UPDATES

ഐസിബി

കാഴ്ചപ്പാട്

പറഞ്ഞു വരുമ്പോള്‍

ഐസിബി

എന്തെല്ലാം ഏതെല്ലാം അപ്പത്തരം… കൊതിപ്പിക്കുന്ന ഭക്ഷണപ്പാട്ടുകളുടെ മലബാര്‍

വായ്മൊഴിയായി കൈമാറി വന്ന ഇത്തരം പാട്ടുകൾ ഇന്നും പൂർണ്ണമായും സമാഹരിക്കപ്പെട്ടിട്ടില്ല എന്നത് ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണ്.

                       

എസ്കിമോകളുടെ ഇന്വിട്ട് ഭാഷയിൽ  മഞ്ഞിന് അന്‍പതില്‍പ്പരം പര്യായമുണ്ടത്രെ. പതിഞ്ഞു വീഴുന്ന മഞ്ഞിനൊരു പേര്, വീശിയടിച്ചു വീഴുന്നതിന് മറ്റൊന്ന്, വാഹനം ഓടിക്കാനാവുന്നതിന് മറ്റൊന്ന്… എന്നിങ്ങനെ മഞ്ഞിനെ അവർ വേർതിരിച്ച് പേരുകൾ വിളിക്കുന്നു. മഞ്ഞിന് അവരുടെ ജീവിതത്തിലുള്ള പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. ഒരു സംസ്കാരത്തിന്റെ വാതിൽ പലപ്പോഴും അവരുടെ ഭാഷയാണ്. ഭാഷയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ അവരുടെ നിത്യജീവിതത്തിന്റെയും സാംസ്കാരിക വളർച്ചാഘട്ടത്തിന്റെയും ജീവിതശൈലികളുടെയും ഒരു ക്രോസ് സെക്ഷൻ നമുക്ക് കാണാൻ സാധിക്കും.

മലബാറിലെ കാര്യമെടുത്താൽ, ഏറ്റവും മുന്നിൽ നിൽക്കുന്നത് അവരുടെ സത്ക്കാര പ്രിയവും ഭക്ഷണവുമാണ്. കേരളത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മലബാറുകാർക്ക് ഭക്ഷണം എന്നത് ഒരു വികാരമാണ്. പലപ്പോഴും ഒരു തറവാടിന്റെയോ കുടുംബത്തിന്റെയോ മാറ്റുരച്ച് കാണിക്കാനുള്ള ഒരു അവസരമായും വിഭവങ്ങൾ മാറുന്നു. ഭക്ഷണത്തിനോടും അത് വച്ചു വിളമ്പാനും അതിൽ തങ്ങളുടെ പെരുമയറിയിക്കാനും കാണിക്കുന്ന ഉത്സാഹം സ്വാഭാവികമായും അവരുടെ കലകളിലും പ്രതിഫലിച്ചു. കേരളത്തിന്റെ വടക്കു ഭാഗത്തുള്ള മുസ്ലിങ്ങളെയാണ് പൊതുവെ മാപ്പിളമാർ എന്ന് വിളിക്കുന്നത് – അവർക്ക് തനതായ മാപ്പിളപ്പാട്ടുകള്‍, ഒപ്പന, പഴഞ്ചൊല്ലുകൾ, നൃത്ത രൂപങ്ങൾ എന്നിവ കാണാം. വളരെ വിശാലമായ ഒരു വിഷയം ആയതു കൊണ്ട്, ഇവയിലെ ഭക്ഷണത്തിന്റെ സാന്നിധ്യത്തെപ്പറ്റി ഒരു അന്വേഷണമാണ് ഞാൻ ഉദ്ദേശിക്കുന്നത്.

