UPDATES

പ്രമോദ് പുഴങ്കര

കാഴ്ചപ്പാട്

ഫലശ്രുതി

പ്രമോദ് പുഴങ്കര

കറുപ്പ് വെറുമൊരു നിറമല്ല, അതിന് മറ്റ് പല നിറങ്ങളോടും പോരാടേണ്ട കാലത്തോളം

വൃത്തി, ശുദ്ധി എന്നിവയെല്ലാം ബ്രാഹ്മണനുമായി ബന്ധപ്പെടുത്തിയാണ്, സവര്‍ണതയുമായി ബന്ധപ്പെടുത്തിയാണ് നാം കേള്‍ക്കുന്നത് എന്നത് യാദൃശ്ചികതയല്ല.

                       

തെക്കേ ഇന്ത്യക്കാരായ കറുത്തവരെയും തങ്ങള്‍ കൂടെക്കൂട്ടുന്നില്ലേ, നോക്കൂ, ഞങ്ങള്‍ക്കൊപ്പം അവരില്ലേ, കറുത്തവര്‍; എന്നിട്ടും ഞങ്ങളില്‍ വര്‍ണവെറി ആക്ഷേപിക്കുകയോ എന്നാണ് ബിജെപി മുന്‍ എംപി തരുണ്‍ വിജയ് അത്ഭുതം കൂറുന്നത്. ശരി തന്നെ, വടക്കേ ഇന്ത്യക്കാരായ ഉത്കൃഷ്ട പൌരന്‍മാര്‍ ദക്ഷിണേന്ത്യയിലെ കറുത്ത ദസ്യുക്കളെക്കുറിച്ച് ഇത്ര സഹിഷ്ണുതയോടെ പെരുമാറുന്നുണ്ടല്ലോ; നമ്മള്‍ നന്ദിയുള്ളവരായിരിക്കേണ്ടെ!

‘സാലെ മദ്രാസി’ എന്ന പുരസ്കാരമുദ്ര ധരിച്ച് തെക്കേ ഇന്ത്യക്കാര്‍ നടക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. പക്ഷേ ഇപ്പോഴത്തെ ഈ ബ്രാഹ്മണ്യ, വര്‍ണ വെറി പൂച്ച ചാക്കില്‍ നിന്നും പുറത്തുചാടുമ്പോള്‍ അതിലൊരു ദൃഷ്ടാന്തമുണ്ട്; ചിന്തിക്കുന്നവര്‍ക്ക്.

ഡല്‍ഹിയിലും ദേശീയ തലസ്ഥാനത്തിന്റെ ചുറ്റുവട്ട പ്രദേശത്തും ആഫ്രിക്കക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു കുറച്ചുകാലമായി. ആം ആദ്മി പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതിയൊക്കെ ഇത്തരത്തില്‍ സംസ്കാരം വ്രണപ്പെട്ട് ഇറങ്ങിയതാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ ആഫ്രിക്കന്‍ നയതന്ത്രപ്രതിനിധികള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ നേരിട്ടുതന്നെ കുറ്റപ്പെടുത്തുകയും സംഭവങ്ങള്‍ വര്‍ണവെറിയാണെന്ന് ആക്ഷേപിക്കുകയും ചെയ്തതോടെയാണ് ഈ പ്രശ്നത്തില്‍ ബിജെപിയും സര്‍ക്കാരും ന്യായവാദങ്ങളുമായി വരികയും തരുണ്‍ വിജയ് വക സംഘപരിവാറിന്റെ വര്‍ണവെറി തുപ്പുകയും ചെയ്തത്.

ഇന്ത്യ എന്ന, ബ്രിട്ടീഷുകാരുടെ അധീനതയിലുണ്ടായിരുന്ന ഭൂപ്രദേശങ്ങളെ ഒന്നിപ്പിച്ചുണ്ടാക്കിയ ഈ രാഷ്ട്രത്തിന് എക്കാലത്തും നേരിടേണ്ടിവരുന്ന ഒരു രാഷ്ട്രീയ പ്രതിസന്ധി കൂടിയാണ് ഈ വര്‍ണവെറി. ഇന്ത്യ എന്നാല്‍ ഹിന്ദി സംസാരിക്കുന്ന ഭൂഭാഗങ്ങളുടെ ഒരു രാജ്യമാണെന്നും ബാക്കിയുള്ളതെല്ലാം സാമ്രാജ്യത്തിലേക്കുള്ള വെച്ചുകെട്ടലും കയ്യടക്കലുമാണെന്നും എത്രയോ കാലമായി കരുതുന്നവരാണ് മിക്ക വടക്കേ ഇന്ത്യന്‍ രാഷ്ട്രീയക്കാരും. അതുകൊണ്ടാണ് ഹിന്ദി രാഷ്ട്രഭാഷയായതും ഹിന്ദിക്ക് പുറത്തുള്ളതിനെയെല്ലാം ഹിന്ദുസ്ഥാന്‍ ഹമാരയിലേക്ക് വലിച്ചിട്ടതും.

