UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

സ്ത്രീകളേ, കിടക്കയില്‍ എന്തിനീ ശവാസനം?

കായികമായി കൂടുതല്‍ ബലമുള്ള പുരുഷന്‍ തന്നെ കായികമായ ‘അധ്വാനം‘ ഒക്കെ അങ്ങ് ചെയ്യുന്നു. ഈ അധ്വാനം ആണ് അവര്‍ക്ക് സന്തോഷം പകരുന്നത് എന്നും സ്ത്രീ കരുതുന്നു.

                       

പുരുഷന് ലൈംഗീകാനുഭൂതികള്‍ ഇല്ലേ എന്ന ചോദ്യത്തിന് ഉത്തരങ്ങളെക്കാളേറെ മറിച്ചുള്ള ചോദ്യങ്ങളാണ് പലപ്പോഴും നേരിടേണ്ടി വരാറ്. പുരുഷാധിപത്യം ഒട്ടൊക്കെ നാട്ടുനടപ്പായി തന്നെ ശീലിച്ചിട്ടുള്ള ഇന്ത്യന്‍ അവസ്ഥയില്‍ പുരുഷ ലൈംഗികത കായികമായ കരുത്തിന്റെയും ‘ആണ്‍ശീലങ്ങളു’ടെയും ഒക്കെ ബാക്കിയായിട്ടാണ് പലപ്പോഴും പരിഗണിച്ചു പോരുന്നതും. അതായത്, പുരുഷന് ‘ലഭിക്കുക’യാണ് എന്നും സ്ത്രീ’നല്‍കുക’യാണ് എന്നുമുള്ള ധാരണയില്‍മേല്‍ കെട്ടിപ്പൊക്കിയത് തന്നെ. അത്തരമൊരു വ്യവസ്ഥിതിയിലാണ് പുരുഷന് അവന്റെ ‘മൃദു ഇടങ്ങള്‍’ നഷ്ടമാകുന്നതും അക്രമാസക്തനായ പുരുഷന്‍ എന്നതില്‍ മാത്രം പുരുഷ ലൈംഗികത വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നതും.

പുരുഷാധിപത്യ വ്യവസ്ഥിതി ഏറ്റവും അധികം കാംക്ഷിക്കുന്ന, എന്നും ഏറ്റവും കൃത്യമായി നടപ്പിലാക്കിയിട്ടുള്ളതുമായ ഒന്നാണ് സ്ത്രീയുടെ നിഷ്‌ക്രിയത്വം. സ്ത്രീയ്ക്ക് പ്രസവവും അനുബന്ധ ജോലികളുമാണ് കല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. കായികമായി സ്ത്രീയുടെ ചലനങ്ങള്‍ എവിടെയൊക്കെ എങ്ങനെയൊക്കെ എന്ന് അവര്‍ ചിട്ടയായി സ്ഥാപിച്ചു വെച്ച് നടപ്പിലാക്കുന്നു. കുടുംബം എന്ന ചെറിയ കൂട്ടത്തെ ഭക്ഷണം, പാര്‍പ്പിടം, സുരക്ഷ മുതലായവയൊക്കെ കൊടുത്തു പരിപാലിക്കുന്ന പുരുഷനാണ് കായിക ശക്തി കൂടുതല്‍ ഉള്ളതും അധ്വാനം വേണ്ടുന്ന ജോലികള്‍ എടുക്കുന്നതും. ഇത് പുരുഷാധിപത്യ വ്യവസ്ഥിതി പുരുഷന് അനുവദിച്ചു കൊടുത്ത ‘ഉയര്‍ന്ന സ്ഥാന’മാണ്. ഈ സ്ഥാനം കൊണ്ട്, ഈ വ്യവസ്ഥിതി കൊണ്ട് പ്രത്യേകമായി ഒരു വലിയ നഷ്ടം ഉണ്ട്, സമൂഹത്തിനും പുരുഷനും. അത് രൂപമെടുക്കുന്നതാകട്ടെ ലൈംഗീക ഒത്തുചേരലിലുമാണ്.

