UPDATES

ഹിമാലയത്തിന്റെ കണ്ണീര്‍

ഹിമാചലിലും കേരളത്തിലും തെക്കന്‍ കാലിഫോര്‍ണിയായിലും പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന് ഒരുപോലെ ഭീഷണിയാണ്

                       

ഷിംലയിലെ സമ്മര്‍ ഹില്‍ മേഖലയിലായിരുന്നു 60 കാരനായ പവന്‍ ശര്‍മയുടെ മൂന്ന് നില വീട്. മൂന്നു കുട്ടികളടക്കം ഏഴംഗങ്ങള്‍ അടങ്ങിയതായിരുന്നു ശര്‍മയുടെ കുടംബം. എപ്പോഴും ശബ്ദമുഖരിതമായിരുന്ന ആ വീട് കഴിഞ്ഞ ആറു ദിവസമായി നിശബ്ദമാണ്; ഇനിയങ്ങോട്ടും…

അമന്‍ ഇലക്ട്രിക്‌സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന പവന്‍ ശര്‍മയും കുടംബവും പതിവായി പോകാറുള്ള ശിവ ഭവാദി ക്ഷേത്രത്തില്‍ തിങ്കളാഴ്ച്ചയും പോയിരുന്നു. ശര്‍മയെ കൂടാതെ, അദ്ദേഹത്തിന്റെ 57 കാരിയായ ഭാര്യ സന്തോഷ് ശര്‍മ, അമന്‍ ശര്‍മയെന്ന 32 കാരനായ മകന്‍, ഭാര്യ 27 കാരി അര്‍ച്ചന ശര്‍മ, അമന്റെയും അര്‍ച്ചനയുടെയും മൂന്നു മക്കള്‍- അതില്‍ ഏറ്റവും ഇളയ കുഞ്ഞിന് ഒന്നരയും രണ്ടാമത്തെ കുട്ടിക്ക് അഞ്ചും മൂത്തയാള്‍ക്ക് 12 ഉം ആയിരുന്നു പ്രായം. തങ്ങളുടെ കുടുംബത്തിന് ഐശ്വര്യമുണ്ടാകാന്‍ വേണ്ടി അവര്‍ ക്ഷേത്രത്തില്‍ പൂജ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഇതേ സമയം തന്നെ, ശിവ് ഭവാദി ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടില്‍ ഉറക്കത്തിലായിരുന്നു രാം സിംഗ്. ഭയങ്കരമായെന്തോ ശബ്ദം കേട്ടാണ് സിംഗ് ഞെട്ടിയെഴുന്നേല്‍ക്കുന്നത്. പൊട്ടിത്തകര്‍ന്ന് എന്തൊക്കെയോ തന്റെ നേര്‍ക്ക് കുതിച്ചെത്തുകയാണെന്ന് നിമിഷങ്ങള്‍ക്കൊണ്ട് രാം സിംഗ് തിരിച്ചറിഞ്ഞപ്പോഴേക്കും ആ ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. കല്ലും മണ്ണും നിറഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നുകൊണ്ട് ജീവനു വേണ്ടി രാം സിംഗ് അലറിക്കരഞ്ഞു. ആ മനുഷ്യന്റെ ഭാഗ്യത്തിന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ക്ക് അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചു.

എന്നാല്‍, ശിവ ഭവാദി ക്ഷേത്രത്തിനുള്ളില്‍ കുടുങ്ങിപ്പോയ പവന്‍ ശര്‍മയും കുടുംബവും ഒന്നാകെ മരണത്തില്‍ പുതഞ്ഞുപോയി. ഇപ്പോഴും ശര്‍മയുടെയും അദ്ദേഹത്തിന്റെ അഞ്ചു വയസുകാരന്‍ അനന്തരവന്റെയും മരുമകള്‍ അര്‍ച്ചനയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിനായിട്ടില്ല.

ഓഗസ്റ്റ് 14, തിങ്കളാഴ്ച്ച ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ പ്രളയത്തില്‍ സമ്മര്‍ ഹില്ലിലെ ആ ശിവക്ഷേത്രം പാടെ ഒലിച്ചു പോയി. ശര്‍മയും കുടുംബവും അടക്കം 12 പേരോളം ആ അപകടത്തില്‍ മരണപ്പെട്ടു. ആറ് ദിവസത്തോളമാകുമ്പോഴും അപകടത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നതാണ് മറ്റൊരു വേദന. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു കാണില്ലെന്ന വിശ്വാസത്തിലാണ് ബന്ധുക്കള്‍. ദുരന്ത നിവാരണ സേന പറയുന്നത്, അത്തരം പ്രതീക്ഷകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ്.