ഈ ഹിന്ദി ഇന്ത്യയുടെ പൊതുബോധം എക്കാലത്തും ദക്ഷിണേന്ത്യക്കാരെ രണ്ടാംകിട പൌരന്മാരായാണ് കാണുന്നതെന്നും വടക്കേ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും പൊതുവിടത്തിലും ഒരു തെക്കേ ഇന്ത്യാക്കാരനെ തുല്യാവകാശങ്ങളുള്ള ഇന്ത്യന്‍ പൌരനായി കാണാറില്ല എന്നുള്ളത് ഒരു പുതിയ കാര്യമില്ല.

പക്ഷേ സംഘപരിവാറിന്റെ ദക്ഷിണേന്ത്യന്‍ ‘കാലാ ലോഗ്’ സിദ്ധാന്തത്തിന് ഒരു രാഷ്ട്രീയമാനമുണ്ട്. അതാകട്ടെ ദക്ഷിണേന്ത്യക്കാര്‍ക്ക് മാത്രമായി ഒതുങ്ങിനില്‍ക്കുന്നതുമല്ല. ‘പൊതു’ ഉത്തരേന്ത്യന്‍ ‘മദ്രാസി പുച്ഛ’ത്തില്‍ നിന്നും സംഘപരിവാറിന്റെ ‘കറുപ്പ് വിരുദ്ധത’യ്ക്ക് ഒരു രാഷ്ട്രീയമാനമുണ്ട്, അത് അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബ്രാഹ്മണ്യ ബോധമാണ്, ജാതിവ്യവസ്ഥയുടെ അടിത്തറയാണ്.

ഇന്ത്യയില്‍ മണ്ഡല്‍ രാഷ്ട്രീയത്തിന് ശേഷമുണ്ടായ പിന്നാക്ക വിഭാഗ രാഷ്ട്രീയത്തിന്റെയും, സമാന്തരമായി വളര്‍ന്ന ദളിത് രാഷ്ട്രീയത്തിന്റെയും നേരെയാണ് വാസ്തവത്തില്‍ സംഘപരിവാര്‍ വര്‍ണവെറി ഉയരുന്നത്. അവര്‍ക്ക് മാറ്റിനിര്‍ത്തേണ്ടത് ആ കറുത്ത മനുഷ്യരെയാണ്. കറുപ്പ് അതില്‍ വെറും നിറം മാത്രമല്ല, അതൊരു രാഷ്ട്രീയ പ്രതീകം കൂടിയാണ്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉത്തരാഖണ്ഡിലും യുപിയിലും ബിജെപി നേടിയ വിജയത്തിനു ശേഷം സംഘപരിവാര്‍ നല്‍കുന്ന സൂചനയും അതാണ്. യുപിയില്‍ ജാതിരാഷ്ട്രീയം അവസാനിച്ചു എന്നാണ് വലതുപക്ഷ വിശകലന വിദഗ്ദ്ധരും സംഘപരിവാര്‍ രാഷ്ട്രീയ നേതാക്കളും തെരഞ്ഞെടുപ്പുകാലത്തും അതിനുശേഷവും പ്രചരിപ്പിക്കുന്ന കഥ. സംഘപരിവാറും ബിജെപിയും അതിസൂക്ഷ്മമായി കളിച്ച ജാതിരാഷ്ട്രീയമാണ് അവരുടെ വിജയത്തിന്റെ വലിയ അടിസ്ഥാനം എന്ന വസ്തുത അവിടെയുണ്ട്.