By Matthew Grabelsky

സ്ത്രീയുടെ മേല്‍ നടത്തുന്ന ‘അധ്വാനം’ ആണ് പുരുഷന്റെ സന്തോഷം എന്നും പുരുഷന്റെ ‘ആവശ്യം’ എന്നും അലിഖിതമായി നാം പാലിച്ചു വരുന്നു. സ്ത്രീ പുരുഷന്‍റെ മേല്‍ ചലനങ്ങള്‍ നടത്തിയാല്‍ അത് പുരുഷന്‍റെ പരാജയമായും അത് കൊണ്ട് തന്നെ അതൊന്നും ആവശ്യമില്ലാത്തതായും കാണപ്പെടുന്നു. കരയാത്ത, ഇക്കിളി ഇല്ലാത്ത, തരള വികാരങ്ങള്‍ ഇല്ലാത്ത കരടിയെപ്പോലെ രോമാവൃതരോ മുട്ടത്തോട് പോലെ മിനുസമുള്ള മസില്‍മാന്മാരിലോ ആണല്ലോ നമ്മുടെ ഉത്തമ ആണത്തം. ആ ആണിനും തന്റെ ശരീരത്തിലെ മൃദു ഇടങ്ങളില്‍ ഇണയുടെ സാമീപ്യം അറിയണം എന്നൊക്കെ തോന്നുമോ? തോന്നാമോ? തോന്നുമെന്നും തോന്നണമെന്നും അത് നിറവേറ്റപ്പെടേണ്ട ആവശ്യം ആണ് എന്നും ആരാണ് നമ്മുക്കൊന്നു പറഞ്ഞു തരിക? നമ്മുടെ ചുറ്റിനും ഉള്ള ആരോഗ്യ മാസികകള്‍, ടിവിയിലെ പരിപാടികള്‍, ചര്‍ച്ചകള്‍ ഇവയിലൊക്കെ ലൈംഗീകത വിഷയമാകുമ്പോള്‍ സ്ത്രീയെ ഒരു ഗുണഭോക്താവായാണ് ചിത്രീകരിക്കുന്നത്. പുരുഷന് വേണ്ട എന്തോ ഒന്ന് പുരുഷന്‍ ‘നേടുന്നു’ എന്നും അതിന്റെ ഒരു ഭാഗമായി സ്ത്രീയെ ഉപയോഗിക്കുമ്പോള്‍ സ്ത്രീയ്ക്കും ചിലതൊക്കെ ‘കൊടുക്കണം’ എന്നും ഒക്കെയാണ് കാഴ്ചപ്പാട്. സ്ത്രീയ്ക്ക് എന്തോ വേണമെന്നും, ആ വേണ്ടതൊന്നും കിട്ടുന്നില്ല എന്നും പുരുഷന്മാര്‍ അവരുടെ കാര്യം നോക്കി ധൃതിയില്‍ കാര്യം കഴിച്ചിട്ട് തിരിഞ്ഞു കിടന്നുറങ്ങുന്നു മുതലായ ക്ളീഷേ പരാമര്‍ശങ്ങളും മറ്റും പല ചര്‍ച്ചകളിലും കേള്‍ക്കാം. സ്ത്രീയുടെ ഉണര്‍വ്വുകളെ, ഉണ്ടാകാവുന്ന തൃഷ്ണകളെ, അതിന്റെ സാധ്യതയെ തന്നെ പുരുഷാധിപത്യ സമൂഹം പാടെ കണ്ടില്ലായെന്നു നടിക്കുകയും മതം എന്ന മാരകായുധം ഉപയോഗിച്ച് അത് അടിച്ചമര്‍ത്തി വെയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നത് പരമാര്‍ത്ഥം ആണെന്ന് അംഗീകരിക്കുന്നു. പക്ഷെ സ്ത്രീയെ വെറുമൊരു വസ്തുവോ, ഭാര്യ /കാമുകി തുടങ്ങിയ വെറുമൊരു സ്ഥാനമോ ആയി കാണാത്ത പുരുഷന്മാര്‍ പോലും തന്റെ ഇണയായ സ്ത്രീയില്‍ നിന്നും നിര്‍ഭാഗ്യകരമായ ചില അനീതികള്‍ നേരിടേണ്ടി വരുന്നില്ലേ? പുരുഷാധിപത്യ വ്യവസ്ഥിതി സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരെയും ചങ്ങലകളില്‍ ഇട്ടിട്ടുണ്ട്. എന്നാണ് നമ്മുടെ പുരുഷന്മാര്‍ അവരുടെ നഷ്ടങ്ങളുടെ അളവ് തിരിച്ചറിയുക?

