UPDATES

തുല്യത എന്ന സങ്കല്‍പം

പൗരത്വ ബില്ല് തകര്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വം

                       

രാജ്യത്തെ വന്‍കിട മാധ്യമങ്ങളും ലോകത്തെ തന്നെ വലിയ പിആര്‍ ഗ്രൂപ്പുകളും ബിജെപിയെ മൂന്നാം തവണയും ദേശീയ ഭരണത്തിലെത്തിക്കാന്‍ അവിരാമം ജോലി ചെയ്യുന്നുണ്ട്. പല വിധ മാധ്യമങ്ങളും ഏജന്‍സികളും തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ നടത്തി ബിജെപി വീണ്ടും അധികരത്തിലെത്തുമെന്ന് പ്രവചിച്ച് കഴിഞ്ഞു. അതില്‍ ചിലര്‍ കേരളത്തില്‍ വരെ ബിജെപിക്ക് മൂന്ന് സീറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടെലിവിഷനുകളും പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കേന്ദ്ര ഭരണത്തിനും ഭരണ പാര്‍ട്ടിക്കും അനുകൂലമായി ഔദ്യോഗികമായി പുറത്ത് വിടുന്ന വാര്‍ത്തകളല്ലാതെ, വാട്സ് ആപ്പിലും ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫേസ്ബുക്കിലുമടക്കം സകല സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും വാര്‍ത്ത വിനിമയ സങ്കേതങ്ങളും ഉപയോഗിച്ചും ഹിന്ദുത്വ/ബിജെപി പ്രൊപഗാന്‍ഡകളുടെ വിതരണം എത്രയോ കാലമായി നടക്കുന്നുണ്ട്.

പുറമേ നിന്ന് നോക്കുമ്പോള്‍ സുരക്ഷിതമായ ഒരു സാഹചര്യം ബിജെപിക്ക് ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അയോധ്യയില്‍ ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ അത് പൊളിച്ച് മാറ്റി നിര്‍മിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനം വലിയ ആഘോഷമായാണ് നടന്നത്. കോണ്‍ഗ്രസില്‍ നിന്നും പ്രദേശിക പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേയ്ക്കുള്ള നേതാക്കളുടെ ഒഴുക്ക് അവസാനിച്ചിട്ടില്ല. പല പ്രദേശിക പാര്‍ട്ടികളും എന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടുന്നു. എന്നിട്ടും സുപ്രിം കോടതിയില്‍ നിന്ന് ഒരു തിരിച്ചടി ഉണ്ടാകുമ്പോഴേയ്ക്കും സി.എ.എ അഥവ പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത് എന്തുകൊണ്ടാണ്? ഇനിയും പൗരസമൂഹത്തില്‍ വിള്ളലുണ്ടാകേണ്ടതുണ്ട്, ഭയം സൃഷ്ടിക്കപ്പെടണം എന്നുള്ള കരുതലിന്റെ അടിസ്ഥാനമെന്താണ്?

2019 ഡിസംബറിലാണ്, 1955-ലെ പൗരത്വ ബില്ല് ഇന്ത്യന്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്തത്. ഇതോടെ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയിട്ടുള്ള ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മതങ്ങളില്‍ പെട്ടവര്‍ക്ക് വേണ്ടത്ര രേഖകളൊന്നുമില്ലാതെ തന്നെ ഇന്ത്യന്‍ പൗരത്വം ലഭ്യമാകും. അഥവ മൂന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വന്നിട്ടുള്ള മുസ്ലിങ്ങള്‍ക്ക് പൗരത്വം നിഷേധിക്കും. മറ്റ് മത വിഭാഗങ്ങള്‍ക്ക് നല്‍കും. 2020 ജനുവരി 10ന്, രാജ്യമെങ്ങും പൗരത്വ ഭേദഗതിക്കെതിരേ കനത്ത പ്രക്ഷോഭം നടക്കുന്നതിനിടെ, പാര്‍ലമെന്റ് അംഗീകരിച്ച നിയമം ധൃതിപിടിച്ച് വിജ്ഞാപനം ചെയ്തിരുന്നുവെങ്കിലും നടപ്പാക്കാനിരുന്നില്ല.

