UPDATES

ഓഫ് ബീറ്റ്

കുടിയന്റെ ഭാര്യയല്ലാത്ത സ്ത്രീക്കും സദാചാരമലയാളിയോട് ചിലത് പറയാനുണ്ട്

കേരളത്തില്‍ സ്ത്രീകളെ മദ്യപാനയിടങ്ങളില്‍ നിന്നും ഒഴിവാക്കുന്നത്, തുല്യപങ്കാളികളെന്ന നിലക്കല്ലാതെ, വിനോദത്തിന്റെ ഇടങ്ങളില്‍ നിന്നും തുടച്ചുമാറ്റുന്നതില്‍ അടങ്ങിയ ഒന്നുതന്നെയാണ് എന്നു മദ്യപിക്കുന്ന സ്ത്രീകള്‍ എന്ന നിലയില്‍ ഞങ്ങള്‍ കരുതുന്നു

                       

മദ്യനിരോധനത്തിലേക്കുള്ള കേരളത്തിന്റെ നീക്കം വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തുന്നത്. മദ്യാസക്തി ഒരു സാമൂഹ്യപ്രശ്നവും അതിന് നിരോധനം ഒരു പരിഹാരമാണോ അല്ലയോ എന്നുമൊക്കെ ചര്‍ച്ചകള്‍ നടക്കുന്നു. നിരോധനം കൊണ്ട് മദ്യം അപ്രത്യക്ഷമാകില്ലെന്നതിന് ഉദാഹരണങ്ങളും നിരവധി. മിക്കപ്പോഴും, വ്യാജമദ്യവും, മദ്യമാഫിയയും തഴച്ചുവളരുന്നതിന് മാത്രമാണ് ഇതിനിടവരുത്തുന്നത്. കുടിക്കുന്ന സാധനവും അതിന്റെ ഗുണവുമൊക്കെ ഒരു തെരഞ്ഞെടുപ്പ് എന്നതിനപ്പുറം നിയമപരതയുടെ കരിമ്പടത്തില്‍ പൊതിഞ്ഞുകെട്ടുന്നു. കുടിയുടെ ഇരുണ്ട ആഭിചാര വിലോഭനീയതയെ പെരുപ്പിച്ചുകാണിക്കാന്‍ മാത്രമാണ് ഇതുപകരിക്കുക. എന്തുകൊണ്ടാണ് ഭരണകൂടം ഇത്തരത്തിലൊരു പ്രതിഫലേച്ഛയില്ലാത്ത ദയാപൂര്‍വ്വമുള്ള നടപടിക്ക് തുനിയുന്നത്? നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ കോണുകളിലേക്കും നുഴഞ്ഞിറങ്ങുന്ന ഒരു ഭരണകൂടസംവിധാനത്തെ കുറിച്ചാണ് സംസാരിക്കുന്നത് എന്നുകൂടി ഓര്‍ക്കണം. ഒരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടു സുഹൃത്തുക്കളെ പോലീസ് തടഞ്ഞുവെക്കുകയും  പീഡിപ്പിക്കുകയും ചെയ്തത് ഒരാള്‍ ആണും മറ്റേയാള്‍ പെണ്ണും ആയതിനാലാണ്. കൃഷി ചെയ്തു എന്നതിന്റെ പേരിലാണ് വയനാടുള്ള ഒരു സാമൂഹ്യപ്രവര്‍ത്തകനെ മാവോവാദി ബന്ധമാരോപിച്ച്പൊലീസ് പിടികൂടിയത്. നിങ്ങള്‍ക്കൊരു ‘മുസ്ലീം’ പേരാണുള്ളതെങ്കില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് കൊലപാതകത്തെക്കാള്‍ വലിയ കുറ്റമാണ്.