അറബിയല്ലാത്ത ഭാഷ പഠിക്കുന്നത് നിഷിദ്ധമായിരുന്ന ഒരു കാലഘട്ടത്തിലാണ് മാപ്പിള പാട്ടുകൾ അതിന്റെ ഉന്നതിയിലെത്തുന്നത്. ബദറൂൽ മുനീർ -ഹുസ്‌നുൽ ജമാൽ, ബദർ മാല, കപ്പപ്പാട്ട്, മുഹിയുദ്ദീൻ മാല എന്നിങ്ങനെയുള്ള സാഹിത്യകൃതികൾ രചിക്കപ്പെട്ടിരുന്നത് അറബി മലയാളത്തിൽ ആയിരുന്നു. മദ്രസകളിലും ഓത്ത് പള്ളികളിലും ഇവ പഠിപ്പിക്കുകയും ചെയ്തിരുന്നു. സബീന പാട്ടുകൾ എന്ന പേരിലറിയപ്പെട്ടിരുന്ന അറബി മലയാളത്തിൽ രചിച്ച മാപ്പിള പാട്ട് പുസ്തകങ്ങൾ എല്ലാ വീട്ടിലും കാണുമായിരുന്നു. ‘സഫീന’ അഥവാ കപ്പൽ എന്ന അർത്ഥത്തിൽ ഈ പാട്ടുകൾ അറിയപ്പെട്ടിരുന്നത് കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ടിന് ശേഷമായിരുന്നു. കപ്പൽ യാത്ര പോലെയുള്ള ജീവിതത്തെ കുറിച്ചായിരുന്നു ഇദ്ദേഹത്തിന്റെ കൃതി. പിന്നീടുള്ള മാപ്പിള പാട്ടുകളെല്ലാം ഈ ശൈലി പിന്തുടരുകയും അവയെ മൊത്തത്തിൽ സബീന പാട്ടുകൾ എന്ന് വിളിക്കപ്പെടുയും ചെയ്തു എന്ന് ഒരു തിയറിയുണ്ട്. അതു കൂടാതെ ഹീബ്രു ഭാഷയിലെ സബീന എന്ന പദം ‘പുസ്തകം, ഗ്രന്ഥം’ എന്ന് അർത്ഥം വരുന്നവയാണ്- അതിൽ നിന്നുമാണ് മാപ്പിളപ്പാട്ട് പുസ്തകങ്ങൾക്ക് ഈ പേര് വന്നതെന്നും പറയപ്പെടുന്നുണ്ട്.

മാപ്പിളപാട്ടുകളും നൃത്തങ്ങളും ഏറ്റവും അധികം കല്ല്യാണങ്ങളുമായിട്ടായിരുന്നു അടുത്ത് നിന്നത്. പാട്ടുകളും കൈമുട്ടി കളിയും ഇല്ലാത്ത വിവാഹാവസരങ്ങൾ മലബാറുകാർക്ക് കുറവായിരുന്നു. മൈലാഞ്ചിപ്പാട്ട്, അപ്പപ്പാട്ട്, ഒപ്പനപ്പാട്ടുകൾ (ആണുങ്ങൾക്ക് തശരീഫ് ഒപ്പന), പുതിയാപ്പിള പെൺവീട്ടിലേക്ക് തന്റെ മണിതോഴന്മാരെയും കൂട്ടി പോകുമ്പോൾ പാടിയിരുന്ന വഴിനീളപ്പാട്ട്, പെൺവീട്ടിൽ പുതിയാപ്പിളയെ ആനയിച്ച് അച്ചിപ്പായയിൽ വെള്ളത്തുണി വിരിച്ചിരുത്തി ചുറ്റും നിന്ന് വട്ടപ്പാട്ട്, പുതുക്കപ്പാട്ട്, പെണ്ണിന്റെ വീട്ടിലെ അറയിൽ ചെക്കനേയും പെണ്ണിനേയും കൊണ്ടിരുത്തി കുടുംബത്തിലെ സ്ത്രീകൾ ചുറ്റും നിന്ന് പാടുന്ന കട്ടിലൊപ്പന  എന്നിങ്ങനെ കല്യാണത്തിന്റെ ആദ്യാവസാനം പാട്ടുകൾ ഒഴിച്ച് കൂടാനാവാത്ത ഒരു ചേരുവ ആയിരുന്നു. കളിക്കാരത്തികൾ എന്ന് വിളിച്ചിരുന്ന ഒപ്പനക്കാരികളുടെയും പാട്ടുകാരുടെയും ലഭ്യത അനുസരിച്ച് കല്ല്യാണ തീയതികൾ വരെ മാറ്റി വെച്ച സംഭവങ്ങൾ ഉണ്ടായതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.