2021 മേയ് 28ന്, രാജ്യത്തേറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ള 13 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക്, 2019-ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം കണ്ടെത്തിയിട്ടുള്ള ജനങ്ങളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അധികാരം നല്‍കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കി. 1955-ലെ പൗരത്വ നിയമത്തിന്റെ 16-ാം വകുപ്പ് പ്രകാരമായിരുന്നു ഇത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി ഇതില്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച പൊടുന്നനെയാണ്, യോഗ്യതയുള്ള അഭയാര്‍ത്ഥികളില്‍ നിന്നുള്ള പൗരത്വത്തിനുള്ള അപേക്ഷയില്‍ നടപടികള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തത്. ഇതിന്റെ നടപടി ക്രമങ്ങള്‍ വിശദമാക്കുന്നത് 39 പേജുള്ള ഒരു ഗസറ്റ് വിജ്ഞാപനവും ഇറങ്ങി. ഇത് പ്രകാരമാണ് വ്യക്തികള്‍ അപേക്ഷ നല്‍കേണ്ടത്.

ഈ അപേക്ഷകരോ, അപേക്ഷകരുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ അതിനും അപ്പുറത്തുള്ള തലമുറയോ പോലും ഈ മൂന്ന് രാജ്യത്ത് ജീവിച്ചിരുന്നവരാണ് എന്ന് തെളിയിക്കുന്ന ‘ഏത് രേഖ’യും സ്വീകരിക്കും. ആ പ്രദേശങ്ങളിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും പ്രാദേശിക സംവിധാനത്തിന്റെ നേതൃത്വത്തിന്റെ സമ്മതപത്രം വരെ അതിലുള്‍പ്പെടും. അഥവ വീസയോ പാസ്പോര്‍ട്ടോ ഒന്നും അവര്‍ക്ക് ആവശ്യമില്ല. ഇത്രയും കാലം ഇന്ത്യയില്‍ അനധികൃത കുടിയേറ്റക്കാരായോ അഭയാര്‍ത്ഥികളായോ ദീര്‍ഘകാല വീസകളിലോ ജീവിച്ചിരുന്ന ആയിരക്കണക്കിന് പേര്‍ക്ക് ഈ നിയമം ഉപകാരപ്പെടും. ഏതാണ്ട് പത്ത് വര്‍ഷം മുമ്പ് വരെ, 2014 ഡിസംബര്‍ 31 ന് മുമ്പ്, നിയമപ്രകാരമോ അനധികൃതമായോ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെങ്കിലും അക്കൂട്ടത്തിലെ മുസ്ലിങ്ങളെ നിയമത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം ചട്ടം ഉറപ്പ് നല്‍കുന്നത് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള സര്‍വ്വ മനുഷ്യര്‍ക്കും അവരുടെ ജാതി, മതം, വര്‍ണം, വംശം, പ്രദേശം, ഭാഷ, വിശ്വാസം എന്നിങ്ങളെയുള്ള വൈജാത്യങ്ങള്‍ക്കെല്ലാം അപ്പുറത്ത് തുല്യമായി പരിഗണിക്കുമെന്നുള്ളതാണ്. ആ അടിസ്ഥാന തത്വമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് മാത്രം വരുന്ന മുസ്ലിം ഇതര അഭയാര്‍ത്ഥികളെ മാത്രം ഈ ഭേദഗതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ വിവേചനം നടപ്പിലാവുകയാണ്. ഈ മൂന്ന് രാജ്യങ്ങളിലും ന്യൂനപക്ഷമായ മുസ്ലിം വിഭാഗങ്ങള്‍- അഹമ്മദീയരും ഹസാരകളുമുണ്ട്. ഇവര്‍ ഈ ഭേദഗതിയില്‍ പെടുന്നില്ല. ശ്രീലങ്കയിലെ സിംഹള ഭൂരിപക്ഷ ഭരണത്തിന്‍ കീഴില്‍ തമിഴ്വംശജര്‍ വിവേചനം അനുഭവിക്കുന്നുവെന്നത് പതിറ്റാണ്ടുകളായുള്ള യാഥാര്‍ത്ഥ്യമാണ്. അവരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റൊരു അതിര്‍ത്തി സംസ്ഥാനമായ മ്യാന്‍മറില്‍ രോഹിന്ത്യ മുസ്ലിങ്ങള്‍ക്ക് നേരെ ഭൂരിപക്ഷ ബുദ്ധിസ്റ്റ് ഭരണകൂടം നടത്തുന്ന ക്രൂരതകള്‍ ലോകം മുഴുവന്‍ വിമര്‍ശിച്ചിട്ടുള്ളതാണ്. അതും ഈ നിയമ ദേഭഗതിയില്‍ ഇല്ലാത്തത് കൊണ്ട് തന്നെ അതിര്‍ത്തി രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായുള്ളതാണ് ഈ നിയമം എന്ന വാദം പൊളിയുന്നു.

