UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

‘പാല്‍’: മുതിര്‍ന്നവര്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഡ്രിങ്ക്!

ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ഡയറ്റില്‍ പാല്‍ ഉറപ്പായും ഇടംപിടിക്കണം. എല്ലിനെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പടെ അസുഖങ്ങളെ ചെറുക്കാന്‍ പാല് കഴിക്കുന്നത് സഹായിക്കും.

                       

പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഭക്ഷണപ്രിയര്‍ക്ക്, സമ്പൂര്‍ണ സമീകൃത ആഹാരമാണ് പാല്‍. പോഷക-ദഹന ഗുണങ്ങള്‍ അനുസരിച്ച് ആയുര്‍വേദത്തില്‍ പോലും പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍ A, B1, B2, B12, D, പൊട്ടാസിയം, മഗ്‌നീഷ്യം എന്നീ ഘടകങ്ങളുടെ സാന്നിധ്യത്തില്‍ പാല്‍ ഒരു ഹെല്‍ത്തി ഡ്രിങ്ക് ആയിമാറുന്നു. കുട്ടികള്‍ക്ക് പാല്‍ കൊടുക്കാനും കുടിപ്പിക്കാനും മറക്കാത്ത നമ്മള്‍ പക്ഷെ മുതിര്‍ന്നു കഴിഞ്ഞാല്‍ എന്തുകൊണ്ടോ കഴിക്കാന്‍ ഇഷ്ടമല്ലാത്തതായ ഒന്നാണിത്.

ബാംഗ്ലൂര്‍ ഫോര്‍ട്ടിസ് (Fortis) ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യന്‍ ഡോ. കുമാരി പറയുന്നത് ശ്രദ്ധിക്കാം:

‘മുതിര്‍ന്നവര്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഡ്രിങ്ക് ആണ് വാസ്തവത്തില്‍ പാല്‍. പ്രത്യേകിച്ചും രാത്രി നിര്‍ബന്ധമായും കുടിക്കേണ്ടത്. ഉറക്കത്തിന്റെ ഗുണം വര്‍ധിപ്പിക്കാനും നല്ല ഉറക്കം കിട്ടാനും പാലില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ആയ ട്രൈപ്ടോഫന്‍ (Tryptophan) സഹായിക്കും. ഈ അമിനോ ആസിഡിന്റെ സഹായത്തോടെ ഉറക്കത്തിന്റെ ഗതി നിര്‍ണയിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളായ സെറോടോണിനും മെലാടോണിനും കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുന്നതാണ് കാരണം. മാത്രവുമല്ല, ഉറക്കത്തെ ഇല്ലാതാക്കുന്ന ഇന്‍സോമാനിയ (insomania) രോഗത്തെ ചെറുക്കാനും രാത്രി പാല്‍ കുടിക്കുന്നത് വഴിയാകും.

കുട്ടികള്‍ക്ക് രാവിലെ ഒരു ഗ്ലാസ് പാല്‍ നല്‍കുന്നതാണ് മാതാപിതാക്കളുടെ പതിവ്. ഈ ശീലം കുട്ടികളില്‍ കുഴപ്പമില്ലെങ്കിലും മുതിര്‍ന്നവര്‍ക്ക് രാവിലെ പാല്‍ കുടിക്കുന്നത് ദോഷം ചെയ്യും. ഗ്യാസ്ട്രോ പ്രശ്‌നങ്ങള്‍ രൂപപ്പെടാന്‍ ഒരു കാരണമാണ് രാവിലത്തെ പാല്‍ ഉപയോഗം. പാല്‍കഞ്ഞിയായോ ബ്രെഡ് ഉള്‍പ്പടെ മറ്റ് ആഹാരങ്ങള്‍ക്കൊപ്പമോ മാത്രം രാവിലെ പാല് കുടിക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം.

പാല് എത്ര കൂടുതല്‍ കുടിക്കുന്നുവോ കുട്ടികള്‍ അത്രയും ആരോഗ്യമുള്ളവരായി മാറുമെന്ന ധാരണ തിരുത്തണം. കുട്ടികള്‍ക്ക്, രാവിലെ ഒരു കപ്പ് രാത്രി ഒരു കപ്പ് എന്നിങ്ങനെ പാല് നിയന്ത്രിക്കണം. എല്ലിന് ബലം വര്‍ധിക്കാനും ആരോഗ്യം ലഭിക്കാനും ഈ അളവ് ധാരാളമാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാല്‍ കഴിക്കേണ്ടുന്ന അളവ് നിര്‍ദ്ദേശിക്കുമ്പോള്‍ സ്ത്രീകളുടെ കാര്യം എടുത്തു പറയേണ്ടതാണ്. ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ഡയറ്റില്‍ പാല്‍ ഉറപ്പായും ഇടംപിടിക്കണം. എല്ലിനെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പടെ അസുഖങ്ങളെ ചെറുക്കാന്‍ പാല് കഴിക്കുന്നത് സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ D തുടങ്ങിയവ എല്ലിന് ബലം വര്‍ധിപ്പിക്കുന്നത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് അത്യാവശ്യം ആണ്.’

Share on

മറ്റുവാര്‍ത്തകള്‍