UPDATES

ഏകാധിപത്യവുമായുള്ള കൂടിക്കാഴ്ച്ചയുടെ ഇരുട്ടൊരുക്കിയ ഇന്ദിര

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 48ാം വാര്‍ഷികം

                       

പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ സമര്‍പ്പിക്കപ്പെട്ടിരുന്ന 1971ലെ തെരഞ്ഞെടുപ്പ് പരാതിയില്‍, അവരെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടും ആറ് വര്‍ഷത്തേക്ക് അധികാരസ്ഥാനങ്ങള്‍ കൈയാളുന്നത് വിലക്കിക്കൊണ്ടുമുള്ള തന്റെ വിധി അലഹബാദ് ഹൈക്കോടതി ജഡ്ജി ജഗ്മോഹന്‍ ലാന്‍ സിന്‍ഹ 1975 ജൂണ്‍ 12ന് പ്രഖ്യാപിച്ചു.

ആ ദിവസം അവര്‍ക്ക് നേരിടേണ്ടി വന്ന മൂന്ന് തിരിച്ചടികളില്‍ ഏറ്റവും മാരകമായത് കോടതി വിധിയായിരുന്നു എന്ന് പല എഴുത്തുകാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരുടെ വിശ്വസ്തനായിരുന്ന ഡിപി ധറിന്റെ വിയോഗവും ജയപ്രകാശ് നാരായണന്‍ പെട്ടെന്ന് തട്ടിക്കൂട്ടിയ നാല് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ നിന്നും ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയവുമായിരുന്നു അവര്‍ അന്ന് നേരിട്ട മറ്റ് രണ്ട് തിരിച്ചടികള്‍.

