UPDATES

വിദേശം

തെക്ക്കിഴക്കനേഷ്യയിലേക്ക് പടരുന്ന ‘ട്രംപിസം’

ട്രംപിനെ പോലെ തന്നെ കോടികളുടെയും സൗഭാഗ്യങ്ങളുടെയും നടുക്ക് നിന്നാണ് തക്ഷിനും കാലു മാറ്റിച്ചവിട്ടുന്നത്. ഒരു മുന്‍ പോലീസുദ്യോഗസ്ഥനും വിജയം കൈവരിച്ച തദ്ദേശീയ ചൈനീസ് വ്യവസായിയുമായ അദ്ദേഹത്തിന്റെ പശ്ചാത്തലം തായ് രാഷ്ട്രീയ-സൈനിക സംവിധാനത്തിലെ തന്റെ മഞ്ഞക്കുപ്പായക്കാരായ എതിരാളികളുടേതിന് സാമ്യമുള്ളതാണ്.

                       

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുട്ടികളും കോച്ചും കുടുങ്ങിയതും തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനവും മലയാളികള്‍ക്ക് ഒരു പാഠമാകണമെന്നായിരുന്നു പൊതുമതം. ദുരന്തമുഖത്ത് ആ രാജ്യവും ജനങ്ങളും കാണിച്ച അസാധാരണമായ സമചിത്തത, ഉത്തരവാദിത്തത്തോടെ പെരുമാറിയ മാധ്യമങ്ങള്‍, ക്രെഡിറ്റെടുക്കാന്‍ തയ്യാറാകാത്ത രക്ഷാപ്രവര്‍ത്തകര്‍, അങ്ങനെ പോകുന്നു മലയാളികളുടെ തലയിലടിച്ചുറപ്പിക്കുന്ന ആണികള്‍. പട്ടാളഭരണംനിലനില്‍ക്കുന്ന, മാധ്യമങ്ങള്‍ക്ക് കനത്ത നിയന്ത്രണങ്ങളുള്ള ഒരു രാജ്യത്ത് നിന്ന് ഭരണകൂടം എഴുതിത്തയ്യാറാക്കിയ ആട്ടക്കഥയാണ് നാമെല്ലാവരും മതിമറന്ന് കണ്ടതെന്ന് ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമുയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ തെക്ക്കിഴക്കനേഷ്യയിലെ രാഷ്ട്രീയപശ്ചാത്തലം വിശകലനം ചെയ്യുകയാണ് എക്കണോമിസ്റ്റ്.

ലണ്ടനിലെ ആഡംബരഹോട്ടലില്‍, ടെലികോം ഭീമനും
തായ്‌ലന്‍ഡ് മുന്‍ പ്രധാനമന്ത്രിയുമായ തക്ഷിന്‍ ഷിനവത്ര, തന്റെ ഈ കോണ്‍ക്രീറ്റ് വനവാസത്തിന്റെ സാഹചര്യം വിശദീകരിച്ചു കൊണ്ടിരുന്നു. തന്റെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് അമേരിക്ക സന്ദര്‍ശിച്ചതുമെല്ലാം പറയുന്ന സമയത്ത് അദ്ദേഹത്തെ കാണാന്‍ ആഗോളസമ്പന്നരില്‍ ഒരാളാണെന്നേ തോന്നുള്ളൂ. ദീര്‍ഘകാല അനുഭവസമ്പത്തുള്ള, പാവങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണെന്ന് പറയില്ല. എന്നാല്‍
തക്ഷിന്‍ തായ്‌ലന്‍ഡിലെ ഏറ്റവും വിജയം കൈവരിച്ച രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന തരം രാഷ്ട്രീയക്കാരെ തെക്ക്കിഴക്കനേഷ്യയിലെ മറ്റിടങ്ങളിലേക്ക് ആട്ടിയോടിച്ച ഒരാള്‍ കൂടിയാണ്. അദ്ദേഹത്തിന്റെ നയങ്ങള്‍ വിദേശത്ത് മാത്രമല്ല, സ്വദേശത്തെ ഏറ്റവും
കടുത്ത വിമര്‍ശകര്‍ പോലും അനുകരിച്ചു. ലോകത്തിന്റെ ഈ കോണിലെ മണ്ണില്‍, സാമ്പത്തിക അസമത്വവും വംശീയ ചേരിതിരിവും തക്ഷിന്റെ ശൈലിയിലുള്ള ഭൂരിപക്ഷ രാഷ്ട്രീയത്തിന് വളമായി.