ഈ യുക്തിയനുസരിച്ചാണെങ്കില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ യാതൊരു വിലക്കുമില്ലാതെ നടത്തുന്ന ഭരണകൂടം, പൌരന്മാരുടെ ഉപഭോക്തൃ രീതികള്‍ നിശ്ചയിക്കുന്നതാകും അടുത്ത നടപടി.  ജനസംഖ്യയുടെ നല്ലൊരു ഭാഗം ആളുകള്‍ (ആണുങ്ങള്‍) മദ്യപിക്കുന്ന കേരളത്തില്‍ വിമത ശബ്ദങ്ങളും പ്രതീക്ഷിക്കേണ്ടതല്ലേ? പക്ഷേ, കേരളത്തിലെ മദ്യപാനത്തിന്റെ പൊതുചിത്രം സദാചാരത്തിന്റെയും, സാമ്പ്രദായിക ആണ്‍കോയ്മയുടെയും, മാറാലയില്‍ കുടുങ്ങിക്കിടക്കുകയാണ്; അതില്‍ വിമത ശബ്ദങ്ങള്‍ അത്ര എളുപ്പമല്ല. ജെ. ദേവിക പറയുന്നതു പോലെ,“നിരോധന നീക്കത്തിനെതിരെ വാദിക്കാന്‍ തുടങ്ങുമ്പോഴേക്കും ഒരു യാഥാസ്ഥിതിക പരിശുദ്ധവാദത്തിന്റെ ആക്രമണം എന്റെ നേര്‍ക്ക് വരുന്നത് എനിക്കിപ്പോള്‍ത്തന്നെ അറിയാന്‍ കഴിയും.”അതുകൊണ്ടുതന്നെ ദേവികയടക്കമുള്ളവര്‍ ഉയര്‍ത്തിയ വാദങ്ങളെ നാമിവിടെ ഒന്നുകൂടി പറയേണ്ടതുണ്ട്. മറ്റൊന്നിനുമല്ലെങ്കില്‍പ്പോലും കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ നിരോധനത്തിനെതിരെ സംസാരിക്കുക എന്തുകൊണ്ട് ഇത്രയേറെ കഠിനമാകുന്നു എന്നറിയാനെങ്കിലും അവയില്‍ ചിലത് സൂക്ഷ്മമായി പരിശോധിക്കേണ്ടതുമുണ്ട്. നിരോധനത്തിനെതിരെ കേരളത്തില്‍ ഇപ്പോള്‍ ഉയരുന്ന ചില സംവാദങ്ങളെയും, സ്ത്രീകളെക്കുറിച്ചും അവര്‍ക്ക് മദ്യവുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള ചില പൊതുപ്രചാരമുള്ള ചിത്രീകരണങ്ങളും അടയാളപ്പെടുത്തിക്കൊണ്ടും പിന്നെ കേരളത്തിലെ ലിംഗവിവേചനഭരിതമായമദ്യപാനയിടങ്ങളെക്കുറിച്ചും പറഞ്ഞ്  നമുക്ക് തുടങ്ങാം. പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെന്ന് തോന്നാമെങ്കിലും, മദ്യപിക്കുന്ന സ്ത്രീകളുടെ ചിത്രീകരണവും, കേരളത്തിലെ മദ്യപാനത്തിനുള്ള പൊതുവിടങ്ങള്‍ ലിംഗവിവേചനം നിറഞ്ഞതും,നിരോധനത്തിന് വേണ്ടിയുള്ള സംവാദങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളേയും മദ്യത്തെയും കുറിച്ചുള്ള സദാചാരപരമായ ധാരണയില്‍ കൂടിക്കുഴഞ്ഞുകിടക്കുന്നതും, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഞങ്ങള്‍ സമര്‍ത്ഥിക്കുന്നത്.


