UPDATES

ഉത്തരകാലം

അട്ടിമറികളുടെ ആറ്റിങ്ങല്‍

മണ്ഡല പര്യടനം

                       

കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ഡലമാണ് അറ്റിങ്ങല്‍. കേരളത്തിന്റെ തീരങ്ങളും മലനിരങ്ങളും ഉള്‍പ്പെട്ട പ്രദേശമാണ് ആറ്റിങ്ങല്‍ മണ്ഡലം. മത്സ്യബന്ധന മേഖലയും കയര്‍ മേഖലയും ടൂറിസം മേഖലയും മുഖ്യമായും വിഷയമായ മണ്ഡലം കൂടിയാണ് ആറ്റിങ്ങല്‍. ഓരോരു തെരഞ്ഞെടുപ്പിലും വ്യത്യസ്ത പാര്‍ട്ടികളെ പരീക്ഷിക്കുന്നതിന് ഒരു മടിയും കാണിക്കാത്ത വോട്ടര്‍മാരാണ് ആറ്റിങ്ങലില്‍ ഉള്ളത് എന്നുള്ളത് കഴിഞ്ഞകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. രാഷ്ട്രീയത്തിലെ പുതുമുഖങ്ങളും രാഷ്ട്രീയത്തിലെ ആദര്‍ശങ്ങളും എത്രയോ തവണ വിജയിച്ച മണ്ഡലമാണ് ആറ്റിങ്ങല്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗര്‍ജിക്കുന്ന സിംഹമായ വയലാര്‍ രവി വിജയിച്ചത് ഇവിടെ നിന്നാണ്. കോണ്‍ഗ്രസിന്റെ തന്നെ ശക്തനായ നേതാവ് ആര്‍ ശങ്കര്‍ തോല്‍വി അറിഞ്ഞത് കമ്മ്യൂണിസ്റ്റ് നേതാവായ അനിരുദ്ധനോടാണ്. ചിറയിന്‍കീഴ് മണ്ഡലം എന്നാണ് ആദ്യകാലങ്ങളില്‍ ഇവിടം അറിയപ്പെട്ടത്. 2009 മുതലാണ് മണ്ഡലം ആറ്റിങ്ങലായി മാറിയത്. വര്‍ക്കല രാധാകൃഷ്ണനും തലേകുന്നില്‍ ബഷീറും ഇവിടെ ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ട് മാത്രമായിരുന്നു.

ഇടതു കോട്ടയായ ചിറയിന്‍കീഴ് മണ്ഡലം യുവതുര്‍ക്കിയ വയലാര്‍ രവിയിലൂടെ പിടിച്ചെടുത്ത കോണ്‍ഗ്രസ് വലിയ തേരോട്ടമാണ് പിന്നീട് നടത്തിയത്. 1991ല്‍ സുശീല ഗോപാലിനെ കളത്തില്‍ ഇറക്കിയാണ് ഇടതുപക്ഷം മണ്ഡലം പിടിച്ചു വാങ്ങിയത്. ചിറയിന്‍കീഴ് എന്ന മണ്ഡലം ആറ്റിങ്ങലായി മാറിയതിനു ശേഷം അനിരുദ്ധന്റെ മകന്‍ എ സമ്പത്തായിരുന്നു അവിടെ വിജയിച്ചത്. സമ്പത്തിനെ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന്റെ പതാക ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ പറത്തിയത്.

ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ വര്‍ക്കല, ചിറയന്‍കീഴ്, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, അരുവിക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 2019 ലെ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. ശേഷിച്ച ആറ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആയിരുന്നു വിജയിച്ചത്. എല്‍ഡിഎഫിന് ഇത്തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ആത്മവിശ്വാസം വരുവാന്‍ ഇത് ഒരു കാരണമാണ്.

എല്‍ഡിഎഫിന് വേണ്ടി ഇക്കുറി ആറ്റിങ്ങലില്‍ ഇറങ്ങുന്നത് സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയിയെയാണ്. സിറ്റിംഗ് എംപിയായ അടൂര്‍ പ്രകാശാണ് യുഡിഎഫിന് വേണ്ടി ഇത്തവണയും രംഗത്തുള്ളത്. കഴിഞ്ഞ തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്ന് രാഷ്ട്രീയ വിലയിരുത്തുന്നു. ശബരിമല വിഷയം സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ ജനപ്രീതിയും ബിജെപിയുടെ നേട്ടങ്ങള്‍ക്കും കാരണമായി. ഇത്തവണ കേന്ദ്രമന്ത്രി വി മുരളീധരനെയാണ് ബിജെപി ആറ്റിങ്ങലില്‍ പരീക്ഷിക്കുന്നത്. മൂന്നു മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും ശക്തരായതുകൊണ്ട് ശക്തമായ ഒരു മത്സരം ആറ്റിങ്ങലില്‍ ഉണ്ടാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