2001 മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും തക്ഷിന്റെ പാര്‍ട്ടി ജയിച്ചു. 2006-ല്‍ ഒരു അട്ടിമറിയെ തുടര്‍ന്ന്‌ സ്വയം തിരഞ്ഞെടുത്ത വിദേശവാസത്തിലാണിദ്ദേഹം. നാട്ടില്‍ ജയില്‍വാസം കാത്തിരിക്കുന്നു. അതിനാല്‍ തന്റെ ഫ്യുതായ് പാര്‍ട്ടിയുടെ ഭാഗ്യപരീക്ഷണങ്ങള്‍ നിരീക്ഷിച്ചിരിക്കുന്നു. 2014ലെ അട്ടിമറിയിലൂടെ പുറത്താകുംവരെ അദ്ദേഹത്തിന്റെ സഹോദരി യിങ്‌ലുക് ക്ഷിനവത്രയുടെ കൈകളിലായിരുന്നു പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കടിഞ്ഞാണ്‍. ഇപ്പോള്‍ ചുമതലയേറ്റെടുത്തിരിക്കുന്ന പട്ടാളമേധാവിമാര്‍ രാജ്യത്തിന്റെ രാഷ്ട്രീയത്തോണിയിലെ ഒരു ഭാഗത്തെ സൈന്യത്തെയും രാജകുടുംബത്തെയും പ്രതിനിധീകരിക്കുന്നവരാണ്. ലോകത്തിന്റെ മറുഭാഗത്തിരുന്ന ഷിനവത്രമാരാകട്ടെ, തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി നിലക്കൊള്ളുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

ട്രംപിനെ പോലെ തന്നെ കോടികളുടെയും സൗഭാഗ്യങ്ങളുടെയും നടുക്ക് നിന്നാണ് തക്ഷിനും കാലു മാറ്റിച്ചവിട്ടുന്നത്. ഒരു മുന്‍ പോലീസുദ്യോഗസ്ഥനും വിജയം കൈവരിച്ച തദ്ദേശീയ ചൈനീസ് വ്യവസായിയുമായ അദ്ദേഹത്തിന്റെ പശ്ചാത്തലം തായ് രാഷ്ട്രീയ-സൈനിക സംവിധാനത്തിലെ തന്റെ മഞ്ഞക്കുപ്പായക്കാരായ എതിരാളികളുടേതിന് സാമ്യമുള്ളതാണ്. എന്നിട്ടും അദ്ദേഹം, ലാവോ ഭാഷ സംസാരിക്കുന്ന തായ്ലന്‍ഡിന്റെ വടക്കന്‍, വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ചുവന്ന കുപ്പായക്കാരായ അണികളെ ഉത്തേജിപ്പിക്കുന്നു. തക്ഷിനും സഹോദരിയും ഈ പാവങ്ങളുടെ കൂറ് നേടിയത് വന്‍ വാഗ്ദാനങ്ങളുടെയും അതിലും വലിയ സഹായങ്ങളിലൂടെയുമാണ്. കര്‍ഷകര്‍ക്കായുള്ള പദ്ധതി, സ്‌കോളര്‍ഷിപ്പുകള്‍, ഒരു ഡോളറില്‍ താഴെ കാശും കൊണ്ട് ആര്‍ക്കും ആശുപത്രി സന്ദര്‍ശിക്കാന്‍ സാധിക്കുന്ന പദ്ധതി എന്നിവയിലൂടെ ലക്ഷങ്ങള്‍ക്കാണ് സഹായം ലഭിച്ചത്.

