുടെ ആഗ്രഹം. ഇറങ്ങിത്തിരിച്ച വഴികളിലെല്ലാം ആത്മാര്‍ത്ഥമായ ഇടപെടലുകള്‍. തെന്നിന്ത്യന്‍ സംഗീത ലോകത്തുനിന്നും ബോളിവുഡിലേക്ക് നടന്നുകയറിയ വഴികളിലെല്ലാം ആത്മസംതൃപ്തി മാത്രം. ഇനിയുമേറെ മുന്നേറാനുണ്ട്.മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പുതിയ ഹിന്ദി ആല്‍ബത്തിന്റെ തിരക്കുകള്‍ പുരോഗമിക്കുന്നു.ഇതിനിടയിലും ആനക്കാര്യങ്ങള്‍ പിന്നോട്ട് പോകുന്നില്ല.

Share on

മറ്റുവാര്‍ത്തകള്‍