UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

BookMark

അഭിലാഷ് മേലേതില്‍

Mouthful of Birds | ഭീതിയുടെ ചിറകടി

അർജന്റീനയിലെ ബ്യൂനസ്‌ ഐറിസിൽ ജനിച്ച്, ബെർലിനിൽ ജീവിക്കുന്ന Samanta Schweblin – നെ സ്പാനിഷിലെ പ്രധാനപ്പെട്ട 22 എഴുത്തുകാരിൽ ഒരാളായി Granta തിരഞ്ഞെടുത്തിട്ടുണ്ട്.

                       

‘Fever Dreams’ എന്ന ചെറുനോവലിലൂടെ പ്രശസ്തയായ Samanta Schweblin – ന്റെ പുതിയ ചെറുകഥാ സമാഹാരമാണ് ‘Mouthful of Birds’. അവരുടെ എഴുത്തുജീവിതത്തിൽ പല സമയങ്ങളിൽ എഴുതിയ  ചെറുതും വലുതുമായ ഇരുപതു കഥകളാണ് പുസ്തകത്തിൽ. ഭീതിയും അബ്‌സേഡിറ്റിയും കലർന്ന ആഖ്യാനങ്ങളാണ് ഇവയിൽ ഭൂരിപക്ഷവും. പോസ്റ്റ് മാജിക്കൽ റിയലിസം കാലത്തെ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായി മാറുകയാണ് Schweblin-ഉം എന്ന് ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും.

ആദ്യ കഥയായ ‘Headlights’-ൽ വിവാഹം കഴിഞ്ഞുള്ള (ഹണിമൂൺ) യാത്രാമധ്യേ ടോയ്ലറ്റ് ഉപയോഗിക്കാൻ പോകുന്ന ഭാര്യയെ ഉപേക്ഷിച്ച് ഒരുത്തൻ കടന്നു കളയുന്നു. ഇരുട്ടത്ത് തന്റെ സമയത്തെ ശപിച്ചുകൊണ്ട് നിൽക്കുന്ന ഭാര്യ ഒരു സ്വരം കേട്ട് നോക്കുമ്പോൾ മറ്റൊരു, മധ്യവയസ്കയായ, സ്ത്രീയും അതുപോലെ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു മനസിലാക്കുന്നു. പിന്നെയവർ തങ്ങളെപ്പോലെ മറ്റു സ്ത്രീകളെയും കാണുന്നു. അൽപ്പ സമയം കഴിഞ്ഞ് ഇതുപോലെ ഭാര്യയെ ഉപേക്ഷിച്ചു കടന്നുകളയാനൊരുങ്ങു‌ന്ന ഒരുത്തനെ സ്ത്രീകളെല്ലാം കൂടി ഒരു കൂട്ടം മൃഗങ്ങളെപ്പോലെ ആക്രമിക്കുകയാണ്. അപ്പോൾ ദൂരെ നിന്ന് കുറെയേറെ (വണ്ടികളുടെ) വെളിച്ചങ്ങൾ അവരുടെ നേരെ വരുന്നു. നായിക പറയുന്നു – “അവർ നമ്മളെ തിരിച്ചെടുക്കാൻ വേണ്ടി വരികയാണ്”, മധ്യവയസ്‌ക മറുപടി കൊടുക്കുന്നു – “അല്ല, അവർ ഇയാളെ സഹായിക്കാൻ വരികയാണ്”.