ഇത്തവണത്തെ മണ്‍സൂണ്‍ കാലം ഹിമാചലില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 74 പേര്‍ ഇതുവരെ സംസ്ഥാനത്ത് മഴയുടെയും മണ്ണിടിച്ചിലിന്റെയും ഇരകളായി കൊല്ലപ്പെട്ടു. സമ്മര്‍ ഹില്‍, ഫാഗ്ലി, ചംബ തുടങ്ങിയ പ്രദേശങ്ങളിലായി ഷിംലയില്‍ മാത്രം 21 ഓളം മനുഷ്യ ജീവനുകളാണ് നഷ്ടമായത്. ജൂണ്‍ 24 മുതലുള്ള കണക്കെടുത്താല്‍ 217 മനുഷ്യരാണ് ഇല്ലാതായത്. വ്യക്തികളല്ല, ഓരോ കുടുംബങ്ങള്‍ തന്നെ പൂര്‍ണമായി ഇല്ലാതാവുകയാണ്; പവന്‍ ശര്‍മയുടെതുപോലെ.

ഔദ്യോഗിക വിവരം അനുസരിച്ച് മണ്‍സൂണ്‍ ആരംഭിച്ച് 55 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് 113 ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. ഭൗതിക സൗകര്യങ്ങള്‍ക്ക് ഉണ്ടായ നഷ്ടം കണക്കാക്കിയാല്‍, പൊതുമരാമത്ത് വകുപ്പിന് 2,491 കോടിയുടെയും ദേശീയ പാത അഥോറിറ്റിക്ക് 1,000 കോടിയുടെയും നഷ്ടമാണ് പ്രകൃതി ദുരന്തം മൂലം വന്നിരിക്കുന്നത്. സമ്മര്‍ ഹില്ലില്‍ റെയില്‍ പാളകള്‍ ഒഴുകിപ്പോയി, അവയിപ്പോള്‍ വായുവില്‍ തൂങ്ങിക്കിടപ്പുണ്ട്. മൊത്തം 10,000 കോടിയുടെ നഷ്ടം ഹിമാചല്‍ പ്രദേശിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഹിമാചല്‍ പ്രദേശില്‍ ഇപ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ നിത്യസംഭവം പോലെയായിരിക്കുന്നു. തുടര്‍ച്ചയായി അവിടെ ഉരുള്‍പ്പൊട്ടുന്നു. ഓരോ ദുരന്തത്തിലും മനുഷ്യ ജീവനുകള്‍ അപഹരിക്കപ്പെടുന്നു.

പാരിസ്ഥിതികമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഹിമാലയത്തിലെ തടയപ്പെടാത്ത അശാസ്ത്രീയ നിര്‍മാണങ്ങള്‍, വനമേഖലയുടെ ശോഷണം എന്നിവയാണ് ഹിമാചല്‍ പ്രദേശിലടക്കം അടിക്കടിയുള്ള മണ്ണിടിച്ചിലിനും ദുരന്തങ്ങള്‍ക്കും കാരണം.

ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയത്തില്‍ ഓരോ വര്‍ഷം കഴിയുമ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ദിവസേനയെന്ന പോലെ ഉരുള്‍പൊട്ടലുകള്‍ സാധാരണമായിരിക്കുന്നു. ഇത്തവണ മണ്‍സൂണ്‍ തുടങ്ങിയതു മുതല്‍ അതിന്റെ വ്യാപ്തി വര്‍ദ്ധിച്ചിരിക്കുന്നു. മനുഷ്യര്‍ കൂടുതലായി മരിക്കുന്നു.

കേരളത്തില്‍ നമ്മള്‍ നേരിട്ടതും ഹിമാചല്‍ പ്രദേശില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാലാവസ്ഥ വ്യതിയാനം മാത്രമല്ല കാരണം. അതിനു പിന്നില്‍ മനുഷ്യന്റെ അത്യാര്‍ത്തിയും അഴിമതിയുമെല്ലാമുണ്ട്.

ഷിംല, നൈനിറ്റാള്‍ തുടങ്ങിയ, ഹിമാലയത്തിലെ മലയോര ടൗണ്‍ഷിപ്പുകളില്‍ ചെന്നാല്‍, ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും ഇടതടവില്ലാത്ത ട്രാഫിക് കുരുക്കുകളും നിങ്ങളെ വലയ്ക്കും. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച ഹില്‍ സ്റ്റേഷനുകള്‍ ഇന്ന് നിരവധിയായ അനധികൃത നിര്‍മാണങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്.

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി സര്‍ക്കാര്‍ അംഗീകാരത്തോടെ വലിയ പ്രൊജക്ടുകള്‍ ഇവിടെ നടന്നു വരികയാണ്. ഹിമാലയത്തിന് ചുറ്റും പല ജലവൈദ്യുത പദ്ധതികളാണ് നിര്‍മാണത്തിലുള്ളത്. ക്യോട്ടോ പ്രോട്ടോക്കോള്‍(kyoto protocol)പ്രകാരം ജലവൈദ്യുതി പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സായി അംഗീകരിക്കപ്പെട്ടതോടെ നൂറിലധികം ജലവൈദ്യുത പദ്ധതികളാണ് ഹിമാലയത്തിന് ചുറ്റും ആരംഭിച്ചത്. അവയില്‍ വലിയൊരു ശതമാനവും പൂര്‍ത്തിയാകാതെ കിടക്കുകയാണ്. അതിന്റെ പേരില്‍ നഷ്ടമല്ലാതെ, യാതൊരു ലാഭവും ഉണ്ടായിട്ടില്ല. പാശ്ചാത്യ ഫണ്ടുകളായിരുന്നു ഈ നിര്‍മാണങ്ങള്‍ക്കായി എത്തിച്ചേര്‍ന്നത്. ഇതിനെല്ലാം പിന്നില്‍ വ്യക്തമായ അഴിമതിയുണ്ടായിരുന്നു. പടിഞ്ഞാറിന്റെ അത്യാഗ്രഹം ഉണ്ടായിരുന്നു, ശാസ്ത്രജ്ഞരുടെ വികല വീക്ഷണമുണ്ടായിരുന്നു, അല്ലായിരുന്നുവെങ്കില്‍ ഹിമാലയത്തിന്റെ ചുവട്ടില്‍ ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണത്തിന് തയ്യാറാവില്ലായിരുന്നു.