ഇന്ദിരാ ഗാന്ധിയുടെ അനുയായികള്‍ ഞെട്ടിത്തരിക്കുകയും ജയപ്രകാശ് നാരായണന്റെ ‘ആത്മഹത്യാ സംഘ’ത്തിലേക്ക് എടുത്ത് ചാടിയവര്‍ ആവേശഭരിതരാവുകയും ചെയ്തതില്‍ അത്ഭുതത്തിന് അവകാശമില്ല. ഒരു വലിയ മുദ്രാവാക്യം ഉയര്‍ന്നുവന്നു: ഇന്ദിര ഗാന്ധി സ്ഥാനമൊഴിയണം. ഇന്ദിരയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ബാലിശമാണെന്ന് അംഗീകരിക്കാന്‍ തയ്യാറായി വളരെ ചുരുക്കം പേര്‍ മാത്രം മുന്നോട്ട് വരാന്‍ തയ്യാറാകുന്ന തരത്തില്‍ അഭൂതപൂര്‍വമായ ജനവികാരമായിരുന്നു അവര്‍ക്കെതിരെ ഉണ്ടായിരുന്നത്. ‘ഒരു പാര്‍ക്കിംഗ് സ്ഥലത്തിനായി ട്രാഫിക് ബ്ലോക്കില്‍ ഒരു സര്‍ക്കാര്‍ മേധാവി അലയേണ്ടി വരുന്നത് പോലെ’ എന്നാണ് അന്നത്തെ സാഹചര്യത്തെ ഒരു ബ്രിട്ടീഷ് പത്രം വിശേഷിപ്പിച്ചത്. കൂടാതെ, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം എന്ന് മാത്രമല്ല മേല്‍ക്കോടതിയില്‍ നിന്നും അവര്‍ക്ക് അനുകൂലമായി വിധിയുണ്ടാവാനുള്ള സര്‍വ സാധ്യതകളും നിലനില്‍ക്കുകയും ചെയ്തിരുന്നു. ‘മറ്റ് സംവിധാനങ്ങള്‍’ ഉണ്ടാക്കാന്‍ ഭരണകക്ഷിക്ക് വെറും 20 ദിവസത്തെ സമയം മാത്രമാണ് ജസ്റ്റിസ് സിന്‍ഹ അനുവദിച്ചിരുന്നത് എന്നതിനാല്‍, അവരുടെ അപ്പീല്‍ പരിഗണിക്കാനും വാദം കേള്‍ക്കാനുമായി സുപ്രീം കോടതിക്ക് സാധാരണഗതിയില്‍ വേണ്ടി വരുന്ന നാല് മുതല്‍ ആറ് മാസം വരെയുള്ള സമയം എന്തുചെയ്യും എന്ന ഉത്കണ്ഠാജനകമായ ചോദ്യവും അന്തരീക്ഷത്തില്‍ ഉയര്‍ന്നുനിന്നു. ഇന്ദിര ഗാന്ധിയുടെ രണ്ടാമത്തെ പുത്രന്‍ സഞ്ജയ് ഗാന്ധിയുടെ അധികാരവും സ്വാധീനവും എന്ന രണ്ടാമത്തെ ഘടകം ഉയര്‍ന്ന് വന്നത് അവിടെയാണ്. തല്‍ക്കാലം രാജി വച്ച് ഏതെങ്കിലും വിശ്വസ്തരെ അധികാരം ഏല്‍പ്പിക്കാനും അപ്പീല്‍ ജയിച്ച ശേഷം അധികാരത്തില്‍ മടങ്ങിയെത്തി പുതിയ തെരഞ്ഞെടുപ്പ് നടത്താനും അവരുടെ ചില പക്വമതികളായ അഭ്യൂദയകാംഷികള്‍ നിര്‍ദ്ദേശിച്ചു. പക്ഷെ ഈ നിര്‍ദ്ദേശം അപ്പാടെ നിരാകരിച്ച സഞ്ജയ്, തന്റെ അമ്മ ‘ഒരു ദിവസത്തേക്ക് പോലും’ അധികാരം ഒഴിയുന്നതിനെ കുറിച്ച് ആരും സംസാരിച്ച് പോകരുതെന്ന കല്‍പന പുറപ്പെടുവിച്ചു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഒരു നിരുപാധിക സ്റ്റേ ലഭ്യമായിരുന്നെങ്കില്‍ ഇന്ദിര ഗാന്ധിയുടെ നില ശക്തിപ്പെടുമായിരുന്നു. എന്നാല്‍, ഒരു സര്‍ക്കാര്‍ മേധാവിയുടെ നില അങ്ങേയറ്റം പരിതാപകരമാക്കുന്ന വിധത്തിലുള്ള ഉപാധികള്‍ അടങ്ങിയ സ്റ്റേയാണ് രാജ്യം മുഴുവന്‍ കാത്തിരുന്ന വിധിന്യായത്തില്‍ ഇടക്കാല ജഡ്ജി വിആര്‍ കൃഷ്ണയ്യര്‍ ജൂണ്‍ 24ന് പുറപ്പെടുവിച്ചത്; അവര്‍ക്ക് പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാം, പക്ഷെ വോട്ട് ചെയ്യാനാവില്ല! അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പരുഷമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് സഞ്ജയും അദ്ദേഹത്തിന്റെ അനുയായികളും സ്ഥതിഗതികള്‍ കൂടുതല്‍ കലുഷിതമാക്കി. സ്ഥിതിഗതികളില്‍ സന്തുഷ്ടനായ ജെപി, ഇന്ദിര ഗാന്ധിയുടെ രാജിക്കായി ന്യൂഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും മാത്രമല്ല, രാജ്യത്തെ 356 ജില്ലാ തലസ്ഥാനങ്ങളിലും ദിവസവും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. പിറ്റെ ദിവസം ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ഊര്‍ജ്ജസ്വലമായ കൂറ്റന്‍ റാലിയില്‍ വച്ച്, ‘ഇന്ദിര ഗാന്ധിയെ അനുസരിക്കുകയല്ല, ഭരണഘടനയെ പിന്തുടരുകയാണ് ചെയ്യേണ്ടത്’ എന്ന് അദ്ദേഹം സൈന്യത്തിനോടും പോലീസിനോടും ഉദ്യോഗസ്ഥരോടുമുള്ള തന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. ഒരു വിദേശ മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍, മൊറാര്‍ജി ദേശായി കൂടുതല്‍ ആത്മവിശ്വാസം പ്രകടമാക്കി: ‘അവരെ പുറത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം… ഞങ്ങള്‍, ആയിരങ്ങള്‍ അവരുടെ വീട് വളയുകയും അവര്‍ പുറത്തിറങ്ങുന്നത് തടയുകയും ചെയ്യും… ഞങ്ങള്‍ രാത്രിയും പകലും അവിടെ കാവല്‍ നില്‍ക്കും,’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

