UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

‘കറുത്ത് കുറുകിയ വിടുവായൻ’ എംഎം മണിക്കെതിരേ ആയാലും വിമർശനങ്ങൾ ചരിത്രബന്ധിയും വസ്തുനിഷ്ഠവുമായിരിക്കണം

അഞ്ചേരി ബേബി കൊലയുടെ പശ്ചാത്തലം നാം ഇന്ന് ധരിക്കുന്നതുപോലെ, ഉടുപ്പ് ഉടയുമെന്നതിനാൽ കാലിൽ കടിച്ചിരിക്കുന്ന ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത യൂത്ത് കോൺഗ്രസ്സുകാരെ ചോരക്കൊതി തീരാത്ത കമ്യൂണിസ്റ്റുകൾ അധികാരപ്രമത്തതയിൽ കൊന്ന് തള്ളിയതല്ല

                       

മണിയാശാന്റെ ടൈം നല്ല ബെസ്റ്റ് ടൈമെന്ന് പറയാതെ വയ്യ!

2012-ല്‍ മണിയാശാൻ ഉടുമ്പഞ്ചോലയിൽ വച്ച് നടത്തിയ ‘വൺ, ടു, ത്രീ’ പ്രസംഗവും അതുണ്ടാക്കിയ വിവാദങ്ങളും ആരും ഇനിയും മറക്കാനിടയില്ല; സംഭവം അദ്ദേഹത്തിനെതിരേയുള്ള പൊലീസ് കേസിൽ കലാശിച്ചതും ദിവസങ്ങളോളം അദ്ദേഹത്തിന് കസ്റ്റഡിയിൽ കഴിയേണ്ടിവന്നതും. മുപ്പത്തിയഞ്ച് കൊല്ലം മുമ്പ് നടന്ന അഞ്ചേരി ബേബി വധക്കേസിലെ രണ്ടാം പ്രതിയായിരുന്ന മണിയെ അന്ന് വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ കോടതി വെറുതേ വിട്ടിരുന്നു. എന്നാൽ പതിറ്റാണ്ടുകൾക്ക് ശേഷം പൊതുജനങ്ങളെ സാക്ഷിയാക്കി അദ്ദേഹം നടത്തിയ മേല്‍പ്പറഞ്ഞ പ്രസംഗം ഒരു എക്സ്ട്രാ ജുഡീഷ്യൽ കൺഫെഷനായി കണക്കാക്കിക്കൊണ്ടാണ് പ്രസ്തുത കേസ് വീണ്ടും ഉയർന്നുവരുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രി കൊലക്കേസിന്റെ വിചാരണ നേരിടേണ്ടിവരുന്നു എന്ന് പല പത്രങ്ങളും വിശേഷിപ്പിക്കുന്നത് ശരിയെങ്കിൽ അത്തരം ഒരു അധിക പ്രാധാന്യം കൂടി ഉൾക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് എംഎം മണി ഇന്ന് അഞ്ചേരി ബേബി വധക്കേസിൽ വീണ്ടും വിചാരണയെ നേരിടുന്നത് എന്ന് ചുരുക്കം.

കുറ്റം കൊലപാതമാണ്. കാലം കുറെ കഴിഞ്ഞു എന്നതോ ഒരിക്കൽ അതിൽ വിധി വന്നതാണെന്നതോ ഒന്നും നിയമപരമായി ഈ പുനർവിചാരണയെ അസാധുവാക്കുന്നില്ല. അന്ന് കിട്ടാത്ത തെളിവുകൾ ഇന്ന് കിട്ടുമോ എന്നതാണ് പ്രോസിക്യൂഷൻ നേരിടുന്ന പ്രശ്നം. എന്നാൽ മണി നേരിടുന്നത് അതിലും വലിയ ഒന്നാണ്. അത് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു സംഭവം ഇപ്പോൾ ചർച്ചയ്ക്കെടുക്കുമ്പോൾ അതിൽ നിന്ന് ചോർന്നുപോകുന്നത് അതിന്റെ ചരിത്ര പശ്ചാത്തലമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആ ഒരു പശ്ചാത്തലം പരിഗണിക്കാതെ രേഖീയമായി ചെലുത്തപ്പെടുന്ന യുക്തികൊണ്ട് അതിന്റെ നൈതികതയെ സമീപിക്കാൻ പോലും ആകില്ല എന്നതാണ്.