അതിലെല്ലാം ഉപരി സുപ്രിം കോടതിയുടെ പരിഗണനയിലാണിപ്പോള്‍ ഈ നിയമം. 2020-ല്‍ തന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഈ നിയമത്തിനെതിരേ സുപ്രിം കോടതിയില്‍ പരാതി നല്‍കിയ ശേഷം 200 ലധികം ഹര്‍ജികള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. അസാദുദ്ദീന്‍ ഒവൈസി, ജയറാം രമേഷ്, മഹുവ മൊയ്ത്ര തുടങ്ങിയ രാഷ്ട്രീയ നേതാക്കളും അസമിലെ കോണ്‍ഗ്രസ് സംസ്ഥാന ഘടകം, അസം ഗണപരിഷദ്, അസം മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍, ഡി.എം.കെ തുടങ്ങി വിവിധ പാര്‍ട്ടികളും ഇതില്‍ കക്ഷി ചേര്‍ന്നു. 2022 ഒക്ടോബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവര്‍ ഇത് സംബന്ധിച്ച അവസാന വിചാരണ 2022-ല്‍ യു.യു. ലളിത് വിരമിച്ചതിന് ശേഷം നടക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇതുവരെ കോടതി അത് പരിഗണിച്ചിട്ടില്ല. ജസ്റ്റിസ് പങ്കജ് മിത്തലിന്റെ കോടതിയിലാണ് സുപ്രിം കോടതി രേഖകള്‍ പ്രകാരം ഈ കേസ് നിലവിലുള്ളത്.

സി.എ.എ മുസ്ലിം ഇതരര്‍ക്കായി നിജപ്പെടുത്തുന്നവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരേ വാദമാണ് ഉന്നയിക്കുന്നത്. ‘മുസ്ലിങ്ങള്‍ക്ക് കൂടി ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്യുകയാണെങ്കില്‍ പകുതിയിലേറെ ബംഗ്ലാദേശ് കാലിയാകും-അഥവ ഇന്ത്യയിലേയ്ക്ക് ചേക്കേറും’- പഴയ ആഭ്യന്തര സഹമന്ത്രി കിരണ്‍ റെഡ്ഢി അടക്കം നടത്തിയ പ്രസ്താവനകള്‍ ഇപ്പോഴും പലരും ആവര്‍ത്തിക്കുന്നുണ്ട്. ഇതിന് മറുപടിയായി കരണ്‍ ഥാപ്പര്‍ നാലുവര്‍ഷം മുമ്പ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ലേഖനമെഴുതിയിട്ടുണ്ട്.

കരണ്‍ ഥാപ്പര്‍ പറയുന്നത്, ബംഗ്ലാദേശികള്‍ ഇങ്ങോട്ട് ക്ഷണിച്ചാല്‍ പോലും വരില്ല, മറിച്ച് ബംഗ്ലദേശ് സമീപകാലത്ത് നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി ഇന്ത്യയില്‍ നിന്ന് അവിടേയ്ക്കുള്ള കുടിയേറ്റമായിരിക്കും എന്നതാണ്.

വലിയ വാദങ്ങള്‍ ഒന്നും കരണ്‍ ഥാപ്പര്‍ ഉയര്‍ത്തുന്നില്ല. ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുകയാണ്.

1. അതിശയിപ്പിക്കുന്ന വളര്‍ച്ചാ നിരക്കാണ് ബംഗ്ലാദേശിന്റേത്. പ്രത്യേകിച്ചും കഴിഞ്ഞ വര്‍ഷങ്ങളില്‍. ഇന്ത്യയുടെ വളര്‍ച്ച നിരക്ക് അഞ്ചിനും താഴേയ്ക്ക് മൂക്ക് കുത്തുമ്പോള്‍ ബംഗ്ലാദേശ് എട്ടിനും മുകളിലേയ്ക്ക് കുതിക്കുന്നു.