എന്നാല്‍, ഇന്ദിര അധികാരം ഒഴിയുന്നതിനെ കുറിച്ചുള്ള മധുരസ്വപ്നങ്ങളില്‍ അഭിരമിച്ച് ജെപിയും മൊറാര്‍ജിയും വിശ്രമിക്കെ, വളരെ കുറച്ച് അനുയായികളെ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ട് ആസൂത്രണം ചെയ്ത മറുനീക്കത്തിന് ചുക്കാന്‍ പിടിക്കുകയായിരുന്നു ഇന്ദിര. തന്റെ മന്ത്രിസഭയെ പോലും അവര്‍ വിശ്വാസത്തിലെടുത്തില്ല. രാത്രി പതിനൊന്ന് മണിയോടെ, അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ രാഷ്ട്രപതിയുടെ ഒപ്പ് വാങ്ങുന്നതിനായി അവര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പ്രമുഖ അഭിഭാഷകനുമായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റോയിയോടൊപ്പം രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെ സന്ദര്‍ശിച്ചു. ഉത്തരവില്‍ ഒപ്പിടുന്നതിന് പ്രധാനമന്ത്രിയുടെ അഭിപ്രായം മാത്രം മതിയെന്നും ക്യാബിനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്നും രാഷ്ട്രപതിയെ റോയ് ധരിപ്പിച്ചു. രാഷ്ട്രപതി ആ ഉപദേശത്തിന് വഴങ്ങി. അധികം താമസിയാതെ, ജെപിയെയും മൊറാര്‍ജിയെയും ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി അറസ്റ്റ് വാര്‍ത്ത അറിയിച്ചു. രാജ്യത്തുടനീളം ഇത്തരത്തില്‍ പതിനായിരക്കണക്കിന് അറസ്റ്റുകള്‍ നടന്നു. അര്‍ദ്ധരാത്രിയോടെ, ഡല്‍ഹിയിലെ മാധ്യമ തെരുവായ ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗ്ഗിലെ വൈദ്യുതി വിളക്കുകള്‍ അണഞ്ഞു. അക്കാലത്ത് അത്തരം വൈദ്യുതി തടസങ്ങള്‍ സാധാരണമായിരുന്നു. പക്ഷെ സാധാരണ ഗതിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുമായിരുന്നു. എന്നാല്‍ ജൂണ്‍ 25ന് ഇത് സംഭവിച്ചില്ല. ദിനപത്രങ്ങള്‍ അന്ന് അച്ചടിച്ചിറക്കാന്‍ സാധിച്ചില്ല. അതായിരുന്നു അടിയന്താരാവസ്ഥ നടപ്പിലാക്കിയവര്‍ ആഗ്രഹിച്ചതും. അതുകൊണ്ട് തന്നെ ജൂണ്‍ 26 രാവിലെ ഏഴരയ്ക്കുള്ള ബിബിസി വേള്‍ഡ് സര്‍വീസില്‍ നിന്നാണ്, അടിയന്തിരാവസ്ഥ നടപ്പിലാക്കിയതിനെ കുറിച്ചും, ജെപിയും ദേശായിയും നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ തടവിലായതിനെ കുറിച്ചും സര്‍ക്കാര്‍ അധികാരങ്ങള്‍ എല്ലാം ഏറ്റെടുത്തതിനെ കുറിച്ചും മിക്ക ഇന്ത്യക്കാരും അറിയുന്നത്. അരമണിക്കൂറിന് ശേഷം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു: ‘രാഷ്ട്രപതി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ആരും സംഭീതരാകേണ്ട ആവശ്യമില്ല,’ എന്ന് അവര്‍ പറഞ്ഞു.

