UPDATES

ദൂരദർശന്റെ ആത്മീയ വ്യാപാരം

അയോധ്യ രാമക്ഷേത്രത്തിലെ ആരതി ദര്‍ശനം ഇനി മുതല്‍ ലൈവ്

                       

സർക്കാർ ഉടമസ്ഥതയിലുള്ള ടി വി ചാനലായ ദൂരദർശനിൽ  ഇനി മുതൽ രാമക്ഷേത്രത്തിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണം. എല്ലാ ദിവസവും രാവിലെ 6:30 ന് ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്നുള്ള ‘ആരതി’ അഥവാ പ്രാർത്ഥനാ ചടങ്ങുകൾ ആയിരിക്കും ഡിഡി നാഷണൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ദൂരദർശന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കു വച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘ഇനി എല്ലാ ദിവസവും ഭഗവാന്‍ ശ്രീരാംലല്ലയുടെ ദിവ്യ ദർശനം ഉണ്ടായിരിക്കും’ എന്നാണ് എക്‌സിൽ കുറിച്ചിരിക്കുന്നത്.

2024 ജനുവരി 22 ന് രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ദിനത്തിൽ ഡിഡി നാഷണൽ ചാനൽ ഒരു കോടിയിലധികം ജനങ്ങൾ കണ്ടിരുന്നു. കഴിഞ്ഞ ജി -20 ഉച്ചകോടിക്ക് ഉപയോഗിച്ച ഉയർന്ന റെസല്യൂഷനോടെയുളള ചിത്രീകരണങ്ങൾക്കായുള്ള 40-ലധികം ക്യാമറകളും ഇതിനായി പ്രതിഷ്ഠാ ദിനത്തിൽ ഡിഡി നാഷണൽ വിന്യസിച്ചിരുന്നു. രാമക്ഷേത്രത്തിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണത്തിന് അനുമതി ലഭിക്കാൻ ചാനൽ കുറച്ച് നാളുകളായി ശ്രമിച്ചിരുന്നുവെന്ന് ഡിഡി നാഷണൽ ഉദ്യോഗസ്ഥൻ ദി ഹിന്ദു പത്രത്തിനോട് വെളുപ്പെടുത്തി.

അത്യാഢംബരപൂർവ്വം നടന്ന പ്രതിഷ്ഠാ ദിന ചടങ്ങിന് 21 ദിവസം മുൻപേ തന്നെ രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടികളും വാർത്താ ബുള്ളറ്റിനുകളും ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു. പ്രത്യേക പരിപാടികളിൽ ഉണ്ടായിരുന്ന ദിവസേനയുള്ള അയോധ്യ റൗണ്ട്-അപ്പ്, ചർച്ചകൾ, അയോധ്യയിൽ നിന്നുള്ള പ്രേത്യേക വാർത്തകളും ഒപ്പം വോക്സ്-പോപ്പ് തുടങ്ങിയവ പ്രതിഷ്ഠാ ചടങ്ങിന് ശേഷവും തുടർന്നു വരികയായിരുന്നു. രാമൻ തിരികെ തന്റെ രാജ്യത്തിലേക്ക് മടങ്ങിവരുന്ന കഥയെ ആസ്പദമാക്കി അയോധ്യയിൽ നിന്നുള്ള ഒരു കഥാ പരമ്പരക്കായി ചാനൽ എഴുത്തുകാരൻ നീലേഷ് മിശ്രയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

നിര്‍മാണം പൂര്‍ത്തിയാകും മുമ്പായിരുന്നു രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാകര്‍മം നടത്തിയത്. പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണവിഷയം രാമക്ഷേത്രമായിരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പായി ഉത്ഘാടനം നിര്‍വഹിച്ച് അതിലൂടെ കിട്ടുന്ന രാഷ്ട്രീയ നേട്ടമായിരുന്നു തിടക്കപ്പെട്ടുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍. നിര്‍മാണം പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ കര്‍മം നടത്തരുതെന്നു ആചാര്യന്മാരും വിശ്വാസികളുമടക്കം ആവശ്യമുയര്‍ത്തിയിരുന്നതുമാണ്. ഇപ്പോഴത്തെ വിവരമനുസരിച്ച് ഈ വര്‍ഷം അവസാത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കന്‍ തക്ക വിധത്തില്‍ പണികള്‍ പുരോഗമിക്കുകയാണ്. അതേസമയം, പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്ന നാള്‍ മുതല്‍ ഇതുവരെ 75 ലക്ഷത്തോളം വിശ്വാസികള്‍ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

Share on

മറ്റുവാര്‍ത്തകള്‍