കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം കേരള രാഷ്ട്രീയ ചരിത്രത്തില്‍ അത്ഭുതങ്ങളും ഞെട്ടലുകളും ഉണ്ടാക്കിയ സ്ഥലമാണ്. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ സഖാവ് എ കെ ജി വിജയിച്ചത്. ഇതേ മണ്ഡലത്തിലാണ് ഇ കെ നായനാര്‍ തോറ്റത്. അന്ന് ഇ കെ നായനാരെ തോല്‍പ്പിച്ചത് 26 വയസ്സുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനാണ്. ഇന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ ഇടതുപക്ഷത്തോടൊപ്പമാണ് എന്നുള്ളതും, പിണറായി സര്‍ക്കാരില്‍ മന്ത്രിയാണ് എന്നുള്ളതും കാലത്തിന്റെ വികൃതിയായി കാണാം. കാസര്‍ഗോഡ് മണ്ഡലത്തില്‍ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യനായ തൊഴിലാളി നേതാവ് ഇ ബാലാനന്ദനും കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാലും, ബിജെപി നേതാക്കളായ ഒ രാജഗോപാല്‍, കെ.ജി മാരാര്‍, സി കെ പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍ എന്നിവര്‍ തോല്‍വിയുടെ രുചി അറിഞ്ഞത്. ഇത്തരത്തില്‍ മാറിയും മറിഞ്ഞും വ്യത്യസ്ത രാഷ്ട്രീയ നേതാക്കളെ വോട്ടര്‍മാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
മൂന്നുതവണ ഇടതുപക്ഷ മുന്നണി ജയിച്ച മണ്ഡലമാണ് കാസര്‍ഗോഡ്. 2019 ലെ തെരഞ്ഞെടുപ്പില്‍ വളരെ പ്രതീക്ഷയോടെ കൂടിയാണ് ഇടതുപക്ഷം കെ പി സതീഷ് ചന്ദ്രനെ അവിടെ മത്സരിപ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് മുന്നിലായിരുന്നു. എന്നാല്‍ മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൊണ്ടുമാത്രം രാജ് മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് ആണ് ജയിച്ചത്. രണ്ടു മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കുവാന്‍ സാധിച്ചത്, മഞ്ചേശ്വരവും കാസര്‍ഗോഡും. മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് രണ്ടാം സ്ഥാനത്ത് വന്നത് എന്ന് കാണാം. ഏഴ് നിയമസഭ മണ്ഡലങ്ങളുള്ള കാസര്‍ഗോഡ് പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ മഞ്ചേശ്വരവും, കാസര്‍ഗോഡും ഇടതുപക്ഷത്തിനോട് അനുകൂലമായിട്ടല്ല പ്രതികരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കര്‍ണാടകയില്‍ ബിജെപിക്ക് കാര്യമായ സ്വാധീനമുള്ള പ്രദേശമാണ്. അതിന്റെ സ്വാധീനം തീര്‍ച്ചയായും കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍ഗോഡ് മണ്ഡലത്തിന് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ലല്ലോ. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും വോട്ട് നില പരിശോധിച്ചാല്‍ കാസര്‍ഗോഡ് ബിജെപിക്ക് സ്വാധീനമുണ്ട് എന്ന് തന്നെ വിലയിരുത്തണം. കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മലയാളവും കന്നഡയും സംസാരിക്കുന്നവര്‍ക്കാണ് സ്വീകാര്യത കൂടുക. കാസര്‍ഗോഡിന് പുറത്തുള്ള രാജ്‌മോഹന്‍ ഉണ്ണിത്താനെയാണ് കഴിഞ്ഞതവണ പാര്‍ലമെന്റിലേക്ക് അയച്ചത് എന്നുള്ളത് മറച്ചുവെക്കേണ്ടതില്ല. ഇക്കുറി കന്നഡയും മലയാളവും അടക്കം ആറ് ഭാഷകള്‍ അനായാസം സംസാരിക്കുന്ന നഴ്‌സറി സ്‌കൂള്‍ അധ്യാപിക എം എല്‍ അശ്വനിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ എം വി ബാലകൃഷ്ണനും. അദ്ദേഹം കാസര്‍ഗോഡിലെ ജനങ്ങള്‍ക്കിടയില്‍ സജീവമായ പൊതു പ്രവര്‍ത്തകനാണ്. കഴിഞ്ഞ തവണ കാസര്‍ഗോഡിന് പുറത്തുനിന്നു വന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.