കണ്ണൂര്‍ എന്ന് കേട്ടാല്‍ രാഷ്ട്രീയത്തിന് കൂടുതല്‍ വേരോട്ടമുള്ള പ്രദേശം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് കൂടി ആയിരിക്കും ഒരു പക്ഷെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇവിടെ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ ഒരു ഇടതുപക്ഷ കോട്ടയാണോ അതോ വലതുപക്ഷ കോട്ടയാണോ എന്ന് പറയുവാന്‍ സാധിക്കില്ല. എല്ലായിപ്പോഴും വോട്ടര്‍മാരില്‍ വലിയ ചാഞ്ചാട്ടം നമുക്ക് കാണുവാന്‍ സാധിക്കും. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും വലിയ സ്വാധീനമുള്ള പ്രദേശമാണ് കണ്ണൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലം. അതുകൊണ്ടുതന്നെ ഒരു വിഭാഗത്തിന് ഈസി വാക്കോവര്‍ ഇവിടെ ഉണ്ടാകില്ല.
കേരളം മദ്രാസ് ആയിരിക്കുന്ന അവസരത്തില്‍ 1951ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവ് എകെജി പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് കണ്ണൂര്‍. 1957 ല്‍ തലശ്ശേരി മണ്ഡലമായപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എം. കെ. ജിനചന്ദ്രന്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യാത്രാസാഹിത്യകാരന്‍ എസ്.കെ പൊറ്റെക്കാട്ട് 1000 വോട്ടിന് പരാജയപ്പെട്ടു. 1962-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുകുമാര്‍ അഴീക്കോടിനെ 66,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എസ്. കെ. പൊറ്റക്കാട് പരാജയപ്പെടുത്തി. 1967 ല്‍ പാട്യം ഗോപാലനും, 1971 ല്‍ സി. കെ. ചന്ദ്രപ്പനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി.
കേരള സംസ്ഥാന രൂപീകരിച്ചതിനുശേഷമുള്ള 1977 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് സി.കെ. ചന്ദ്രപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1980 ല്‍ കോണ്‍ഗ്രസ് നേതാവ് കെ. കുഞ്ഞാമ്പു കണ്ണൂര്‍ കോട്ട പിടിച്ചടക്കി. 1984, 89, 91 , 96, 98 എന്നീ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ച്ചയായി ജയിക്കുകയായിരുന്നു. 1999 ലെ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ഇടതുപക്ഷത്തിന്റെ യുവതുര്‍ക്കി എ.പി. അബ്ദുള്ളക്കുട്ടി കീഴടക്കി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 ലും അബ്ദുള്ള കുട്ടി തന്നെയാണ് ജയിച്ചത്. ഇതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം ബി.ജെ പിയല്‍ സ്ഥാനം പിടച്ചിരിക്കുകയാണ് ഇപ്പോള്‍.
2009ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയായ കെ. സുധാകരന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ.കെ. രാഗേഷിനെ തോല്‍പ്പിച്ച് പാര്‍ലമെന്റിലെത്തി. 2014ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയായ കെ. സുധാകരനെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ശ്രീമതി ടീച്ചര്‍ തോല്‍പ്പിച്ചു.2019 ല്‍ ശ്രീമതി ടീച്ചറെ തോല്‍പ്പിച്ചാണ് കെ. സുധാകരന്‍ പാര്‍ലമെന്റില്‍ എത്തിയത്.
കേരളത്തിലെ 20 പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ ഇത്തവണ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന ഇടമാണ് കണ്ണൂര്‍ എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇടതു കോട്ട എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ണൂരിനെ വിശേഷിപ്പിക്കുന്നത്. സിപിഎമ്മിന്റെ കരുത്തനായ സാരഥിയായി ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ മത്സര രംഗത്തിറക്കിയിരിക്കുന്നത് മണ്ഡലം തിരിച്ച് പിടിക്കാനാണ്. അതേസമയം കോണ്‍ഗ്രസ് ആകട്ടെ അവരുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റും സിറ്റിങ്ങ് എം പിയുമായ കെ. സുധാകരന്‍ തന്നെ രംഗത്തിറക്കിയിരിക്കുന്നു. സംസ്ഥാന പ്രസിഡന്റിന്റെ തോല്‍വി അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇരു പാര്‍ട്ടികളും അതിശക്തമായി പ്രവര്‍ത്തിക്കും എന്നുള്ള കാര്യത്തില്‍ സംശയവുമില്ല. മുന്‍ കോണ്‍ഗ്രസ് ഡി.ഡി.സി. പ്രസിഡന്റും സാക്ഷാല്‍ പിണറായി വിജയന്റെ തേരോട്ടം തളയ്ക്കാന്‍ യു.ഡി.എഫ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കളത്തിലിറക്കിയ നേതാവായ സി. രഘുനാഥനാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നത് എന്നുള്ളത് എടുത്തു പറയണം. കോണ്‍ഗ്രസ് വോട്ടുകള്‍ക്ക് വിള്ളല്‍ വീഴ്ത്തുക എന്നുള്ളതാണ് ഇതുകൊണ്ട് ബിജെപി ഉദ്ദേശിക്കുന്നതെങ്കില്‍ നേര്‍വിപരീത ഫലമായിരിക്കും സംഭവിക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് സ്ഥാനാര്‍ത്ഥി ആയതോടുകൂടി കഴിഞ്ഞതവണ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ കൂടി കുറയുവാനുള്ള സാധ്യത കണ്ണൂരില്‍ ഉണ്ട്. പരമ്പരാഗത ബിജെപി പ്രവര്‍ത്തകര്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു എന്നുള്ളത് എടുത്തുപറയണം.