ഒരു ഭാഗത്ത് പാട്ടായിരുന്നു കല്യാണങ്ങളുടെയും അതുമായി ബന്ധപ്പെട്ട സത്ക്കാരങ്ങളുടെയും ജീവനാഡിയെങ്കിൽ മറുഭാഗത്ത് അതിന്റെ ജീവൻ തന്നെ ഭക്ഷണമായിരുന്നു. വിവാഹം ഉറപ്പിക്കുന്നത് മുതലിങ്ങോട്ട് വിഭവങ്ങളുടെ ഒരു സുനാമി തന്നെയായിരുന്നു കല്യാണവീട്. വെറ്റിലകെട്ട് എന്ന് പൊതുവായി വിളിച്ചിരുന്ന ഒരുക്കകല്യാണത്തിന് (വിവാഹത്തിന് രണ്ടു മൂന്ന് ദിവസം മുന്നേ) നെയ്ച്ചോറും ഇറച്ചി ഇഷ്ടുവും കോഴി മുളകിട്ടതും ചീര വറുത്തതും ബേണ്ടിങ്ങ (വെണ്ടയ്ക്ക) മുളകിട്ടതും. കല്യാണത്തിന്റന്ന് മാസറയിൽ വിളമ്പുന്ന ബിരിയാണിയും കാച്ചുമ്പറും ചായക്കു ബജാറു വെക്കലും എന്നിങ്ങനെ എല്ലാത്തിനും കൃത്യമായ മെനു ഉണ്ടായിരുന്നു. ഒരുക്കങ്ങളും അരിയിടിക്കലും വറക്കലും അരി ചേറ്റലും കുടുംബത്തിലെ സ്ത്രീകളും അയല്‍വക്കക്കാരും കൂടി ദിവസങ്ങളോളം നീളുന്ന പരിപാടിയായിരുന്നു. മലബാറിന്റെ ഭക്ഷണപ്രിയം അതിന്റെ പൂർണ്ണ സ്വരൂപത്തിൽ അവരുടെ പാട്ടുകളിലും അങ്ങനെ ഇടം തേടി. മറ്റു സമുദായങ്ങളിൽ കാണാത്തത്ര വർണ്ണനകളും തരങ്ങളും മലബാറിലെ അപ്പപ്പാട്ടുകൾ എന്ന ശാഖയിൽ പ്രതിഷ്ഠ നേടി.

ഇവയുടെ വേരുകൾ തിരഞ്ഞിറങ്ങുകയാണെങ്കിൽ പുലയരുടെയും പാണന്മാരുടെയും സുറിയാനികളുടെയും ക്നാനായക്കാരുടെയും കല്യാണപ്പാട്ടുകളിലും വിളക്കുവെപ്പ് പാട്ടിലും ചന്തംചാർത്ത് പാട്ടുകളിലും അരപ്പ് പാട്ടുകളിലും എത്തി നിൽക്കും. അവരിൽ നിന്നും കടം കൊണ്ട ആചാരങ്ങളും പാട്ടിന്റെ രീതി വൃത്തങ്ങളും കാലക്രമേണ മാപ്പിള പാട്ട് എന്ന വിശേഷണത്തിലേക്ക് മാത്രം ഒതുങ്ങുകയും- മറ്റുള്ള സമുദായങ്ങളിലെ ഇത്തരം പാട്ടുകളും ആചാരങ്ങളും പാടേ നിന്നു പോവുകയും ചെയ്തു.