ഇന്ത്യയുടെ ചങ്ങാതിയായ ജോണ്‍ ഗ്രിഗ് പിന്നീട് ദ സ്പെക്ടേറ്ററില്‍ എഴുതി, ‘നെഹ്രുവിന്റെ ‘വിധിയുമായുള്ള കൂടിക്കാഴ്ചയെ’ അദ്ദേഹത്തിന്റെ സ്വന്തം പുത്രി ‘ഏകാധിപത്യവുമായുള്ള കൂടിക്കാഴ്ച’ ആക്കി മാറ്റിയിരിക്കുന്നു എന്ന് വേണം കരുതാന്‍.’ ‘നട്ടെല്ലില്ലാത്ത ഒരു പ്രസിഡന്റിന്റെ പേനയുടെ’ ഒരൊറ്റ കോറലിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ ‘ഒരു രണ്ടാംതരം ഏകാധിപത്യമായി’ അധഃപതിപ്പിച്ചു തുടങ്ങിയ പ്രയോഗങ്ങള്‍ പിന്നീട് മൂന്നാം ലോകരാജ്യത്ത് സര്‍വ സാധാരണമായി.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയേയും മനുഷ്യാവകാശങ്ങളേയും ചവുട്ടിയരച്ചും ഭരണഘടനയേയും ജുഡീഷ്യറിയേയും അപ്രസക്തമാക്കി കൊണ്ടും നടപ്പാക്കപ്പെട്ട ആഭ്യന്തര അടിയന്തരാവസ്ഥയിലേയ്ക്ക് നയിച്ചതില്‍ പല കാരണങ്ങളുണ്ടെങ്കിലും അതിന് മുഖ്യ കാരണമായത് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം ആരോപിച്ചും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രാജ് നാരായണ്‍ കൊടുത്ത കേസ് ആയിരുന്നു. ഇന്ദിര ഗാന്ധി വേഴ്സസ് രാജ് നാരായണ്‍. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്റെ ‘The Case That Shook India’ എന്ന പുസ്തകംത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആ കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയെ ദുരിതത്തിലേക്ക് തള്ളിയിട്ട ആ കേസിനെക്കുറിച്ച് പ്രശാന്ത് ഭൂഷന്റെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ പങ്കുവയ്ക്കുന്നു;

1971 ജനുവരി 19ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ദിരാ കോണ്‍ഗ്രസിനെതിരെ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുകയും രാജ് നാരായണിനെ റായ് ബറേലിയില്‍ ഇന്ദിര ഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സഖ്യത്തിന്റെ ഭാഗമല്ലാതിരുന്ന ഭാരതീയ ക്രാന്തി ദള്‍ പോലുള്ള പാര്‍ട്ടികളും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ രാജ് നാരായണിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. തൊട്ടടുത്ത ദിവസം കോയമ്പത്തൂരിലെ പൊതുയോഗത്തില്‍ രാജ് നാരായണിനും പ്രതിപക്ഷത്തിനുമെതിരെ ഇന്ദിര ഗാന്ധി ആഞ്ഞടിച്ചു. അറിയപ്പെടുന്ന നെഹ്രു വിരോധി ആയതുകൊണ്ടാണ് രാജ് നാരായണിനെ റായ്ബറേലിയില്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഇന്ദിര അഭിപ്രായപ്പെട്ടു.

