November 15, 2024 |
Share on

അഹങ്കാരികളും സ്വാര്‍ഥരുമായ കുടുംബാസൂത്രകരെ, ഈ ബിഷപ്പ് നിങ്ങളോട് പൊറുക്കില്ല

കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടു വരണമെന്നാണ് ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആവശ്യപ്പെടുന്നത്- വിനീത വിജയന്‍ എഴുതുന്നു

വിനീത വിജയൻ

കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടു വരണമെന്ന് ആവശ്യപെട്ടുകൊണ്ടുള്ള ഇടയലേഖനം ദേശീയ തലത്തില്‍ വരെ ചര്‍ച്ചയാകുന്നു. ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെതാണ് വിവാദത്തിലേക്ക് നീങ്ങുന്ന പുതിയ ഇടയ ലേഖനം.

സ്ഥിരമോ താത്കാലികമോ ആയ കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ ദൈവ പദ്ധതിക്ക് എതിരാണെന്ന് ബിഷപ്പ് പറയുന്നു. ഇത്തരക്കാരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണമായ ഭാവിജീവിതം ആയിരിക്കുമെന്ന മുന്നറിയിപ്പും തരുന്നുണ്ട് അദ്ദേഹം. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ഥരുമാണത്രേ.

കഷ്ടപ്പാട് നിറഞ്ഞ പഴയകാലത്ത് എണ്ണമോ ഗുണമോ നോക്കി കുഞ്ഞുങ്ങളെ തിരസ്കരിച്ചില്ലെന്നും കര്‍ത്താവിന്റെ ദാനമായി കണ്ട് സ്വീകരിക്കുകയും വളര്‍ത്തുകയും ചെയ്തു. അതുപോലെ, കുഞ്ഞുങ്ങളെ സ്വീകരിക്കാനുള്ള ധീരത കുടുംബങ്ങള്‍ കാട്ടിയാല്‍ അനാഥാലയങ്ങളും വൃദ്ധമന്ദിരങ്ങളും അപ്രസക്തമാകുമെന്നും ലേഖനം പറയുന്നു.

ജനസംഖ്യാ നിയന്ത്രണത്തിനായി വാദിക്കുന്നവരെയും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്.  താനും ജനസംഖ്യയുടെ ഭാഗമാണെന്നും അതിന്റെ ഭാഗമായശേഷം മറ്റാരും ജനിക്കരുത്, വളരരുത്‌ എന്ന് വാദിക്കുന്നത് അഹങ്കാരവും സ്വാര്‍ഥതയുമാണെന്നും ബിഷപ്പ് പറയുന്നു. എത്ര വിചിത്രമായ കാഴ്ചപ്പാടുകള്‍!

“നിങ്ങള്‍ പെരുകണം, നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്” എന്ന ബൈബിള്‍ വചനം ചൂണ്ടിക്കാണിച്ചാണ് ലേഖനം സമാപിക്കുന്നത്.

വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്നും പഠിച്ചു ജോലി വാങ്ങി പണവും പദവിയും സ്വരൂപിച്ച ശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന പുതു തലമുറയുടെ കാഴ്ചപ്പാട് ശരിയല്ലന്നും പറഞ്ഞ് ഇതേ ബിഷപ്പ് ഇറക്കിയ “വിവാഹ ദൈവവിളി വിലമതിക്കപ്പെടട്ടെ” എന്ന ഇടയലേഖനവും നേരത്തെ വിവാദങ്ങള്‍ പിടിച്ചു പറ്റിയിരുന്നു.

ജനസംഖ്യാ നിയന്ത്രണത്തിന്റെ പ്രസക്തിയെക്കുറിച്ച് ലോകം തീവ്രപ്രചാരണങ്ങള്‍ നടത്തുന്ന ഈ കാലത്ത് ഇത്തരം ഒരു ലേഖനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാകും. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപെട്ടു തുടങ്ങിയിരിക്കുന്നു ഈ വിഷയം. ക്രൈസ്തവ സഭയുടെ മൊത്തം അഭിപ്രായം എന്ന രീതിയിലാണ് സാധാരണ ഇടയലേഖനങ്ങള്‍ വിലയിരുത്തപ്പെടാറ്. അത്തരമൊരു സാഹചര്യത്തിലാണ് ഈ ഇടയലേഖനം ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപെടുന്നതും.

ജനസംഖ്യാ നിയന്ത്രണം എന്നത് രാജ്യതാത്പര്യപ്രകാരം എടുക്കുന്ന തീരുമാനം ആണെന്നിരിക്കെ, അതിനു വിരുദ്ധമായി, അതിനെ അട്ടിമറിക്കാന്‍ പാകത്തില്‍ പുറപ്പെടുവിക്കുന്ന ഇത്തരം ആഹ്വാനങ്ങള്‍ തീര്‍ത്തും അപലപനീയമാണ്. ഒരു ജാതി, മത മേലങ്കിയാലും സംരക്ഷിക്കപ്പെടാതിരിക്കട്ടെ ഇത്തരം വികല ചിന്തകള്‍. തങ്ങളുടെ നില ഭദ്രമാക്കാന്‍ വേണ്ടി, അണികളോട് എണ്ണം കൂട്ടാന്‍ പറയുന്ന ഇത്തരം മത നേതാക്കള്‍ നാടിന് ആപത്താണ്. കുടുംബാസൂത്രണത്തെ പാപമായി ചിത്രീകരിച്ച് അവര്‍ നേടാന്‍ ശ്രമിക്കുന്നത് എന്താണെന്ന് ബുദ്ധിയും വിവരവുമുള്ള ജനങ്ങള്‍ തിരിച്ചറിയട്ടെ.

