UPDATES

പലസ്തീനികളെ അടച്ചിരിക്കുന്ന തടവറകള്‍ ശൂന്യമാകുമോ, എന്നെങ്കിലും?

ഇസ്രയേലിലും ഗാസയിലും തടവിലാക്കപ്പെട്ട മനുഷ്യരെക്കുറിച്ച്: അഴിമുഖം എക്‌സ്‌പ്ലെയ്‌നര്‍

                       

ഇസ്രയേല്‍-ഹമാസ് യുദ്ധം ഇതിനകം ആയിരങ്ങളെ കൊന്നൊടുക്കിയിരിക്കുന്നു. കൊല്ലപ്പെട്ടവരെക്കാള്‍ ഏറെപ്പേര്‍ മുറിവേറ്റ് നരകയാതനകള്‍ അനുഭവിക്കുന്നുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരിലും നഷ്ടപ്പെടാത്ത ജീവന്റെ വേദന തിന്നുന്നവരിലും ഇസ്രയേലികളും പലസ്തീനികളുമുണ്ട്. വൃദ്ധരും കുഞ്ഞുങ്ങളുമുണ്ട്, സ്ത്രീയും പുരുഷനുമുണ്ട്. മരിച്ചവരെയും മുറിവേറ്റവരെയും ഓര്‍ത്തു വേദനിക്കുന്നവരുടെ എണ്ണം ഇതിലൊക്കെ ഏറെയാണ്.

അധിനിവേശക്കാരും ചെറുത്തുനില്‍ക്കുന്നവരും പരസ്പരം ജയിക്കാന്‍ ഉപയോഗിക്കുന്നൊരു മര്‍ഗമുണ്ട്; രണ്ട് ഭാഗത്തുമുള്ളവരെ ബന്ധികളാക്കുക. അത് സാധാരണ പൗരന്മാരുമാകാം, സൈനികരുമാകാം. അത്തരത്തില്‍ പിടിക്കപ്പെടുന്നവരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന വേദന മറ്റെല്ലാത്തിനെക്കാളും ഭീകരമായിരിക്കും.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന്റെ മണ്ണിലെത്തി ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,400 പേരാണ് കൊല്ലപ്പെട്ടത്. അന്ന് ഹമാസ് 200 മുകളില്‍ ഇസ്രയേലികളെ-സാധാരണക്കാരെ- ബന്ദികളാക്കി. കൃത്യമായി എത്രപേരെന്ന് കണക്കില്ല. അതിലെത്ര പേര്‍ കൊല്ലപ്പെട്ടെന്നോ, ബാക്കിയുണ്ടോ എന്നതിനെക്കുറിച്ചും വിവരമില്ല.

ഇസ്രയേല്‍ ഗാസയില്‍ പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഹമാസിനെ തുടച്ചു നീക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക; രണ്ട് ലക്ഷ്യങ്ങളാണ് യുദ്ധത്തിന് കാരണമായി പറയുന്നത്. ഇതിനകം മൂവായിരത്തിന് മുകളില്‍ പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രവര്‍ത്തകരെക്കാള്‍, സാധാരണക്കാരാണ്-കുഞ്ഞുങ്ങളടക്കം ബഹുഭൂരിഭാഗവും കൊല്ലപ്പെട്ടിട്ടുള്ളത്.

ആളുകളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും ബന്ദികളെ രക്ഷപ്പെടുത്താന്‍ ഇതുവരെ ഇസ്രയേലിന് ആയിട്ടില്ല.

ഏകദേശം 200 പേര്‍ ഹമാസിന്റെ ബന്ദികളായുണ്ടെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ബാലരും കൗമാരക്കാരുമടക്കം 30 ഓളം പേര്‍, 60 വയസിന് മേല്‍ പ്രായമുള്ള 20 വൃദ്ധര്‍ എന്നിവരും ഗാസയില്‍ തടവിലാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് ഇസ്രയേല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കാന്‍ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് അറിയിച്ചത്.