By Deedee Cheriel

ഇതിങ്ങനെ ആയിത്തീര്‍ന്നത് പുരുഷന്‍റെ അറിവില്ലായ്മയും സ്ത്രീയുടെ കര്‍ത്തവ്യനിര്‍വ്വഹണ പരിധികളും ചേര്‍ന്നാണ് എന്ന് കരുതുന്നു. ലൈംഗീക ഒത്തുചേരലില്‍ സ്ത്രീകള്‍ നല്ലൊരു ശതമാനവും ശവാസനത്തില്‍ ആണ്. അല്ലെങ്കില്‍ അങ്ങനെയാകണം എന്നാണ് സ്ത്രീയെ സമൂഹം പഠിപ്പിക്കുന്നത്. കായികമായി കൂടുതല്‍ ബലമുള്ള പുരുഷന്‍ തന്നെ കായികമായ ‘അധ്വാനം’ ഒക്കെ അങ്ങ് ചെയ്യുന്നു. ഈ അധ്വാനം ആണ് അവര്‍ക്ക് സന്തോഷം പകരുന്നത് എന്നും സ്ത്രീ കരുതുന്നു. ഒരു ചെറു വിരല്‍ എങ്കിലും അനക്കിയാല്‍ അത് തന്റെ മാന്യതയെ, സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന എന്തോ ആയി പോകുന്നില്ലേ എന്നൊരു സംശയം. അങ്ങനെയാണ് സമൂഹം. സ്ത്രീ ചലിച്ചാല്‍ അവളില്‍ എവിടെയോ ഒരു അസന്മാര്‍ഗ്ഗി ഇല്ലേ എന്നും, ഇതൊക്കെ ഇവള്‍ക്ക് എവിടുന്നു അറിയാം എന്നും, അവളുടെ സ്വഭാവശുദ്ധിയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നു കേള്‍ക്കും. സ്ത്രീയുടെ ‘പെര്‍ഫോമന്‍സ്’ ഇണചേരലില്‍ ഒരു ടാബൂ ആക്കി വെച്ചിരിക്കുന്നതാണ് ഇതിന്റെ അടിസ്ഥാനം. ലൈംഗീക സാഹചര്യങ്ങളില്‍ എല്ലാം നിഷ്‌ക്രിയത്വം ആണ് സ്ത്രീയ്ക്ക് ഭൂഷണം എന്ന സദാചാരമാണ് ഭാരത സ്ത്രീകളില്‍ അവര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

പുരുഷന്മാരുടെ ലൈംഗികത സ്ഖലനവും ലിംഗാഗ്രവുമായി മാത്രം ബന്ധപ്പെട്ടുള്ളതാണ് എന്നൊരു പൊതുവായ ധാരണയുണ്ട്. അതായത് പുരുഷ ലൈംഗികതയെ എല്ലായ്പ്പോഴും കായികമായ കരുത്തിനുള്ളില്‍ മാത്രം വിലയിരുത്തുന്നു എന്നു നേരത്തെ സൂചിപ്പിച്ച കാര്യം തന്നെ. സ്ത്രീയുടെ ആവശ്യങ്ങള്‍ അഭിമുഖീകരിക്കപ്പെടുന്നില്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞു വെയ്ക്കുന്നതും പുരുഷന് അങ്ങനെ പ്രത്യേകിച്ച് ആവശ്യങ്ങള്‍ ഒന്നും ഇല്ലാ എന്നുള്ള വാദവും സ്ത്രീകളുടെ മേലുള്ള ആധിപത്യം ഉറപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ നഷ്ടങ്ങള്‍ രണ്ടു കൂട്ടര്‍ക്കും ഒരുപോലെയാണ് എന്നതാണു വാസ്തവം. സ്ത്രീയ്ക്ക് വേണ്ടത് ലഭിക്കുന്നില്ല എന്ന സത്യം മുന്നില്‍ നിര്‍ത്തിക്കൊണ്ട് തന്നെ പുരുഷന്മാര്‍ക്കും അവര്‍ക്ക് കിട്ടേണ്ടത് ഒന്നും കിട്ടുന്നില്ല എന്ന വാസ്തവത്തെ അഭിമുഖീകരിക്കണം. പുരുഷാധിപത്യ വ്യവസ്ഥിതിക്ക് അകത്തു നില്‍ക്കാത്ത പുരുഷന്മാര്‍ ചിലരെങ്കിലും സ്ത്രീകളുടെ ലൈംഗീക സ്വാതന്ത്ര്യവും മറ്റും സ്വീകരിക്കുമ്പോഴും ആ പുരുഷ ലൈംഗികതയ്ക്ക് എന്തെങ്കിലും വേണോ എന്ന കാര്യത്തില്‍ തന്നെ ആ സ്ത്രീകളും അജ്ഞരാണ്.