ജനുവരി 25ന് ഇന്ദിര കോണ്‍ഗ്രസിന് (കോണ്‍ഗ്രസ് ആര്‍) പശുവും പശുക്കുട്ടിയും, സംഘടനാ കോണ്‍ഗ്രസിന് (കോണ്‍ഗ്രസ് ഒ) ചര്‍ക്കയും സ്ത്രീയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. അതേസമയം പശുവും പശുക്കുട്ടിയും ഇന്ദിര കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതില്‍ സി രാജഗോപാലാചാരിക്ക് അതൃപ്തിയുണ്ടായിരുന്നു. ഹിന്ദുക്കളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നമാണ് അതെന്നായിരുന്നു രാജഗോപാലാചാരിയുടെ വാദം. അദ്ദേഹം മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണുമായി ബന്ധപ്പെടുകയും ഇന്ദിര കോണ്‍ഗ്രസിന് ഈ ചിഹ്നം അനുവദിച്ചതിനെതിരെ കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന് ശാന്തിഭൂഷണ്‍ അറിയിച്ചു.

മാര്‍ച്ച് 3,5,7 തീയതികളിലായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. നാമനിര്‍ദ്ദേശ പ്രത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി മൂന്ന്. ഫെബ്രുവരി ഒന്നിന് വരണാധികാരിയായ റായ് ബറേലി ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ ഇന്ദിര ഗാന്ധി പത്രിക സമര്‍പ്പിച്ചു. യശ്പാല്‍ കപൂറിനെ തന്റെ ഇലക്ഷന്‍ ഏജന്റായി ഇന്ദിര ഗാന്ധി നിയമിച്ചു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്ന യശ്പാല്‍ കപൂര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജോലി രാജി വച്ചിരുന്നു. 1967ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും യശ്പാല്‍ ഇതുപോലെ രാജി വച്ച് ഇന്ദിരയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയായിരുന്നു എന്ന കാര്യം ശ്രദ്ധേയം. അന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു യശ്പാല്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുകയും ഇന്ദിര വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ അദ്ദേഹം പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ഏതായാലും തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചു. ‘ഇന്ദിര ഹഠാവോ’ (ഇന്ദിരയെ തുടച്ചുനീക്കൂ) എന്നതായിരുന്നു അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. അതേസമയം ഇതിനെ ശക്തമായും സമര്‍ത്ഥമായും ഇന്ദിര ഗാന്ധി തിരിച്ചടിച്ചു. അങ്ങനെയാണ് പ്രശസ്തമായ ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം തുടച്ചുനീക്കൂ) മുദ്രാവാക്യത്തിന്റെ പിറവി. ‘പ്രതിപക്ഷത്തിന് ആകെ വേണ്ടത് ഇന്ദിരയെ തുടച്ചുനീക്കലാണ്. എനിക്ക് വേണ്ടതാണെങ്കില്‍ ദാരിദ്ര്യം തുടച്ചുനീക്കലും. ഇതില്‍ ഏത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’ – ഇന്ദിര ഗാന്ധി പറഞ്ഞു. ബാങ്ക് ദേശസാത്കരണത്തിലൂടെയും രാജാക്കന്മാരുടെ പ്രിവി പഴ്സ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതിലൂടെയും മറ്റും സ്വയം ഒരു സോഷ്യലിസ്റ്റായി ചിത്രീകരിച്ച ഇന്ദിര, ജനപ്രീതിയും മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളുടെ കയ്യടിയും നേടിയിരുന്നു.

