സംസ്ഥാന സ്‌കൂൾ കലോത്സവം നിലവിളക്കു കൊളുത്തി ഉത്‌ഘാടനം നിർവഹിക്കുമ്പോൾ പശ്ചാത്തലത്തിൽ മുഴങ്ങിക്കേട്ടത് ഗായത്രി മന്ത്രം. വേദമന്ത്രം ചൊല്ലി പരിപാടികൾ തുടങ്ങൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പതിവാണെങ്കിലും കേരളത്തിലെ സർക്കാർ- പൊതു പരിപാടികളിൽ ഇതു സ്ഥാനംപിടിച്ചത് എന്നുമുതലാണെന്നറിയില്ല. ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കേണമേ എന്ന സൂര്യ ഭഗവാനോടുള്ള പ്രാർത്ഥനയിൽ പല അർത്ഥങ്ങളും നന്മകളും കാണുന്നവരുണ്ടാകാം. പക്ഷേ അത് തീർച്ചയായും ഒരു പ്രത്യേക ദൈവ സങ്കല്പത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സർക്കാർ-പൊതു പരിപാടികൾക്ക് സെക്യുലർ സ്വഭാവം തന്നെയാണ് ഉണ്ടായിരിക്കെണ്ടത്.
കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയൻ യോഗങ്ങൾക്കടക്കം രാജവന്ദനം പാടി തുടങ്ങണമെന്ന നിഷ്കർഷതയുണ്ടായിരുന്നു. ഇത്തരം രാജ ദൈവ വന്ദനങ്ങൾ പെട്ടന്നൊരു സുപ്രഭാതത്തൽ കൊഴിഞ്ഞു പോയതല്ല. പോരാട്ടങ്ങളിലൂടെ നിർമിച്ചെടുത്തതാണ് അപൂർണമെങ്കിലും ഒരു സെക്യുലർ സ്വഭാവം. അത് അങ്ങനെ തന്നെ നിലനിർത്തുകയെങ്കിലും ചെയ്യേണ്ടുന്നത് ജനാധിപത്യത്തിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമാണ്.
‘ഇന്ത്യനൈസ്ഡ്’-‘സ്പിരിച്വലൈസ്ഡ്’ വിദ്യാഭ്യാസം നിർബന്ധിതമാക്കാനുള്ള ബിജെപി -ആര്‍എസ്എസ് അജണ്ടയുടെ പ്രധാന ഭാഗമാണ് ഈ ഗായത്രി മന്ത്രം. പല സംസ്ഥാനങ്ങളിൽ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവും വന്നതാണ്. ഇന്ത്യ എന്ന ജ്യോഗ്രഫിക്കൽ ലൊക്കേഷനിൽ എല്ലാവരും ആലപിക്കുന്ന ഒന്നാണ് ഗായത്രി മന്ത്രം എന്നാണ് ആര്‍എസ്എസിന്റെ കീഴിലുള്ള നൂറു കണക്കിന് വിദ്യാഭാരതി സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിച്ചുവച്ചിരിക്കുന്നത്. അഖണ്ഡ ഭാരതത്തിലെ സാംസ്കാരിക ചിഹ്നങ്ങളിൽ പശു, ഗംഗ, താമര, സ്വസ്തിക എന്നിവയോടെപ്പം ഗായത്രി മന്ത്രവുമുണ്ട്.
മുൻവര്‍ഷങ്ങളിൽ വാദ്യോപകരണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്‌ഘാടനം നിർവഹിക്കപ്പെട്ട കലോത്സവങ്ങളിൽ ഗായത്രി മന്ത്രം കടന്നു വന്നത് അതുകൊണ്ടു തന്നെ ഒരു നിഷ്കളങ്ക പ്രവൃത്തിയായി കാണാനാകില്ല. യോഗയെപ്പോലെ പതിയെ പതിയെ സെകുലർ ശരീരത്തിൽ കയറിക്കൂടി എല്ലാ മതവിശ്വാസികൾക്കും വിശ്വാസികൾ അല്ലാത്തവർക്കും കേൾക്കേണ്ടിയും പാടേണ്ടിയും വരുന്ന ഒന്നായി ഇതും കാലക്രമേണ മാറും.
കലോത്സവ പരിപാടികളുടെ ചുമതല പലർക്കും വിഭജിച്ച് കൊടുത്തിട്ടുണ്ടായിരിക്കാം. പക്ഷെ അതിന്ടെ സ്വഭാവം എങ്ങിനെയായിരിക്കണമെന്നത് കൃത്യമായി മോണിറ്റർ ചെയ്യപ്പെടേണ്ടതാണ്. ഇടതുപക്ഷം ഭരിക്കുമ്പോൾ പ്രത്യേകിച്ചും.
“തങ്ങള്‍ക്ക് യോജിക്കാത്തത് എഴുതുന്നവര്‍ എഴുത്ത് നിര്‍ത്തണം, യോജിക്കാന്‍ കഴിയാത്ത ചിത്രങ്ങള്‍ വരയ്ക്കുന്നവര്‍ ചിത്രരചന നിര്‍ത്തണം, ഇഷ്ടമല്ലാത്ത സിനിമകള്‍ ചെയ്യുന്നവര്‍ സിനിമ നിര്‍ത്തണം, ഇഷ്ടപ്പെടാത്ത പാട്ടുകാര്‍ പാട്ട് നിര്‍ത്തണം എന്നെല്ലാം ചിലര്‍ കല്‍പ്പിക്കുന്നു. ജനാധിപത്യത്തിനുമേല്‍ ഫാസിസത്തിന്റെ പ്രവേശനമാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് നാം മനസ്സിലാക്കണം. ഇവിടെ ജീവിതം നഷ്ടപ്പെട്ട ധബോല്‍ക്കര്‍, കലബുര്‍ഗി, ഗോവിന്ദപന്‍സാരെ, രാജ്യം ഉപേക്ഷിക്കേണ്ടിവന്ന എം എഫ് ഹുസൈന്‍, പാട്ടുപാടാന്‍ അവസരം നിഷേധിക്കപ്പെട്ട ഗുലാം അലി, എഴുത്ത് അവസാനിപ്പിക്കേണ്ടിവന്ന പെരുമാള്‍ മുരുഗന്‍ ഇവരെല്ലാം ഫാസിസത്തിന്റെ ഭീഷണി നേരിട്ടവരാണ്. ഒടുവിലായി സംവിധായകന്‍ കമലിനെയും സര്‍വാദരണീയനായ എം ടി വാസുദേവന്‍ നായരെയും ഉള്‍പ്പെടെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നു. അത്തരക്കാരെ ചെറുത്തുതോല്‍പ്പിക്കാനുള്ള മാര്‍ഗം കൂടുതല്‍ ശക്തിയോടെ സര്‍ഗാവിഷ്കാരങ്ങളെ പ്രകടിപ്പിക്കുക എന്നതാണ്” – ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് (ആവിഷ്കാര സ്വാതന്ത്യ്രം തടയുന്നത് ഫാസിസം: മുഖ്യമന്ത്രി) ചെയ്തിരിക്കുന്നതാണ്. ഇത് കൂടി കൂട്ടി വായിക്കുമ്പോഴാണ് സ്കൂള്‍ കലോത്സവത്തില്‍ ഗായത്രി മന്ത്രം ചൊല്ലിച്ചതിന്റെ വൈരുദ്ധ്യം മനസിലാകൂ.
(മൈത്രി ജെഎന്‍യുവില്‍ നിന്ന്‍ യൂറോപ്യന്‍ സ്റ്റഡീസില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)