ഹമാസ് പറയുന്നത് തങ്ങളുടെ കൈയില്‍ 250 ഓളം തടവുകാരുണ്ടായിരുന്നു എന്നാണ്. അതില്‍ 20 പേര്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവയ്ക്കാതെ ഹമാസ് അറിയിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ജയിലുകളില്‍ സാധാരണക്കാരടക്കം 6,000 ഓളം പലസ്തീന്‍കാര്‍ തടവില്‍ കിടക്കുന്നുണ്ടെന്നാണ് ഹമാസ് പറയുന്നത്. അവരെ വിട്ടുതന്നാല്‍ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാമെന്നാണ് വ്യവസ്ഥ.

2011-ല്‍ ഹമാസ് 1,027 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചത് ഒരൊറ്റ ഇസ്രയേലി സൈനികനെ ബന്ദിയാക്കി നടത്തിയ വിലപേശലിലായിരുന്നു. ഗിലാഡ് ഷാലിറ്റിനെ അഞ്ചു വര്‍ഷമാണ് ഹമാസ് തടവുകാരനാക്കിയത്. ആ സൈനികന്റെ മോചനത്തിനായി ഹമാസിനു മുന്നില്‍ ഒടുവില്‍ ഇസ്രയേലിന് മുട്ടുമടക്കേണ്ടി വന്നു. അതിന്റെ പേരില്‍ ജനങ്ങളുടെ പ്രതിഷേധം ഭരണകൂടത്തിനെതിരേ ഉണ്ടാവുകയും ചെയ്തു.

ഇത്തവണ ഇസ്രയേല്‍ കടുംപിടുത്തം നടത്തുകയാണ്. ബന്ദികളെ വിടാതെ ഗാസയ്ക്കുമേല്‍ ചുമത്തിയിരിക്കുന്ന ഉപരോധങ്ങള്‍ നീക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിടികൂടിയ തങ്ങളുടെ പൗരന്മാരെ ഹമാസ് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല. എങ്കിലും അവര്‍ ഊഹിക്കുന്നത്, ‘ഗാസ മെട്രോ’ ഇസ്രയേല്‍ സൈന്യം വിളിക്കുന്ന, ഹമാസ് തുരങ്കങ്ങളിലായിരിക്കാമെന്നാണ്. ഇത്തരം തുരങ്കങ്ങള്‍ ഹമാസ് ഗാസയില്‍ പലയിടങ്ങളിലും കുഴിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച ഹമാസ് ഒരു വീഡിയോ ദൃശ്യം പുറത്തു വിട്ടിരുന്നു. 21 കാരി മിയ സ്‌കെം ആയിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ആ ഫ്രഞ്ച്-ഇസ്രയേലി യുവതിയെ തെക്കന്‍ ഇസ്രയേലിലെ ഡാന്‍സ് പാര്‍ട്ടി നടക്കുന്നിടത്ത് നിന്നാണ് ഹമാസ് പിടികൂടിയത്. അവധി ദിനത്തിലെ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന നിശാ നൃത്ത വേദിയില്‍ നടത്തിയ വെടിവയ്പ്പില്‍ 300 ഓളം പേരെ ഹമാസ് കൂട്ടക്കൊല ചെയ്തിരുന്നു. അവിടെ നിന്നാണ് കൂടുതല്‍ പേരെയും ബന്ദികളാക്കിയിരിക്കുന്നതും. വീഡിയോയില്‍ കാണാവുന്നത് മിയയുടെ മുറിവേറ്റ കൈപ്പത്തി അജ്ഞാതനായ ഏതോ ആരോഗ്യപ്രവര്‍ത്തകന്‍ ചികിത്സിക്കുന്നതാണ്.

മിയ ഷെമിനെ പോലെ ഇസ്രയേലി പൗരത്വമുള്ളവരും അല്ലാത്തവരുമായ വിദേശികള്‍ പലരും പിടിക്കപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ വേറെ. 20-ലേറെ അമേരിക്കക്കാര്‍ കാണാതായിട്ടുണ്ടെന്നാണ് യു എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവന്‍ പറഞ്ഞത്. അതിലെത്ര പേര്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട് എന്നു പറയാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. അതേസമയം, റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജിം റിഷ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്, പത്ത് അമേരിക്കക്കാര്‍ ഹമാസിന്റെ ബന്ദികളായിട്ടുണ്ടെന്നാണ്.

