UPDATES

കല

മഞ്ഞുമ്മല്‍ ടീംസിനൊപ്പം പന്ത്രണ്ടാമനാകുന്ന പ്രേക്ഷകന്‍

ജീവിതത്തിൽ ഒരിക്കൽ പോലും വടം വലിച്ച് ജയിച്ചിട്ടാല്ലാത്ത മഞ്ഞുമ്മൽ ബോയ്സ് അന്ന് മരണത്തോടൊപ്പമുള്ള വടം വലിയിൽ പൊരുതി

                       

‘മനിതര്‍ ഉണര്‍ന്തുകൊള്ള
ഇത് മനിത കാതല്‍ അല്ല,
അതെയും താണ്ടി
പുനിതമാനത്’

ഇളയരാജയുടെ മാന്ത്രിക സംഗീതത്തില്‍, ഉലകനായകന്‍ അഭിനയത്തിന്റെ ഇതിഹാസ മുഹൂര്‍ത്തങ്ങള്‍ ആടിയ വരികളില്‍, സ്‌നേഹത്തിന് സൗഹൃദം എന്ന ഒരര്‍ത്ഥം കൂടിയുണ്ടെന്ന് വരച്ചിടുകയാണ് സംവിധായകന്‍ ചിദംബരം ഒരുക്കിയ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. പിശാചിന്റെ അടുക്കളയില്‍ (devils kitchen ) നിന്ന് കൂട്ടുകാരനെ കൈപിടിച്ചുയര്‍ത്തിയ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൊടൈക്കനാലിന്റെ പച്ചപ്പും വശ്യതയും പ്രേക്ഷകരുടെയുള്ളില്‍ ഭീതിയാണ് നിറക്കുന്നത്.

സൗഹൃദത്തിന്റെ ചോരത്തിളപ്പിലും ആവേശത്തിലും ലഹരിയിലും തുടങ്ങുന്ന ചിത്രം പിന്നീട് പ്രേക്ഷകനെ കൊണ്ടുപോകുന്നത് അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന ആധിയുടെ കയത്തിലേക്കാണ്. ആകാംഷയുടെ മുള്‍മുനയിലിരുന്നുകൊണ്ടല്ലാതെ മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല. ചെകുത്താന്റെ അടുക്കളയില്‍ നിന്ന് മരണത്തോട് മല്‍പ്പിടുത്തം നടത്തി സൗഹൃദത്തിന്റെ ബലം ഒന്നുകൊണ്ടു മാത്രം കൂട്ടുകാരനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന കുട്ടന്‍ എന്ന കഥാപാത്രം. മരണക്കുഴിയിലിറങ്ങാന്‍ രക്ഷകരായെത്തിയവര്‍ പോലും മടിച്ചപ്പോള്‍ ഭയമില്ലാതെ മുന്നോട്ട് വന്നയാളാണ് സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച കുട്ടന്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും വടം വലിച്ച് ജയിച്ചിട്ടില്ലാത്ത മഞ്ഞുമ്മല്‍ ബോയ്‌സ് അന്ന് മരണത്തോടൊപ്പമുള്ള വടം വലിയില്‍ പൊരുതി ജയിച്ചു, പകരം കിട്ടിയതോ ഉറ്റ ചങ്ങാതിയുടെ ജീവന്‍.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദ യാത്ര പോകുന്ന 11 അംഗ സൗഹൃദ സംഘം, വിനോദയാത്രയുടെ ഉല്ലാസ തിമിര്‍പ്പില്‍ ഞൊടിയിടയിലാണ് ഭീതിയുടെ അഗാധ ഗര്‍ത്തത്തിലേക്ക് കാല്‍വഴുതി വീഴുന്നത്. യാത്രയുടെ അവസാന ദിവസം കൂട്ടുകാരിലൊരാള്‍ ഗുണ ഗുഹയും കണ്ടതിനു ശേഷം പോകാം എന്ന് പറയുന്ന ഒറ്റ ഡയലോഗിലൂടെ ആ പതിനൊന്നുപേരുടെയും ജീവിതം നിമിഷ നേരം കൊണ്ട് മാറി മറിയുന്നു. അവരുടെ കുട്ടിക്കാലത്തെ ഒളിച്ച് കളിയുടെ ഫ്‌ളാഷ്ബാക്കുകള്‍ ഗുഹയിലകപ്പെട്ട ശ്രീനാഥ് ഭാസി ചെയ്ത സുഭാഷിന്റെയും കൂട്ടുകാരുടെയും മരണത്തിനൊപ്പമുളള കണ്ണുപൊത്തിക്കളിയായി സംവിധായകന്‍ ഒരുക്കിയിരിക്കുന്നു. ഇരുണ്ടതും തണുത്തതുമായ ഗുഹയുടെ ആഴങ്ങളിലേക്ക് സംവിധായകനും അഭിനേതാക്കളും ഒപ്പം പശ്ചാത്തല സംഗീതമൊരുക്കിയ സുന്‍ ശ്യാമും ചേര്‍ന്ന് പ്രേക്ഷകരെയും തള്ളിയിടുന്നു.

സുഷിന്‍ ശ്യാമിന്റെ സംഗീതവും ഒപ്പം ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചേരുമ്പോള്‍ പ്രേക്ഷകന്‍ ഗുണ ഗുഹയുടെ കാണാക്കയങ്ങളിലൂടെ വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ വികാരങ്ങളുടെ കുത്തൊഴുക്കിലൂടെ കടന്നു പോകാന്‍ നിര്‍ബന്ധിതരാകുന്നു.

അഭിനയ മികവില്‍ എല്ലാവരും ഒന്നിനൊന്നും മെച്ചം എന്ന് മാത്രമേ പറയാനാകു. ശ്രീനാഥ് ഭാസിയും സൗബിനും ഒപ്പം ബാലു വര്‍ഗീസ്, ചന്തു സലിം കുമാര്‍, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ നടന്നൊരു സംഭവമാണ്. അത് സിനിമയാകുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി അതിന്റെ ഭീകരത ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായിരുന്നു. എന്നാല്‍ചിദംബരം അനായാസം ഈ വെല്ലുവിളി അതിജീവിച്ചിരിക്കുന്നു. ജാനേ മന്‍ എന്ന കോമഡി ഡ്രാമ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി സുഹൃത്ത് ബന്ധങ്ങളുടെ ദൃഢത ഊട്ടിയുറപ്പിക്കുന്ന സര്‍വൈവല്‍ ത്രില്ലറിലേക്ക് എത്തുമ്പോള്‍ ചിദംബരം എന്ന സംവിധായകന്‍ അക്ഷാര്‍ത്ഥത്തില്‍ വിസ്മയിപ്പിക്കുന്നു. ജോര്‍ജ് മാരിയന്‍, രമചന്ദ്ര ദുരൈരാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മാളൂട്ടിക്ക് ശേഷം മലയാളികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സര്‍വൈവല്‍ ത്രില്ലറായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ സൗഹൃദത്തിന്റെ മേമ്പൊടി കൂടി ചേരുന്നതോടെ ചിത്രം ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