UPDATES

വിദേശം

സിംഗപ്പൂരിനെ ഞെട്ടിച്ച് ഈശ്വരന്‍

38 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മന്ത്രിക്കെതിരേ അഴിമതിക്കേസ്

                       

ഭരണകൂട അഴിമതി ലോകത്തില്‍ എല്ലായിടത്തുമുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രിമാര്‍ തുടങ്ങി രാഷ്ട്രത്തലവന്മാര്‍ വരെ അഴിമതി കാണിക്കുകയും പിടിക്കപ്പെടുകയും ചെയ്യുന്നത് ഒരു വാര്‍ത്തയല്ലാതായി തീര്‍ന്നിരിക്കുന്നു. എന്നാല്‍, സിംഗപൂര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടൊരു അഴിമതി, ആ രാജ്യത്ത് മാത്രമല്ല, ലോകത്തിനു മുന്നില്‍ തന്നെ വലിയൊരു വാര്‍ത്തയായിരിക്കുകയാണ്. അതിനുള്ള പ്രധാന കാരണം, സിംഗപ്പൂര്‍ അതിന്റെ സംശുദ്ധ ഭരണത്തില്‍ അഭിമാനിക്കുന്നൊരു രാജ്യമാണ്.

അങ്ങനെയുള്ളൊരു രാജ്യത്തെ ഒരു മന്ത്രിക്കെതിരേ അഴിമതിക്കേസ് ഉണ്ടായിരിക്കുന്നത് ആ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മന്ത്രിയാകട്ടെ, തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും അതേസമയം മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, തന്റെ ആത്മാര്‍ത്ഥത തെളിയിക്കാന്‍ വേണ്ടി, തനിക്കെതിരായ കേസ് അന്വേഷണങ്ങള്‍ ആരംഭിച്ച കാലം മുതലുള്ള ശമ്പളം തിരിച്ചു കൊടുക്കുമെന്നും പറഞ്ഞിരിക്കുകയാണ്.

സുബ്രഹ്‌മണ്യന്‍ ഈശ്വരന്‍ ആണ് വിവാദപുരുഷനായി തീര്‍ന്ന സിംഗപ്പൂര്‍ മന്ത്രി. തനിക്കെതിരായി ചുമത്തിയിരിക്കുന്ന 27 കുറ്റങ്ങളും നിഷേധിച്ചിരിക്കുകയാണ് ഈശ്വരന്‍. എങ്കിലും വ്യാഴാഴ്ച്ച തന്റെ രാജിക്കത്ത് അദ്ദേഹം നല്‍കുകയുണ്ടായി. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂംഗിന് എഴുതിയ കത്തിലും, എല്ലാ കുറ്റങ്ങളും നിഷേധിക്കുന്നു, ഞാന്‍ നിപരാധിയാണ്’ എന്നാണ് ഈശ്വരന്‍ അവകാശപ്പെട്ടിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മന്ത്രി അഴിമതി കാണിച്ചിരിക്കുന്നു എന്ന വാര്‍ത്ത രാജ്യം അതീവഗൗരവത്തിലാണ് കാണുന്നത്. എല്ലാ മാധ്യമങ്ങളുടെയും പ്രധാന വാര്‍ത്തയും അതു തന്നെയാണ്.

നിയമവിരുദ്ധമായി സമ്മാനങ്ങള്‍ സ്വീകരിക്കുകയും ആഢംബര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയുമൊക്കെ ചെയ്തുവെന്നാണ് ഈശ്വരനെതിരായ പ്രോസിക്യൂഷന്‍ കുറ്റപത്രത്തിലുള്ളത്.

ബിസിനസ് ഭീമനായിരുന്ന ഓങ് ബെങ് സേങിന്റെ വ്യാപാര താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരമായി ഒരു ലക്ഷത്തി അറുപതിനായിരം സിംഗപ്പൂര്‍ ഡോളറിന്റെ(99,02,372.80 ഇന്ത്യന്‍ രൂപ) വിമാന ടിക്കറ്റുകള്‍, ഹോട്ടല്‍ താമസം, ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ ടിക്കറ്റുകള്‍ എന്നിവ സമ്മാനമായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഈശ്വരനെതിരെയുള്ള അഴിമതിയാരോപണങ്ങളായി പ്രോസിക്യൂഷന്റെ കുറ്റപത്രത്തിലുള്ളത്. വെസറ്റ് എന്‍ഡ് മ്യൂസിക്കല്‍ ഷോയുടെയും ചില ഫുട്‌ബോള്‍ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ സമ്മാനമായി സ്വീകരിച്ചുവെന്നും ഈശ്വരനെതിരേ കുറ്റാരോപണമുണ്ട്.

സിംഗപ്പൂരില്‍ ആദ്യമായി ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രിക്‌സ് മത്സരം കൊണ്ടുവരുന്നത് ഓങ് ബെങ്ങായിരുന്നു. ആ സമയത്ത് ടൂറിസം വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് സുബ്രഹ്‌മണ്യന്‍ ഈശ്വരനായിരുന്നു. ഓങ് ബെങ്ങിനൊപ്പം കഴിഞ്ഞ വര്‍ഷം ഈശ്വരനും അറസ്റ്റിലായിരുന്നു. ഈശ്വരനെതിരായ എല്ലാ ആരോപണങ്ങളിലും ഓങ് ബെങ്ങിന്റെ പേരുമുണ്ട്. ഈശ്വരന്‍ അംഗമായ ഭരണകക്ഷി പാര്‍ട്ടിക്കും ഓങ് കൈക്കൂലി വാഗ്ദാനം ചെയ്തതായി കുറ്റപത്രത്തിലുണ്ട്.