സമാനമായ ആരോഗ്യപദ്ധതികള്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലുടനീളം വ്യാപിച്ചു. ഇന്തോനേഷ്യന്‍ പ്രസിഡന്റെ ജോക്കോ വിഡോഡോ താന്‍ പ്രയോഗിച്ച പദ്ധതി ചൂണ്ടിക്കാട്ടിയായിരിക്കും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടുക. മലേഷ്യയിലാകട്ടെ, ചരിത്രത്തിലാദ്യമായി ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് അധികാരം കൈമാറ്റപ്പെട്ട മേയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം കഴിഞ്ഞ വര്‍ഷം രാജ്യത്തിനു 105 കോടി ഡോളര്‍ നേടിക്കൊടുത്ത 6 ശതമാനം വില്‍പ്പനനികുതി റദ്ദ് ചെയ്തു. വളരെയധികം ചെലവു വരുന്ന ഇന്ധന സബ്സിഡി തിരികെക്കൊണ്ടുവരികയും ചെയ്തു.

പക്ഷെ തക്ഷിന്റെ രാഷ്ട്രീയചരിത്രം ഇത്തരം പാവങ്ങള്‍ക്ക് വേണ്ടിയുള്ള നയങ്ങളിലൂടെയല്ല നിറഭരിതമാകുന്നത്. ക്രൂരവും നിയമത്തിനതീതവുമായ ‘മയക്കുമരുന്നുകളോടുളള യുദ്ധ’ ത്തിലൂടെയാണ്. ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. (എന്നാല്‍ അത്രയ്ക്കൊന്നുമില്ലെന്നും താന്‍ കുറച്ച് നുണ പറയുകയായിരുന്നെന്നും തക്ഷിന്‍ ഇപ്പോള്‍ അവകാശപ്പെടുന്നു). അങ്ങനെ നോക്കുകയാണെങ്കില്‍, തക്ഷിന് കുറ്ച്ചുകൂടെ ചേരുന്ന അനുയായി ഫിലിപ്പീന്‍സ് പ്രസിഡന്റെ റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട് ആണ്. ഡ്യൂട്ടര്‍ട്ടിന്റെ മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരായ യുദ്ധത്തില്‍ 20,000ത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രതിപക്ഷകക്ഷികളുടെ കണക്ക്. തക്ഷിനെ പോലെ തന്നെ അദ്ദേഹത്തിനും മികച്ച ജനപിന്തുണയാണുള്ളത്.
സമീപകാലത്ത് ദൈവത്തെ ‘മണ്ടനെ’ന്ന് വിളിച്ചിട്ടു പോലും, തീവ്ര കാത്തലിക് വിശ്വാസികളുടെ രാഷ്ട്രമായ ഫിലിപ്പീന്‍സില്‍ അദ്ദേഹത്തിന്റെ ജനപ്രീതിക്ക് കാര്യമായ ഇടിവുണ്ടായിട്ടില്ല. പോരാത്തതിന് തക്ഷിനെപ്പോലെത്തന്നെ, ഈ പിന്തുണയുടെ ചുവടു പിടിച്ച് ഡ്യൂട്ടെര്‍ട്ട് നിയമസംവിധാനത്തെ ദുര്‍ബലപ്പെടുത്താനും രാജ്യത്തെ ഭരണസംവിധാനങ്ങളെ അപ്രസക്തമാക്കാനുമാണ് ശ്രമിക്കുന്നത്.
തക്ഷിനെയും ഡ്യൂട്ടെര്‍ട്ടിനെയുംകാള്‍ ആളുകളുടെ നേതാവായി പറയാന്‍ സാധിക്കുക ജോക്കോവിയയെയാണ്. അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടങ്ങളോ, അധികാരത്തിനോട് ആര്‍ത്തിയോ (ഇതുവരെ) ഇല്ല. പക്ഷെ, ഇന്തോനേഷ്യയോ സമീപരാജ്യങ്ങളോ ഭൂരിപക്ഷ രാഷ്ട്രീയത്തിലേക്ക് എടുത്തെറിയപ്പെടുക എന്ന അപകടത്തില്‍ നിന്ന് മുക്തരല്ല. സിംഗപ്പൂര്‍, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം ഭരണസംവിധാനങ്ങള്‍ ജനാധിപത്യവ്യവസ്ഥയ്ക്ക് ബദലായി എടുത്തുകാണിക്കപ്പെടുകയും ചെയ്യുന്നു.