തായ്‌ലാന്‍ഡ് പറയുന്നത്, അവരുടെ 17 പൗരന്മാരെ പിടിച്ചിട്ടുണ്ടെന്നാണ്. ബന്ദികളില്‍ എട്ട് ജര്‍മന്‍കാരുണ്ടെന്നാണ് ആ രാജ്യം പറയുന്നത്. ഇതില്‍ പകുതിയിലേറെപ്പേരെയും കിബ്ബുട്‌സില്‍ നിന്നാണ് പിടിച്ചിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. കിബ്ബുട്‌സ് ഉള്‍പ്പെടുന്ന തെക്കന്‍ ഇസ്രയേലിലായിരുന്നു ഹമാസ് ആക്രമണം.

അര്‍ജന്റീനയുടെ 16 പൗരന്മാരും പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബ്രിട്ടന്‍ അറിയിച്ചിട്ടുള്ളത്, അവരുടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടുവെന്നും ഏഴ് പേര്‍ പിടിയിലായെന്നുമാണ്. ഫ്രാന്‍സ് പറഞ്ഞത്, അവരുടെ 12 പേര്‍ കൊല്ലപ്പെടുകയും 17 പേരെ കാണാനില്ലെന്നുമാണ്. അതില്‍ പകുതിയെങ്കിലും ഗാസയില്‍ തടവിലാക്കപ്പെട്ടിട്ടുണ്ടാകുമെന്നും കരുതുന്നു. ഒഫീര്‍ എംഗെല്‍ എന്ന പതിനെട്ടുകാരിയെ തങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെന്ന് ഡച്ച് സര്‍ക്കാര്‍ പറയുന്നുണ്ട്. കിബ്ബുട്‌സില്‍ നിന്നും അവളെ ഗാസയിലേക്ക് തട്ടിക്കൊണ്ട് പോയെന്നാണ് ഡച്ച് സര്‍ക്കാര്‍ പുറത്തുവിട്ട വിവരം.

പോര്‍ച്ചുഗല്‍-ഇസ്രയേല്‍ പൗരന്മാരായ നാല് പേരെ ഹമാസ് പിടികൂടിയിട്ടുണ്ടെന്ന് പോര്‍ച്ചുഗല്‍ പറയുന്നു. ഇസ്രയേല്‍-ചിലിയന്‍ പെണ്‍കുട്ടിയായ ഡഫ്‌ന ഗര്‍കോവിച്ച് അവളുടെ സ്‌പെയിന്‍കാരനായ ഭര്‍ത്താവ് ഇവാനൊപ്പം ഹമാസിന്റെ കൈകളില്‍പ്പെട്ടുപോയെന്നാണ് പിതാവ് അറിയിക്കുന്നത്. ഇസ്രയേല്‍-ഇറ്റലി ഇരട്ട പൗരത്വമുള്ള രണ്ടു പേര്‍ തട്ടിക്കൊണ്ടു പോകപ്പെട്ടിട്ടുണ്ടെന്നാണ് ഇറ്റലിയും പറയുന്നത്.

ഗാല്‍ ഹിറിഷിന് എന്തു ചെയ്യാന്‍ കഴിയും?

ബന്ദികളെ മോചിപ്പിക്കേണ്ടത് ഇസ്രയേലിന്റെ പ്രഥമ ലക്ഷ്യമാണ്. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ അതിനൊരാളെ നിയോഗിച്ചിട്ടുമുണ്ട്. റിട്ടയേര്‍ഡ് ജനറല്‍ ഗാല്‍ ഹെറിഷ്. ബന്ദികളെയും കാണാതായവരെയും കണ്ടെത്താനുള്ള മിഷന്റെ ഏകോപന ചുമതല ഹിറിഷിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.

ഇതിനു പുറമെ ചില പുറം രാജ്യങ്ങളും മധ്യസ്ഥരായി വന്നിട്ടുണ്ട്.

