UPDATES

വിദേശം

ഏകാധിപതിയെ ഭയപ്പെടുത്തുന്ന വിശ്വസുന്ദരി

മിസ് യൂണിവേഴ്‌സ് ഷെനീസ് പലാസിയോ നികാരാഗ്വയുടെ പ്രതീക്ഷയും പ്രതിരോധവുമാകുമ്പോള്‍

                       

തങ്ങളില്‍ ഒരാള്‍ വിശ്വസുന്ദരി പട്ടം നേടുമ്പോള്‍, ഒരു രാജ്യം അത് ആഘോഷിക്കുന്നതില്‍ തെറ്റ് എന്താണ്? മധ്യ അമേരിക്കന്‍ രാജ്യമായ നികാരാഗ്വയില്‍ നിന്നും ഒരാള്‍ ആദ്യമായിട്ടാണ് വിശ്വസുന്ദരി പട്ടം നേടുന്നത്. അതുകൊണ്ട് തന്നെ ഷെനീസ് പലാസിയോസിന്റെ കിരീടധാരണം, നികാരാഗ്വന്‍ ജനത തെരുവില്‍ തന്നെയാഘോഷിച്ചു. 2018-ന് ശേഷം തലസ്ഥാനമായ മനാഗ്വയിലെ തെരുവുകളില്‍ ജനം നിറയുന്നതും ഷെനീസിന് വേണ്ടിയായിരുന്നു. എന്നാല്‍ അവിടുത്തെ ഭരണകൂടത്തിന് ആ ആഘോഷം അത്രകണ്ട് പിടിച്ചില്ല. ഷെനീസിന്റെ നേട്ടത്തില്‍ സന്തോഷമൊക്കെയുണ്ടെങ്കിലും, അതിന്റെ പേരില്‍ തെരുവിലിറങ്ങിയുള്ള ആഘോഷമൊന്നും വേണ്ടെന്നാണ് ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ ശാസനം.

2018-ലും ജനം മനാഗ്വ തെരുവുകളില്‍ ഇറങ്ങിയിരുന്നുവെന്ന് പറഞ്ഞല്ലോ. അതുപക്ഷേ എന്തെങ്കിലും ആഘോഷത്തിന്റെ ഭാഗമായിട്ടല്ലായിരുന്നു. ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിനായിരുന്നു. അന്ന് സൈന്യം പ്രതിഷേധക്കാരെ തല്ലിയൊതുക്കുകയായിരുന്നു. ആ ഓര്‍മയാണ് ഇപ്പോഴും ഭരണകൂടത്തിനുള്ളത്. മാത്രമല്ല, അന്നത്തെ പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന 23 കാരിയാണ് ഇപ്പോള്‍ വിശ്വസുന്ദരിപ്പട്ടം നേടിയിരിക്കുന്ന ഷെനീസ് പലോസിയോ. അതുകൊണ്ട് തന്നെ നികാരാഗ്വയെ ഏകാധിപത്യത്തിന്‍ കീഴിലാക്കിയിരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ ആ പെണ്‍കുട്ടിയെ തന്റെ ശത്രുവായാണ് കാണുന്നത്. എല്‍ സാല്‍വദോറില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താന്‍ തന്നെ കഴിയുമോയെന്നറിയാത്ത അവസ്ഥയാണ് ഷെനീസ് പലോസിയോയ്ക്ക്.

നവംബര്‍ 18 ന് എല്‍ സാല്‍വദോറില്‍ നടന്ന 2023 എഡിഷനിലാണ് മധ്യ അമേരിക്കയില്‍ നിന്നുള്ള ആദ്യ വിശ്വസുന്ദരിയെന്ന ബഹുമതിയോടെ ഷെനീസ് പലോസിയോ മിസ് യൂണിവേഴ്‌സ് കിരീടം ചൂടുന്നത്. നികാരാഗ്വയുടെ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും പ്രതീകം കൂടിയാണ് ഈ 23 കാരിയിപ്പോള്‍. അതു തന്നെയാണ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നതും.