ജനപ്രിയ നേതാക്കള്‍ക്ക് രണ്ട് പ്രശ്നങ്ങളില്‍ നിന്നാണ് മുതലെടുക്കാന്‍ സാധിക്കുക. മേഖലയിലെ മിക്ക പ്രദേശിങ്ങളിലും സാമ്പത്തിക അസമത്വം രൂക്ഷമാണ്. സമ്പന്ന കുടുംബങ്ങള്‍ തങ്ങളുടെ സ്വത്തിലും അധികാരത്തിലും പിടിച്ചുതൂങ്ങിക്കിടക്കുന്നു. രണ്ടാമത്തെ പ്രശ്നം വംശീയവും വര്‍ഗീയവുമാണ്.
തെക്കുകിഴക്കനേഷ്യയില്‍ മിക്കയിടത്തും ചൈനീസ് ന്യൂനപക്ഷമാണ് സാമ്പത്തിക രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്. ഇതിവരെ വെറുക്കുന്നതിലേക്കും ഒറ്റപ്പെടുത്തുന്നതിലേക്കും നയിക്കുന്നു. മലേഷ്യയില്‍ അഞ്ചു പതിറ്റാണ്ടായി മലായ് മുസ്ലിം ഭൂരിപക്ഷത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ കാരണമുള്ള അസമത്വം പരിഹരിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യയില്‍ മുസ്ലിം ഭൂരിപക്ഷത്തിനെ പ്രീണിപ്പിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പാണ് എന്നാണ് വിലയിരുത്തല്‍. മ്യാന്‍മറില്‍ മുസ്ലിങ്ങള്‍ ന്യൂനപക്ഷമാണ്. ഭരണകൂടം തന്നെയാണ് ഇവിടത്തെ ബുദ്ധിസ്റ്റ് ഭൂരിപക്ഷവിഭാഗത്തെ ഇവര്‍ക്കെതിരേ തിരിച്ചുവിടുന്നത്. സമീപകാലത്തെ ആഭ്യന്തരകലാപത്തിന്റെ ഭാഗമായി 7,20,000ത്തോളം പേരാണ് രാജ്യത്തു നിന്ന് പലായനം ചെയ്തത്.

ഈ നേതാക്കന്മാര്‍ ജനാധിപത്യത്തെ അവരുടെ ഗുണത്തിനായി ഉപയോഗിച്ച് അപ്രസക്തമാക്കുന്നു. അസമത്വ സമൂഹത്തിലെ വോട്ടര്‍മാരോട് അവരുടെ ഭാഷയില്‍ സംസാരിച്ച് കൈയിലെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. തായ്ലന്‍ഡിന് അച്ചടക്കമില്ലാത്ത നേതാക്കളെ ഒതുക്കാന്‍ അട്ടിമറി നടത്തി മാത്രമേ ശീലമുള്ളൂ. എന്നാല്‍ അടുത്ത വര്‍ഷം നടക്കുമെന്ന് കരുതുന്ന തിരഞ്ഞെടുപ്പിനായി ഭരിക്കുന്ന പട്ടാളമേധാവികള്‍ പോലും ഇപ്പോള്‍ ജനപ്രിയതയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ കര്‍ഷകര്‍ക്ക് സബ്സിഡികള്‍ നല്‍കുകയും സാമൂഹികസുരക്ഷാ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. ഭൂരിപക്ഷ രാഷ്ട്രീയം അവര്‍ക്കിടയിലും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ കൂടെ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭൂരിപക്ഷത്തിനു വേണ്ടി മാത്രമാകില്ല എന്ന ഭരണമെന്ന് തക്ഷിന്‍ പറയുന്നു. അദ്ദേഹത്തിനത് പറയാം. കാരണം അദ്ദേഹം തോറ്റ പക്ഷത്താണ് ഉള്ളത്.

വായനയ്ക്ക്: https://goo.gl/HXhCJ8

Share on

മറ്റുവാര്‍ത്തകള്‍