ഖത്തര്‍ ഇടനില ചര്‍ച്ചയ്ക്ക് രംഗത്തിറങ്ങിയിരുന്നു. ഹമാസ് പിടിച്ചു വച്ചിരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കാനും പകരമായി ഇസ്രയേലി ജയിലുള്ള കുട്ടികളും സ്ത്രീകളുമടങ്ങുന്ന 36 പലസ്തീന്‍ തടവകാരെ മോചിപ്പിക്കാനും തങ്ങള്‍ ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയെന്നാണ് ഖത്തര്‍ മധ്യസ്ഥന്മാര്‍ പറഞ്ഞത്. എന്നാല്‍, ഇതിനുമേല്‍ എന്തെങ്കിലും അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങളൊന്നും രണ്ടു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

ഇസ്രയേലികളല്ലാത്തവരെയും കുട്ടികളെയും സ്ത്രീകളെയും മോചിപ്പിക്കാന്‍ തുര്‍ക്കി ഹമാസുമായി ചര്‍ച്ച നടത്തുന്നുണ്ട്. തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അമേരിക്കയും ജര്‍മനിയും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ ദേശീയ മാധ്യമമായ അണ്ടാല്യൂവിനോട് പറഞ്ഞത്.

ബൈഡന്‍ ഭരണകൂടം പറയുന്നത്, അമേരിക്കന്‍ പൗരന്മാരെ ഹമാസിന്റെ കൈയില്‍ നിന്നും മോചിപ്പിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിവരികയാണെന്നാണ്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീമിനെ അമേരിക്ക ഇസ്രയേലിലേക്ക് അയച്ചിട്ടുണ്ടുമുണ്ട്. ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തെ സഹായിക്കാനും ബന്ദികളെ മോചിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് അമേരിക്കന്‍ സംഘം എത്തിയിരിക്കുന്നത്.

ബന്ദികളെയെല്ലാം മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തങ്ങള്‍ മേഖലയിലെ മറ്റു സുഹൃത്തുക്കളുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞത്. അര്‍ജന്റീനക്കാരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തുവരികയാണെന്നാണ് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞത്.

കൊലപാതകം, നരഹത്യ, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിട്ടുള്ള ഹമാസ് അംഗങ്ങള്‍ക്കെതിരേ ജര്‍മനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജര്‍മന്‍ പൗരന്മാര്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങള്‍ വിദേശരാജ്യങ്ങളില്‍ വച്ച് നടന്നാല്‍ അതേക്കുറിച്ച് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിക്കണമെന്നതാണ് ജര്‍മന്‍ നിയമം.

ബന്ദികളാക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ബന്ധുക്കള്‍ അതാത് ഭരണകൂടങ്ങളോട് അപേക്ഷിക്കുകയാണ്. അമേരിക്കന്‍-ബ്രിട്ടീഷ്-ജര്‍മന്‍-ഫ്രഞ്ച് ഭരണകൂടങ്ങള്‍ക്കും രാഷ്ട്രത്തലവന്മാരോടുമെല്ലാം ബന്ധുക്കള്‍ നിരന്തരം അപേക്ഷ നടത്തുന്നുണ്ട്. ഇസ്രയേല്‍ പൗരത്വമുള്ള ഫ്രഞ്ച് യുവതി ഫ്രാങ്കോയ്ക്കു വേണ്ടി കുടുംബം പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച ഹമാസ് പുറത്തു വിട്ട വീഡിയോയില്‍ ഫ്രാങ്കോയെ കാണാം. ആ പെണ്‍കുട്ടി ഇപ്പോഴും ജീവനോടെയുണ്ടെന്ന് ആ വീഡിയോ കണ്ടു വിശ്വസിക്കുകയാണെല്ലാവരും. ജര്‍മനിയിലാകട്ടെ ബന്ദികളുടെ കുടുംബങ്ങള്‍ ഞായറാഴ്ച്ച ബെര്‍ലിനില്‍ ഒരു റാലി നടത്തി. ബൈഡന്‍ ഭരണകൂടം എല്ലാ സാധ്യകളും പരിശോധിക്കാനാണ് ടെല്‍-അവീവിലുള്ള അമേരിക്കക്കാര്‍ ആവശ്യപ്പെടുന്നത്.