മറ്റൊന്ന്, ഹിമാലയത്തിന് പുറത്ത് നിന്നുള്ള ആക്രമണമാണ്. ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നുമെല്ലാമുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. മോദി സര്‍ക്കാര്‍ വന്നതിനുശേഷം നടത്തുന്ന അതിതീവ്ര ദേശീയതയുടെ ഭാഗമായി അതിര്‍ത്തികളിലെ ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഹിമാലയത്തില്‍ നടത്തുന്ന ‘ ചാര്‍ ദാം പരിയോജന’ എന്ന അറു വരി ദേശീയ പാത നിര്‍മാണം മറ്റൊരു ഭീഷണിയാണ്. നിരവധി ചോദ്യങ്ങളാണ് ഈ പദ്ധതിക്കെതിരേ ഉയര്‍ന്നിട്ടുള്ളത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വ്വതമാണ് ഹിമാലയം. അതിനൊരു അസ്ഥിരതയുണ്ട്. സുസ്ഥിരമല്ലാത്ത ആ പര്‍വ്വതത്തില്‍ ഇത്രയും വീതിയില്‍ റോഡ് നിര്‍മിക്കുന്നതിനെതിരേ സുപ്രിം കോടതിയില്‍ പൊതുതാത്പര്യം ഹര്‍ജി വന്നിരുന്നു. കോടതിയുടെ ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ പതിവ് പോലെ ദേശീയ സുരക്ഷയാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. അയല്‍ രാജ്യങ്ങളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സൈനിക നീക്കം വേഗത്തിലാക്കാന്‍ വീതിയുള്ള പാത വേണമെന്നാണ് മോദി സര്‍ക്കാര്‍ വാദിച്ചത്. ആ വാദം സുപ്രിം കോടതി അംഗീകരിച്ചുകൊണ്ടാണ് നിര്‍മാണത്തിന് അനുമതി നല്‍കിയത്.

ആ പാതകള്‍ ഇന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന മലയിടിച്ചിലിലും മഴയിലും തകര്‍ന്ന് കിടക്കുകയാണ്. സര്‍ക്കാരിന്റെ നീക്കം തെറ്റായതായിരുന്നുവെന്നതിന്റെ തെളിവായി.

ഹിമാചല്‍ പ്രദേശില്‍ സംഭവിക്കുന്നതും, കേരളത്തില്‍ സംഭവിച്ചതുമായ ദുരന്തങ്ങള്‍ക്ക് പൊതുസ്വഭാവമുണ്ട്. കേരളത്തിലെ പ്രകൃതി ദുരന്തങ്ങള്‍ക്ക് പിന്നിലും കാലാവസ്ഥ വ്യതിയാനം മാത്രമല്ല കാരണം. ഇവിടെയും മലമുകളിലും കായലോരത്തും നിര്‍ത്തടങ്ങളിലുമൊക്കെ വീടുകളും കെട്ടിടങ്ങളും മത്സരിച്ചു പൊങ്ങുകയാണ്. നഗരവത്കരണം വ്യാപകമാക്കുകയാണ്. 2018-ന് ശേഷം കേരളത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ ശാശ്വത പരിഹാരം കാണണമെന്ന് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും ഒന്നും പ്രവര്‍ത്തിയിലെത്തിയിട്ടില്ല. റീ-ബില്‍ഡ് കേരള റിപ്പോര്‍ട്ടിലെ, ദുരന്ത സാധ്യത മേഖലകളില്‍ നിന്നും മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യത്തിനടക്കം യാതൊരു അനക്കവും ഉണ്ടായിട്ടില്ല.

ഹിമാചല്‍ പ്രദേശിലും കേരളത്തിലും ഹവായിയിലും തെക്കന്‍ കാലിഫോര്‍ണിയായിലും എല്ലാം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടോയിരിക്കുന്നു. ഇരകളാകുന്ന മനുഷ്യരുടെ എണ്ണം വര്‍ദ്ധിക്കുന്നു. അതുകൊണ്ട്, ഇനിയുള്ള ലോകം രക്ഷിക്കാന്‍ നമ്മുടെ പോളിസികളില്‍ മാറ്റം കൊണ്ടുവരേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം മനുഷ്യ ജീവിതം വലിയൊരു ദുരന്തമായി മാറും.

Share on

മറ്റുവാര്‍ത്തകള്‍