പുലയ സമുദായത്തിൽ കല്യാണത്തിന്റെ തലേദിവസങ്ങളിൽ സ്ത്രീകളെല്ലാം വീട്ടിൽ നിന്നും അവരവരുടെ അമ്മിയും കൊണ്ട് വന്ന് കല്ല്യാണത്തിന്റെ ആവശ്യത്തിലേക്കുള്ള അരപ്പിൽ ഏർപ്പെട്ടു കൊണ്ട് പാടുന്ന അരവ് പാട്ടായിരുന്നു:
“മിറ്റത്ത് നാലോളം തൂണുമിട്ട്
പൂപ്പന്തലായി ചമയിക്കുന്ന്
പെണ്ണുങ്ങളൊത്തങ്ങിരുന്നുവല്ലൊ
മിറ്റത്ത് ലേഴോളമമ്മിയിട്ട്
അരവിന് പെണ്ണുങ്ങളിരുന്നോള്ന്ന്”

ഇത് പോലെ തന്നെ മലബാറിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ പ്രചാരത്തിലിരുന്ന ഒരു ഒരുക്ക പാട്ടായിരുന്നു:
“നല്ലൊരാഴ്ച്ച പൊൻബുധനാഴ്‌ച്ച
മണ്ടക്കരിയും നനച്ചു വെച്ചെ
നല്ലൊരാഴ്ച പൊൻവെള്ളിയാഴ്ച്ച
മണ്ടയും സൂക്ഷ്മം വരുത്തി
അമൃതം പൊട്ടിച്ചിട്ടും അമൃത് പരത്തീട്ടും
മണ്ട പരത്തിയെടുത്തു
കല്യാണമാകും ശനിയാഴ്ച്ച നാളതില്
എണ്ണയും തേച്ച് കുളിച്ച്
ഉറ്റവരുടെയവർ ബന്ധുക്കൾ വന്നിട്ട്
ചമയിപ്പാൻ ഇരുത്തി”. വിവാഹത്തിലേക്കായി ഒരുക്കുന്ന കുഴലപ്പം, മണ്ട, അവലോസ് പൊടി  എന്നിവ ഉണ്ടാക്കുമ്പോൾ സ്ത്രീജനങ്ങൾ പാടിയിരുന്ന പാട്ട്. ഇന്നിപ്പോൾ മേൽപ്പറഞ്ഞ രണ്ടു പാട്ടുകളും ഉപയോഗത്തിലേ ഇല്ല.

ഇനി മലബാറിലെ അപ്പപ്പാട്ടിലേക്ക് വരികയാണെങ്കിൽ, അമ്മായിപ്പാട്ട് എന്ന് പൊതുവെ അറിയപ്പെടുന്ന ഇവ, ഇന്ന് സജീവമായി കല്ല്യാണ വീടുകളിൽ മുഴങ്ങുന്നുണ്ട്. അതിൽ ഏറ്റവും  ജനപ്രീതി നേടിയതും പാടപ്പെടുന്നതും:

“അപ്പത്തരങ്ങളെല്ലാം കൂമ്പാരമായി, അമ്മായി ചുട്ടു വെച്ചത് പൂമാരനിക്കായി
എന്തെല്ലാം ഏതെല്ലാം അപ്പത്തരം
എണ്ണിയാലൊടുങ്ങാത്തോരപ്പത്തരം” എന്ന പാട്ട്.

1972ൽ കെ.ടി മൊയ്‌ദീൻ എന്ന കവി അമ്മായിത്തക്കാരങ്ങളെ കുറിച്ച് എഴുതി ചിട്ടപ്പെടുത്തി പാടിയ ഈ പാട്ട് പിന്നീടങ്ങോട്ട് മലബാർ വിവാഹങ്ങളിൽ വധൂവരന്മാരെ പോലെ ഒഴിച്ചു കൂടാനാവാതെയായി. അപ്പപ്പാട്ടുകൾ പൊതുവെ വട്ടപ്പാട്ടുകളുടെ ഒരു ഭാഗമാണ്. വട്ടപ്പാട്ടിന്റെ പ്രമേയം പ്രവാചക കല്യാണമാണ്. ആണുങ്ങളുടെ ഒപ്പന എന്നറിയപെടുന്ന തശ്‌രീഫ് ഒപ്പനയുടെ പാട്ടാണ് വട്ടപ്പാട്ട്. മോയിൻകുട്ടി വൈദ്യരായിരുന്നു ഇതിന്റെ ഉപജ്ഞാതാവ് എന്ന് വിശ്വസിച്ച് പോരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളുടെ ഈണമാണ് ഇന്നും പൊതുവായി മാപ്പിളപ്പാട്ടുകളിൽ തുടർന്നു പോരുന്നത്. കല്യാണങ്ങൾക്ക് ഒരുക്കുന്ന വിഭവങ്ങളാണ് വട്ടപ്പാട്ടിൽ അവസാനത്തോടടുത്ത് പരാമര്‍ശിക്കപ്പെടാറ്.