‘ഇസ്രയേലികളല്ലാത്ത ബന്ദികള്‍ ഞങ്ങളുടെ അതിഥികള്‍’

ഇസ്രയേലികള്‍ തടവിലാക്കിയിരിക്കുന്ന പലസ്തീനികളെ മോചിപ്പിക്കൂ എന്നതാണ് ഹമാസിന്റെ ആവശ്യം. അതിനവര്‍ വിലപേശല്‍ വസ്തുക്കളായി ബന്ദികളെ ഉപയോഗിക്കുന്നു. ‘പലസ്തീനികളെ അടച്ചിരിക്കുന്ന തടവറകള്‍ ശൂന്യമാക്കാനാണ്’ ഹമാസ് മുന്‍ തലവനും ഇപ്പോള്‍ സംഘടനയുടെ ദോഹ ഓഫീസിനെ നയിക്കുകയും ചെയ്യുന്ന ഖാലേദ് മേഷാള്‍ എ ഐ അറബി ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആവശ്യപ്പെടുന്നത്.

ഒക്ടോബര്‍ 16 ന് ഹമാസ് ഒരു പ്രസ്താവന ഇറക്കിയിരുന്നു. പിടികൂടിയിട്ടുള്ളവരില്‍ ഇസ്രയേലികളല്ലാത്തവര്‍ തങ്ങളുടെ ‘അതിഥികള്‍’ ആണെന്നും സാഹചര്യം അനുകൂലമായി വരുമ്പോള്‍ അവരെ വിട്ടയക്കുമെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്. അതിലെത്രമാത്രം ഉറപ്പുണ്ടെന്ന് അറിയില്ലെങ്കിലും, അത്തരം വാക്കുകള്‍ പോലും വലിയ ആശ്വാസമാണ് ഇരകളുടെ ബന്ധുക്കളില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇസ്രയേല്‍ ഇതര ബന്ദികളെ തങ്ങളൊന്നും ചെയ്യില്ലെന്നു തന്നെയാണ് ഹമാസ് സായുധ വിഭാഗം വക്താവ് അബു ഒബൈദയും പറഞ്ഞത്. ‘പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഞങ്ങളുടെ കൂടെയുണ്ട്. അവരെല്ലാം ഞങ്ങളുടെ അതിഥികളാണ്, ഞങ്ങളവരുടെ സുരക്ഷ നോക്കിക്കോളാം” എന്നായിരുന്നു ഒബൈദ വീഡിയോ സന്ദേശത്തില്‍ നല്‍കിയ ഉറപ്പ്. കൂടുതലൊന്നും വിശദീകരിച്ചില്ലെങ്കിലും, സാഹചര്യം അനുകൂലമാകുന്ന സമയത്ത്, ഇസ്രയേലികളല്ലാത്ത ബന്ദികളെ മോചിപ്പിക്കുമെന്നും ഒബൈദ അറിയിച്ചു. എന്നാല്‍ ഹമാസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് മൂസ മര്‍സൂക്ക് മുന്നറിയിപ്പ് തരുന്നത്, ഗാസ മുനമ്പിലെ ബോംബിടല്‍ ഇസ്രയേല്‍ നിര്‍ത്താത്തതുവരെ ബന്ദികളെ മോചിപ്പിക്കില്ലെന്നാണ്.

