ബഷീറിന്റെ തിരക്കഥ കാലങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയാക്കി മാറ്റുക എന്നത് സാധാരണ നിലയില്‍ സാഹസികമാണ്. ഭയപ്പെടുത്തുന്നതും മോഹിപ്പിക്കുന്നതുമായ ഒരു സാഹസികത. അതിനാണ് ആഷിഖും സംഘവും തയ്യാറായത്.
ഏതോ കടല്‍തീരത്തുള്ള മരങ്ങള്‍ക്കിടയില്‍, നിലാവ് വീണ് നീലയായ തിരകള്‍ക്കരികില്‍, ഗിരീഷ് ഗംഗാധരന്റെ ക്യാമറയ്ക്ക് മുന്നില്‍ ആഷിഖ് അബു വെള്ള ജുബ്ബയും മുണ്ടുമുടുത്ത ടോവിനോയെ നിര്‍ത്തിയിട്ടുണ്ട്.
മുണ്ടിന്റെ ഇടത്തേ കോന്തല ഇടത് കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച് ടോവിനോ ഒരല്പം ചെരിഞ്ഞ് നില്‍ക്കുമ്പോള്‍ പുനലൂര്‍ രാജേട്ടന്റെ വിഖ്യാതമായ ഫോട്ടോയിലെ ബഷീര്‍ സ്‌ക്രീനില്‍ തെളിഞ്ഞ് വന്നു. അപ്പോള്‍ ഷഹ്ബാസ് അമന്റെ ആഴമേറിയ, വിഷാദവും വിരഹവും ഘനീഭവിച്ച, ശബ്ദത്തില്‍ ‘ഏകാന്തതയുടെ മഹാതീരം’ എന്ന പാട്ട് തീയേറ്ററില്‍ നിറയുന്നുണ്ടായിരുന്നു. ‘നീല വെളിച്ചം’ കണ്ടില്ലെങ്കില്‍ അടുത്ത കാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളിലൊന്നാണ് നഷ്ടമാകുന്നത്. ആഷിഖിന്, റിമയ്ക്ക്, ഗിരീഷിന്, ടോവിനോയ്ക്ക്, റോഷന്, മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലാസിക്കുകളിലൊന്നിനെ, പുനരാവിഷ്‌കരിക്കാന്‍ ധൈര്യം കാണിച്ച സര്‍വ്വര്‍ക്കും നന്ദിയും സ്നേഹവും.
ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ മലയാളത്തിന്റെ ലക്ഷണമൊത്ത ക്ലാസിക് പീസാണ്. ഒരേ സമയം റൊമാന്‍സ്, ത്രില്ലര്‍, മിസ്റ്റിക്, മ്യൂസികല്‍, ഹൊറര്‍ എന്നിങ്ങനെ പല ഴോണറുകളില്‍ പെടുത്താവുന്നവ. അല്ലെങ്കില്‍ ഇവയെല്ലാം കൂടിച്ചേരുന്നവ. സിനിമ അത്ര വികസിച്ച കാലമൊന്നുമല്ലായിരുന്നു അത്. മലയാള സിനിമയിലെ ഏറ്റവും വലിയ ടെക്നീഷ്യന്‍/ഡയറക്ടര്‍/സിനിമാറ്റോഗ്രാഫര്‍ എ.വിന്‍സെന്റിന്റെ ആദ്യ ചിത്രം. ബഷീറിന്റെ തന്നെ തിരക്കഥ, ഭാസ്‌കര്‍ റാവുവിന്റെ ക്യാമറ, ബാബുരാജിന്റെ സംഗീതം, ഭാര്‍ഗവിയായി വിജയ് നിര്‍മ്മലയും എഴുത്തുകാരനായി മധുവും ശശികുമാറായി പ്രേംനസീര്‍, നാണുക്കുട്ടനായി പി.ജെ.ആന്റണി. മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രം എന്ന പേരും ഈ സിനിമയ്ക്ക് ലഭിച്ചു. പിന്നീട് ആള്‍പ്പാര്‍പ്പില്ലാത്ത വലിയ വീടുകളെല്ലാം മലയാളികള്‍ക്ക് ഭാര്‍ഗ്ഗവീ നിലയങ്ങളായി.
