UPDATES

കല

‘കണ്ടിട്ടുണ്ട്’ കണ്ടിട്ടുണ്ടോ…?

അദിതി കൃഷ്ണദാസ് ആണ് സംവിധായിക

                       

ഈ വര്‍ഷത്തെ ഏറ്റവും മികച്ച അനിമേഷന്‍ സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കുമ്പോള്‍ മലയാളികള്‍ക്ക് അതേറെ അഭിമാനകരമായ നേട്ടം. 24 വയസ് മാത്രമുള്ള അദിതി ക്യഷ്ണദാസാണ് ഈ കാര്‍ട്ടൂണ്‍ അനിമേഷന്‍ ചിത്രം 18 മാസം കൊണ്ട് ഒരുക്കിയത്. 2022 ലെ ഐ.ഐ.എഫ്.കെയിലാണ് കേരളത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത അനിമേറ്റര്‍ സുരേഷ് എറിയാട്ടാണ് അദിതി ക്യഷ്ണദാസിനെ കൊണ്ട് ‘കണ്ടിട്ടുണ്ട്’ തയ്യാറാക്കിച്ചത്.

ലോക അനിമേഷന്‍ രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള ഒന്നാം നിര അനിമേറ്ററുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശി സുരേഷ് എറിയാട്ടുണ്ട്. രണ്ട് തവണ സുരേഷ് എറിയാട്ടിന് ദേശീയ ചലചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബോംബെയില്‍ എറിയാട്ട് നടത്തുന്ന സ്വന്തം അനിമേഷന്‍ സ്റ്റുഡിയോ എക്‌സോറസ് ഈ രംഗത്ത് ഏറെ പ്രശസ്തമാണ്. ഒട്ടേറെ വിദേശ ചലചിത്ര അവാര്‍ഡുകളും അംഗീകാരങ്ങളും സുരേഷ് എറിയാട്ടിന് ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് വേണ്ടി സുരേഷ് എറിയാട്ടും കൂട്ടരും ഒരുക്കിയ അനിമേഷന്‍ പരമ്പര ലോക ശ്രദ്ധ നേടിയതാണ്.

പിതാവ് പി.എന്‍.കെ. പണിക്കരെ മുഖ്യ കഥാപാത്രമാക്കി മകനായ സുരേഷ് എറിയാട്ട് തയ്യാറാക്കിയ ‘കണ്ടിട്ടുണ്ട്’ എന്ന അനിമേഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലാന്ന്. ഇതിനാണ് ഇപ്പോള്‍ ദേശിയ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ പി.എന്‍.കെ പണിക്കര്‍ കുട്ടിക്കാലത്ത് തന്റെ ജന്മനാട്ടില്‍ നിന്നും കേട്ട കഥകളാണ് മക്കള്‍ക്ക് പറഞ്ഞു കൊടുത്തത്. പറഞ്ഞ കഥകളായ ആനമറുതയും, ഈനാംപേച്ചിയും, തെണ്ടനും, കുട്ടിച്ചാത്തനും കണ്ടിട്ടുണ്ട് എന്ന അനിമേഷന്‍ ചിത്രത്തിന്റെ ഭാഗമായി. ഇവരെയൊക്കെ കണ്ടിട്ടുണ്ടെന്ന് തട്ടിവിട്ട പിതാവിനെ തന്നെ മുഖ്യ കഥാപാത്രമാക്കി മകന്‍ ഒരുക്കിയ പന്ത്രണ്ട് മിനിറ്റ് കാര്‍ട്ടൂണ്‍ അനിമേഷന്‍ സിനിമ ശിഷ്യ അദിതി ക്യഷ്ണദാസ് ഒരുക്കി മനോഹരമാക്കി.

അദിതി കൃഷ്ണദാസും പി എന്‍ കെ പണിക്കരും

തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷന് സമീപമുള്ള എറിയാട്ട് തറവാട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് പി.എന്‍.കെ. പണിക്കര്‍. പണിക്കരുടെ കഥയെ അടിസ്ഥാനമാക്കി രണ്ട് വര്‍ഷം കൊണ്ട് നിര്‍മിച്ച കണ്ടിട്ടുണ്ട് എന്ന അനിമേഷന്‍ ചിത്രം ഇതിനകം ഇന്ത്യ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് കേരളയടക്കം ഒട്ടേറെ അന്തര്‍ദേശീയ മേളകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ബ്ലാക്ക് ആന്റ് വൈറ്റ് അനിമേഷനാണ് ഈ ചിത്രം എന്നത് കൊണ്ട് തന്നെ വേറിട്ട് നില്‍ക്കുന്നു എന്നത് എടുത്ത് പറയണം.

കണ്ടിട്ടുണ്ട് എന്ന ഹൃസ്വ അനിമേഷന്‍ ചിത്രത്തിന്റെ പിന്നണിയില്‍ ചില്ലറക്കാരല്ല എന്നത് കൊണ്ട് തന്നെ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലാണ് ശബ്ദ സംവിധാനം. കൂടെ വിജയകുമാറും ഉണ്ട്. സുരേഷ് എറിയാട്ട് ക്രിയേറ്റീവ് ഡയറക്ടറായ ചിത്രം സംവിധാനം ചെയ്ത അദിതി കൃഷ്ണദാസ് ആലുവ സ്വദേശിയാണ്. മാധ്യമപ്രവര്‍ത്തകന്‍ കൃഷ്ണദാസിന്റെയും റിട്ടയേര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മിനിയുടെയും മകളാണ് അദിതി. ഡല്‍ഹിയില്‍ അഭിഭാഷകയായ അരുന്ധതി സഹോദരിയാണ്. സുരേഷിന്റെ ഭാര്യയും അനിമേറ്ററുമായ നീലിമ ഏറിയാട്ടാണ് എക്‌സിക്യൂട്ടീവ് പൊഡ്യൂസര്‍. സംഗീത സംവിധാനം നന്ദു കര്‍ത്ത. സുരേഷ് എറിയാട്ട് സംവിധാനം ചെയ്ത് ദേശിയ ചലചിത്ര അവാര്‍ഡ് നേടിയ ഫിഷര്‍വുമണ്‍, ടുക്ക് ടുക്ക്, ടോക്കിരി എന്നീ അനിമേഷന്‍ ചിത്രങ്ങള്‍ വന്‍ ശ്രദ്ധ പിടിച്ചു പറ്റിയവയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