Image by Hope Gangloff

ഡോക്ടര്‍. ജയശ്രീ ഈയടുത്ത് ഒരു ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചപോലെ, മദ്യത്തെ ‘സദാചാരവിരുദ്ധം’ എന്ന തലത്തില്‍ നിര്‍ത്തുന്നത് അപ്രാപ്യതയില്‍ നിര്‍ത്തി അതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന വിപണിയുടെ യുക്തിയുമായി ഒത്തുപോകുന്നു. നിരോധനം അതിനെ കൂടുതല്‍ അത്തരത്തിലുള്ളതാക്കും. അവരെ സംബന്ധിച്ചു പ്രശ്നത്തിന്റെ കാതലിതാണ്. സദാചാരവും കുറ്റകൃത്യാഭിമുഖ്യവും തമ്മിലുള്ള  കൂട്ടുകെട്ടില്‍ നിന്നുമുണ്ടാകുന്ന സാമ്പത്തിക, അധികാര സമവാക്യങ്ങളുമായുള്ള ബന്ധം മദ്യം വേര്‍പ്പെടുത്തുകയും, അതിനെ സാധാരണ തലത്തിലേക്ക് കൊണ്ടുവരികയും വേണം. നിരോധനത്തിനുള്ള ചര്‍ച്ചകളില്‍,ആരോഗ്യ പ്രശ്നങ്ങളോടൊപ്പം, സ്ത്രീകളെയും, അവരുടെ ക്ഷേമത്തെയും ഒരു പ്രധാന ഉത്തേജകമായി എടുത്തുകാണിക്കുന്നത് അപകടകരമാണ്. സ്ത്രീകളുടെ കണ്ണീര്‍ തുടക്കാനും, ഗാര്‍ഹിക അതിക്രമങ്ങളും, ലൈംഗിക പീഡനങ്ങളും  അവസാനിപ്പിക്കാനും,‘പൊട്ടിപ്പോയ’ കുടുംബങ്ങളെ ഒന്നിപ്പിക്കാനുമുള്ള ഭരണകൂടത്തിന്റെ ഒരു തകര്‍പ്പന്‍ നീക്കമായാണ് നിരോധനത്തെ അവതരിപ്പിക്കുന്നത്. കേരളത്തിലെ അമിത-ആണത്തസമൂഹത്തില്‍ മദ്യപാനം പലപ്പോഴും സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. നമ്മുടെ സമൂഹത്തിലെ മദ്യാസക്തി എന്ന പ്രശ്നത്തെയും നമ്മള്‍ അംഗീകരിക്കുന്നു. പക്ഷേ, നിരോധനമാണ് ഇതിനൊക്കെയുള്ള പരിഹാരം എന്നു ചില സ്ത്രീ പ്രസ്ഥാനങ്ങള്‍ വരെ ചിന്തിക്കുന്നതാണ് നിര്‍ഭാഗ്യകരം. കാഫിലയില്‍ എഴുതിയ തന്റെ ലേഖനത്തില്‍ ദേവിക ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.  ആക്രമത്തെ സഹിഷ്ണുതയോടെ സ്വീകരിക്കുകയും, അതിനെ സ്വാഭാവികവത്ക്കരിക്കുകയും,അങ്ങനെയൊക്കെ സംഭവിക്കുന്നതിനുള്ള പഴി മുഴുവന്‍ ഇരയുടെ മേലോ അല്ലെങ്കില്‍ ഇപ്പോള്‍ പരക്കെ പറയുന്നതുപോലെ ഒരു രാസസംയുക്തത്തിന്റെ മേലോ കെട്ടിവെക്കുന്ന ഒരു സമൂഹവുമായി നേരിട്ടേറ്റുമുട്ടുന്ന, മടുപ്പിക്കുംവിധത്തില്‍ സുദീര്‍ഘമായ വഴി മാത്രമാണ് യഥാര്‍ത്ഥത്തില്‍ മുന്നിലുള്ളത്. സ്ത്രീകള്‍, ‘മദ്യത്തിന്റെ ഇരകളല്ല; അവരെ ഇരകളാക്കുന്നത് പുരുഷാധിപത്യമാണ്’. മദ്യാസക്തിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും തമ്മിലുള്ള ലളിതവത്കരണ ബന്ധത്തിനപ്പുറത്തേക്ക് നമ്മള്‍ ചിന്തിക്കേണ്ടതുണ്ടെന്നു ഞങ്ങള്‍ കരുതുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പ്രകൃതം എത്രമാത്രം സങ്കീര്‍ണമായ രീതികളിലാണ് ലിംഗവത്കരിക്കപ്പെട്ടിരിക്കുന്നത് എന്നു കൂടുതല്‍ മനസ്സിലാക്കാന്‍ കേരളത്തിലെ മദ്യപാനയിടങ്ങളെ ഒന്നുകൂടി ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

മദ്യപിക്കുന്ന മലയാളിസ്ത്രീ
നിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അത്തരം ചര്‍ച്ചാസ്ഥലത്ത് സ്ത്രീകള്‍ എങ്ങനെയാണ് കടന്നുചെല്ലുന്നതെന്ന് നോക്കുന്നത് നന്നായിരിക്കും. ഇത്തരമൊരു സാങ്കല്‍പ്പിക മലയാളി പൊതുമണ്ഡലത്തില്‍ മിക്കപ്പോഴും സ്ത്രീകളെത്തുന്നത് മദ്യപന്റെ ഭാര്യയായാണ്. മുകളില്‍ പറഞ്ഞപോലെ സര്‍ക്കാര്‍ തീരുമാനത്തെ, മദ്യപരായ ഭര്‍ത്താക്കന്‍മാര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ കുറക്കും എന്ന പേരില്‍ സ്ത്രീ സംഘടനകളടക്കം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഉപഭോഗ ശക്തികള്‍ എത്ര ആവേശത്തോടെയാണ് ഈ കണക്കുകള്‍ ആഘോഷിക്കുന്നതെന്ന്, ആഴത്തില്‍ സദാചാരനിബദ്ധമായ ഒരു സമൂഹത്തിന് ഈ ‘കുടിയന്റെ ഭാര്യ’ എന്ന ബിംബത്തെ എത്ര സ്വീകാര്യമാകുന്നു എന്നതുകൂടി കാണിക്കുന്നു. ഉദാഹരണത്തിന്,ഇന്ദുലേഖ എന്ന എണ്ണയുടെ പരസ്യത്തില്‍ താഴ്ന്ന മധ്യവര്‍ഗത്തില്‍ പെട്ട  ഒരു കുടിയന്റെ ഭാര്യ പറയുന്നത് ഈ എണ്ണ തേക്കുന്നത് തന്റെ മനസ്സിനും മുടിക്കും ഉള്‍ക്കരുത്ത്  നല്കുന്നു എന്നാണ്.