അമേരിക്കപോലും ഒന്നുമല്ല

ഗാസ മുനമ്പ് എന്ന ‘തുറന്ന ജയിലില്‍’ ഏകദേശം രണ്ടര ലക്ഷം മനുഷ്യരെ കാലങ്ങളായി തടവുകാരാക്കി വച്ചിരിക്കുന്നതിനു പുറമെയാണ് ആയിരക്കണക്കിന്-അതില്‍ കുട്ടികളും സ്ത്രീകളും വൃദ്ധരുമുണ്ട്- പലസ്തീനികളെ ഇസ്രയേലിലെ ജയിലുകളില്‍ അവര്‍ അടച്ചിട്ടിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം 1967 ല്‍ ഇസ്രയേല്‍ കിഴക്കന്‍ ജറുസലേം, ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ അധിനിവേശം സ്ഥാപിച്ചതിനു പിന്നാലെ ഒരു ലക്ഷത്തിനടത്തു പലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്. ഇസ്രയേല്‍ സൈനികാധിനിവേശത്തിന് കീഴില്‍ ജീവിക്കേണ്ടി വരുന്ന പലസ്തീനികളില്‍ ഓരോ അഞ്ചുപേരിലും ഒരാള്‍ എന്ന വീതം അറസ്റ്റ് ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. പലസ്തീന്‍ പുരുഷന്മാരുടെ മാത്രം കണക്കെടുത്താല്‍ ഓരോ അഞ്ചു പേരിലും രണ്ടു വീതം പേര്‍ ഇസ്രയേല്‍ തടവറയില്‍ അടയ്ക്കപ്പെടുന്നുണ്ട്. പലസ്തീനികളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും നിയന്ത്രിക്കുന്ന ഇസ്രയേല്‍ പട്ടാള നിയമങ്ങളുടെ പേരിലാണ് അറസ്റ്റും തടവും.

ഈ തടവിലാക്കപ്പെടലിന്റെ ഭീകരത മനസിലാക്കണമെങ്കില്‍, അമേരിക്കയുമായി താരതമ്യം ചെയ്യണം. മനുഷ്യനെ തടവുപുള്ളികളാക്കുന്നതിലെ കുപ്രസിദ്ധിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അവരാണ്. അവിടെ ഓരോ 200 പേരിലും ഒരാള്‍ എന്ന കണക്കിലാണ് തടവിലാക്കല്‍. അതില്‍ ഭൂരിഭാഗവും കറുത്തവര്‍ഗക്കാരായിരിക്കും. എന്നാല്‍ ആ കണക്ക് പോലും ഈയൊരു ചെറു ചീന്തിലെ മനുഷ്യരുടേതുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവാണ്.

നിലവിലെ കണക്ക് പ്രകാരം 5,200 പലസ്തീനികള്‍ ഇസ്രയേല്‍ ജയിലുകളിലുണ്ട്. ഇവരില്‍ 33 സ്ത്രീകളും 170 കുട്ടികളുമുണ്ട്. ഇസ്രയേല്‍ സൈനിക കോടതികളിലാണ് പലസ്തീനികള്‍ വിചാരണ ചെയ്യപ്പെടുന്നത്.

മനുഷ്യത്വമില്ലാത്ത സൈനിക ഉത്തരവുകള്‍

1967 ലെ യുദ്ധത്തില്‍ പലസ്തീനും കൂടാതെയുള്ള അറബ് പ്രദേശങ്ങളും പിടിച്ചടക്കി രണ്ടു മാസത്തിനുശേഷം ഇസ്രയേല്‍ ഭരണകൂടം 101 എന്ന സൈനിക ഉത്തരവ് പുറപ്പെടുവിച്ചു. ഈ നിയമപ്രകാരം വിദ്വേഷ പ്രചാരണം, പ്രേരണാ നിരോധനം എന്നിവയുടെ അടിസ്ഥാനത്തില്‍ പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കി. ഈ നിയമം വെസ്റ്റ് ബാങ്കില്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. നിയമപ്രകാരം, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും പങ്കാളിയാകുന്നതും, രാഷ്ട്രീയ ലേഖനങ്ങള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും, പാതകകള്‍ വീശുന്നതടക്കം രാഷ്ട്രീയ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും, സൈനിക നിയമപ്രകാരം അനധികൃതമെന്ന് കണ്ടെത്തിയിരിക്കുന്ന സംഘടനകളോട് അനുഭാവം പ്രകടിപ്പിക്കുന്നത് ഒക്കെയും അറസ്റ്റ് ചെയ്യപ്പെടാനും തടവിലാക്കപ്പെടാനും ഉതകുന്ന കുറ്റങ്ങളാണ്. മറ്റൊരു സൈനിക നിയമം(378) അനുസരിച്ച് ഇസ്രയേല്‍ അധിനിവേശത്തിനെതിരായി ഉണ്ടാകുന്ന ഏതൊരു പലസ്തീനിയന്‍ ചെറുത്തുനില്‍പ്പും തീവ്രവാദ പ്രവര്‍ത്തനമായി കണ്ട് കുറ്റം ചുമത്തപ്പെടും. ഇത്തരത്തില്‍ നിരവധി മനുഷ്യത്വ വിരുദ്ധ സൈനിക ഉത്തരവുകള്‍ പലസ്തീന്‍ ജനതയ്ക്കു മേല്‍ പുറപ്പെടുവിച്ചിട്ടുണ്ടാണ് വിമര്‍ശനം. നിയമങ്ങള്‍ എല്ലാം ഉപയോഗിക്കുന്നത് പലസ്തീനികളുടെ പൗരാവകാശങ്ങളും രാഷ്ട്രീയ പ്രതിഫലനങ്ങളും നിശബ്ദമാക്കാന്‍ വേണ്ടിയാണ്.