ഇങ്ങനെ, മരിയാന എൻറിക്വസിന്റെ (Mariana Enriquez) സമാഹാരത്തിൽ (Things We Lost in the Fire) കണ്ടപോലെ ആദ്യ കഥയിലെ സമാഹാരത്തിന്റെ മൊത്തം സ്വഭാവം ധ്വനിപ്പിക്കുകയാണ് Samanta Schweblin. ഇവിടെ ശ്രദ്ധിക്കാനുള്ളത് ഈ സമകാലീനരുടെ എഴുത്തിലെ സാമ്യങ്ങളാണ് – ഭീതിയുടെ അന്തരീക്ഷം, ഫെമിനിസ്റ്റ് ആശയങ്ങൾ തുടങ്ങിയവ. മരിയാന ചെയ്യുന്നതുപോലെ ഒരു പൊളിറ്റിക്കൽ അലിഗറി എന്ന രീതിയിൽ പലപ്പോഴും അവയെ ഉയർത്തുന്നതിൽ എഴുത്തുകാരി പരാജയപ്പെടുന്നുവെങ്കിലും (മരിയാനയുടേത് ഫാസിസ്റ്റു ഭരണത്തെ ആക്രമിച്ചുകൊണ്ടുള്ള സൃഷ്ടികളായിരുന്നു) തനതായ വ്യക്തിത്വം അവ നിലനിറുത്തുന്നുണ്ട്.

‘Preserves’ എന്ന രണ്ടാം കഥയിൽ പ്രസവമടുത്ത ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും പ്രതീക്ഷാഭരിതമായ കാത്തിരിപ്പാണ്. അവർ കടന്നു പോകുന്ന പ്രയാസങ്ങളും ദു:ഖവും സന്തോഷവും എല്ലാം വിശദമായി വിവരിക്കുകയാണ് കഥാകാരി. അവസാന വരിയിലെ ഒരു ട്വിസ്റ്റ് ഈ ആഖ്യാനത്തെ മൊത്തം അട്ടിമറിക്കുന്നു. മൂന്നാം കഥയിൽ (Butterflies) കിൻഡർഗാർട്ടനു മുന്നിൽ, എന്തോ ഒരു ആഘോഷദിവസം പൂമ്പാറ്റയുടെയും ടൂത് ഫെയറിയുടെയും ഒക്കെ വസ്ത്രങ്ങളണിഞ്ഞ കുട്ടികളെ, ക്‌ളാസ് കഴിഞ്ഞാൽ കൊണ്ടുപോകാനായി കാത്തിരിക്കുകയാണ് മാതാപിതാക്കൾ. ഒരു അച്ഛന്റെ കയ്യിൽ ഒരു പൂമ്പാറ്റ വന്നിരിക്കുന്നു. അയാളതിനെ കുടഞ്ഞു കളയുമ്പോൾ അതിന്റെ ചിറകുകീറി നിലത്തുവീഴുന്നു. ഒരു രക്ഷാകർത്താവ് പറയുന്നു, അതിനെയങ്ങു ചവിട്ടിയരയ്ക്കൂ. അയാളത് ചെയ്യുന്നു. അപ്പോഴാണ് അവിചാരിതമായി ഒരു കാറ്റടിക്കുന്നതും സ്‌കൂളിന്റെ വാതിലുകൾ തുറക്കുന്നതും. എന്നാൽ കുട്ടികളല്ല ഒരു പറ്റം പൂമ്പാറ്റകളാണ് പുറത്തേക്കു പാറുന്നത്. നൂറുകണക്കിന് പൂമ്പാറ്റകൾ.

