UPDATES

പാൽപൊടിയും ഉത്പന്നങ്ങളും; നവജാത ശിശുക്കളെ പ്രമേഹ രോഗികളാക്കുന്ന നെസ്‌ലെ

2022 -ൽ ഇന്ത്യയിൽ നെസ്‌ലെ വിറ്റഴിച്ചത് 20,000 കോടിയിലധികം മൂല്യമുള്ള സെർലാക് ഉത്പന്നങ്ങൾ

                       

നവജാത ശിശുക്കളായുള്ള നെസ്‌ലെ ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതായി ഞെട്ടിക്കുന്ന റിപോർട്ടുകൾ പുറത്ത്. നെസ്‌ലെ ഇന്ത്യയിൽ വിറ്റഴിക്കുന്ന സെർലാക്കിലടക്കടക്കമുള്ള കുഞ്ഞുങ്ങൾക്കായുള്ള ഉത്പന്നങ്ങളിലാണ് ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നത്. എന്നാൽ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി സ്വിറ്റ്‌സർലൻഡ്, തുടങ്ങിയ രാജ്യങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ നെസ്‌ലെ വിൽക്കുന്ന ഇതേ ഉത്പന്നങ്ങൾ പഞ്ചസാര രഹിതമാണ്. പബ്ലിക് ഐ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഉത്പന്നങ്ങൾ കുഞ്ഞുങ്ങളിൽ ടൈപ്പ് രണ്ട് പ്രേമേഹം മുതൽ പലതരത്തിലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്. പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ കുഞ്ഞുങ്ങൾ കൂടുതലായി ഇത്തരം ഉത്പ്പന്നങ്ങൾ കഴിക്കും എന്നുള്ളതിനാൽ ഇത് നെസ്‌ലെയുടെ വിപണന തന്ത്രവുമായി കണക്കാം.

ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും കുഞ്ഞുങ്ങൾക്കുളള പാൽ പൊടിയിലും മറ്റ് ധാന്യ ഉത്പന്നങ്ങളിലും നെസ്‌ലെ പഞ്ചസാരയും തേനും ചേർക്കുന്നുണ്ട്. കുഞ്ഞുങ്ങളിൽ അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ് നെസ്‌ലെ നടത്തിയിട്ടുള്ളത് എന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രമുള്ള നെസ്‌ലെ ഉത്പന്നങ്ങളിൽ മാത്രമാണ് അനുവദനീയമായ അളവിൽ നിന്ന് വിഭിന്നമായി കൂടിയ തോതിൽ പഞ്ചസാര ചേർത്തതായി കണ്ടെത്തിയിരിക്കുന്നത്. പബ്ലിക് ഐയുടെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട ഇന്ത്യ നെസ്‌ലെയുടെ ബേബി ഫുഡ് ഉൽപന്നങ്ങൾക്കെതിരായി ഉയർന്നിരിക്കുന്ന ആരോപണങ്ങൾ പരിശോധിച്ചുവരികയാണ്. കൂടാതെ, പബ്ലിക് ഐയുടെ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ ശാസ്ത്രീയ പാനലിന് മുന്നിൽ അവതരിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

അതേസമയം, തങ്ങൾ എല്ലാ നിയമവും പാലിക്കുന്നുണ്ടെന്നും, കഴിഞ്ഞ അഞ്ച് വർഷമായി നെസ്‌ലെ കുഞ്ഞുങ്ങൾക്കുള്ള ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് 30 ശതമാനത്തോളം കുറച്ചിട്ടുണ്ടെന്നും അളവ് കുറയ്ക്കുന്നതിനായി തങ്ങളുടെ ഉൽപ്പന്നങ്ങൾ അവലോകനം ചെയ്യുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നത് തുടരുകയാണെന്നും നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിൽ, വിപണനം ചെയ്യുന്ന 15 തരം സെർലാക് ഉൽപ്പന്നങ്ങളിലും ഓരോ സ്പൂണിൽ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ കാണിക്കുന്നത്. എന്നാൽ ഇതേ ഉൽപ്പന്നം ജർമ്മനിയിലും യുകെയിലും പഞ്ചസാര ചേർക്കാതെയാണ് നെസ്‌ലെ വിപണനം ചെയുന്നത്. ഇന്ത്യയിൽ മൂന്ന് ഗ്രാം ആണെങ്കിൽ എത്യോപ്യയിലും , തായ്‌ലൻഡിലും ഏകദേശം ആറ് ഗ്രാം പഞ്ചസാരയാണ് നെസ്‌ലെ ഉത്പ്പന്നങ്ങളിൽ അടങ്ങിയിട്ടുള്ളതെന്നും പബ്ലിക് ഐ പഠനം ചൂണ്ടികാണിക്കുന്നു. ഉൽപ്പന്നങ്ങളുടെ പാക്കറ്റിൽ നൽകിയിരിക്കുന്ന പോഷക വിവരങ്ങളിൽ നെസ്‌ലെ പലപ്പോഴും ചേർത്തിരിക്കുന്ന പഞ്ചസാരയുടെ അളവ് വെളിപ്പെടുത്താറില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