ഒറ്റനോട്ടത്തില്‍ പരസ്പരപൂരകമായ മറ്റൊരു ചിത്രീകരണം,ആദര്‍ശാത്മത്മക,സദാചാരനിബദ്ധ, മാതൃകാ മലയാളി മങ്കയുടെവിപരീതമായി മദ്യപിക്കുന്ന സ്ത്രീയെ അവതരിപ്പിക്കുന്നതാണ്.  കേരളത്തില്‍ സ്ത്രീകള്‍ മദ്യപിക്കുന്നില്ല എന്നു വാദിക്കാനല്ല ഇത് പറഞ്ഞത്;അവരങ്ങനെ ചെയ്യുന്നുണ്ട്. പക്ഷേ കേരളത്തിന്റെ സദാചാരമണ്ഡലത്തില്‍ അവരെങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത്?പെണ്ണുങ്ങളെയും മദ്യത്തെയും‘ലഹരി’ എന്ന പൊതുതലക്കെട്ടിനടിയില്‍ ഉള്‍പ്പെടുത്താനുള്ള പ്രവണത കേരളത്തില്‍ പ്രകടമാണ്; രണ്ടും ഉപഭോഗത്തിനുള്ള വസ്തുക്കള്‍. സ്ത്രീകള്‍ക്ക് എല്ലാവിധ കര്‍തൃത്വ നിര്‍വ്വഹണശേഷിയും നിഷേധിക്കുന്ന ഈ ചിത്രീകരണത്തിന് പുറത്ത്, മദ്യപിക്കുന്ന സ്ത്രീയെ അന്യമായ/വൈദേശികമായ ഒരിടത്ത് ഉണ്ടാകുന്ന ഒന്നായാണ് ചിത്രീകരിക്കുന്നത്; പ്രത്യയശാസ്ത്രപരമോ,ഭൂമിശാസ്ത്രപരമോ, അല്ലെങ്കില്‍ വര്‍ഗ, വര്‍ണ വിഭജിതമോ ആയ ഒന്ന്. അതുകൊണ്ടു മദ്യപിക്കുന്ന മല്ലു പെണ്‍കുട്ടി പഠിക്കാനോ ജോലിക്കോ ആയി എത്തിയ (മിക്കവാറും മെട്രോ നഗരങ്ങള്‍) നഗരങ്ങളില്‍നിന്നുമായിരിക്കും ഇത് ശീലമാക്കിയത്. ‘ബുദ്ധിജീവി സ്ത്രീകള്‍’, പ്രത്യേകിച്ചും വഴിതെറ്റിയ കലാകാരികള്‍, ആണുങ്ങളുടെ കൂട്ടത്തില്‍ കുടിക്കാന്‍ പ്രോത്സാഹിക്കപ്പെടുന്നു. ഈ കൂട്ടംകൂടലുകളിലൊക്കെ അവള്‍ക്ക് ഒരു കലാകാരി എന്ന നിലയില്‍ തുല്യമായ സ്ഥാനം സ്വാഭാവികമായി ലഭിക്കുന്നുണ്ടോ എന്നത് മറ്റൊരു വിഷയമാണ്. ആ കൂട്ടത്തിലെ പുരുഷന്മാരുടെ തുല്യതാബോധവും, വിശാലമനസ്കതയുമൊക്കെ പ്രകടിപ്പിക്കാനുള്ള ഒരു ഉപകരണം മാത്രമാകും അവള്‍. താഴ്ന്ന വര്‍ഗത്തിലെയോ, കീഴ് ജാതിയിലേയോ സ്ത്രീകളെയും ഈ കാല്പനിക ലോകത്തിലേക്കു സ്വീകരിക്കുന്നു. കാരണം ജാതി/വര്‍ഗ മുദ്രകള്‍കൊണ്ട് അവള്‍ ഇതിനകംതന്നെ മാതൃകാ മലയാളി സ്ത്രീ എന്ന ആശയത്തിന് പുറത്താണ്. ഇതുകൊണ്ടൊക്കെ അവര്‍ മദ്യപാനം സംബന്ധിച്ച സദാചാര മേല്‍നോട്ടത്തില്‍  നിന്നും മുക്തിനേടി എന്നു തെറ്റിദ്ധരിക്കേണ്ടതില്ല. അവരുടെ പുരുഷന്മാരാലും, സവര്‍ണ-ഉപരിവര്‍ഗ പുരുഷന്മാരുടെ ലൈംഗികവത്കരിക്കപ്പെട്ട തരത്തിലുള്ള അന്യവത്കരിക്കുന്ന നോട്ടംകൊണ്ടും ഈ സ്ത്രീകള്‍ പുരുഷാധിപത്യത്തിന്റെ കടുംപിടിത്തത്തില്‍ കുടുക്കപ്പെട്ടിരിക്കുന്നു.