‘നീലവെളിച്ച’ത്തിലെ മാറാലയും പൊടിയും അതിലുമേറെ നിഗൂഢതയും കലര്‍ന്ന ഭാര്‍ഗ്ഗവീ നിലയവും അതിന്റെ മുള്‍ക്കാടുകള്‍ നിറഞ്ഞ പറമ്പും വള്ളിച്ചെടികള്‍ പടര്‍ന്ന ആഴമേറിയ കിണറും പായല്‍ പിടിച്ച ഒരു ശില്പവും പാമ്പും പെരുച്ചാഴിയും കരിമ്പൂച്ചയും നാട്ടുകാര്‍ക്ക് ആ മാളികയോടുള്ള ഭയവും അറുപതുകളിലെ നാട്ടിടവഴിയും മിന്നിത്തെളിയുന്ന വെളിച്ചവും രാത്രി പ്രവര്‍ത്തിക്കാത്ത വൈദ്യുതിയും ചായക്കടയും അങ്ങാടിയും ലോഡ്ജുമെല്ലാം ബഷീര്‍ രചനകളില്‍ നിന്നിറങ്ങി വന്നതാണ്. ലേകത്തോടുള്ള ഉന്മാദം കലര്‍ന്ന സ്നേഹമുള്ള, പ്രണയിനികള്‍ക്ക് -അത് പ്രേതമാണെങ്കിലും- തന്നെ മനസിലാകുമെന്ന വട്ടുള്ള സാഹിത്യകാരന്‍, ഗുസ്തിക്കാരന്‍ ബഷീറിന്റെ ശരീരമടക്കം, ടോവിനോയില്‍ ഭദ്രമായിരുന്നു.
‘പൊട്ടിത്തകര്‍ന്ന കിനാക്കള്‍ കൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ ഞാന്‍’ എന്ന് ചിത്രയുടെ മാസ്മരികമായ ശബ്ദം നിറയുമ്പോള്‍ ശൂന്യതയിലെ ഊഞ്ഞാലയില്‍ വെള്ളസാരിയുടുത്ത ഭാര്‍ഗവി ആടുന്നുണ്ട്. പ്രതികാര ദാഹിയാണ് ഭാര്‍ഗവി. പക്ഷേ അതുവരെയുള്ള പ്രേതങ്ങളെ പോലെ ചോരയൂറ്റിക്കുടിക്കുന്ന, കരിമ്പനയും ചുണ്ണാമ്പും കലര്‍ന്ന ഭയചകിതമായ ഭാവനയല്ല. പ്രേമം കൊണ്ട് മുറിവേറ്റവള്‍, ഭാര്‍ഗവി. കരിമ്പൂച്ചകളോട് മിണ്ടുന്നവള്‍, സിതാര്‍ വായിക്കുന്നവള്‍, നൃത്തമാടുന്നവള്‍. സദാ വിടര്‍ന്ന കണ്ണുകളും ലോകത്തോടുള്ള കൗതുകവും ശശികുമാറിനോടുള്ള ആരാധനയും അത്യഗാധവുമായ പ്രണയവുമുള്ള ഭാര്‍ഗവി, റിമ കല്ലിങ്കലിന്റെ ഏറ്റവും മനോഹരമായ വേഷമായിരിക്കും.
