ഉത്തരേന്ത്യയില്‍ ആകെയുള്ള ഒരു സംസ്ഥാനവും കോണ്‍ഗ്രസിനെ കൈവിടുകയാണോ? 68 അംഗ സഭയില്‍ 40 സീറ്റുകള്‍. പേടികൂടാതെ ഭരിക്കാനുള്ള ഭൂരിപക്ഷം. പക്ഷേ, ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. എപ്പോള്‍ വേണമെങ്കിലും ഭരണം പോകാമെന്നാണ് ഏറ്റവും പുതിയ സംഭവങ്ങളും വ്യക്തമാക്കുന്നത്.
ഹിമാചലിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെയും കോണ്‍ഗ്രസ് എംപി പ്രതിഭ സിംഗിന്റെയും മകനും സുഖ്‌വീന്ദര്‍ സിംഗ് സുഖു മന്ത്രിസഭയിലെ അംഗവുമായ വിക്രമാദിത്യ സിംഗ് മന്ത്രിസ്ഥാനം ബുധനാഴ്ച്ച രാവിലെ രാജിവച്ചതോടെയാണ് പ്രതിസന്ധികള്‍ വര്‍ദ്ധിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് സിംഗിന്റെ പരാതി. സ്വന്തം എംഎല്‍എമാരെ പലതവണയായി അപമാനിച്ചിട്ടുള്ളയാളാണ് മുഖ്യമന്ത്രി സുഖു എന്നാണ് സിംഗിന്റെ ആക്ഷേപം. അപമാനം ഇനിയും സഹിക്കാനാകില്ല, ഇനി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഭാവി ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് വിക്രമാദിത്യ പറയുന്നത്.
എന്താണ് ഹിമാചലില്‍ സംഭവിക്കുന്നത്?
കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള നിയമസഭയില്‍ നിന്നും പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവിനെ രാജ്യസഭയില്‍ എത്തിക്കാന്‍ യാതൊരു പ്രയാസവുമില്ലെന്നിക്കെയാണ് അഭിഷേക് മനു സിംഗ്‌വി തോറ്റത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തത്. സിംഗ്‌വി പറയുന്നത്, തന്നോടൊപ്പം തലേന്ന് രാത്രി അത്താഴം കഴിച്ചവര്‍ പിറ്റേദിവസം ബിജെപിക്കു വേണ്ടി വോട്ട് ചെയ്തുവെന്നാണ്. ജയിച്ചതാകട്ടെ, കുറച്ചു മാസങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയൊരു നേതാവും.
ലക്ഷ്യം രാജ്യസഭ സീറ്റ് മാത്രമായിരുന്നില്ല
രാജ്യസഭ സീറ്റ് പോയതല്ല, സംസ്ഥാനത്ത് അധികാരം തന്നെ പോകുമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ പേടിപ്പിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ ഭൂപേന്ദ്ര ഹൂഡ, ഡി കെ ശിവകുമാര്‍ എന്നിവര്‍ ഷിംലയില്‍ എത്തിയിട്ടുണ്ടെന്നത് പാര്‍ട്ടി എത്രത്തോളം പരിഭ്രാന്തിയിലാണെന്നതാണ് കാണിക്കുന്നത്. മറുവശത്ത് ബിജെപിയാകട്ടെ കാര്യങ്ങള്‍ വേഗത്തില്‍ നീക്കുകയാണ്. നിയമസഭയില്‍ അവിശ്വാസം കൊണ്ടുവരുമെന്ന പ്രചാരണം ശക്തമായി നില്‍ക്കുന്നതിനിടയില്‍ പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂര്‍ ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയെ സന്ദര്‍ശിച്ചു. ഇതോടെ സുഖ്‌വീന്ദര്‍ സിംഗ് സുഖു സര്‍ക്കാരിന്റെ ഭാവി ഏകദേശ തീരുമാനം ആയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ചതിയുടെ കളി
ഹിമാചല്‍ നിയമസഭയില്‍ 40 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 25 ഉം. മൂന്നുപേര്‍ സ്വതന്ത്രരാണ്. ഇവര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരായിരുന്നു. ഈ നമ്പര്‍ വച്ച് രാജ്യസഭ സീറ്റ് കോണ്‍ഗ്രസിന് സുനിശ്ചിതമായിരുന്നു. അഭിഷേക് സിംഗ്‌വിയും, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ മുതിര്‍ന്ന നേതാവ് ഹര്‍ഷ് മഹാജനുമായി രാജ്യസഭയിലേക്ക് മത്സരിച്ചത്. ബിജെപി എന്തെങ്കിലും രാഷ്ട്രീയ നീക്കം നടത്തുമെന്ന സൂചന കോണ്‍ഗ്രസിന് നേരത്തെ തന്നെ കിട്ടിയിരുന്നിരിക്കണം. കോണ്‍ഗ്രസിന് 40 എംഎല്‍എമാര്‍ ഉണ്ടെന്നും ആരും വിലയ്‌ക്കെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ എല്ലാ വോട്ടുകളും ലഭിക്കുമെന്നും വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സുഖു പറഞ്ഞതും ഈ സൂചനയുടെ പുറത്തായിരിക്കണം. സംസ്ഥാന മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ചൗഹാന്‍ കുറച്ചു കൂടി കടന്നു ചിന്തിച്ചിരുന്നു. ബിജെപിക്ക് ആകെ 25 എംഎല്‍എമാരെ ഉള്ളൂ, എന്നിട്ടും അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവര്‍ കുതിരക്കച്ചവടത്തിന് തയ്യാറെടുത്തിട്ടുണ്ട് എന്നാണെന്ന് ചൗഹാന്‍ കാലേകൂട്ടി പ്രവചിച്ചു. ക്രോസ് വോട്ടിംഗ് തടയാന്‍ കോണ്‍ഗ്രസ് എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കുകയും ചെയ്തിരുന്നു.