Image by Susa Hensel

വര്‍ഗ/ജാതി അടിസ്ഥാനത്തില്‍ ശരീരങ്ങളെ രേഖപ്പെടുത്തുന്നതിനോട് ചേര്‍ന്നുനിന്നാണ്, മദ്യം വിളമ്പുന്ന സ്ത്രീകളെ –ഒഴിപ്പുകാരി പെണ്ണുങ്ങളെ  – അതിലൈംഗികതയുടെ കടുംചായത്തിലുള്ള സ്ത്രീകളായി പൊതുപ്രചാരത്തിലുള്ള ചിത്രീകരണം നടക്കുന്നത്. സാംസ്കാരിക മാധ്യമങ്ങളില്‍ ഇത്തരം സ്ത്രീകളെ എളുപ്പം പ്രാപ്യമായ ശരീരങ്ങളുള്ള,‘കുത്തഴിഞ്ഞ’ പെണ്ണുങ്ങളായാണ് അവതരിക്കപ്പെടുന്നത്. ദേവിക തന്റെ ലേഖനത്തില്‍ പറയുന്നതുപോലെ ചാരായം വാറ്റിയും വിറ്റും ജീവിച്ച ഈ സ്ത്രീകളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ശാക്തീകരണത്തിന്റെ വഴികളാണ്. ദരിദ്രമായ ജീവിത സാഹചര്യങ്ങളെ മറികടന്ന്‍ മക്കളെ പഠിക്കാനയച്ചതും, പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചതും ഈ വരുമാനം കൊണ്ടായിരുന്നു. കുടുംബം പോറ്റാനുള്ള വരുമാനത്തിനായി ധനികരുടെആഘോഷങ്ങളില്‍ അതിഥികള്‍ക്ക് മദ്യം വിളമ്പുന്ന ചെറുപ്പക്കാരികളെക്കുറിച്ചുള്ള വാര്‍ത്തകളും ചേര്‍ത്തുവായിക്കാം.

എളുപ്പം മനസ്സിലാകുന്ന വിഭാഗങ്ങളിലായി സ്ത്രീകളെ ഭാഗംവെച്ചു തിരിക്കുന്നത്, അവരോടുള്ള നമ്മുടെ പെരുമാറ്റത്തെ നിര്‍ണയിക്കും. അത് മദ്യപിക്കുന്ന സ്ത്രീകളോട് ചെയ്യുന്ന കടുത്ത അനീതിയാണ്. മദ്യപിക്കുന്ന എല്ലാ സ്ത്രീകളെയും ഒരേ ഗണത്തില്‍ പെടുത്താനല്ല ഞങ്ങളിവിടെ മുതിരുന്നത്. ഇത്തരം ചിത്രീകരണങ്ങളില്‍  അടങ്ങിയിരിക്കുന്ന ഹിംസയ്ക്കുമേല്‍ വെളിച്ചം വീഴ്ത്താനാണ് മദ്യവുമായി ബന്ധമുള്ള സ്ത്രീകളുടെ പൊതുചിത്രീകരണത്തെ കര്‍ശനമായി വിലയിരുത്തുന്നത്. കേരളത്തിലെ മദ്യപാനയിടങ്ങള്‍ ആഴത്തില്‍ ലിംഗവിവേചനഭരിതവും, സ്ത്രീകളെ ഒഴിവാക്കുന്നതും ആണെന്ന വസ്തുതയില്‍ നിന്നാണ് ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഒരു പെണ്ണ് മദ്യപിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് കേരളത്തില്‍ മിക്കവര്‍ക്കും അറിയില്ല, കാരണം കേരളത്തിലെ മദ്യപിക്കുന്ന എല്ലാ പൊതുയിടങ്ങളില്‍ നിന്നും അവള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

കേരളത്തിലെ മദ്യപാനയിടങ്ങളും ലിംഗവിവേചനവും
കേരളത്തില്‍ പരമ്പരാഗതമായി മദ്യപാനത്തിനായി ലഭ്യമായ എല്ലാ സ്ഥലങ്ങളും കടുത്ത ലിംഗവിവേചനം പുലര്‍ത്തുന്നതും പുരുഷന്‍മാര്‍ക്ക് മാത്രമായി സൃഷ്ടിക്കപ്പെട്ടതുമാണ്. ബീവറേജ് കോര്‍പ്പറേഷന്‍ കടകളുടെ മുമ്പില്‍ കാണുന്ന പാമ്പന്‍ വരികള്‍ സ്ത്രീകള്‍ക്ക് ഇത്തരം സ്ഥലങ്ങളിലുള്ള ദുര്‍ഗ്ഗമത വെളിപ്പെടുത്തും. സ്വന്തമായി മദ്യം വാങ്ങാന്‍ വരിയില്‍ നില്ക്കാന്‍ ‘ധൈര്യപ്പെടുന്ന’ ഒരു സ്ത്രീയെ കാണുക അസാധ്യം എന്നുതന്നെ പറയാം. മദ്യത്തിനുള്ള പാമ്പന്‍ വരിയില്‍ ഒരു സ്ത്രീ കയറി എന്നു പറഞ്ഞ് മലപ്പുറത്ത് സദാചാര പോലീസ്,ദമ്പതികളെ മര്‍ദ്ദിച്ച സംഭവം നാം വായിച്ചതാണ്. ഒന്ന് വെറുതെ നോക്കിയാല്‍ പോലും കേരളത്തിലെ മദ്യശാലകള്‍ ആണുങ്ങളുടെ മാത്രം വ്യവഹാരകേന്ദ്രങ്ങളാണെന്നും കാണാന്‍ കഴിയും. (ആണുങ്ങള്‍ക്ക് മാത്രമായി ഉദ്ദേശിച്ചുള്ള ഈ മദ്യശാലകള്‍ സ്വവര്‍ഗാനുരാഗികളോട് ഒട്ടും സൌഹൃദം പുലര്‍ത്തുന്നുമില്ല). മിക്ക മദ്യശാലകളിലും സ്ത്രീകള്‍ക്കുള്ള മൂത്രപ്പുരകള്‍ പോലുമില്ല. ഇവിടെയെത്തുന്ന സ്ത്രീകളെയാകട്ടെ കുടിച്ചു പൂസായവരുടെ ആസക്തനോട്ടങ്ങള്‍ക്കുള്ള ചരക്കുകള്‍ മാത്രമായാണ് കാണുന്നതും.