“അജെബുറാക്കാൻ അരച്ചരച്ച് ഇറച്ചി പത്തിരി ചുട്ടമ്മായി
അടയില് ഇളമ കോഴി നിറക്കാൻ വടക്കിനിയിൽ ബഹുതിരക്കിലായി
അരുമയിൽ പുതുമാരനരികിൽ ചുടു കാവയും തരിക്കഞ്ഞിയുമായി
അതിശയപത്തലലീസയും തരിപ്പോളയും സമമൂട്ടിയമ്മായി.” എന്നിങ്ങനെ മുറുക്കത്തിൽ പാടി അവസാനിപ്പിക്കുന്നു.

തെക്കന്‍ കേരളവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഇതുപോലെ ഒരു ഭക്ഷണ പ്രിയം അവിടെ കാണാനില്ല. വടക്കാകട്ടെ ‘പത്തിരി’ എന്ന് പറഞ്ഞാൽ അത് ഏതു തരം പത്തിരി എന്ന് വ്യാഖ്യാനിക്കേണ്ടി വരും- അത്രയും തരം പത്തിരികൾ അവർക്കുണ്ട്. ഇതുപോലൊരു ഭക്ഷണ വൈവിധ്യം എങ്ങനെ വന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരം എന്റെ കയ്യിൽ ഇല്ലെങ്കിലും, ഞാൻ ഊഹിക്കുന്നത് ഇതാണ്- ഒന്ന്, കച്ചവടത്തിന്റെ ഈറ്റില്ലമായിരുന്ന തുറമുഖ പട്ടണങ്ങളിൽ മിശ്രവിവാഹങ്ങളും സാധാരണമായിരുന്നു- അങ്ങനെ പല നാട്ടിലെയും ഭക്ഷണരീതികൾ വടക്കോട്ടു വരികയും അവരുടെ രീതികളുമായി കൂടിക്കുഴയുകയും വളരുകയും ചെയ്തു.

രണ്ടാമത്തെ കാരണം- സ്ത്രീകളുടെ പർദ്ദാ സമ്പ്രദായം ആയിരുന്നിരിക്കണം. വിദ്യാഭ്യാസവും സാമൂഹിക ഇടപെടലുകളും വളരെ പരിമിതമായിരുന്നു സ്ത്രീകൾക്ക്, തറവാടുകൾ ആയിരുന്നു അവരുടെ ലോകം. അവരുടെ ക്രിയാത്മകമായ കഴിവുകൾ പൊട്ടി വളർന്നത് അവിടുത്തെ അടുക്കളകളിൽ ആയിരുന്നിരിക്കണം. മറ്റു ജില്ലകളെ അപേക്ഷിച്ച് വീട്ടുപുതിയാപ്പിള സമ്പ്രദായവും ഇതിലേക്ക് സംഭാവന ചെയ്തിരിക്കണം. എട്ടും പത്തും പുതിയാപ്പിളകൾ എല്ലാ രാത്രിയും ഭക്ഷണത്തിനായി കയറി വന്നിരുന്ന തറവാടുകളിൽ വിഭവങ്ങളുടെ വൈവിധ്യങ്ങൾ കൂടിയില്ലെങ്കിലേ അതൊരു അത്ഭുതമാവുകയായിരുന്നുള്ളൂ.