ഇസ്രയേലിലുള്ള 19 ജയിലുകളിലും വെസ്റ്റ് ബാങ്കിലെ ഒന്നിലുമായാണ് പലസ്തീനികളെ തടവിലിട്ടിരിക്കുന്നത്. ഒരു അധിനിവേശ ശക്തി, തങ്ങള്‍ അധിനിവേശം നടത്തിയ പ്രദേശത്ത് നിന്നും അവിടുത്തെ ജനങ്ങളെ കൈമാറ്റം ചെയ്യുന്നത് നാലാം ജനീവ കണ്‍വന്‍ഷന്‍ പ്രകാരം കുറ്റമാണ്. മനുഷ്യരെ അവരുടെ പ്രിയപ്പെട്ടവരുടെ അടുക്കല്‍ നിന്ന് മാസങ്ങളോളമോ വര്‍ഷങ്ങളോളമോ അതോ അവസാനം വരേയ്ക്കുമോ പിരിക്കുന്നത് ക്രൂരമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചിട്ടുണ്ട്. ഇസ്രയേല്‍ പക്ഷേ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുകയോ മനുഷ്യത്വം കാണിക്കുകയോ ചെയ്തിട്ടില്ല.

കുറ്റവുമില്ല വിചാരണയുമില്ല, മോചനമെന്നാണെന്നും പറയില്ല

അന്യായ തടങ്കല്‍ എന്ന മനുഷ്യത്വവിരുദ്ധ ക്രൂരതയും പലസ്തീനികള്‍ക്കു മേല്‍ ഇസ്രയേല്‍ നടത്തുന്നുണ്ട്. 1264 പലസ്തീനികള്‍ ഇപ്രകാരം, എന്നുണ്ടാകും മോചനമെന്നറിയാതെ ഇസ്രയേല്‍ തടവറയിലെ ഇരുട്ടില്‍ ജീവിതം നരകിച്ചു തീര്‍ക്കുന്നുണ്ട്. വിചാരണപോലുമില്ലാതെ അനിശ്ചിതമായി നീളുന്നതാണ് ഇത്തരം തടവുകള്‍. എന്താണ് കുറ്റം ഇവര്‍ക്കെതിരെയുള്ളതെന്നു പോലും പറയില്ല. ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കാലത്തിങ്ങനെയായിരുന്നു. കിട്ടുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്നു പറഞ്ഞ്, വിചാരണകളൊന്നും കൂടാതെ മാസങ്ങളോ വര്‍ഷങ്ങളോ തടവ് ശിക്ഷ നീട്ടിക്കൊണ്ടു പോകും. അവര്‍ക്കെതിരേ ഏതെങ്കിലുമൊരു കുറ്റം ചുമത്തപ്പെട്ടിട്ടുമുണ്ടാകില്ല. കുറ്റാരോപിതനെതിരെയുള്ള തെളിവ് ശേഖരിക്കാന്‍ വേണ്ടിയുള്ള സമയമാണ് ഇസ്രയേലിനെ സംബന്ധിച്ച് ഈ അനിശ്ചിതമായ തടവിലിടല്‍.

കുഞ്ഞുങ്ങളെയും അവര്‍ തടവിലാക്കുന്നു

ഏറ്റവും സങ്കടകരമായ കാര്യം ഇസ്രയേല്‍ തടവറകളില്‍ കഴിയുന്ന പലസ്തീന്‍ കുട്ടികളാണ്.