ഈ കഥയ്ക്ക് പിന്നാലെയാണ് സമാഹാരത്തിന്റെ പേരിനു കാരണമായ ‘Mouthful of Birds’ വരുന്നത്. വിവാഹമോചനം നേടി, മകളെയും അവളുടെ അമ്മയേയും പിരിഞ്ഞു ജീവിക്കുന്ന ഒരാളുടെ അടുത്തേക്ക് അമ്മ വരുന്നു. മകളെ വന്നു കാണാനായി അവർ പറയുന്നു. അച്ഛൻ അനുസരിക്കുന്നു. മകൾ കുറച്ചു വിളറിയിട്ടുണ്ടെങ്കിലും കൈകാലുകളൊക്കെ വളർന്ന് മുന്നേക്കാളും ആരോഗ്യമുള്ള കുട്ടിയായി അയാൾക്ക്‌ തോന്നുന്നു. പിന്നെയെന്തിനാണ് തന്നെ വിളിച്ചത്? അപ്പോൾ ഭാര്യ പറയുന്നു – അവൾക്ക് ഇന്നലെ ഭക്ഷണം കൊടുത്തിട്ടില്ല. അയാൾക്ക് അത്ഭുതം. അമ്മ, അവിടെയുള്ള കിളിക്കൂട്ടിലേക്ക്,‌ ഒരു ഒരു ചെറിയ കാർഡ്ബോഡ് പെട്ടിയിൽനിന്നും നിന്നും ഒരു ചെറുപക്ഷിയെ വയ്ക്കുന്നു. പിന്നെ തിരിച്ച് അയാളോടൊപ്പം വന്നിരിക്കുന്നു. മകൾ പതുക്കെ എണീറ്റ് കൂടിന്നരികിലേയ്ക്ക് ചെല്ലുന്നു. പക്ഷിയുടെ ചെറിയ കരച്ചിൽ അയാൾ കേട്ടു, മകളുടെ ശരീരം ഒന്ന് വിറകൊണ്ടു. അവൾ തിരിഞ്ഞപ്പോൾ അവളുടെ പല്ലുകളിൽ ചോര – അയാൾ ഞെട്ടിത്തെറിക്കുന്നു. മകളുടെ ഉത്തരവാദിത്തം അമ്മ അച്ഛനെ ഏൽപ്പിക്കുകയാണ്, അയാളുടെ എതിർപ്പൊന്നും അവർ വകവയ്ക്കുന്നില്ല. അയാൾ അമ്മയുടെ അനുഭവമെന്തായിരുന്നു എന്നത് വളരെ വേഗം മനസിലാക്കുന്നു. പുസ്തകത്തിലെ മികച്ച കഥകളിൽ ഒന്നാണിത്.

എന്നാൽ സമാഹാരത്തിലെ എല്ലാ കഥകളും ഒരേ നിലവാരം പുലർത്തുന്നതല്ല – ‘Digger’ എന്ന കഥ ഒരുദാഹരണം. അതുപോലെ ഒരു mermaid കഥാപാത്രമായി വരുന്ന “Merman”, ശുദ്ധ ചവറാണീ കഥ. ഈയൊരു പൊരുത്തക്കേടിനുകരണം തീർച്ചയായും Schweblin-ന്റെ എഴുത്തു ജീവിതത്തിന്റെ പല സമയങ്ങളിൽ നിന്ന് സമാഹരിച്ച കഥകളാണിവ എന്നതാണ്. വളരെ കുറച്ചു മാത്രമേ അവർ എഴുതിയിട്ടുള്ളൂ താനും. വിജയിച്ചിട്ടുള്ള കഥകൾ പ്രഹരശേഷിയുള്ളവയാണ്. ‘Test’ എന്ന കഥയിൽ ഒരു ഗ്യാങ്ങിൽ ചേരുന്നതിന്റെ മുന്നോടിയായി ഒരു പരീക്ഷണം എന്ന നിലയിൽ, അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കൂട്ടത്തിലെ ഒരു നായയെ കൊല്ലാൻ കഥാനായകനെ ഒരാൾ കൊണ്ടുപോവുകയാണ്. അയാൾ ഒരു നായയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം, അതിനെ കുഴിച്ചിടാൻ നോക്കുമ്പോൾ അതിനു ജീവനുണ്ടെന്നു മനസിലാക്കുന്നു. അയാളതിനെ പ്രയാസപ്പെട്ടാണ് കൊല്ലുന്നത്. തന്നെ ഗ്യാങ്ങിലെടുത്തു എന്ന ഉറപ്പോടെ കൂടെപ്പോകുന്ന അയാളെ ഗ്യാങ് മെമ്പർ ഒരിടത്ത് ഇറക്കിവിടുന്നു. എവിടെയാണ് അതെന്ന് അയാൾ ഞെട്ടലോടെ മനസ്സിലാക്കുകയാണ്.