“അതൃപ്പത്തിൽ ഒരുക്കിയ പലഹാരങ്ങൾ
അതിശയമുണർത്തിടും പലവിധത്തിൽ
അടയും വടയും ഔലോസുണ്ട
ഉണ്ടപ്പൊരിയത് ബോണ്ടാ എരിയുണ്ട
എള്ളുണ്ടാ തരിയുണ്ടാ മണ്ടാ
ആരമ്പപ്പൂ മരുമോനിക്കായി ഒരുക്കിയല്ലോ
ആവേശത്തിൽ പൊന്നമ്മായി വിളമ്പിയല്ലോ”

“അപ്പം പലവിധതരമങ്ങനെ
അരിയും വടയും പലതരമുണ്ട്
മുട്ടസുർക്ക പിഞ്ഞാണത്തപ്പം
കോഴിക്കോടൻ ഹലുവ വേറെയുണ്ട്
സാരമേറിയ മംഗലത്തിനിന്പമാർന്നൊരുക്കി
ബെത്തെ സ്വാദുകൾ ബഹുമേത്തരം”

കല്ല്യാണശേഷം നാല്‍പ്പതു ദിവസത്തേക്ക് വ്യത്യസ്ത പത്തിരികൾ ചുട്ടു പുതുമാരന് നൽകിപ്പോന്ന ഒരു സമ്പ്രദായം വടക്കേ മലബാറിൽ നിലനിന്നിരുന്നു. ഇന്നും അതിന്റെ കടുപ്പം കുറഞ്ഞ രീതികൾ തുടർന്നു പോരുന്നുണ്ട്. അമ്മായി തക്കാരം എന്ന പേരിൽ അറിയപ്പെടുന്ന ഈ സമ്പ്രദായം ഒരുപാട് കണ്ടുപിടുത്തങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നാല്പത്തിയൊന്നാം ദിവസവും അത്താഴത്തിന് വന്ന പുതിയാപ്പിളയെ പിണക്കാതിരിക്കാൻ, നിമിഷനേരം കൊണ്ട് തട്ടിക്കൂട്ടിയ അല്ലാഹു അഅലം എന്ന പത്തിരി സത്ക്കാര കിസ്സകളിൽ പ്രിയപ്പെട്ടതാണ്. പിയാപ്ലക്ക് ഏറ്റവും ഇഷ്ടപെട്ട പത്തിരി അതാവുകയും, അതിന്റെ പേരെന്താണെന്നു ചോദിച്ചപ്പോൾ “ദൈവത്തിനറിയാം” എന്നർത്‌ഥം വരുന്ന “അല്ലാഹു അഅലം” എന്ന് അമ്മായി മറുപടി പറയുകയുമാണ് ചെയ്തത്.

പിയാപ്ലയെ കഴിക്കാൻ നിര്‍ബന്ധിക്കേണ്ടത് ഒരു ഒഴിച്ചു കൂടാനാവാത്ത മാമൂലും കലയുമായിരുന്നു. തന്റെ വീട്ടിലെ പുതുമാരനു നൽകുന്ന വില അതിലാണ് അളക്കുന്നത്. ഇതിന്റെ പേരിൽ നടക്കുന്ന പിണക്കങ്ങളും പരിഭവങ്ങളും പരാതികളും അന്യമല്ല. ഇതേറ്റവും രസകരമായി വർണ്ണിച്ചിട്ടുള്ളത് കെ.ടി മൊയിദീന്റെ അമ്മായി പാട്ടിൽ തന്നെയാണ്.

“അപ്പമെല്ലാം എടുത്തെടുത്ത് അറനിറയെ നിരത്തി വെച്ച്
ആറ്റലായ മാരൻ വന്നു കേറും മുന്നേ ഓടിച്ചെന്ന്
ഇരിക്കീൻ നിങ്ങളിരിക്കീൻ ഇരിക്കീന്നും പറഞ്ഞും കൊണ്ട്
പുതുമാരനെയിരുത്തുന്ന പൊന്നമ്മായി, നല്ല പൊന്നാരമ്മായി
മാരന്റെ കരളമ്മായീ…

