UPDATES

ഇന്ത്യയിലേക്ക് കുടിയേറിയത് ആര്യന്മാരോ, ഹാരപ്പന്മാരോ ?

12-ാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകത്തിൽ എൻസിഇആർടിയുടെ പുതിയ തിരുത്ത്

                       

ഹാരപ്പൻ നാഗരികതയെക്കുറിച്ചുള്ള 12-ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ അധ്യായം എൻസിഇആർടി തിരുത്തി. ഹാരപ്പൻ നാഗരികതയുടെ ഉത്ഭവത്തെയും പതനത്തെയും കുറിച്ചുള്ള ചരിത്രം പറയുന്ന അധ്യായത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഹരിയാനയിലെ സിന്ധുനദീതട പ്രദേശമായ രാഖിഗർഹിയിൽ നിന്നുള്ള സമീപകാല കണ്ടെത്തലുകളെ ഉൾപെടുത്തിയുള്ളതാണ് തിരുത്തിയ ഭാഗങ്ങൾ. രാഖിഗർഹിയിൽ നിന്നുള്ള സമീപകാല ഡിഎൻഎ പഠനങ്ങൾ ആര്യൻ കുടിയേറ്റം എന്ന ആശയം തള്ളിക്കളയുന്നതും ഹാരപ്പന്മാരും ആര്യന്മാരും ഒന്നാണോ എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ്.

2024-25 അധ്യയന വർഷത്തേക്കുള്ള ചരിത്ര പാഠപുസ്തകങ്ങളുടെ പുനരവലോകനത്തിൻ്റെയും പുതുക്കലിൻെറയും ഭാഗമാണ് ഈ മാറ്റങ്ങൾ, എന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനെ (CBSE) എൻസിഇആർടി അറിക്കുകയായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിൽ കേന്ദ്ര സർക്കാരിന് ഉപദേശം നൽകുന്ന എൻസിഇആർടി, പ്രതിവർഷം നാല് കോടിയിലധികം വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന സ്കൂൾ പാഠപുസ്തകങ്ങളുടെ കരട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന അപെക്സ് ബോഡിയാണ്.

ഏഴ്, എട്ട്, 10, 11, 12 ക്ലാസുകളിലെ ഹിസ്റ്ററി, സോഷ്യോളജി പാഠപുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയെങ്കിലും, 12-ാം ക്ലാസ് ചരിത്ര പാഠപുസ്തകമായ ‘തീംസ് ഇൻ ഇന്ത്യ ഹിസ്റ്ററി പാർട്ട്- ഒന്നിലെ “ഇഷ്ടിക, മുത്തുകൾ, അസ്ഥികൾ – ഹാരപ്പൻ നാഗരികത” എന്ന അധ്യായത്തിലെ മാറ്റങ്ങളാണ് ഏറ്റവും കൂടുതൽ പ്രസക്തം.

പുരാവസ്തു സൈറ്റുകളിൽ നിന്നുള്ള സമീപകാല തെളിവുകൾ പ്രസ്തുത അധ്യായത്തിൽ തിരുത്തൽ ആവശ്യപ്പെടുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഹാരപ്പൻ നാഗരികതയുമായി ബന്ധപ്പെട്ട കൂട്ടിച്ചേർക്കലുകളും ഇല്ലാതാക്കലുകളെയും എൻസിഇആർടി ന്യായീകരിക്കുന്നത്. കൂട്ടിച്ചേർക്കലുകൾ പ്രാഥമികമായി ഹാരപ്പൻ നാഗരികതയുടെ 5000 വർഷത്തെ തുടർച്ച ഊന്നിപ്പറയുന്നുണ്ട്, ആര്യൻ കുടിയേറ്റത്തെ തള്ളിക്കളയാൻ രാഖിഗർഹി സൈറ്റിൽ അടുത്തിടെ നടത്തിയ പുരാവസ്തു ഗവേഷണത്തെയാണ് എൻസിഇആർടി പരാമർശിക്കുന്നത്. കൂടാതെ ഹാരപ്പക്കാർ ജനാധിപത്യ സമ്പ്രദായം അനുഷ്ഠിച്ചിരുന്നതായും സൂചിപ്പിക്കുന്നുണ്ട്.

അടുത്തിടെ രാഖിഗർഹിയിൽ നടന്ന ഡിഎൻഎ പഠനത്തിൽ നിന്ന് മൂന്ന് പുതിയ ഖണ്ഡികകലാണ് കൗൺസിൽ പാഠ പുസ്തകത്തിൽ
ചേർത്തിരിക്കുന്നത്. പുതിയ ഭാഗങ്ങൾ പ്രധാനമായും ആര്യൻ കുടിയേറ്റത്തെ നിരാകരിക്കുകയും ഹാരപ്പന്മാർ ഈ പ്രദേശത്തെ തദ്ദേശീയരാണ് എന്ന് ഊന്നൽ നൽകുകയും ചെയ്യുന്നതാണ്.

ഹാരപ്പക്കാരുടെ വേരുകൾ ബി സി10,000 മുതലുള്ളതാണ്. ദക്ഷിണേഷ്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും ഹാരപ്പക്കാരുടെ പിൻഗാമികളാണെന്ന് കരുതപ്പെടുന്നു. ആര്യന്മാർ എന്ന് വിളിക്കപ്പെടുന്നവരുടെ വലിയ തോതിലുള്ള കുടിയേറ്റത്തെ തടയിടുന്നതാണ് രാഖിഗർഹിയിൽ നടന്ന കണ്ടെത്തലുകൾ. അതിർത്തി പ്രദേശങ്ങളിൽ നിന്നും വിദൂര പ്രദേശങ്ങളിൽ നിന്നും വരുന്ന ആളുകൾ ഇന്ത്യൻ സമൂഹത്തിൽ ലയിച്ചിരിക്കുന്നതായും ഈ ഗവേഷണം സൂചിപ്പിക്കുന്നു. ഹാരപ്പക്കാർ ഇറാനിലേക്കും മധ്യേഷ്യയിലേക്കും നീങ്ങാൻ തുടങ്ങിയതോടെ, അവരുടെ ജീനുകളും ക്രമേണ ആ പ്രദേശങ്ങളിൽ വ്യാപിച്ചു. ഇപ്രകാരമാണ് രാഖിഗർഹിയിലെ പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട പുതിയ ഖണ്ഡികയിൽ പറയുന്നത്.