ബഷീറിയന്‍ പ്രണയലോകത്തെ നാടകങ്ങള്‍ ഉള്ളില്‍ നിറഞ്ഞാലെ ഒരു മതിലന്നിപ്പുറവും ഇപ്പുറവും ഉള്ള കമിതാക്കളുടെ ഭാഷയും പ്രേമവും മനസിലാകൂ. അതൊരു ആനന്ദമേറിയ കാഴചയായിരുന്നു. റോഷന്റെ അകത്ത് ഒരു നാടക നടനുണ്ട്. ഡയലോഗ് ഡെലിവറി അതിഗംഭീരമായി ചെയ്യാന്‍ പറ്റുന്ന ഏത് പാറ്റേണും പിടിക്കാന്‍ പറ്റുന്ന ഒരു നടന്‍. ശശികുമാര്‍ അയാള്‍ക്ക് ഒരു ഭാരമേ അല്ല. ബഷീര്‍ എന്ന എഴുത്തുകാരന്‍ എഴുതുന്ന കഥയിലെ, എഴുത്തുകാരനായ കഥാനായകന്‍ എഴുതുന്ന ഭാര്‍ഗവിയുടെ കഥയിലെ, കാമുകനായ എഴുത്തുകാരനാണ് ശശികുമാര്‍. ബഷീറിന്റെ നിഴലിന്റെ നിഴലിന്റെ നിഴല്‍. അനുരാഗത്തിന്റെ ദിനങ്ങളും മതിലുകളും അസംഖ്യം ബഷീര്‍ രചനകളും അതില്‍ സമ്മേളിക്കുന്നുവെന്നത് ആഷിഖും സംഘവും അഭിഗംഭീരമായി ഉള്‍ക്കൊള്ളുന്നുണ്ട്. വാചകത്തിലെ ആഖ്യയെവിടെ ആഖ്യാതമെവിടെ എന്ന് ചോദിച്ച അനിയന്‍ അബ്ദുള്‍ ഖാദറിനെ ഉമ്മയുടെ അരിത്തവികൊണ്ട് തല്ലിച്ച ബഷീറിന് സാഹിത്യകാരന്മാരുടെ ഭാഷയോട് തമാശകലര്‍ന്ന ഒരു പുച്ഛമുണ്ട്. അതുകൊണ്ട് ശശികുമാര്‍ ഭാര്‍ഗവിക്ക് കൊടുക്കുന്ന പൂവിന് നല്ല മണമല്ല, സൗരഭ്യമാണുള്ളത്.
വേറെയുമുണ്ട്. പി.ജെ.ആന്റണി അനശ്വരനാക്കിയ നാണുക്കുട്ടനെ സ്വതസിദ്ധമായ എക്സെന്‍ട്രിസിറ്റിയോടെ അവതരിപ്പിക്കുന്ന ഷൈന്‍ റ്റോം ചാക്കോ, അടൂര്‍ ഭാസിയുടെ ചെറിയ പരീക്കണ്ണിയെ അതിഗംഭീരമാക്കിയ പ്രമോദ് വെളിയനാട്, കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം ഉള്‍ക്കൊണ്ട രാജേഷ് മാധവന്‍, ഭാര്‍ഗവിയുടെ അമ്മയായി എത്തുന്ന ഉമ, ഭാര്‍ഗവിയുടെ കൂട്ടുകാരികളായി അഭിനയിക്കുന്ന നടിമാര്‍. ഒരോരുത്തരും ഈ ക്ലാസിക്കിന്റെ പുനരാവിഷ്‌കാരത്തില്‍ ഉജ്ജ്വലമായ പങ്കുവഹിച്ചിട്ടുണ്ട്.