ഒരു ശരാശരി നികാരാഗ്വന്‍ പൗരന്റെ യഥാര്‍ത്ഥ പ്രതിനിധി തന്നെയാണ് ഷെനീസ്. വളരെ ദരിദ്രമായൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടി. യൂണിവേഴ്‌സിറ്റിയില്‍ ചേരാനുള്ള പണത്തിന് ‘ ബ്യൂണിലോസ്(കുഴച്ച മാവ് ചുട്ടെടുത്തുകൊണ്ടുള്ള ഒരു തരം പലഹാരം) വിറ്റായിരുന്നു അവള്‍ വഴി കണ്ടെത്തിയിരുന്നത്( വിശ്വസുന്ദരി മത്സരത്തിനിടയില്‍ പലാസിയോ ഒരുപാട് പരിഹാസം കേട്ടിരുന്നു, അതിലൊന്ന്, അവള്‍ കൂടുതല്‍ അനുയോജ്യ മിസ് ബ്യൂണിലോസ് ആകാനാണ് എന്നതായിരുന്നു). അവളുടെ കഥ മറ്റേതൊരു നികാരാഗ്വക്കാരനോടും സമാനാതകളുള്ളതെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2018-ല്‍ ഡാനിയേല്‍ ഒര്‍ട്ടേര്‍ഗയുടെ ഏകാധിപത്യ ഭരണത്തിനെതിരേ രാജ്യത്ത് നടന്ന പ്രതിഷേധത്തിലെ സജീവ പോരാളിയായിരുന്നു ഈ പെണ്‍കുട്ടി. ഒരുകാലത്ത് നികാരാഗ്വയുടെ നായകനായിരുന്നു ഒര്‍ട്ടേഗ. ദശാബ്ദാങ്ങള്‍ നീണ്ട സൊമോസ ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ പോരാടിയ വിപ്ലവ നായകന്‍. അതേ ഒര്‍ട്ടേഗ തന്നെയാണ് ഇപ്പോഴവരുടെ വില്ലനായിരിക്കുന്നത്. 2007-ല്‍ രാജ്യത്തിന്റെ പ്രസിഡന്റായി അവരോധിതനായ ഒര്‍ട്ടേഗ ഇന്ന് സ്വയമൊരു ഏകാധിപതിയായി മാറിയിരിക്കുന്നൂവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദാരിദ്രവും അരക്ഷിതാവസ്ഥയും ഭരണകൂടത്തിന്റെ പീഢനങ്ങളും സഹിക്കാനാവാതെയാണ് ജനം തെരുവിലിറങ്ങിയത്. മൂന്നു മാസത്തോളം അവര്‍ ആ പ്രതിഷേധം തുടര്‍ന്നു. ഒടുവില്‍ സൈന്യത്തിന് അവരെ നിശ്ബദരാക്കാന്‍ സാധിച്ചു. അപ്പോഴേക്കും 320 ന് മുകളില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു.

വിശ്വസുന്ദരി കിരീടധാരണ ചടങ്ങളില്‍ ഷെനീസ് ധരിച്ചിരുന്ന വെള്ള വസ്ത്രവും തലയിലെ നീല തൊപ്പിയും അവളുടെ രാഷ്ട്രീയ ചിഹ്നങ്ങളായിരുന്നുവെന്ന നിരീക്ഷണമുണ്ടായിരുന്നു. നികാരാഗ്വയുടെ പാതകയിലെ നിറങ്ങളായിരുന്നു വെള്ളയും നീലയും. 2018ല്‍ ഈ പതാക രാജ്യത്ത് നിരോധിച്ചിരുന്നു. അതേസമയം, വിജയിയുടെ കിരീടം തലയേറ്റുന്നതിനു മുമ്പായി നടത്തിയ ഹൃസ്വമായ സംഭാഷണത്തില്‍ നികാരാഗ്വന്‍ രാഷ്ട്രീയമൊന്നും തന്നെ ഷെനീസ് പറഞ്ഞില്ല. 18 ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഫെമിനിസ്റ്റായിരുന്ന മേരി വോള്‍സ്‌റ്റോണ്‍ക്രാഫ്റ്റിനെ ഉദ്ദരിച്ചുകൊണ്ട് അവള്‍ പറഞ്ഞത്, ഈ ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി, എന്റെയുള്ളിലെ പെണ്‍കുട്ടിക്ക് വേണ്ടി, എന്റെ രാജ്യത്തെ ആറ് ലക്ഷത്തോളം മനുഷ്യര്‍ക്കുവേണ്ടി” എന്നു മാത്രമാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സന്തോഷിക്കാന്‍ ഒന്നും തന്നെയില്ലാതിരുന്നൊരു രാജ്യത്തിന് അപ്രതീക്ഷിതമായി വീണുകിട്ടിയ ആഘോഷമായിരുന്നു ഷെനീസിന്റെ നേട്ടം.