സോഷ്യോളജിയിലും ചരിത്ര പാഠപുസ്തകങ്ങളിലും വരുത്തിയ മാറ്റങ്ങൾ

ആറാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ, ‘ആദിവാസികൾ, ഒരു സുവർണ്ണ കാലഘട്ടത്തിൻ്റെ ദർശനം’ എന്ന തലക്കെട്ടിലുള്ള അധ്യായത്തിൽ “മിഷനറിമാർക്കും ഭൂവുടമകൾക്കും” എതിരായ ബിർസ മുണ്ടയുടെ എതിർപ്പിനെ ചർച്ച ചെയ്യുന്നു. ആ കാലഘട്ടത്തിലെ ഭൂവുടമകളുടെ വൈവിധ്യമാർന്ന സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്ന് ഹിന്ദു എന്ന വാക്ക് നീക്കം ചെയ്തു.

ഏഴാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ, ‘ദൈവത്തിലേക്കുള്ള ഭക്തിപാതകൾ’ എന്ന അധ്യായത്തിൽ, നായനാർ (ശിവഭക്തന്മാരായി ദക്ഷിണാപഥത്തിൽ പ്രാചീനകാലത്തുണ്ടായിരുന്ന 63 വ്യക്തികൾ), ശിവഭക്തരായ സന്യാസിമാരെക്കുറിച്ചുള്ള ഒരു ഭാഗം ഉണ്ട്. കുശവൻമാർ, “തൊട്ടുകൂടാത്ത” തൊഴിലാളികൾ, കർഷകർ, വേട്ടക്കാർ, പട്ടാളക്കാർ, ബ്രാഹ്മണർ, പ്രമാണിമാർ എന്നിങ്ങനെ വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള 63 നായനാർമാരുണ്ടായിരുന്നുവെന്ന് അതിൽ പരാമർശിക്കുന്നു. തൊഴിലാളികൾ, കർഷകർ, വേട്ടക്കാർ, പട്ടാളക്കാർ തുടങ്ങിയ പദങ്ങൾ ജാതിയെക്കാളുപരി സാമൂഹിക വൈവിധ്യത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന ന്യായീകരണത്തോടെ “ജാതി പശ്ചാത്തലങ്ങൾ” എന്ന പദത്തിന് പകരം “സാമൂഹിക പശ്ചാത്തലങ്ങൾ” എന്നാക്കി മാറ്റി.

12-ാം ക്ലാസ് സോഷ്യോളജി പുസ്തകത്തിലെ അഞ്ചാം അധ്യായത്തിൽ (സാമൂഹിക അസമത്വത്തിൻ്റെയും ഒഴിവാക്കലിൻ്റെയും മാതൃകകൾ) ആദിവാസി സമരങ്ങളെക്കുറിച്ചുള്ള ഒരു ഭാഗം ആരംഭിക്കുന്നത്: “പട്ടികജാതിക്കാരെപ്പോലെ, ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള സാമൂഹിക വിഭാഗങ്ങളാണ് പട്ടികവർഗങ്ങളും.” പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ ദാരിദ്ര്യം, അധികാരമില്ലായ്മ, എന്നിവ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം ഇല്ലാതാക്കി. എൻ സി ഇ ആർ ടി ഈ തിരുത്തലിനെ വാക്യം മെച്ചപ്പെടുത്താനുള്ള ചെറിയ ഭാഷാ തിരുത്തൽ എന്ന ന്യായീകരണമാണ്. കൂടാതെ, ആദിവാസി സമരങ്ങൾ എന്ന വിഭാഗത്തിൽ, പശ്ചിമ ഇന്ത്യയിലെ നർമ്മദ നദിയിലെ സർദാർ സരോവർ അണക്കെട്ടും ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിലെ പോളവാരം അണക്കെട്ടും തുടങ്ങിയവ ലക്ഷക്കണക്കിന് ആദിവാസികളെ കുടിയിറക്കുകയും വലിയ ദരിദ്രാവസ്ഥയിലേക്ക് നയിക്കുന്നുവെന്നും പരാമർശിക്കുന്ന യഥാർത്ഥ വാചകവും നീക്കം ചെയ്തു.

12-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിൽ (ഇന്ത്യൻ സൊസൈറ്റി) ആറാം അധ്യായത്തിലെ വർഗീയ കലാപങ്ങൾ ചിത്രീകരിക്കുന്ന ഒരു ചിത്രം “ഇപ്പോൾ പ്രസക്തമല്ല” എന്ന കാരണത്താൽ നീക്കം ചെയ്തു. ആറാം അധ്യായത്തിലെ ‘വർഗീയത, മതേതരത്വം, രാഷ്ട്രം’ എന്ന വിഭാഗത്തിന് കീഴിലുള്ള ഖണ്ടിക ഫോട്ടോയ്‌ക്കൊപ്പമാണ് ആദ്യം നൽകിയിരുന്നത്.

Share on

മറ്റുവാര്‍ത്തകള്‍