2022 -ൽ ഇന്ത്യയിൽ നെസ്‌ലെ വിറ്റഴിച്ചത് 20,000 കോടിയിലധികം മൂല്യമുള്ള സെർലാക് ഉത്പന്നങ്ങളാണ്. കുഞ്ഞുങ്ങൾക്കുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് അവരിൽ അമിതമായ ആസക്തി ഉളവാക്കുമെന്നും വിദഗ്ധർ പറയുന്നുണ്ട്. കൂടാതെ ഇത്തരത്തിൽ പഞ്ചാര ചേർക്കുമ്പോൾ കുഞ്ഞുങ്ങൾ ഇത്തരം ഉത്പന്നങ്ങൾ ആവശ്യത്തിൽ കൂടുതൽ കഴിക്കാനിടയുണ്ടെന്നും ഇത് ടൈപ്പ് രണ്ട് പ്രമേഹം പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുമെന്നും ആരോഗ്യ വിദഗ്ധർ തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു

‘ വലിയ ആശങ്ക ഉളവാക്കുന്ന പഠന റിപ്പോർട്ടാണ് പബ്ലിക് ഐ മുന്നോട്ട് വക്കുന്നത്. കുഞ്ഞുങ്ങൾക്കും ചെറിയ കുട്ടികൾക്കും നൽകുന്ന ഭക്ഷണങ്ങളിൽ പഞ്ചസാര ചേർക്കരുത്, അവർക്ക് ആവശ്യമില്ലാത്ത കാര്യമാണിത്. പഞ്ചസാര ചേർക്കുന്നത് കുഞ്ഞുങ്ങളിൽ അത്യധികം ആസക്തിയുളവാക്കും. കൂടാതെ, കുട്ടികൾ പഞ്ചസാരയുടെ രുചിയുമായി പരിചയപ്പെടുകയും കൂടുതൽ മധുരമുള്ള ഭക്ഷണങ്ങൾക്കായി താല്പര്യം പ്രകടിപ്പിക്കാൻ തുടങ്ങുകയും, ഇത് കുഞ്ഞുങ്ങളുടെ വളർച്ചാ കാലഘട്ടത്തിൽ പോഷകാഹാരത്തിന്റെ ലഭ്യത കുറവ് മൂലമുള്ള വൈകല്യങ്ങൾ ഉണ്ടാകാനായുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, അമിതവണ്ണം,പ്രമേഹം അല്ലെങ്കിൽ ഉയർന്ന രക്ത സമ്മർദ്ദം പോലുള്ള മറ്റ് വിട്ടുമാറാത്ത രോഗങ്ങളിലേക്കും നയിക്കും’ എന്ന് ബ്രസീലിലെ പരൈബ ഫെഡറൽ യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റും പോഷകാഹാര വിഭാഗത്തിലെ പ്രൊഫസറുമായ റോഡ്രിഗോ വിയന്ന പറയുന്നു.

ഉയർന്ന അളവിലുള്ള പഞ്ചസാര കുഞ്ഞുങ്ങളിൽ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്നുവെന്നും വളരെ പെട്ടന്ന് തന്നെ അണുബാധ നിൽക്കാനുള്ള സാധ്യതയുമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. കൂടാതെ പഞ്ചസാരയുടെ അളവ് ഭക്ഷണത്തിൽ നിന്ന് പോഷക സമ്പുഷ്ടമായ ഘടകങ്ങളെ ഒഴിവാക്കാനും കാരണമാകു

Share on

മറ്റുവാര്‍ത്തകള്‍