 

അഞ്ചേരി ബേബി വധം
മുപ്പത്തിയഞ്ച് വർഷം എന്നത് ദീർഘമായ ഒരു കാലഘട്ടമൊന്നുമല്ല. എങ്കിൽ പോലും അത്ര നിസ്സാരമല്ലാത്ത മാറ്റങ്ങൾ ഈ മൂന്നര പതിറ്റാണ്ടുകൾക്കുള്ളിൽ ഉണ്ടായിട്ടുണ്ട് താനും. പത്ത് കൊല്ലം മുമ്പ് ഇറങ്ങി സൂപ്പർ ഹിറ്റായ ക്ലാസ്മേറ്റ്സ് സിനിമയിലെ ജയസൂര്യ അവതരിപ്പിച്ച സതീശൻ കെ.എസ്.യുവിന്റെ തല്ലുകൊള്ളി പ്രോട്ടോ ടൈപ്പായി മാറുമ്പോൾ ഒപ്പം ആ സംഘടനയെക്കുറിച്ച് പൊതുബോധം വായിച്ചെടുക്കുന്ന ചരിത്രവും മാറിമറിയുന്നുണ്ട്. ഒപ്പം കെ എസ് യു – എസ് എഫ് ഐ, യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ, കോൺഗ്രസ്-സിപിഎം സംഘർഷങ്ങളുടെ ചരിത്രവും.

അധികാരത്തിനെതിരേയുള്ള സമരങ്ങൾ വിജയിക്കുന്നതോടെ, വിജയിച്ച് അധികാരത്തിൽ എത്തുന്നവരുടെ രാഷ്ട്രീയവും സംസ്കാരവും നൈതികതയും നിറവും പേരും മാറുമ്പോഴും ഘടനാപരമായും രീതിശാസ്ത്രബന്ധിയായും അധികാരത്തിന്റേത് തന്നെയായി തുടരുന്നു എന്ന വിമർശനം സ്ഥൂലവത്ക്കരിച്ചതാണെങ്കിലും ഇല്ലാത്ത ഒന്നാണെന്ന് പറയാൻ പറ്റില്ല. എന്നാൽ ഈ സ്ഥൂലവത്ക്കരണത്തിന്റെ പിന്നിലെ അജണ്ടകൾ വേറെയാണ് താനും. ഇതിനെ പ്രശ്നാധിഷ്ഠിതമായേ മനസിലാക്കാൻ പറ്റൂ. ഇതാണ് എംഎം മണി കേസ് ഇന്ന് വിചാരണയ്ക്ക് എടുക്കുമ്പോൾ പൊതുബോധത്തിൽ സമഗ്രമായി നിലനിൽക്കുന്ന, മാറിയ പൊതുബോധം ഉത്പ്പാദിപ്പിക്കുന്ന പ്രശ്നവും.

കായികമായ ചെറുത്തുനിൽപ്പ് എന്ന ആശയം തന്നെയും ഇന്ന് സാംസ്കാരികമായി സാധുവാകുന്നത് ‘മാവോയിസ്റ്റ്’ പോലുള്ള സംഘടനകളുടെ ലേബലിൽ മാത്രമാണ്. അതിന്റെ സാധൂകരണമോ അവരുടെയോ, അവർ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്നവരുടെയോ പക്കൽ അധികാരമില്ല എന്നതിനാലും. അതായത് ഭരണകൂടാധികാരം പുറത്തു നിർത്തുന്നവരുടെ സമരങ്ങൾ സായുധമാകുന്നതും സായുധമായ സമരങ്ങളിൽ കൊലപാതകങ്ങൾ ഉണ്ടാകുന്നതും ന്യായീകരിക്കാവുന്നതാണെന്ന്.

