UPDATES

“ഒരുപാട് സ്വപ്നം കണ്ട ജോലി, പിന്മാറാൻ തയ്യാറല്ല”

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് രക്ഷപെട്ട മലയാളി യുവതി

                       

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിലെ ജീവനക്കാരിൽ ഒരാളായ മലയാളി ആൻ ടെസ്സ ജോസഫ് നാട്ടിൽ എത്തി. ഇസ്രയേൽ ഇറാൻ പിരിമുറുക്കങ്ങൾ തുടരുന്നതിനിടയിലാണ് ഒമാൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സൈന്യം ഇസ്രയേലിന്റെ ചരക്ക് കപ്പൽ പിടിച്ചെടുത്തത്. കൊച്ചി വിമാനത്താവളത്തിലാണ് ആൻ ടെസ്സ ജോസഫ് എത്തിയത്. കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്. മറ്റ് 16 പേരെ ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പുനൽകി. ഇവരിൽ 4 പേർ മലയാളികൾ ആണ്.

കപ്പലിലെ 25 ഓളം ജീവനക്കാരിൽ ഒരൊറ്റ വനിത ആയിരുന്നു ആൻ ടെസ്സ.തൻ്റെ മോചനം അപ്രതീക്ഷിതമായിരുന്നുവെന്ന് ആൻ ടെസ്സ ജോസഫ് ഇന്ത്യൻ എക്സ്പ്രസിനോട്പറയുന്നു. “ബുധനാഴ്‌ച വൈകുന്നേരം, നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന് പുറത്തുകടക്കാൻ പാക്ക് അപ്പ് ചെയ്ത് ഒരുങ്ങാൻ എന്നോട് പറഞ്ഞു. അത് അപ്രതീക്ഷിതമായിരുന്നു. 25 അംഗ ക്രൂവിൽ ഞാൻ ഏക സ്ത്രീയായതിനാലാണ് എന്നെ വിട്ടയച്ചത്. കപ്പലിൽ നിന്ന് അവർ എന്നെ ഒരു പൈലറ്റ് ബോട്ടിൽ കരയിലേക്ക് കൊണ്ടുപോയി. കേരളത്തിലേക്കുള്ള യാത്രയുടെ ബാക്കി റൂട്ട് വെളിപ്പെടുത്തരുതെന്ന് എന്നോട് പറഞ്ഞു, ”അവർ പറഞ്ഞു.

തൃശൂർ സ്വദേശിയായ ആൻ ടെസ്സ ഒമ്പത് മാസം മുമ്പാണ് എംഎസ്‌സി ഏരീസിൽ ക്രൂ അംഗമായി ചേർന്നത്. ഏപ്രിൽ 13നാണ് കപ്പൽ ഇറാൻ അധികൃതർ പിടിച്ചെടുത്തത്. 17 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

തൻ്റെ ആദ്യ ജോലിയാണിതെന്ന് ബിഎസ്‌സി നോട്ടിക്കൽ സയൻസ് ബിരുദധാരി കൂടിയായ ടെസ്സ പറയുന്നു. “ഈ സംഭവം ഈ തൊഴിലിൽ ചെയ്യുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചിട്ടില്ല. ഈ ജോലി എൻ്റെ സ്വപ്നമായിരുന്നു. ഇത്തരത്തിലുള്ള സംഭവവികാസങ്ങളും അനുഭവങ്ങളും പ്രതീക്ഷിച്ചാണ് ഞാൻ ഈ തൊഴിലിൽ ചേർന്നത്. പേടിക്കുന്നതിനോ ജോലി ഉപേക്ഷിക്കുന്നതിനോ പകരം ജീവിതത്തിലും തൊഴിലിലും മുന്നോട്ടു കൊണ്ടുപോകണം. എനിക്ക് പൂർണ്ണ പിന്തുണ നൽകുന്നത് എൻ്റെ കുടുംബമാണ്. ”അവർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട്‌ ചെയ്യുന്നു.

കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്ത ദിവസം ഓർത്തെടുത്ത ആൻ ടെസ്സ പറഞ്ഞു, “ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ഞങ്ങൾ അറിഞ്ഞിരുന്നില്ല. അന്ന് രാവിലെ (ഏപ്രിൽ 13 ന്) കപ്പൽ പിടിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചു. ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ തയ്യാറെടുക്കുന്ന ഞാൻ ക്യാബിനിലായിരുന്നു. ഞങ്ങളെ എല്ലാവരെയും ഡെക്കിലേക്ക് കൊണ്ടുപോയി, അവിടെ ഞങ്ങളുടെ എല്ലാ ഫോണുകളും സൈന്യം പിടിച്ചെടുത്തു. തുടർന്ന്, ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ ക്യാബിനുകളിലേക്ക് മടങ്ങാൻ അനുവദിച്ചു, ”അവൾ പറഞ്ഞു.

ഒരു ഇസ്രയേലി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ഒരു സ്വിസ് കമ്പനിയുടെ പ്രവർത്തനത്തിനായി പാട്ടത്തിനെടുത്തതായി റിപ്പോർട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ട ഇറാൻ എംബസിയിൽ ഏപ്രിൽ 1 ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുന്നതിന് ഇറാൻ ഉദ്യോഗസ്ഥർ പ്രത്യേക കാരണങ്ങളൊന്നും

പറഞ്ഞില്ലെന്നു ആൻ പറഞ്ഞു. “ആദ്യം, ഞങ്ങൾ അവരുടെ അതിർത്തി ലംഘിച്ചുവെന്ന് പറഞ്ഞു. പിന്നീടാണ് ഞങ്ങളുടെ കപ്പൽ ഇസ്രായേലുമായി ബന്ധമുള്ളതിനാൽ പിടിച്ചു വച്ചിരിക്കുന്നതെന്ന് പറഞ്ഞു,” സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റം സൗഹാർദ്ദപരമായിരുന്നുവെന്ന് ആൻ പറഞ്ഞു. “അവർ ഞങ്ങളെ ഭക്ഷണം പാകം ചെയ്യാൻ അനുവദിച്ചു. അവരുടെ ഭാഗത്ത് നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കപ്പൽ പിടിച്ചെടുത്ത് രണ്ട് ദിവസത്തിന് ശേഷം, ഞങ്ങളുടെ ഫോണുകൾ തിരികെ നൽകി, ഞങ്ങൾ സുരക്ഷിതരാണെന്ന് വീടുകളിൽ അറിയിക്കാൻ ഞങ്ങളെ അനുവദിച്ചു, ”ആൻ പറഞ്ഞു.

English Summary: Kerala resident Ann Tessa Joseph returns from Israel-linked ship seized by Iran

Share on

മറ്റുവാര്‍ത്തകള്‍