റായ്ബറേലിയില്‍ മാര്‍ച്ച് ഏഴിനായിരുന്നു വോട്ടെടുപ്പ്. മാര്‍ച്ച് ഒമ്പതിന് വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. തലേദിവസം അതായത് മാര്‍ച്ച് എട്ടിന് തന്നെ തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് റായ്ബറേലിയില്‍ രാജ്നാരായണ്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. മാര്‍ച്ച് 10നാണ് ഫലം വന്നു തുടങ്ങിയത്. കോണ്‍ഗ്രസ് രാജ്യത്തുടനീളം വലിയ വിജയം നേടി. കോണ്‍ഗ്രസുകാര്‍ പ്രതീക്ഷിച്ചതിലും എത്രയോ വലിയ വിജയം. റായ്ബറേലിയില്‍ രാജ് നാരായണനെ ഒരു ലക്ഷത്തി പതിനായിരത്തില്‍ പരം വോട്ടിന് ഇന്ദിര ഗാന്ധി പരാജയപ്പെടുത്തി. ഇന്ദിര ഗാന്ധിക്ക് 1,83,309 വോട്ട് കിട്ടിയപ്പോള്‍ രാജ്നാരായണിന് കിട്ടിയത് 71,499 വോട്ട് മാത്രം. ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് രാജ് നാരായണ്‍ വിജയാഹ്ലാദ പ്രകടനം നടത്തിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം രാജ് നാരായണിനെ ഞെട്ടിച്ചു.

ബാലറ്റ് പേപ്പറുകളില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമം നടത്തിയ പ്രചാരണം സജീവമായിരുന്നു. ഇത് രാജ് നാരായണ്‍ വിശ്വസിക്കുകയും ചെയ്തു. പല പ്രതിപക്ഷ നേതാക്കളും ഇങ്ങനെ കരുതിയിരുന്നു. ഒറിജിനല്‍ സ്റ്റാംപ് മാര്‍ക്ക് മാഞ്ഞുപോവുകയും പകരം മറ്റൊരു സ്റ്റാംപ് മാര്‍ക്ക് വോട്ടെടുപ്പിന് മുമ്പായി പ്രത്യക്ഷപ്പെടുകയും ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. ബാലറ്റ് പേപ്പറിലെ കൃത്രിമം സംബന്ധിച്ച സംശയമാണ് യഥാര്‍ത്ഥത്തില്‍ രാജ് നാരായണിനെ ഇന്ദിര ഗാന്ധിക്കെതിരെ കേസുമായി കോടതിയിലെത്തിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗവും അധികാര ദുര്‍വിനിയോഗവുമെല്ലാം ഇതിന്റെ കൂടെ ആരോപിച്ചിരുന്നു എന്ന് മാത്രം. ശാന്തി ഭൂഷണാണ് രാജ് നാരായണിന് വേണ്ടി ഹാജരായത്.

1975 ജൂണ്‍ 12ന്, ഇന്ദിര ഗാന്ധി അധികാര ദുര്‍വിനിയോഗം നടത്തിയതായും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതായുമുള്ള ആരോപണം ശരിവച്ച അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ആറ് വര്‍ഷത്തേയ്ക്ക് ഇന്ദിരയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ജഗ്മോഹന്‍ ലാല്‍ സിന്‍ഹയായിരുന്നു ജഡ്ജി. ഹൈക്കോടതി വിധിക്കെതിരെ ഇന്ദിര ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു. ഇന്ദിരയ്ക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും അതേസമയം എംപിയെന്ന നിലയില്‍ പാര്‍ലമെന്റില്‍ വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നുമായിരുന്നു ജൂണ്‍ 24ന് സുപ്രീംകോടതി ഇടക്കാല ബഞ്ചിന്റെ വിധി. ജസ്റ്റിസ് വിആര്‍ കൃഷയ്യരാണ് അലഹബാദ് ഹൈക്കോടതി വിധി ഭാഗികമായി സ്റ്റേ ചെയ്തുകൊണ്ട് വിധി പ്രസ്താവിച്ചത്. ഇന്ദിരയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ടും സമ്പൂര്‍ണ വിപ്ലവത്തിന് ആഹ്വാനം ചെയ്തുകൊണ്ടുമുള്ള സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണിന്റെ ആഹ്വാനവുമെല്ലാം ചേര്‍ന്നപ്പോള്‍ അധികാരം നഷ്ടപ്പെടാതിരിക്കാന്‍ ഇന്ദിര ഗാന്ധി ജനങ്ങള്‍ക്ക് മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