UPDATES

വിദേശം

ജനാധിപത്യത്തിലെ തുല്യത ഉറപ്പാക്കി ഗ്രീസ്

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് രാജ്യം

                       

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് രാഷ്ട്രമായി മാറി ഗ്രീസ്. ഗ്രീസിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ തീരുമാനമാണിത്. ഫെബ്രുവരി 15 വ്യാഴാഴ്ച നടത്തിയ യോഗത്തില്‍ 176 എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് സ്വവര്‍ഗ വിവാഹം ഗ്രീസില്‍ നിയമ വിധേയമാക്കിയത്. 176 എംപിമാര്‍ ബില്ലിന് അനുകൂലിച്ചപ്പോള്‍ 76 പേര്‍ പ്രതികൂലമായി വോട്ട് രേഖപ്പെടുത്തി. രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും 46 അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഹജരാകാതെയുമിരുന്നു.

ഈ ചരിത്ര സംഭവത്തിന് സാക്ഷികളായി എല്‍ ജി ബി ടി ക്യു+ കമ്യൂണിറ്റിയിലെ അംഗങ്ങള്‍ പാര്‍ലമെന്റിലെ ഗാലറിയില്‍ സന്നിഹിതരായിരുന്നു. ഈയൊരു നിമിഷത്തിനായി വര്‍ഷങ്ങളായി തങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്നും, ഞങ്ങളില്‍ പലര്‍ക്കും ഇങ്ങനൊരു കാര്യം എപ്പോഴെങ്കിലും പ്രാബല്യത്തില്‍ വരുമെന്ന് തന്നെ ഉറപ്പില്ലായിരുന്നു എന്നും സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റെല്ല ബലിയ പറഞ്ഞു. ഇതൊരു ചരിത്ര നിമിഷമാണ് എന്നും സ്റ്റെല്ല ബലിയ കൂട്ടിച്ചേര്‍ത്തു. ബില്‍ പാസ്സായതോടെ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത ലഭിക്കുന്നത് കൂടാതെ സ്വവര്‍ഗ ദമ്പതിമാര്‍ക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അനുമതിയും ലഭിക്കും. രണ്ട് ദിവസത്തെ ചൂടേറിയ സംവാദത്തിനും ആഴ്ചകളോളം നീണ്ടുനിന്ന പൊതുവിരോധത്തിനും ശേഷമായിരുന്നു വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ഗ്രീസിലെ ഓര്‍ത്തഡോക്‌സ് സഭയുള്‍പ്പടെ ബില്ലിനെ എതിര്‍ക്കുന്നവര്‍ സാമൂഹ്യ വിരുദ്ധമെന്നും അക്രൈസ്തവമായ പ്രവര്‍ത്തി എന്ന് വിമര്‍ശിക്കുകയും ചെയ്തു.

നമ്മുടെ ജനാധിപത്യത്തിലെ ഗുരുതരമായ അസമത്വത്തെ ഇല്ലാതാക്കുന്നതാണു പുതിയ നിയമമെന്നായിരുന്നു പ്രധാനമന്ത്രി കിറിയാകോസ് മിറ്റ്‌സോറ്റകിസിന്റെ അഭിപ്രായം. വോട്ടെടുപ്പിന് മുമ്പുള്ള പ്രസംഗത്തില്‍ അദ്ദേഹം ഈ നടപടി ഗ്രീസിനെ ആഗോള തലത്തില്‍ ഇതിനകം തന്നെ നിയമനിര്‍മാണം നടത്തിയ 36 രാജ്യങ്ങളുമായി കൂട്ടിച്ചേര്‍ക്കുമെന്നും. തന്നെ എതിര്‍ക്കുന്നവരോട് യാഥാസ്ഥികതയെ ആധുനിക സമൂഹവുമായി കൂട്ടി കലര്‍ത്തരുതെന്നും കിറിയാകോസ് മിറ്റ്‌സോറ്റകിസ് വാദിച്ചു. കൂടാതെ പുതിയ നിയനിര്‍മാണം നമ്മുടെ സഹോദരങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കുമെന്നും പറഞ്ഞു. അതോടൊപ്പം എല്ലാ ദമ്പതി മാര്‍ക്കും നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുന്നത് വഴി സമൂഹത്തിലെ അന്യായത്തിന്റെ വലിയൊരു വിടവ് ഞങ്ങള്‍ നികത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യാഥാസ്ഥിതിക വ്യവസ്ഥിതികളെ പിന്തുണക്കുന്ന ന്യൂ ഡെമോക്രസി എംപിമാരില്‍ നിന്ന് സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിനെതിരേ ശക്തമായ പ്രതിരോധങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വവര്‍ഗ വിവാഹം മനുഷ്യാവകാശമല്ലെന്നും അപകടകരമായ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷത്തെ ഉയര്‍ത്തിക്കാട്ടി മുന്‍ പ്രധാനമന്ത്രി ആന്റോണിസ് സമരസ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

തീരുമാനത്തിന് പിന്നാലെ സഭാ അനുകൂലികള്‍ ഏതന്‍സില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചിരുന്നു. തലസ്ഥാനത്തെ സിന്റാഗ്മ സ്‌ക്വയറില്‍ നിരവധി ബാനറുകള്‍ ഉയര്‍ത്തിയും ബൈബിള്‍ ഭാഗങ്ങള്‍ വായിച്ചുമായിരുന്നു പ്രതിഷേധം.

ഈ നടപടിക്ക് വോട്ട് ചെയ്ത നിയമനിര്‍മാതാക്കളെ ബഹിഷ്‌കരിക്കുമെന്ന് വരെ ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സഭയുടെ എതിര്‍പ്പായിരുന്നു ഇത്രയും കാലം ഗ്രീസിനെ പരിഷ്‌കാരത്തില്‍ നിന്ന് പ്രധാനമായും പിന്നോട്ടുവലിച്ചിരുന്നത്. നടപടി മാതൃരാജ്യത്തിന്റെ സാമൂഹിക ഐക്യത്തെ ദുഷിപ്പിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ആര്‍ച്ച് ബിഷപ്പ് ഐറോണിമോസ് പറഞ്ഞു. പാര്‍ലമെന്റില്‍ അരങ്ങേറിയ രണ്ട് ദിവസത്തെ ചൂടേറിയ സംവാദത്തിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ഗ്രീസിലെ മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷ പാര്‍ട്ടികളാണ് പ്രധാനമായും ബില്ലിന് പിന്തുണ നല്‍കിയത്. ഗ്രീസ് ചരിത്രത്തിലെ ആദ്യ സ്വവര്‍ഗാനുരാഗിയായ രാഷ്ട്രീയ നേതാവ് കൂടിയാണ് പ്രധാന പ്രതിപക്ഷമായ സിറിസയുടെ സ്റ്റെഫാനോസ് കസെലകിസ്.

Share on

മറ്റുവാര്‍ത്തകള്‍