സിനിമയും കഥപറച്ചിലും വായനയും നാടകവും ഒക്കെ ഇഷ്ടമുള്ള മലയാളികളില്‍ ഒട്ടുമിക്കവര്‍ക്കും ഒരുപക്ഷേ പൊതുവായുള്ള ഒരേയൊരു ഘടകം ബഷീറിനോടുള്ള ഒടുങ്ങാത്ത മമതയാകും. ചരിത്രവും നിത്യജീവിതവും കഥയും രാഷ്ട്രീയവും മിസ്റ്റിസിസവും ആത്മീയതയും പച്ച യാഥാര്‍ത്ഥ്യങ്ങളും സമ്മേളിക്കുന്ന, മലയാളത്തിന്റെ ഏറ്റവും വലിയ കഥാപ്രപഞ്ചത്തെ അസാമാന്യമായ ആദരവും ആഗ്രഹവും നിറഞ്ഞ മനസോടെ കാണാത്തവരും കുറവാകും. ബഷീര്‍ കഥകളില്‍ എവിടെയാണ് സര്‍വ്വസാധാരണ പ്രശ്നങ്ങള്‍ അനാദിയായ കാലത്തിന്റെ മഹാസമസ്യങ്ങളുമായി ചേരുന്നത് എന്ന് നമുക്ക് കണ്ട് പിടിക്കാനാവില്ല. കെട്ടുകഥകളും കഥാകൃത്തിന്റെ ജീവചരിത്രവും സമ്മേളിക്കുന്ന ബിന്ദുവേതായിരുന്നുവെന്നും നമുക്കറിയില്ല. പക്ഷേ അസാധാരണമായ ആ കഥാകഥന ശേഷിയും നിസ്തുലമായ ശൈലിയും മോഹിക്കാത്തവരില്ല. അതുകൊണ്ട് തന്നെ ബഷീറിന്റെ തിരക്കഥ കാലങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയാക്കി മാറ്റുക എന്നത് സാധാരണ നിലയില്‍ സാഹസികമാണ്. ഭയപ്പെടുത്തുന്നതും മോഹിപ്പിക്കുന്നതുമായ ഒരു സാഹസികത. അതിനാണ് ആഷിഖും സംഘവും തയ്യാറായത്.
ഭാര്‍ഗവീ നിലയത്തിന്റെ പറമ്പില്‍ നിന്ന് നാം കേള്‍ക്കുന്ന ശബ്ദങ്ങള്‍, അപ്പുറത്തെ മുറിയില്‍ നിന്നുയരുന്ന സിതാറിന്റെ ഈണം, ഇടിമിന്നല്‍ വെളിച്ചത്തില്‍ മാത്രം നാം കാണുന്ന ഭാര്‍ഗവി കുട്ടി. എന്നിങ്ങനെ പുതിയ കാലത്തിന്റെ സാങ്കേതിക സഹായങ്ങളിലൂടെ തേച്ച് മിനുക്കപ്പെടുന്ന രംഗങ്ങളും ദൃശ്യങ്ങളും ‘നീലവെളിച്ച’ത്തിന്റെ തിളക്കം കൂട്ടുന്നു. ഭാര്‍ഗവിയുടെ സ്വപ്നത്തിലുള്ളിലൂടെ, അവളുടെ കിടപ്പറയ്ക്കുള്ളിലൂടെ, പാഞ്ഞുപോകുന്ന തീവണ്ടി മറ്റൊരു കാലത്ത് നിന്ന് സഞ്ചരിച്ചെത്തിയതാണ്. സര്‍ഗാത്മകമായ ഭൂതകാലത്ത് നിന്ന് പുതുകാലത്തിന്റെ വേഗവും രാഷ്ട്രീയവും പ്രതീക്ഷയും ചിന്തയുമായി എത്തിയ ഓര്‍മ്മകളുടെ തീവണ്ടി.
അപ്പോഴൊരു ഇടിമിന്നല്‍ തിളക്കത്തില്‍ കടല്‍ക്കരയിലെ നീലവെളിച്ചത്തില്‍ ബഷീറും ഭാര്‍ഗവിയും നില്‍ക്കുന്നത് നാം കാണുന്നു. ഒരു കാലത്തിന് നമ്മള്‍ സലാം പറയുന്നു. സിനിമയ്ക്ക്, സാഹിത്യത്തിന്, അതിന്റെ കാലാതീതമായ ലാവണ്യത്തിന്, നന്ദിയും.