മൂന്നോ നാലോ ഒക്കെ ‘കാമുകിമാര്‍’ ഉണ്ടായിട്ടുള്ള പുരുഷന്മാര്‍ക്കും അവരുടെ ശരീരത്തില്‍ സ്പര്‍ശനത്തിലൂടെ ഉദ്ധാരണവും അനുഭൂതികളുമൊക്കെ ഉണ്ടാവും എന്നത് അറിയാതിരിക്കുന്ന അവസ്ഥയുണ്ട്. പുരുഷ ശരീരത്തില്‍ പര്യവേക്ഷണം നടത്താനും ഇതില്‍ സജീവമായി തന്നെ ഇടപെടാനും സ്ത്രീകള്‍ മുതിരണം. ഇണചേരലില്‍ പങ്കാളിത്തം ഭാരത സ്ത്രീ തന്‍ ഭാവ ശുദ്ധിയായ ശവാസനം അല്ല, കായികമായത് തന്നെയാണ്; ഒപ്പം അതില്‍ പുരുഷനും അവകാശമുണ്ട്. കാലിന്റെ വിരലുകളില്‍ തുടങ്ങി ഒരു യാത്രപോലെ ഓരോ മടക്കിലും ഓരോ ബിന്ദുവിലും പുരുഷ ശരീരത്തിലും വികാരങ്ങള്‍ ഒളിപ്പിച്ച ഇടങ്ങള്‍ ഉണ്ട്. ആ ഓരോ ഇടങ്ങളിലും ഇണയുടെ സാമീപ്യം ഉണ്ടാകണമെന്നത് പുരുഷന്റെ കൂടെ അവകാശം ആണ്.

ഇണചേരുമ്പോള്‍ പരസ്പരം പ്രണയത്തില്‍ ഏര്‍പ്പെട്ടവര്‍ ആണെങ്കില്‍ കൂടെയും സ്ത്രീയൊരു ജഡം പോലെ തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നത് നിരാശാജനകമായ അനീതിയാണ്. പ്രത്യുത്പാദനത്തിനു വേണ്ടി മാത്രമല്ല മനുഷ്യനു ലൈംഗീകത എന്ന് തിരിച്ചറിഞ്ഞിട്ടും അതിലും ലിംഗ അസമത്വം ശീലിച്ചു വരുന്നത് നമ്മുടെ സമൂഹത്തെ ഒരിക്കലും മുന്നോട്ടു നയിക്കുകയുമില്ല.

ഒന്നും അടിച്ചേല്‍പ്പിക്കുവാന്‍, അല്ലെങ്കില്‍ പിടിച്ചു വാങ്ങാന്‍ ഉള്ളൊരു പോര്‍വിളിയല്ല ഇത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും, ഒരു പരിധി വരെ എങ്കിലും, ആവശ്യങ്ങള്‍ ഒരുപോലെയാണ്, അത് രണ്ടുപേരും പരസ്പരം അറിഞ്ഞു ചെയ്യുന്നതല്ലേ നീതി?

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