February 19, 2025 |

എംപിമാര്‍ക്കിടയിലെ മത്സരം

മണ്ഡല പര്യടനം

രണ്ട് എംപിമാര്‍ തമ്മിലുള്ള മത്സരമാണ് ഇത്തവണ കോഴിക്കോട് പാര്‍ലമെന്റ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി സിറ്റിംഗ് പാര്‍ലമെന്റ് അംഗം എം കെ രാഘവനും ഇടതുപക്ഷത്തിനുവേണ്ടി എളമരം കരീമുമാണ് മത്സര രംഗത്തുള്ളത്. എം കെ രാഘവന്‍ ലോക്‌സഭയിലും എളമരം കരീം രാജ്യസഭയിലുമാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗം. ബിജെപിക്ക് നല്ല സ്വാധീനമുള്ള ഒരു മണ്ഡലം കൂടിയാണ് കോഴിക്കോട്. അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ സുപരിചിതനായ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശിനെയാണ് അവര്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

1952 അച്യുതന്‍ ദാമോദരന്‍ മേനോന്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിക്കുവേണ്ടി ജയിക്കുകയും പാര്‍ലമെന്റിലേക്ക് പോവുകയും ചെയ്തു. 1957 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മണ്ഡലം പിടിച്ചെടുത്തു, കെ പി കുട്ടികൃഷ്ണന്‍ നായര്‍ ആയിരുന്നു വിജയി. തുടര്‍ന്ന് രണ്ടു ടേം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മണ്ഡലത്തിലെ പ്രതിനിധികളെ പാര്‍ലമെന്റിലേക്ക്. സി എച്ച് മുഹമ്മദ് കോയയും, ഇബ്രാഹിം സുലൈമാന്‍ സേട്ടുമായിരുന്നു അവര്‍. 1977 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വി എ സെയ്ത് മുഹമ്മദ് ജയിച്ചപ്പോള്‍ 1980 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഇമ്പിച്ചി ബാവയാണ് ജയിച്ചത്. 1984 ല്‍ കെ ജി അടിയോടിയും 1989 ല്‍ കെ മുരളീധരനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായി. 1996 ല്‍ എം പി വീരേന്ദ്രകുമാര്‍ ജനതാദളിലൂടെ മണ്ഡലത്തിന്റെ പ്രതിനിധിയായി. പക്ഷേ 98 ലും 99ലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2004 വീണ്ടും ജനതാദളിലൂടെ എം പി വീരേന്ദ്രകുമാര്‍ മണ്ഡലം സ്വന്തമാക്കി. തുടര്‍ന്ന് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എം കെ രാഘവനാണ് വിജയിച്ചിട്ടുള്ളത്. ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഉയരുന്നതായി തന്നെ നമുക്ക് കാണാം. 2009ല്‍ 838 വോട്ടിന്റെ സംസ്ഥാനത്തിന്റെ ഏറ്റവും ചെറിയ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കില്‍ 2014 ഭൂരിപക്ഷം 16883 ആയി ഉയര്‍ന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 85,225 വോട്ടായി വീണ്ടും ഉയര്‍ന്നു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും എം കെ രാഘവനായിരുന്നു ഭൂരിപക്ഷം. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കുവാന്‍ സാധിച്ചത്. ശേഷിച്ച ആറു മണ്ഡലങ്ങളിലും എല്‍ഡിഎഫ് വന്‍വിജയം നേടി എന്നതാണ് എളമരം കരീമിന്റെ പ്രതീക്ഷ.

മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് കോഴിക്കോട്. 37% മുസ്ലിം വോട്ടുകളാണ് ഈ മണ്ഡലത്തിലുള്ളത്. അതുകൊണ്ടുതന്നെ മുസ്ലിം വോട്ടുകള്‍ അനുകൂലമാക്കുന്നതിന് വേണ്ടി ഇടതുപക്ഷം കരീമിക്ക എന്നുള്ള പേരില്‍ മണ്ഡലത്തില്‍ വ്യാപകമായി ബോര്‍ഡുകളള്‍ വെച്ചിട്ടുണ്ട്. കോഴിക്കോട് മണ്ഡലത്തില്‍ ജനകീയനായ എം കെ രാഘവന്‍ തന്റെ മൂന്നുതവണത്തെ പാര്‍ലമെന്റ് അംഗമെന്നുള്ള നിലയില്‍ നടത്തിയ വികസനങ്ങള്‍ വോട്ടായി മാറും എന്നാണ് വിശ്വസിക്കുന്നത്. ബിജെപിക്ക് ചെറുതല്ലാത്ത സ്വാധീനമുള്ള മണ്ഡലമാണ്. എം ടി രമേശിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഉള്ള സ്വാധീനവും വോട്ടു ശതമാനം കൂട്ടുമെന്ന പ്രതീക്ഷകളിലാണ് ബി.ജെ.പി.

×