‘Toward Happy Civilization’ എന്ന കഥയ്ക്ക് Heinrich Boll-ന്റെ ഒരു ട്രെയിൻ കഥയുമായി വിദൂര സാമ്യമുണ്ട്. ബോളിന്റെ കഥയിൽ ഒരു ട്രെയിനിലെ യാത്രക്കാർ തങ്ങൾ യാത്രയിലായിരിക്കുമ്പോൾ പുറത്തെ ലോകത്തിന് ഭീതിദമായ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുകയാണ് – പതുക്കെ ട്രെയിനിൽ എല്ലാവരിലും ആ ഭയം പടരുന്നു. തങ്ങൾ എന്തോ അപകടത്തിലേക്കാണ് പോകുന്നത് എന്ന് മാത്രമേ അവർക്കറിയുകയുള്ളൂ, അതെന്തെന്ന് ഒരൂഹവുമില്ല. ഈ കഥയിൽ, ടിക്കറ്റിനു നൽകാൻ ചില്ലറയില്ലെന്ന നിസ്സാര കാരണം പറഞ്ഞ് ഒരാളുടെ യാത്ര നീട്ടിവയ്ക്കുകയാണ്, സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. പോകെപ്പോകെ അവിടെ, അത്തരത്തിൽ വേറെയും ആളുകളുണ്ടെന്നും, ആ സ്റ്റേഷനിൽ ട്രെയിനുകളൊന്നും നിറുത്തുന്നില്ലെന്നും ഒക്കെ അയാൾ മനസിലാക്കുന്നു. കാലം കഴിയുന്നു, അവർ അവിടെ നിന്ന് രക്ഷപെടാൻ ഒരു പദ്ധതി തയ്യാറാക്കുന്നു, എന്നാൽ അവർ വിചാരിച്ച പോലെയല്ല കാര്യങ്ങൾ. അവരുടെ പദ്ധതി വിജയിച്ചിട്ടും, തങ്ങൾ പുറത്തു കടന്നാൽ, അവിടെ തങ്ങളെ കാത്ത് എന്തായിരിക്കും ഉണ്ടായിരിക്കുക എന്ന്, ചുറ്റും അപ്രതീക്ഷിതമായി നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നോക്കിക്കണ്ടുകൊണ്ട് അവർ ഭയക്കുകയാണ് – അവർ പ്രതീക്ഷിച്ചതിനു വിരുദ്ധമായി വണ്ടിക്ക് പുറത്ത് ആളുകൾ മൊത്തം ആഘോഷത്തിലാണ്. സമാഹാരത്തിലെ ഏറ്റവും മികച്ച കഥയാണ് ഇത്.

‘Heads against Concrete’ അക്രമസ്വഭാവമുള്ള ഒരു വിദ്യാർത്ഥിയെ പിന്തുടരുന്ന, എത്നിക് ഗ്രൂപ്പുകളുടെ അന്തരം ചർച്ച ചെയ്യുന്ന ഈ കഥ മറ്റൊരു മികച്ച അനുഭവമാണ്. ഒരു ടോയ് സ്റ്റോറിൽ സഹായിയായി വരുന്നയാളുടെ കഥ പറഞ്ഞുകൊണ്ട്, സാധാരണമായി തുടങ്ങി, അസാധാരണമായി അവസാനിക്കുന്ന ‘The Size of Things’, ഫെർട്ടിലിറ്റി പരീക്ഷണങ്ങൾ നടത്തുന്ന ദമ്പതികൾ, തങ്ങളുടെ പരിസരത്തെ പുൽപ്രദേശത്തുതന്നെ മറ്റൊരു കുടുംബം ‘ഒന്നിനെ’ (ആ ‘ഒന്ന്’ എന്തെന്നത് കഥയിൽ അത്ര വ്യക്തമല്ല, പക്ഷെ അതത്ര ഇണക്കമുള്ളതുമല്ല) വിജയകരമായി വളർത്തിയിട്ടുണ്ട് എന്നറിഞ്ഞ് അതിനെ കാണാൻ പോകുന്ന കഥ, ‘On the Steppe’, ഭാര്യയെ കൊന്ന് അവളുടെ ശവം ഒരു സ്യൂട്ട് കേസിൽ ഒതുക്കി തന്റെ സൈക്യാര്‍ട്ടിസ്റ്റിനെ കാണാനെത്തുന്ന ഒരാൾ, ആ ശവം ഒരു ആർട്ട് ഇൻസ്റ്റലേഷനാകുന്നതും താൻ ഒരു ആർട്ടിസ്റ്റായി പ്രശസ്തനാകുന്നതും എല്ലാം കണ്ട് അന്തം വിടുന്ന കഥ ‘The Heavy Suitcase of Benavides’ തുടങ്ങിയവ എഴുത്തിലെ മികവിനും, സമാഹാരത്തിലെ ഉള്ളടക്കത്തിന്റെ വൈവിധ്യത്തിനും ഉദാഹരണങ്ങളാണ്.