കേരളീയ പൊതുബോധത്തിന്റെ സൈബർ പ്രതിനിധാനങ്ങൾ എങ്കിലും ‘മാവോയിസ്റ്റ്’ എന്ന് വിളിക്കപ്പെടുന്ന സമരമാർഗ്ഗത്തോട് അനുഭാവം പുലർത്തുന്നതാണ്. ഈ മാവോയിസ്റ്റുകളാവട്ടെ ഭരണകൂടം വേട്ടയാടുന്ന പാവം മാൻപറ്റം എന്ന് അതിന്റെ കാല്‍പ്പനിക അനുഭാവികളാൽ വിലപിക്കപ്പെടുമ്പോൾ തങ്ങൾക്ക് ലഭ്യമായ മാധ്യമ ഇടമൊക്കെ ഉപയോഗിച്ച് തങ്ങളുടെ സായുധ ശക്തി വെളിപ്പെടുന്നതും ഉണ്ടാവുന്നുണ്ട്. ഈ വൈരുധ്യത്തെ നാം വിശദീകരിക്കുക അവരുടെ പക്കൽ അധികാരമില്ല എന്നും, നാവ് നിഷേധിക്കപ്പെട്ടവരുടെ നാവായും കൈ വെട്ടിമാറ്റപ്പെട്ടവരുടെ ആയുധമില്ലാത്ത കൈയ്യായുമാണ്. മേല്‍പ്പറഞ്ഞതിന് ഒന്നുകൂടി അടിവരയിട്ടാൽ “ഭരണകൂടാധികാരം പുറത്ത് നിർത്തുന്നവരുടെ സമരങ്ങൾ സായുധമാകുന്നതും സായുധമായ സമരങ്ങളിൽ കൊലപാതകങ്ങൾ ഉണ്ടാകുന്നതും ന്യായീകരിക്കാവുന്നതാണെന്ന്”.

 

വൺ ടൂ ത്രീ കൊല
ജനാധിപത്യത്തിന്റെ മരണമണി മുഴക്കം എന്നൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന മണിയാശാന്റെ പ്രസംഗത്തിനാധാരമായ സംഭവം നമ്മൾ ഒന്ന് ഗൂഗിളിൽ തിരഞ്ഞാൽ യൂത്ത് കോൺഗ്രസ്സുകാരനായ അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയ കേസ് എന്ന് കാണാം. ആരാണീ യൂത്ത് കോൺഗ്രസ്സുകാർ? തൂവെള്ള വസ്ത്രം ധരിച്ച് ഗാന്ധിൻ അഹിംസാ മാർഗ്ഗം പ്രചരിപ്പിക്കുന്ന കുറെ പാവം മനുഷ്യർ. സിപിഎംകാരോ? കണ്ണൂർ മുതൽ കന്യാകുമാരി വരെ ആൾബലമുള്ളിടത്തെല്ലാം ഫാസിസ്റ്റ് ഏകാധിപത്യം സ്ഥാപിക്കുന്ന തൻപ്രമാണിമാരും. ഇതങ്ങനെ പുച്ഛിച്ച് തള്ളാനൊന്നും പറ്റില്ലെന്ന് സ്ഥലങ്ങളും സംഭവങ്ങളും എണ്ണിപ്പറഞ്ഞ് മറുപക്ഷത്തിന് സ്ഥാപിക്കാനും പറ്റും. അതായത് കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള കണക്ക് മാത്രമെടുത്താലും ഇരുപക്ഷത്തെയും പ്രസംഗകർക്ക് മിണ്ടാട്ടം മുട്ടുകയൊന്നുമില്ലെന്ന്. അപ്പോൾ ഈ സംഘർഷ ചരിത്രത്തെ സമീപിക്കണമെങ്കിൽ അവയുടെ പൊതുവായ എണ്ണമെടുത്താൽ പോര, ഓരോന്നിനെയും പ്രശ്നാധിഷ്ഠിതമായി വിശകലനം ചെയ്യേണ്ടതുണ്ട് എന്ന്.