അട പൊരിച്ചതും ചീരണിയും, നടുപൊളിച്ചത് മാങ്കനിയും,
ബിരിയാണീം നെയ്ച്ചോറും അതിരുചിയിൽ നുറുക്കിപത്തലും
ഗോതമ്പപ്പത്തിൻ അൽസ വെച്ച് നല്ല നെയ്യ് നടുക്കൊഴിച്ച്
കോരികുടിക്കാനേറെ കോഴിസൂപ്പും വെച്ച്…
കുടിക്കീൻ ഇങ്ങള് കുടിക്കീൻ, കുടിക്കീന്നും പറഞ്ഞും കൊണ്ട്
മരിമോനെ തീറ്റിക്കുന്നമ്മായി പൊന്നമ്മായി, നല്ല പൊന്നാരമ്മായി”

പേരിനോട് തീർത്തും കൂറു പുലർത്തുന്ന വിഭവങ്ങളാണ് ഒരുപാട് ഇശലുകളിൽ പ്രത്യക്ഷപ്പെടുന്ന കല്ല്യാണ സ്പെഷലുകളായ  മുട്ടമാലയും ഉന്നക്കായും തുർക്കിപത്തലും കോഴിത്തലയണയും നുള്ളിയിട്ടതും കൈവീശലും എല്ലാം. അതിന്റെ രൂപങ്ങൾ പേരിൽ നിന്ന് തന്നെ സങ്കല്പിക്കാവുന്നതാണ്. വിഭവങ്ങളുടെ രുചിക്ക് പുറമെ അവയുടെ ഭംഗിക്കും ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട് മലബാർ ‘തക്കാര’ങ്ങളിൽ. അരുമത്തരം എന്ന് പൊതുവായി വിശേഷിപ്പിക്കുന്ന ഈ അലങ്കാരം പാട്ടുകളിലും എടുത്ത് പറയുന്നുണ്ട്. അമ്മായി പാട്ടിന്റെ ഒരു വരിയിൽ പറയുന്നത് തന്നെ “അപ്പങ്ങൾ പലതരം കൊടുത്തമ്മായി, അലങ്കാരം മികച്ചവ കൊടുത്തു മുന്നം” എന്നാണ്. അതായാത് കാണാൻ ഭംഗിയുള്ളത് ആദ്യം കൊടുത്തു എന്ന്.

“പൊന്നു പോലുതിരുന്ന മുട്ട മറിച്ചത്,  മിന്നെറി പോലെ ഉലയുന്ന മുസാറ, ഉറ്റു പണിതുള്ള പഞ്ചാരപാറ്റാ, അറ്റമില്ലാത്ത പുളിയാള, കടഞ്ഞെടുത്ത കൈവീശൽ, ചന്തമെഴുന്നുള്ള കോയി സിർവാ, ചുറച്ചിട്ട വലയപ്പം” എന്നിങ്ങനെ കേൾക്കുന്നവരെ ത്രസിപ്പിച്ച് നിർത്തുന്ന ഡീറ്റെയിലിങ് ആണ് പാട്ടുകളിൽ ഉള്ളത്.

ഇന്ന് അടുക്കളയിൽ എന്നല്ല ഓർമ്മയിൽ പോലുമില്ലാത്ത ഒരുപാട് അപ്പങ്ങളുടെ ഓർമ്മ സൂക്ഷിപ്പുകാരുമായി മാറിയിരിക്കുന്നു വട്ടപ്പാട്ടുകൾ. കുലീസിയപ്പം, ഇടിയൂന്നി, കിൽസ, ഗർഭിണികൾക്കായി ഉണ്ടാകാറുള്ള കൃത, തരിയപ്പം, കിണ്ണപത്തിരി, അമ്പായത്തിട, ചക്കരപ്പോള, കൂന്തമാല, ഈന്തുംപ്പുടി, വലയപ്പം, കിസ്ക്കിയ എന്നിങ്ങനെ എത്രയോ സദസ്സുകളിൽ രസമുകുളങ്ങളെ അമ്പരപ്പിച്ച വിഭവങ്ങൾ കാലത്തിനൊപ്പം നഷ്ടപ്പെട്ടു പോയിരിക്കുന്നു.