എന്നാൽ കുറെയധികം ശരാശരി കഥകളും രണ്ടുമൂന്നു മോശം കഥകളും ഉള്ള സമാഹാരത്തിൽ കാര്യമായി എഡിറ്റിംഗ്/മുറിച്ചു കളയൽ നടന്നിരുന്നെങ്കിലും വായനക്കാരന് പരാതിയുണ്ടാകാൻ ഇടമില്ല എന്നതാണ് സത്യം. എല്ലാ കഥകളും സാധാരണ ജീവിതാനുഭവങ്ങളിൽ നിന്ന് അസാധാരണത്വം കണ്ടെടുക്കുന്നവയാണ് (Preserves എന്ന കഥയൊക്കെ ഇതിന്റെ പാരമ്യമാണ്). അതിനൊപ്പം രാഷ്ട്രീയവും കടന്നുവരുമ്പോൾ കഥകൾ വേറൊരു തലത്തിലേക്ക് ഉയരുന്നു. മേലെ സൂചിപ്പിച്ച പോലെ മാജിക്കൽ റിയലിസത്തിനുശേഷം വന്ന ബൊലാഞ്ഞോ, അതിനടുത്ത തലമുറയിലെ സംബ്ര, എൻറിക്വസ്, ഷ്വെബ്ലിൻ, വലേറിയ ലൂയിസെല്ലി തുടങ്ങിയ എഴുത്തുകാർ, ലാറ്റിൻ അമേരിക്കൻ സാഹിത്യത്തെ പതിയെ, മറ്റൊരു ദിശയിലേക്ക് നയിക്കുന്നതാണ് കാണാൻ കഴിയുന്നത്. അത് തീർച്ചയായും കൗതുകകരമാണ്. അടുത്തിടെ, മാതൃഭൂമി ലിറ്റററി ഫെസ്റ്റിവലിലെ ഈ വിഷയത്തിലെ ചർച്ച, ഒരു ലാറ്റിൻ അമേരിക്കൻ എഴുത്തുകാരന്റെ സാന്നിധ്യമുണ്ടായിട്ടും അമ്പേ പരാജയമായിരുന്നു. ഈ എഴുത്തുകാരെപ്പറ്റി അവിടെ ഒരു വാക്കുപോലും ആരും സംസാരിക്കുകയുണ്ടായില്ല. ഇത്തരം ചർച്ചകൾ ആർക്കു വേണ്ടിയാണു നടത്തുന്നത് എന്നതാണ് ഈ പുസ്തകം വായിച്ചു തീർന്നപ്പോൾ എന്റെ മനസ്സിൽ വന്ന ആദ്യചിന്തയും.

Samanta Schweblin: അർജന്റീനയിലെ ബ്യൂനസ്‌ ഐറിസിൽ ജനിച്ച്, ബെർലിനിൽ ജീവിക്കുന്ന Samanta Schweblin – നെ സ്പാനിഷിലെ പ്രധാനപ്പെട്ട 22 എഴുത്തുകാരിൽ ഒരാളായി Granta തിരഞ്ഞെടുത്തിട്ടുണ്ട്. ‘Fever Dreams’ എന്ന ലഘുനോവൽ മാൻ ബുക്കർ ലോങ്ങ് ലിസ്റ്റിൽ വന്നിട്ടുണ്ട്. മൂന്നു ചെറുകഥാ സമാഹാരങ്ങൾ എഴുതിയിട്ടുണ്ട്.

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