അഞ്ചേരി ബേബി കൊലയുടെ പശ്ചാത്തലം നാം ഇന്ന് ധരിക്കുന്നതുപോലെ, ഉടുപ്പ് ഉടയുമെന്നതിനാൽ കാലിൽ കടിച്ചിരിക്കുന്ന ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത യൂത്ത് കോൺഗ്രസ്സുകാരെ ചോരക്കൊതി തീരാത്ത കമ്യൂണിസ്റ്റുകൾ അധികാരപ്രമത്തതയിൽ കൊന്ന് തള്ളിയതാണോ? അല്ല എന്നാണ് തോട്ടം തൊഴിലാളികളുടെ സംഘർഷഭരിതമായ ജീവിത ചരിത്രം പറയുന്നത്. ന്യായമായ കൂലി ചോദിച്ചാൽ ചാട്ടയ്ക്കടിക്കുന്ന കങ്കാണിമാരെ ഒറ്റയ്ക്ക് നേരിടാൻ സുരേഷ് ഗോപിമാരല്ല തങ്ങൾ എന്ന തിരിച്ചറിവ് പള്ളിക്കുടത്തിൽ പോയല്ല, അടികൊണ്ട് പഠിച്ച തൊഴിലാളികൾ സംഘടിതരാകാൻ നടത്തിയ ശ്രമങ്ങളെ അന്ന് അധികാരം എങ്ങനെയാണ് നേരിട്ടത് എന്ന് വെളിപ്പെടാൻ പൊതുചരിത്രം പോര, സവിശേഷ ചരിത്രം തന്നെ വേണം.

അങ്ങനെ ഒരു ചരിത്രപശ്ചാത്തലത്തിൽ നിന്നാണ് എംഎം മണി ഉടുമ്പഞ്ചോലയിൽ ഓർത്തെടുത്ത സംഭവവും വരുന്നത്. അത് ഖദറിൽ ചോര പറ്റാതിരിക്കാൻ കൊതുകിനെ അടിക്കാതിരിക്കുന്ന ഇന്നത്തെ കോൺഗ്രസുകാരനെ വച്ച് വിശകലനം ചെയ്യാൻ പറ്റിയ ഒരു വിഷയമല്ല. കാരണം ഇന്ന് അവർക്കാ ആഢംബരം സാദ്ധ്യമാകുന്നതിന് പിന്നിലും ഒരു ചരിത്ര പശ്ചാത്തലം ഉണ്ട് എന്നതാണ്.

 

അഞ്ചേരി ബേബിയുടേത് ഒരു രാഷ്ട്രീയ കൊലപാതകമോ?
എവിടെയൊരു രാഷ്ട്രീയ കൊലപാതകം നടന്നാലും അതിൽ ഒരുപക്ഷത്ത് സിപിഎം ഉണ്ടാകും എന്നത് ഇന്നൊരു പൊതുവിമർശനമാണ്; പക്ഷേ രാഷ്ട്രീയ ഏറ്റുമുട്ടലുകളിൽ സിപിഎം കൊന്നുതള്ളിയവരുടെ സംഖ്യയല്ല, രക്തസാക്ഷികളായ അവരുടെ പ്രവർത്തകരുടെ എണ്ണമാകും അത് സാധൂകരിക്കുക എന്ന് മാത്രം. കമ്യൂണിസ്റ്റ് പാർട്ടിയുടെ നാളിതുവരെയുള്ള ചരിത്രത്തിൽ കാലികമായും പ്രാദേശികമായും ഉയർന്നുവന്ന സംഘർഷങ്ങൾ ഏതെങ്കിലും ഒരു സംഘടനയ്ക്ക് എതിരെ ആയിരുന്നില്ല. അതിന്റെ ചരിത്രത്തിലെ ആദ്യ ഘട്ടങ്ങളിൽ കോൺഗ്രസിനെതിരേ ആയിരുന്നു സംഘർഷമെങ്കിൽ പിന്നീടത് സംഘപരിവാറിനെതിരെ ആയി.

അപ്പോഴും അതിന് ഒരു പൊതുപ്രമേയമുണ്ടായിരുന്നു. കേരളത്തിൽ കോൺഗ്രസുമായുണ്ടായ കമ്യൂണിസ്റ്റ് സംഘർഷങ്ങൾക്ക് ഒരുനിലയ്ക്ക് അല്ലെങ്കിൽ മറ്റൊരു നിലയ്ക്ക് ഫ്യൂഡൽ കുത്തകാധികാരവുമായുള്ള സമരത്തിന്റെ ഒരു പശ്ചാത്തലം ഉണ്ടായിരുന്നു. സംഘപരിവാറുമായുള്ള സംഘർഷങ്ങൾ, പ്രത്യേകിച്ച് കണ്ണൂരിൽ നടന്നുപോരുന്നവ ഒരർത്ഥത്തിൽ അതിന്റെ ഒരു തുടർച്ചയാണ്.