വായ്മൊഴിയായി കൈമാറി വന്ന ഇത്തരം പാട്ടുകൾ ഇന്നും പൂർണ്ണമായും സമാഹരിക്കപ്പെട്ടിട്ടില്ല എന്നത് ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണ്. ഒന്നോ രണ്ടോ തലമുറക്കുള്ളിൽ ഇവ നഷ്ടപ്പെടും എന്നുള്ളത് തടുക്കാനാവാത്ത ഒരു സത്യമായി തീരുന്നു. ഇത് മാത്രമല്ല, ഒരിക്കൽ സ്ത്രീകൾ അവരുടെതായി കൊണ്ടുനടന്നിരുന്ന കൈമുട്ടി പാട്ടുകളും സബീന പാട്ടുകളും കട്ടിലൊപ്പനയും മതാധികാരത്തിന്റെയും സാമൂഹിക വ്യവസ്ഥിതികളുടെയും കടുംപിടുത്തതിൽ ഒട്ടേറെ നേർത്ത് പോയി. ഭാഷയുടെ ശുദ്ധീകരണവും പഴയ കെസ്സുപാട്ടുകളുടെ തനിമയെ ബാധിച്ചിട്ടുണ്ട്. അതിലെ പല വാക്കുകളും ഇന്ന് ഉപയോഗത്തിലോ ഓർമ്മയിലോ ഇല്ല. അതിന്റെയൊക്കെ അർത്ഥങ്ങൾ പോലും തെറ്റി പിടിക്കാൻ പോലുമാവാത്ത വിധം നഷ്ടപ്പെട്ട് പോയിരിക്കുന്നു. അതിന്റെ തനതായ രീതിയും വൃത്തവും ഏറെയധികം മാറി മറിഞ്ഞിട്ടുമുണ്ട്- പഴയകാല നാടന്‍ പാട്ടുകളുടെയും ചായ്‌വിന്റെയും വാദ്യങ്ങളുടെയും കൈമുട്ടിന്റെയും ഒഴുക്കിനനുസരിച്ച് ചിട്ടപ്പെടുത്തിയിരുന്ന മാപ്പിളപ്പാട്ടുകൾ, പുതുമുഖ വാദ്യോപകരണങ്ങളുടെയും റിക്കാർഡിങ്ങിന്റെയും വരവോടെ പരിഷ്കരിക്കപ്പെട്ടു. അപൂർവമെങ്കിലും ഇന്നും ചിലയിടങ്ങളിലെങ്കിലും കല്ല്യാണ വീടുകളിൽ പുതുപാട്ടുകളുടെ ഇടയിൽ കേട്ടുവരുന്ന, ബാക്കി വന്ന ഇശലുകൾ വരുന്ന തലമുറയ്ക്കായി സൂക്ഷിച്ചു വച്ച് തുടങ്ങേണ്ടിയിരിക്കുന്നു. നഷ്ടപെടുന്ന ഭാഷാ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ഒരു ചരിത്ര പുസ്തമാകാൻ അതിനു കഴിവുണ്ട്.

 

ഐസിബി

ഐസിബി

മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും അറസ്റ്റും പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍. മകന്‍ ആദം. ഒരുപാട് ആളുകളും പാചകവും 'വര്‍ത്താനവും' തിങ്ങി പാര്‍ത്ത ഒരു മലബാര്‍ കുടുംബത്തില്‍ ജനിച്ചു. അത് കൊണ്ട് തന്നെ ജനങ്ങളും, ഭക്ഷണവും, കേട്ടുകേള്‍വികളും, അടക്കം പറച്ചിലുകളും പ്രിയപെട്ടതായി മാറി. വളര്‍ന്നപ്പോള്‍ ഈ പ്രിയങ്ങള്‍ക്ക് ശാഖകള്‍ നല്കി പ്രിയങ്ങള്‍ സംസ്‌കാരത്തോടും, ഭാഷാശൈലികളോടും, ചടങ്ങുകളോടും, പുതുമകളോടും ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ പ്രിയങ്ങളെ കൂട്ടിയിണക്കുന്ന യാത്രകളായി പ്രിയം.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