ലോകം മുഴുവനും ശിശു മരണത്തെയും പോഷകാംശം ഉള്ള ഭക്ഷണം ഇല്ലായ്മയേയും കുറിച്ച് അതിഗൌരവമായി ചിന്തിക്കുമ്പോഴാണ്‌ ഇത്തരം ഒരു ആഹ്വാനവുമായി ഇടയലേഖനം എത്തുന്നത്.

ഈ ആഹ്വാനം സഭയ്ക്ക് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അംഗബലം കൂട്ടി അധികാരം കയ്യടക്കുക എന്നതാണോ ലക്ഷ്യം എന്നു പോലും തോന്നിപ്പോകുന്നു. ഈ കൂടി വരുന്ന അജബലത്തിന് ആരാധിക്കാന്‍ പള്ളികള്‍ പോരെന്നു വരും. കാടും മേടും കയ്യടക്കി കുരിശുനാട്ടി പള്ളി പണിയേണ്ടി വരും. ആരാധനയുടെ പേരിലും കയ്യേറ്റങ്ങള്‍ ഉണ്ടാകും. പിന്നെ പണിതു കൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആളുകൂടാന്‍ നല്ലൊരു മാര്‍ഗമാവും ഇത് എന്നതില്‍ സംശയം ഇല്ല!

ഇതേ സ്ഥിതി മറ്റു സമുദായങ്ങള്‍ കൂടി തുടര്‍ന്നാലുള്ള അവസ്ഥ പറയേണ്ടതുണ്ടോ? ഹിന്ദു സ്ത്രീകള്‍ നാല് എങ്കിലും പ്രസവിക്കണമെന്ന് സാക്ഷി മഹാരാജിനെപ്പോലുള്ളവര്‍ പ്രസംഗിച്ചിട്ട് അധികമായിട്ടില്ല. ഇത്തരക്കാര്‍ക്ക് അവശ്യം വേണ്ടത് ബോധവത്കരണ ക്ലാസുകളാണ്. ഇത്തരം ആഹ്വാനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ പരിചയപ്പെടേണ്ട ചില പദങ്ങളുണ്ടെന്ന്‍ ഒന്ന് ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഒന്ന് വിനിയോഗിച്ചോട്ടെ. ആളോഹരി വരുമാനം എന്നൊന്നുണ്ട്, വികസന സൂചിക എന്നൊന്നുണ്ട്. ഇടയനു തെളിക്കാന്‍ ആട്ടിന്‍ കുഞ്ഞുങ്ങളെ കൂട്ടുന്നത്‌ പോലെ അംഗബലം കൂട്ടുമ്പോ ഒന്ന് ഓര്‍ക്കണം. വരാന്‍ പോകുന്നത് വ്യക്തി വികസനവും അത് വഴി സാമൂഹ്യ വികസനവും അന്യമായ ഒരു രാജ്യം ആയിരിക്കും.

വാകീറിയ ദൈവം അന്നവും തരും എന്ന പഴമൊഴി കടമെടുത്തു ചോദിക്കട്ടെ, ആവുമോ അങ്ങേക്ക് ഈ മൊഴിയില്‍ ഊന്നി ജീവിക്കാന്‍? ഇന്നത്തെ സമൂഹത്തില്‍ ഭാര്യയും ഭര്‍ത്താവും കൂടി ജോലിക്ക് പോയിട്ടാണ് പല കുടുംബങ്ങളും പുലരുന്നത്. ആ സാഹചര്യത്തില്‍, പ്രത്യുല്പാദന ശേഷി കഴിയും വരെ പെറ്റു കൂട്ടാന്‍ അങ്ങ് ആഹ്വാനം ചെയ്യുമ്പോള്‍ ഒരാളുടെ വരുമാനം അങ്ങ് കുറയും. പൊടിക്കുഞ്ഞിനെ സൃഷ്ട്ടിച്ചാല്‍ മാത്രം പോരല്ലോ. അതിനെ നോക്കുകയും വേണ്ടേ. അവിടെ കുറയുന്നത് ആളോഹരി വരുമാനമാണ്. അതുപോലെ തന്നെ ഈ രാജ്യത്തെ വിഭവശേഷിയും പരിഗണിക്കണം. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളെങ്കിലും കൂടി ഇത്തരം ഇടയലേഖനങ്ങള്‍ ഇറക്കും മുമ്പ് ഒന്നാലോചിക്കുന്നത് സ്വന്തം പ്രജകള്‍ക്കെങ്കിലും ഉപകാരപ്പെടും.

(കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ആണ് വിനീത വിജയന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

വിനീത വിജയൻ

വിനീത വിജയൻ

ആക്ടിവിസ്റ്റ്, എഴുത്തുകാരി,ഗവേഷക,കേരള ദളിത് ഫെഡറേഷന്‍, കേരള നവോഥന സമിതി എന്നീ സംഘടനകളുടെ സംസ്ഥാന സെക്രട്ടറി

More Posts

Advertisement