കേരളത്തില്‍ സ്ത്രീകള്‍ എത്തിപ്പെടുന്ന ഒരു മദ്യപാനയിടം കുടുംബ, സാമൂഹ്യ ഒത്തുചേരലുകളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരിക്കല്‍ മദ്യം വിളമ്പിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ സ്ഥലം വേര്‍തിരിക്കപ്പെടുകയായി. ഒരു സ്ഥലം, മിക്കവാറും തുറസ്സായ പുരപ്പുറം പുരുഷന്‍മാര്‍ക്കായി നീക്കിവെക്കും. പെണ്ണുങ്ങള്‍ പതുക്കെ അടുക്കളയിലേക്ക് നീങ്ങും. ആണ്‍കുടിയന്‍മാര്‍ക്ക് ‘തൊട്ടുനക്കാന്‍’ എന്തെങ്കിലും കൊടുക്കലും കൊത്തിപ്പൊരിക്കലും മീന്‍ വറക്കലുമൊക്കെയാണ് പെണ്ണുങ്ങളുടെ പിന്നത്തെ പണി. പലപ്പോഴും കുടി മുറുകുന്നതോടെ പെണ്ണുങ്ങളെ,ആണ്‍കുടിയന്‍മാര്‍ ഒന്ന് ‘തൊട്ടുനക്കാനുള്ള’ ഉപദംശമാക്കുന്നു. ആണുങ്ങള്‍ ഈ സ്ഥലങ്ങളിലെല്ലാം കയറിയിറങ്ങും, ചെറിയ ശൃംഗാരം പുഷ്പിക്കും, അല്‍പസ്വല്‍പ്പം കയ്യോട്ടങ്ങള്‍, ചിലതൊക്കെ സ്ത്രീകള്‍ ആസ്വദിക്കും, മറ്റ് ചിലപ്പോള്‍ അവ ലൈംഗിക പീഡനത്തിന്റെ അതിര് കടക്കും. മിക്കപ്പോഴും മദ്യപാനസദിരിലേക്ക് സ്ത്രീകള്‍ പോകാറില്ല. ചിലപ്പോഴൊക്കെ ചില സ്ത്രീകള്‍ക്ക് കൂടെ മദ്യപിക്കാന്‍ കഴിയാറുണ്ട്. പക്ഷേ, അത് പുരുഷന്മാരുടെ അനുമതിയോടെ മാത്രം. കുടിക്കുന്ന സ്ത്രീ ആരാണെന്നതിനെ ആശ്രയിച്ചിരിക്കുമത്. ഉടമസ്ഥതയുടെ, ആസക്തിയുടെ, അന്യവത്ക്കരണത്തിന്റെ സങ്കീര്‍ണമായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പരിസ്ഥിതിയിലാണ് മദ്യപിക്കുന്ന ഒരു സ്ത്രീയെ വ്യാഖ്യാനിക്കുന്നത്. ആ നിലക്ക് സാമൂഹ്യമായ ചലന സ്വാതന്ത്ര്യം ആര്‍ജ്ജിച്ച അവിവാഹിതയായ/ഒറ്റക്കുള്ള, നിങ്ങളുടെ മകളോ/ഭാര്യയോ അല്ലാത്ത ഒരു സ്ത്രീ ഇത്തരം ആണ്‍കുടിയന്‍മാരുടെ സദസ്സുകളില്‍ സ്വീകരിക്കപ്പെടുകയോ പലപ്പോഴും മോഹിക്കപ്പെടുകയോ ചെയ്യുന്നു. എന്നാല്‍ ‘നല്ല’ മലയാളി സ്ത്രീക്ക് ഈ സ്ഥലം കൊള്ളില്ലെന്നും വിധിക്കുന്നു. കുടിച്ചു പൂസാവുന്ന സമയത്ത് ഭാര്യയ്ക്ക് മദ്യം നല്‍കുന്ന വിശാലമനസ്കനാകും ഭര്‍ത്താവ്; പക്ഷേ ഒരിക്കലുമത് മറ്റുള്ളവരുടെ കൂട്ടത്തില്‍ വെച്ചാകില്ല.