താന്‍ രാജിവച്ചതായി പ്രഖ്യാപിച്ചതിനൊപ്പമാണ് വാങ്ങിയ ശമ്പളവും തിരികെ നല്‍കുമെന്ന് ഈശ്വരന്‍ അറിയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ തനിക്കെതിരായ അന്വേഷണം ആരംഭിച്ചതു മുതലുള്ള ശമ്പളവും മറ്റ് അലവന്‍സ് തുകകളും തിരികെ സര്‍ക്കാരിന് നല്‍കുമെന്നാണ് ഈശ്വരന്റെ പ്രഖ്യാപനം.

കഴിഞ്ഞ വര്‍ഷം അറസ്റ്റിലായതു മുതല്‍ സുബ്രഹ്‌മണ്യന്‍ ഈശ്വരന്‍ അവധിയിലായിരുന്നു. എന്നിരിക്കിലും 8,500 സിംഗപ്പൂര്‍ ഡോളര്‍(5,26,230.24 ഇന്ത്യന്‍ രൂപ) മാസ ശമ്പളമായി അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്നു. എം പി എന്ന നിലയില്‍ മാസം 15,000 സിംഗപ്പൂര്‍ ഡോളിന്(9,28,517.97 ഇന്ത്യന്‍ രൂപ) മുകളില്‍ അലവന്‍സുകളും ലഭിച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ സിംഗപ്പൂരിലാണ്. സിംഗപ്പൂരിലെ ഒരു മന്ത്രിയുടെ മാസ ശമ്പളം തുടങ്ങുന്നത് 45,000 സിംഗപ്പൂര്‍ ഡോളറിലാണ്(27,85,049.91 ഇന്ത്യന്‍ രൂപ). അഴിമതി കാണിക്കാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്രയും ശമ്പളം നല്‍കുന്നതെന്നാണ് നേതാക്കളുടെ ന്യായം.

ഭരണകക്ഷിയായ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി(പിഎപി)യുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് സുബ്രഹ്‌മണ്യന്‍ ഈശ്വരന്‍. പല പ്രമുഖ കമ്പനികളുടെയും ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതല, ആഭ്യന്തരം, കമ്യൂണിക്കേഷന്‍ തുടങ്ങിയ സുപ്രധാന വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. നിലവില്‍ ഗതാഗത വകുപ്പ് മന്ത്രിയാണ്. വാണിജ്യ-വ്യവസായ മന്ത്രാലയത്തില നീണ്ടകാലത്തെ പ്രവര്‍ത്തനമാണ് രാജ്യത്ത് ഈശ്വരന് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. രണ്ടായിരത്തിന്റെ അവസാനത്തിലും 2010-കളിലുമായി രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ വളര്‍ച്ചയിലും ഈശ്വരന്റെ പങ്കുണ്ട്. ഈ കാലയളവിലാണ് ആയിരക്കണക്കിന് കോടികളുടെ വിദേശനിക്ഷേപം രാജ്യത്തേക്ക് ഒഴുകിയതും അവിടെ കാസിനോകളും പഞ്ചനക്ഷത്ര ഹോട്ടലുകളുമൊക്കെ ഉയര്‍ന്നതും ഫോര്‍മുല വണ്‍ പോലുള്ള സുപ്രധാന മത്സരങ്ങള്‍ക്ക് വേദിയായതുമൊക്കെ. ഫോര്‍മുല വണ്‍ മത്സര വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറിക്കൊണ്ടും ഈശ്വരന്റെ മുഖം ലോകത്തിന് മുന്നില്‍ തെളിഞ്ഞു നിന്നിരുന്നു.

ഈശ്വരനെതിരായ അഴിമതിയാരോപണങ്ങള്‍ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയെ കൂടി കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന്റെ പേരിലാണ് ദീര്‍ഘകലമായി പിഎപി ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്.

ഈശ്വരന്റെ രാജി സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ലീ പറഞ്ഞത്, തികഞ്ഞ കാര്‍ക്കശ്യത്തോടെ തന്നെ ഈ കേസ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്നാണ്.

‘ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും കെട്ടുറപ്പ് ഉയര്‍ത്തിപ്പിടിക്കുന്നതിലും, അതുപോലെ, സത്യസന്ധയും അഴിമതിരാഹിത്യവും തുടരുന്നതിലും ഞാന്‍ ദൃഢനിശ്ചയമുള്ളവനാണ്, സിംഗപൂരിലെ ജനങ്ങള്‍ അതില്‍ കുറവൊന്നും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി ലീ യുടെ വാക്കുകള്‍.

ഇതിനു മുമ്പ് ഒരു മന്ത്രി അഴിമതിയാരോപണം നേരിടുന്നത് 1986-ല്‍ ആണ്. ദേശീയ വികസന വകുപ്പ് മന്ത്രി തേഹ് ചീങ് വാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം ഉണ്ടായി. കേസ് ചാര്‍ജ് ചെയ്യുന്നതിനു മുമ്പ് തന്നെ വാന്‍ സ്വന്തം ജീവനൊടുക്കുകയും ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