എന്നാൽ മറ്റൊരർത്ഥത്തിൽ അത് ചോദ്യം ചെയ്യപ്പെടാവുന്ന ഒരു തുടർച്ച കൂടിയാണ്. നിർണ്ണായകവും തിരുത്തൽശേഷിയുമുള്ള ആ ‘എന്നാ’ലിൽ നിന്ന് ആശയപരവും പ്രത്യയശാസ്ത്രബന്ധിയുമായ ഒരു വികേന്ദ്രീകരണം മാത്രമാണ് എംഎം മണിയിലേക്ക്, ഉടുമ്പഞ്ചോല പ്രസംഗത്തിന്റെ വാചികാർത്ഥത്തിലേയ്ക്ക് മാത്രമായി ചുരുങ്ങുന്ന ജനാധിപത്യ ചർച്ചകൾ. അവ ചെറുത്തുനിൽപ്പുകളുടെ പ്രായോഗിക രൂപങ്ങളെയൊട്ടാകെ വളരെ കണ്ട് വ്യക്ത്യാധിഷ്ഠിതമായ ഒരുതരം ഗാന്ധിയന്‍ രീതിശാസ്ത്രത്തിലേയ്ക്ക് ചുരുക്കുന്നു. ഗാന്ധിയുടെ ഓരോ നിരാഹാര സമരവും അപ്പപ്പോൾ അത് പ്രതീക്ഷിച്ച രാഷ്ട്രീയ ലക്ഷ്യം നേടിയിരുന്നു. ഇതേ മാർഗ്ഗം അവലംബിച്ച ഇറോം ഷർമിളയുടെ നിരാഹാര സമരം എത്ര കൊല്ലം നീണ്ടു, അവർ പിന്നീട് എന്തുചെയ്തു എന്നൊക്കെ നമുക്ക് ഇന്നറിയാം.

മാവോയിസ്റ്റ് സായുധസമരമാർഗ്ഗത്തെ അതിന്റെ പഴയ വിപ്ളവമൂല്യം മുൻനിർത്തി ഇന്നത്തെ അവസ്ഥയിലും ന്യായീകരിക്കുകയും മുപ്പത്തിയഞ്ച് വർഷം മുമ്പ് നടന്ന സംഭവത്തെ പക്ഷേ അതിന്റെ ചരിത്രപരമായ പശ്ചാത്തലമൊക്കെയും ഒഴിവാക്കി ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ മാത്രമേ വിശകലനം ചെയ്യൂ എന്ന് ശാഠ്യം പിടിക്കുന്നതിന്റെയും പിന്നിൽ ഒരു ഇരട്ടത്താപ്പുണ്ട്. അത് നിലവിൽ ജനാധിപത്യ വ്യവസ്ഥയിലൂടെ നിലവിൽ വന്ന ഒരു സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനകീയ പ്രതിപക്ഷമാകുന്നതിൽ നിന്ന് നമ്മെ തടയുകയേ ഉള്ളു. വൈരുദ്ധ്യാത്മകവും വിമർശനകേന്ദ്രീകൃതവുമായ ജനാധിപത്യ തിരുത്തൽ സാധ്യതകൾക്ക് മേൽ കേവലമായ സിപിഎം സ്വത്വബോധത്തെ സ്ഥാപിക്കാൻ ഉതകുംവണ്ണം ഒരുതരം ‘ഇര’ബോധം അതിന്റെ പ്രവർത്തകരിൽ ഉത്പ്പാദിപ്പിക്കാനും.

ഓർക്കുക. ‘കറുത്ത് കുറുകിയ വിടുവായൻ’ എംഎം മണിക്കെതിരെ ആയാലും വിമർശനങ്ങൾ ചരിത്രബന്ധിയും വസ്തുനിഷ്ഠവും ആയിരിക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