കുടുംബവുമായി ഒത്തുപോകാത്ത, ബന്ധമില്ലാത്ത സ്വകാര്യമണ്ഡലങ്ങള്‍ മദ്യപിക്കുന്ന സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ സാധ്യത കാണിക്കുന്നു എന്നുകൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. പരസ്പര ബഹുമാനമുള്ള ആത്മാഭിമാനത്തിന്റെയും, വളരാനും ഉള്‍ക്കൊള്ളാനും കഴിയുന്ന വ്യക്തികള്‍ എന്ന നിലയിലും രൂപം കൊള്ളുന്ന ബന്ധങ്ങളിലും സൌഹൃദങ്ങളിലും ചിലപ്പോഴൊക്കെ മദ്യം സുന്ദരമായൊരു ഉത്പ്രേരകമായി വര്‍ത്തിക്കാറുണ്ട്. മിക്ക ചെറുപ്പക്കാരികളുടെയും ആദ്യ മദ്യാനുഭവങ്ങള്‍ ഹോസ്റ്റലുകളിലും സുഹൃദ് സംഘങ്ങളിലും ആകുന്നത് സന്തോഷകരമായൊരു  യാദൃശ്ചികത മാത്രമാകാത്തത് അതുകൊണ്ടാണ്. പൊതുമണ്ഡലത്തിലേക്ക് വിപുലപ്പെടുത്താവുന്ന ഒരു സാധ്യത ഈ കൂട്ടങ്ങള്‍ക്കുണ്ട്. പൊതു-സ്വകാര്യ മണ്ഡലങ്ങളുടെ കൃത്യമായൊരു വേര്‍തിരിവ് കുഴപ്പം പിടിച്ച ഒന്നാകുന്നതുപോലെ സങ്കീര്‍ണമാണതും.

കേരളത്തിലെ നിരോധന ചര്‍ച്ച മദ്യപാനത്തിന്റെ മറ്റൊരിടത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് വഴിതുറന്നു;പഞ്ചനക്ഷത്ര ഹോട്ടലുകള്‍. നിരോധനത്തില്‍ നിന്നും പഞ്ചനക്ഷത്ര ഹോട്ടലുകളെ ഒഴിവാക്കിയതിന് പിന്നിലുള്ള യുക്തി,‘ഉത്തരവാദിത്തമുള്ള കുടിയന്‍’ ഒരു പ്രത്യേക വര്‍ഗത്തില്‍പ്പെട്ട ആളായിരിക്കും എന്നതാണ്. ഈ നീക്കം ധ്വനിപ്പിക്കുന്ന മറ്റൊരു കാര്യം, ഇതല്ലാത്ത എല്ലാ വര്‍ഗത്തില്‍ പെട്ട ആളുകളുടെയും മദ്യപാനശീലം ഭരണകൂടം നിയന്ത്രിക്കുകയും, ചട്ടങ്ങള്‍ക്കനുസരിച്ചാക്കുകയും വേണമെന്നും, ഉപരിവര്‍ഗക്കാര്‍ക്ക് അത്തരം നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും. ഇവിടം സ്ത്രീകള്‍ക്ക് മദ്യപിക്കാവുന്ന ഒരന്തരീക്ഷം ഉണ്ടാകുമോ? നമ്മുടെ ചുറ്റും നോക്കിയാല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന, നഗരങ്ങളിലെ പബ്ബുകള്‍ പോലുള്ള പൊതുസ്ഥലങ്ങള്‍, മിക്കവാറും ഉപരിവര്‍ഗക്കാരായ, താരതമ്യേന സാമ്പത്തിക സ്വാശ്രയത്വമുള്ള, പഠിപ്പിനോ ജോലിക്കോ ഒക്കെയായി തങ്ങളുടെ വീടുവിട്ടു, ജന്മനഗരങ്ങളില്‍ നിന്നും അകലെമാറി കഴിയുന്നവരാണ്. ഇത്തരം ഇടങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെയും, വിനോദത്തിന്റെയും ഭാവപ്രകടനങ്ങളില്‍ സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ടാകാമെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലോ, ഉപരിവര്‍ഗമണ്ഡലങ്ങളിലോ സ്ത്രീകളെയും ഉള്‍ക്കൊള്ളുന്ന തരം പൊതുമണ്ഡലം ഉണ്ടാകുമെന്ന് കരുതുന്നത് അല്പം കടന്ന പ്രതീക്ഷയാകും. പബുകളില്‍ പെണ്‍രാത്രികളും, സ്ത്രീകള്‍ക്ക് സൌജന്യ പ്രവേശനവും നല്‍കുന്നത് പെണ്‍വാദചിന്തകളില്‍ നിന്നൊന്നുമല്ല. മറിച്ച് ഇത് ആഴത്തില്‍ സ്ത്രീവിദ്വേഷം നിറഞ്ഞ ഒരു വിപണിയുടെ കണക്കുകൂട്ടലുകളാണ്. അത് മദ്യപിക്കുന്നപുരുഷനെ ആകര്‍ഷിക്കാനാണ്; പെണ്ണുങ്ങള്‍ അതിനുള്ള ഇരകളാണ്. മദ്യപിച്ച ഒരു സ്ത്രീയെ ശാരീരിക ബന്ധങ്ങള്‍ക്കായി അവളുടെ സമ്മതമില്ലാതെ മറികടക്കാം എന്നാണ് പൊതു(പുരുഷ)ധാരണ. അതുകൊണ്ടു പഞ്ചനക്ഷത്ര മദ്യശാലകള്‍ സ്ത്രീകള്‍ക്കായി തുറക്കുന്ന അലാസനാട്യങ്ങള്‍ മദ്യപാനയിടങ്ങളിലെ സ്ത്രീകളുടെ പ്രാന്തവത്കരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു പരിഹാരമാകുമെന്ന് ഞങ്ങള്‍ കരുതുന്നില്ല.