2000-ലെ രണ്ടാം പലസ്തീന്‍ ഇന്‍തിഫാദ(പലസ്തീന്‍ ഉയിര്‍പ്പ്)യില്‍ ഇസ്രയേല്‍ തടവിലാക്കിയത് 12,000-ന് മുകളില്‍ കുട്ടികളെയാണ്.

18 വയസില്‍ താഴെയുള്ള ഏറ്റവും കുറഞ്ഞത് 700 പലസ്തീന്‍ കുട്ടികളെയെങ്കിലും ഓരോ വര്‍ഷവും വെസ്റ്റ്ബാങ്കില്‍ നിന്നും സൈനികര്‍ പിടികൂടി ചോദ്യം ചെയ്തശേഷം ഇസ്രയേല്‍ കോടതികളില്‍ വിചാരണ ചെയ്തു തടവറകളിലേക്ക് തള്ളുന്നുണ്ട്. ഇസ്രയേല്‍ സേനയ്ക്കു നേരെ കല്ലെറിഞ്ഞു എന്ന കുറ്റമായിരിക്കും കുട്ടികള്‍ക്കു മേല്‍ ചുമത്തുക. അതിനുള്ള ശിക്ഷ 20 വര്‍ഷത്തെ തടവാണ്.

പിടികൂടപ്പെടുന്ന കുട്ടികളെ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്ക് വിധേയരാക്കുമെന്നാണ് ബാലാവകാശ സംഘടനകള്‍ പറയുന്നത്. കുട്ടികളുടെ വിചാരണ നടത്തുന്നത് അവരുടെ മാതാപിതാക്കളുടെയോ അഭിഭാഷകന്റെ സാന്നിധ്യത്തിലാകില്ല. കുട്ടികളെ തടവിലാക്കുന്നതിനു പിന്നില്‍ ഇസ്രയേല്‍ സൈന്യത്തിന് രണ്ട് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ബാലാവകാശ സംഘടനകള്‍ ആരോപിക്കുന്നു. ജയിലിലടയ്ക്കുമെന്ന ഭയം വളര്‍ത്തി അവരെ തങ്ങളുടെ ചാരന്മാരാക്കുന്നു. രണ്ട്, ഈ കുട്ടികളെവച്ച് വിലപേശി അവരുടെ മാതാപിതാക്കളില്‍ നിന്നും പണം തട്ടുന്നു.

ഇസ്രയേല്‍ സൈന്യത്തിന്റെ ഉത്തരവ് നമ്പര്‍ 1726 പ്രകാരം, കുട്ടികളെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പായി 15 ദിവസത്തോളം കരുതല്‍ തടങ്കലിലാക്കാം. ഈ തടവ് കാലാവധി സൈനിക കോടതിക്ക് പരമാവധി 40 ദവിസം വരെ നീട്ടാനുമാകും. ഉത്തരവ് നമ്പര്‍ 132 പ്രകാരം 16 വയസു മുതലുള്ള കുട്ടികളെ മുതിര്‍ന്നവരായി കണ്ടാണ് സൈനിക കോടതി വിചാരണയും ശിക്ഷയും നടപ്പാക്കുന്നത്. 14 വയസില്‍ താഴെയുള്ള കുട്ടികളുടെ മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തരുതെന്ന നിയമം 2016-ല്‍ ഇസ്രയേല്‍ തിരുത്തി. 13 വയസുള്ള അഹമ്മദ് മാന്‍സാര എന്ന പലസ്തീന്‍ ബാലനെ അവര്‍ അറസ്റ്റ് ചെയ്തിരുന്നു. അവന്റെ മേല്‍ കൊലപാതകശ്രമം ചുമത്താന്‍ വേണ്ടി അഹമ്മദിന് 14 വയസാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്നവനെ 12 വര്‍ഷത്തെ തടവിന് വിധിച്ചു. പിന്നീടത് ഒമ്പത് വര്‍ഷമാക്കി കുറച്ചു. അഹമ്മദിന്റെ കേസിന് ശേഷമാണ് 14 വയസുവരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഇസ്രയേല്‍ സൈന്യം എത്തിയത്.

Share on

മറ്റുവാര്‍ത്തകള്‍