UPDATES

132 കിലോ മീറ്റർ വേഗത്തിൽ പറന്ന പന്ത്

ചരിത്രത്തിലേക്ക് പന്തെറിഞ്ഞ് ഷബ്നിം.

                       

ചൊവ്വാഴ്ച മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള വനിതാ പ്രീമിയർ ലീഗ് മത്സരത്തിൽ ചരിത്ര നിമിഷത്തിലേക്കാണ് ഷബ്നിം ഇസ്മയിൽ എറിഞ്ഞ പന്ത് പറന്ന് കയറിയത്. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്താണ് ഐ പി എല്ലിൽ ഷബ്നിം ഇസ്മയിൽ എറിഞ്ഞത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഷബ്നിമിന്റെ പന്ത് 132.1 കിലോ മീറ്റർ വേഗത്തിലാണ് പറന്നത് . വനിതാ ക്രിക്കറ്റിൽ ഇത് ആദ്യമായാണ് ഒരു താരം 130 കിലോ മീറ്റർ വേഗം കടക്കുന്നത്. പന്തെറിയുമ്പോൾ താൻ വലിയ സ്ക്രീനിലേക്ക് നോക്കാറില്ലെന്നാണ് മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിൽ ഷബ്നിം ഇസ്മയിൽ പറയുന്നത്.

വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തിന്റെ കീർത്തി ഷബ്നിമിന്റെ കയ്യിൽ സുരക്ഷിതമാണെങ്കിലും, മത്സരത്തിൽ അത്ര കണ്ട് ശോഭിക്കാൻ ഷബ്നിം ഇസ്മയിലിന് സാധിച്ചില്ല. നാല് ഓവറിൽ 46 റൺസ് വഴങ്ങിയ ഷബ്നിമിന് ഒരു വിക്കറ്റെടുക്കാൻ മാത്രമാണ് സാധിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപ്റ്റൻ മെഗ് ലാനിങും, ജെമീമ റോഡ്രിഗസും അർധസെഞ്ചുറികൾ നേടിയിരുന്നു. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 192 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റിന്റെ നഷ്ടത്തിൽ 163 റൺസ് മാത്രമാണ് എടുത്തത്. 27 പന്തിൽ 42 റൺസെടുത്ത അമൻജ്യോത് കൗറാണ് മുംബൈയിൽ തിളങ്ങിയത്. മലയാളി താരം സജ്ന സജീവൻ മൂന്ന് ഫോറും ഒരു സിക്സുമടക്കം 14 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നുവെങ്കിലും തോൽവിയായിരുന്നു മുംബൈയെ മത്സരത്തിൽ കാത്തിരുന്നത്.

വനിത പ്രീമിയർ ലീഗിൻറെ ഈ പതിപ്പിൽ തന്നെ 128.3 കിലോ മീറ്റർ വേഗത്തിൽ പന്തെറിയാൻ 34-കാരിയായ ദക്ഷിണാഫ്രിക്കൻ താരത്തിന് സാധിച്ചിരുന്നു. ഇതിന് മുമ്പ് 2016-ൽ വെസ്റ്റ് ഇൻഡീസിനെതിരെ മണിക്കൂറിൽ 128 കിലോമീറ്റർ വേഗതയിലും ഷബ്നിം പന്തെറിഞ്ഞിരുന്നു. 2022-ലെ ഐസിസി വനിത ലോകകപ്പിനിടെ രണ്ടുതവണ 127 കിലോമീറ്റർ വേഗതയിലും താരം പന്തെറിഞ്ഞിരുന്നു.

എട്ട് ഐസിസി വനിത ടി20 ലോകകപ്പുകളിലും ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ചിട്ടുള്ള ഷബ്‌നിം ഇസ്‌മയിൽ കഴിഞ്ഞ വർഷമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 16 വർഷം നീണ്ട അന്താരാഷ്‌ട്ര കരിയറിൽ ദക്ഷിണാഫ്രിക്കയ്ക്കായി 127 ഏകദിനങ്ങളും 113 ടി 20 മത്സരങ്ങളുമാണ് താരം കളിച്ചിട്ടുള്ളത്. ഏകദിനത്തിൽ 191 വിക്കറ്റുകൾ നേടിയിട്ടുള്ള താരം ടി20യിൽ 123 പേരെയാണ് പുറത്താക്കിയിട്ടുള്ളത്. ടെസ്റ്റിൽ മൂന്ന് വിക്കറ്റുകളും അക്കൗണ്ടിലുണ്ട്.

‘റാവല്‍പിണ്ടി എക്സ്പ്രസ്സ്’ എന്ന പേരില്‍ അറിയപ്പെടുന്ന പാകിസ്താന്റെ എക്കാലത്തെയും മികച്ച താരമായ പേസ് ബൗളർ, ഷോയിബ് അക്തര്‍ 1 61.3 (100 മൈൽ) വേഗത്തിലെറിഞ്ഞ പന്താണ് പുരുഷ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത്. 2003 ലോകകപ്പ്, ഇംഗ്ലണ്ട് പാകിസ്താൻ പോരാട്ടത്തിലാണ് ഷോയിബ് അക്തര്‍ റെക്കോർഡ് കരസ്ഥമാക്കിയത്.

 

Share on

മറ്റുവാര്‍ത്തകള്‍