ഒടുവിലായി
കേരളത്തില്‍ സ്ത്രീകളെ മദ്യപാനയിടങ്ങളില്‍ നിന്നും ഒഴിവാക്കുന്നത്, തുല്യപങ്കാളികളെന്ന നിലക്കല്ലാതെ, വിനോദത്തിന്റെ ഇടങ്ങളില്‍ നിന്നും തുടച്ചുമാറ്റുന്നതില്‍ അടങ്ങിയ ഒന്നുതന്നെയാണ് എന്നു മദ്യപിക്കുന്ന സ്ത്രീകള്‍ എന്ന നിലയില്‍ ഞങ്ങള്‍ കരുതുന്നു. നിശ്ശബ്ദമായോ/പരസ്യമായോ കുത്തഴിഞ്ഞ അഴിഞ്ഞാട്ടക്കാര്‍ എന്നാക്ഷേപിക്കപ്പെടാതെ, ബാലാത്ക്കാരാശങ്കകള്‍ കൂടാതെ ആസ്വദിച്ചു മദ്യപിക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഞങ്ങളുടെ മദ്യത്തിനായി ‘ഞങ്ങളുടെ’ ആണുങ്ങളെ ആശ്രയിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. ഞങ്ങളാഗ്രഹിക്കുന്ന ഇടങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ളതല്ല. അത് തുറസ്സും സ്വാഭാവികവുമാണ്. അവിടെ ഞങ്ങള്‍ക്കൊന്നു മദ്യപിക്കാന്‍ കൂടാം, സംഭാഷണങ്ങളില്‍ ശ്രദ്ധിക്കാം, ചിരിക്കാം, നൃത്തം ചെയ്യാം, ഞങ്ങളെ തുറിച്ചു നോക്കുന്ന ഒഴിവാക്കലിന്റെ പുരുഷരാഷ്ട്രീയത്തെക്കുറിച്ച് ആകുലതകളില്ലാതെ പരസ്പരധാരണ പുലര്‍ത്തുന്ന ബന്ധങ്ങള്‍ വളര്‍ത്താം. പൌരന്‍മാര്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സ്ത്രീകളെയും അവരുടെ പ്രശ്നങ്ങളേയും ഒരു ന്യായമാക്കി പൊക്കിപ്പിടിക്കരുതെന്ന് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പറയേണ്ടതുണ്ട്. ഈ വിഷയത്തിലെ ഏതൊരു ഗൌരവമായ ചര്‍ച്ചയും കേരളത്തിലെ പ്രത്യേക സ്ഥല, സമയ മേഖലകളെ ആണുങ്ങള്‍ക്ക് മാത്രമായി, സദാചാരനിബദ്ധമായി, അക്രമാസക്തമായി  മാറ്റുന്നതിനെ  കണക്കിലെടുക്കേണ്ടതുണ്ട്-അത് മദ്യപാനമായാലും, രാത്രിയായാലും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മദ്യപാനയിടങ്ങള്‍ക്ക്, മറ്റേതൊരു സാമൂഹ്യവത്കൃത രൂപത്തെയും പോലെ, നമ്മുടെ സമൂഹത്തിലെ ലിംഗഭേദബന്ധങ്ങളെ നിര്‍ണ്ണയിക്കുന്ന ഹിംസയില്‍ നിന്നും നീങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന്,വേദനാജനകമാംവിധം സാവധാനത്തിലാണെങ്കില്‍ക്കൂടി, ഞങ്ങളുടെ അനുഭവങ്ങള്‍ കാണിക്കുന്നു. വാസ്തവത്തിലുള്ള പ്രശ്നത്തെ കണ്ടില്ലെന്നു നടിക്കാന്‍ നമ്മള്‍ പൊള്ളയായ ഒഴികഴിവുകള്‍ പറയുന്നില്ലെന്നുകൂടി ഉറപ്പാക്കേണ്ടതുണ്ട്. ചിയേഴ്സ്!

(ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥികളാണ് ലേഖകര്‍)

Share on

മറ്റുവാര്‍ത്തകള്‍