2. ചൈന ഉപേക്ഷിച്ച് പുറത്തേയ്ക്ക് പോകുന്ന നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ നിര്‍മല സീതാരാമന്‍ 15 ശതമാനം കോര്‍പറേറ്റ് നികുതി തുടങ്ങിയ ഓഫറുകള്‍ കുറേ കൊടുത്തിട്ടും ലണ്ടനിലേയോ ന്യൂയോര്‍ക്കിലേയോ വ്യവസായികള്‍ ഇന്ത്യയിലേയ്ക്ക് വരുന്നില്ല. അവര്‍ പോകുന്ന രാജ്യങ്ങളിലൊന്ന് ബംഗ്ലാദേശാണ്. ലുധിയാനയിലും തിരുപ്പൂരിലുമല്ല, ബംഗ്ലാദേശില്‍ നിര്‍മിച്ച വസ്ത്രങ്ങളാണ് വിദേശത്തേയ്ക്ക് കുതിക്കുന്നത്. ഇന്ത്യയുടെ ചരക്ക് കയറ്റുമതി നിലം പറ്റിയപ്പോള്‍ 2019-ല്‍ ബംഗ്ലാദേശിന്റേത് രണ്ടക്കം കടന്ന് ഉയര്‍ന്ന് പൊങ്ങി.

3. ബംഗ്ലദേശിലെ സ്ത്രീ പുരുഷ ശരാശരി ആയുര്‍ദൈര്‍ഘ്യം 74,71 ആണെങ്കില്‍ ഇന്ത്യയിലത് 70,67 ആണ്.

4. നവജാത ശിശുക്കളുടെ മരണ നിരക്കെടുക്കൂ. 1000-ല്‍ 22.73 ആണ് ഇന്ത്യയില്‍. ബംഗ്ലാദേശില്‍ 17.12-ഉം. ശിശുമരണ നിരക്ക് ഇന്ത്യയില്‍ 29.94, ബംഗ്ലാദേശില്‍ 25.14. അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക് 38.69 ഇന്ത്യയില്‍ 30.16 ബംഗ്ലാദേശില്‍.

5. ബംഗ്ലാദേശില്‍ 15 വയസിന് മുകളിലുള്ള 71 ശതമാനം സ്ത്രീകളും സാക്ഷരരാണ്. ഇന്ത്യയിലത് 66 ശതമാനം മാത്രം. വീട്ടുജോലിയല്ലാത്ത ജോലികളിലുള്ള സ്ത്രീകളുടെ പങ്കാളിത്തം 30 ശതമാനത്തിന്റെ മുകളിലാണ് ബംഗ്ലാദേശില്‍ എങ്കില്‍ ഇന്ത്യയിലത് 23 ശതമാനത്തില്‍ നിന്ന് താഴേയ്ക്ക് പോവുകയാണ്. കഴിഞ്ഞ പത്തുകൊല്ലത്തിനിടയില്‍ എട്ട് ശതമാനമാണിത് കുറഞ്ഞത്. അഥവ സാമ്പത്തിക-സാമൂഹ്യ കാരണങ്ങളാല്‍ വളരെയധികം ഇന്ത്യാക്കാര്‍ അനധികൃതമായി ബംഗ്ലാദേശിലേയ്ക്ക് കുടിയേറുന്നുണ്ട് എന്ന ബംഗ്ലാദേശ് വിദേശമന്ത്രിയുടെ പ്രസ്താവനയ്ക്ക് കുറിച്ചു കൂടി ആധികാരികതയുണ്ട്. ബീഫിന്റെ പേരില്‍, ലവ് ജിഹാദിന്റെ പേരില്‍, വസ്ത്രത്തിന്റെ പേരില്‍ പൗരത്വം നഷ്ടപ്പെടുമെന്ന ഭീതിമൂലം അയല്‍പക്കത്തുള്ള കുറച്ചുകൂടി മെച്ചപ്പെട്ട രാജ്യത്തേയ്ക്ക് കുറച്ചു കൂടി സമാധാനമായി ജീവിക്കാവുന്ന രാജ്യത്തേയ്ക്ക് ആളുകള്‍ ചേക്കേറാനല്ലേ സാധ്യത?

കരണ്‍ ഥാപ്പര്‍ ഒന്നു കൂടി പറയുന്നുണ്ട്. അമേരിക്ക സിറ്റിസണ്‍ഷിപ്പ് ഓഫര്‍ ചെയ്യുകയാണെങ്കില്‍ പകുതി ഇന്ത്യക്കാര്‍ ഇന്ത്യയുപേക്ഷിച്ച് പോകുമെന്ന കാര്യം ആരെങ്കിലും നമ്മുടെ ആഭ്യന്തര സഹമന്ത്രിയെ ഓര്‍മ്മിപ്പിക്കണം എന്നാണ്.

നാല് വര്‍ഷത്തിന് ശേഷം ആ ലേഖനം കൂടുതല്‍ അര്‍ത്ഥവത്തായി തോന്നുന്നു.

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