മുന്‍കരുതലുകളൊന്നും ഫലിച്ചുമില്ല, പേടിച്ചത് സംഭവിക്കുകയും ചെയ്തു. വോട്ടെണ്ണിയപ്പോള്‍ സിംഗ്‌വിക്കും ഹര്‍ഷ് മഹാജനും 34 വോട്ടുകള്‍ വീതം. അതായത്, ആറ് കോണ്‍ഗ്രസുകാരും മൂന്നു സ്വതന്ത്രന്മാരും വോട്ട് ബിജെപിക്ക് കുത്തി. കളി ട്രൈബേക്കറില്‍ വന്നുവെങ്കിലും ഒടുവില്‍ ബിജെപിക്കാരന്‍ തന്നെ രാജ്യസഭയിലേക്ക് പോയി.
സിംഗ്‌വിയുടെ തിരിച്ചറിവുകള്‍
തലയ്ക്ക് പിന്നില്‍ അടി കിട്ടിയതുപോലെയായിരുന്നു സിംഗ്‌വിക്ക് ആ തോല്‍വി അനുഭവപ്പെട്ടത്. രാത്രിക്കുരായ്മാനം ആളുകള്‍ എങ്ങനെയവരുടെ ആശയങ്ങളും നിലപാടുകളും മാറ്റുന്നുവെന്ന കാര്യം പഠിക്കാനായി എന്നായിരുന്നു തോല്‍വിയെക്കുറിച്ചുള്ള സിംഗ്‌വിയുടെ ആദ്യ പ്രതികരണം. ‘ ക്രോസ് വോട്ട് ചെയ്ത ആ ഒമ്പത് എംഎല്‍എമാരും തിങ്കളാഴ്ച്ച രാത്രി ഞങ്ങളോടൊപ്പം അത്താഴം കഴിച്ചവരാണ്, മൂന്നുപേര്‍ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുമുണ്ടായിരുന്നു. പക്ഷേ അവര്‍ എനിക്ക് എതിരായി വോട്ട് ചെയ്തു’- അഭിഷേക് സിംഗ്‌വിയുടെ ഈ വാക്കുകളിലുണ്ട് താന്‍ നേരിട്ട ചതിയുടെ കഥ.
നറുക്കെടുപ്പിലെ വിചിത്ര നിയമത്തെക്കുറിച്ചും സിംഗ്‌വി അത്ഭുതപ്പെടുന്നുണ്ട്. സാധാരണ ഒരു നറുക്കെടുപ്പില്‍ നറുക്കിട്ടെടുക്കുന്നതു വിജയിയുടെ പേരായിരിക്കും. പക്ഷേ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്രമായ തീരുമാനപ്രകാരം, എനിക്ക് ചൊവ്വാഴ്ച്ച മനസിലായത് നറുക്കെടുത്ത പേര് എന്റെതായിരുന്നുവെന്നാണ്, അതായത് തോറ്റയാളുടെ’. ന്യൂസ് ഏജന്‍സിയായ എഎന്‍ ഐയോട് സിംഗ് വി പറഞ്ഞതാണ്. സര്‍ക്കാരിനോടുള്ള എംഎല്‍എമാരുടെ അതൃപ്തിയാണ് തന്റെ വിജയം എന്നായിരുന്നു ഹര്‍ഷ് മഹാജാന്റെ വാദം.
കാര്യങ്ങള്‍ വേഗത്തിലാക്കി ബിജെപി
കാര്യങ്ങളൊന്നും അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല. ബിജെപിയുടെ കളികളുടെ തുടക്കം മാത്രമായിരുന്നു രാജ്യസഭ തെരഞ്ഞെടുപ്പ്. സിംഗ്‌വിയുടെ തോല്‍വിയില്‍ നിന്നും കാര്യങ്ങള്‍ സുഖു സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായി വളര്‍ന്നു. സഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി ബിജെപി വാദമുയര്‍ത്തി. മറുവശത്ത് ബിജെപിക്കെതിരേ ആരോപണങ്ങളുമായി മുഖ്യമന്ത്രിയെത്തി. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഹരിയാന പൊലീസ് കടത്തിക്കൊണ്ടു പോയതായി സുഖു ആരോപിച്ചു. വിമത എംഎല്‍എമാര്‍ പഞ്ച്കുളയിലുള്ള ഒരു റിസോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം. ഇവരെ ഹിമാചല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ബിന്‍ഡല്‍ സന്ദര്‍ശിച്ചിരുന്നതായും വിവരമുണ്ട്.
ഇത്രയും സംഭവങ്ങള്‍ നടന്നതിനു പിന്നാലെയാണ് ജയ് റാം താക്കൂര്‍ ഗവര്‍ണറെ കാണുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്.
സര്‍ക്കാരിനെ മറിച്ചിടാന്‍ മാത്രം എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്നും ബിജെപി റാഞ്ചിയിട്ടുണ്ടോ എന്നതിലാണ് ഇനി വ്യക്തത വേണ്ടത്. ആറ് പേര്‍ക്കു പുറമെ എത്രപേര്‍കൂടി കൂടുമാറ്റം നടത്തിയിട്ടുണ്ടെന്ന ചോദ്യത്തിന് ബിജെപി തെളിച്ചൊരു ഉത്തരവും തന്നിട്ടില്ല. ‘ എനിക്കതെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാകില്ല, ഒരു കാര്യം പറയാനുള്ളത് കോണ്‍ഗ്രസിന് അതിന്റെ ജനവിധി നഷ്ടമായിരിക്കുന്നു എന്നു മാത്രമാണ്’ പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂര്‍ സംശയമില്ലാതെയാണത് പറയുന്നത്.