‘ 2018 മുതല്‍ നികാരാഗ്വ ഒരു പൊലീസ് സ്റ്റേറ്റാണ്. ഇവിടുത്തെ മനുഷ്യര്‍ക്ക് ഒരു മത ചടങ്ങില്‍ പോലും ഒരുമിച്ച് കൂടാനുള്ള അനുവാദമില്ല. എന്നാല്‍ ഷെനീസ് വിജയിയാതോടെ ജനം, ദേശീയ പാതകയും കൈയിലേന്തി കൂട്ടത്തോടെ തെരുവിലിറങ്ങി, അവര്‍ ദേശീയ ഗാനം ഉച്ചത്തില്‍ പാടി”- നികാരാഗ്വന്‍ സോഷ്യോളജിസ്റ്റായ എല്‍വിറ ഗുവാര്‍ഡ ദ ഗാര്‍ഡിയനോട് പറഞ്ഞ കാര്യങ്ങളാണ്. ഗുവാര്‍ഡയെ ഒര്‍ട്ടേഗ ഭരണകൂടം നാടുകടത്തിയിരുന്നു, ഇപ്പോള്‍ താമസം കോസ്റ്റ റിക്കയിലാണ്.

ഷെനീസ് വിജയിയാതിനു പിന്നാലെ നികാരാഗ്വ ഭരണകൂടം അവള്‍ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. എന്നാല്‍ ആ അഭിനന്ദ സന്ദേശത്തില്‍ പ്രസിഡന്റ് ഒര്‍ട്ടേഗയുടെയോ, അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയോ ഔദ്യോഗിക ഒപ്പുകള്‍ ഇല്ലായിരുന്നു. അതേസമയം തന്നെ, റൊസാരിയോ നടത്തിയൊരു റേഡിയോ സംഭാഷണത്തില്‍, ഷെനീസിന്റെ പേരില്‍ നടക്കുന്ന ആഘോഷങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ മറവില്‍ അട്ടിമറി ആസൂത്രകര്‍ പുതിയ പ്രകോപനങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്നായിരുന്നു വൈസ് പ്രസിഡന്റിന്റെ ആരോപണം. ഷെനീസിനെ അനുകൂലിക്കുകയും അവള്‍ക്കെതിരായ ഭരണകൂട വിമര്‍ശനങ്ങളെ തള്ളിക്കളയുകയും ചെയ്ത പലരെയും അറസ്റ്റ് ചെയ്യുന്നുണ്ട്, ഇവരില്‍ കലാകാരന്മാരും സാധാരണക്കാരുമുണ്ട്.

ഷെനീസ് പലാസിയോ നികാരാഗ്വയിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. മിസ് നികാരാഗ്വ ഫ്രാഞ്ചൈസി ഡയറക്ടര്‍ കാരെന്‍ സെലെബര്‍ട്ടി എല്‍ സാല്‍വദോറില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തുന്നതില്‍ ഭരണകൂടം വിലക്കേര്‍പ്പെടിത്തിയിരിക്കുകയാണ്. ഇവരുടെ ഭര്‍ത്താവും മകനും രാജ്യത്ത് നിന്നും രക്ഷപ്പെട്ടു പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