എന്നാല്‍ മതവര്‍ഗീയരാഷ്ട്രീയത്തില്‍ ആണ്ടുമുങ്ങിയ സംഘപരിവാര്‍ ഈ ജാതിരാഷ്ട്രീയ വിരോധം പ്രചരിപ്പിക്കുന്നത് ദളിത് രാഷ്ട്രീയത്തെ ഇല്ലാതാക്കാനാണ്. (അത് മായാവതിക്ക് ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്ന വസ്തുതയും നിലനില്‍ക്കുന്നു) വിശാല ഹിന്ദു എന്ന തട്ടിപ്പിലേക്ക് ദളിതരെ ആനയിക്കാനും വളരെ കൃത്യമായി ഈ ദളിതരെ വിശാല ഹിന്ദുവാക്കുന്നതിലൂടെ  ജാതിവ്യവസ്ഥയെ രാഷ്ട്രീയാധികാരരൂപത്തിലേക്ക് ഉറപ്പിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ വ്യാപകമാകുന്ന ഗോ സംരക്ഷണമെന്ന പേരില്‍ നടക്കുന്ന മുസ്ലീം-ദളിത് ഹിംസയും ഇതിന്റെ ഭാഗമാണ്.

മണ്ഡല്‍ രാഷ്ട്രീയത്തില്‍ ശക്തി കുറഞ്ഞുപോയ ബ്രാഹ്മണ്യ രാഷ്ട്രീയാധികാരമാണ് സംഘപരിവാര്‍ തിരിച്ചുപിടിച്ചിരിക്കുന്നത്. ഇതിനെ എല്ലാവിധത്തിലുമുള്ള മൂലധന പദ്ധതികളുമായി കൂട്ടിക്കെട്ടുക എന്ന പണി പൂര്‍ത്തിയാകുന്നതോടെ വികസനോന്‍മുഖമായ ഹിന്ദുത്വ രാഷ്ട്രനിര്‍മ്മിതിക്ക് കളമൊരുങ്ങും. അവിടെ ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളുമെല്ലാം നിലനില്‍പ്പിന് അച്ചടക്കം ആചരിക്കേണ്ട വിഭാഗങ്ങളായി മാറുക തന്നെ ചെയ്യും. ഇപ്പോള്‍ നാം കാണുന്നത് അതിന്റെ ആദ്യപ്രകടനങ്ങള്‍ മാത്രമാണ്.

ഇത്തവണത്തെ കേന്ദ്ര ഭരണവും യുപി വിജയവുമെല്ലാം അവരെ ബോധ്യപ്പെടുത്തിയത്, ദക്ഷിണേന്ത്യയുടെ സഹായം കൂടാതെ തന്നെ ഇന്ത്യ ഭരിക്കാം എന്നാണ്. കുമ്മനം രാജശേഖരനെപ്പോലെ ശ്യാമരാജനായ ഒരു മലയാളിയെയൊക്കെ സംഘപരിവാര്‍ കാണുന്നത് വിശ്വസ്തനായ ദസ്യുവായാണ്.

രക്ഷാബന്ധനും ഗണപതി ഉത്സവവും പോലുള്ള വടക്കേ ഇന്ത്യന്‍ ഹിന്ദു ആഘോഷങ്ങള്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് തന്നെ ഈ ദക്ഷിണേന്ത്യന്‍ കറുമ്പന്‍മാരെ, പണ്ട് മെക്കാളെ പറഞ്ഞ പോലുള്ള ഇന്ത്യക്കാരന്‍ അടിമയെ ഉണ്ടാക്കുന്ന, വേഷത്തിലും ബോധത്തിലും ഹിന്ദുവായ ഇന്ത്യക്കാരനാക്കാനാണ്. ആ ഹിന്ദു ബോധത്തിന് സംഘപരിവാറിന്റെ ഹിംസാത്മക അജണ്ടയ്ക്ക് കുറ്റബോധമില്ലാതെ കൂട്ടുനില്‍ക്കാനാകും.

ശ്യാമ രാജശേഖരനൊക്കെ ‘പട്ടേലരെ, ഇന്നേം കൂട്ട്വോ’ എന്ന മാപ്പപേക്ഷയുമായി ചെന്നുനില്‍ക്കുന്നത് ഈ ബ്രാഹ്മണ്യരാഷ്ട്രീയാധികാരത്തിന്റെ അടുക്കളപ്പുറത്താണ്. കേരളത്തിന്റെ ചരിത്രത്തില്‍ അയ്യന്‍ കാളിയും നാരായണ ഗുരുവും, തുടര്‍ന്നിങ്ങോട്ട് നിരവധിയായ ജനാധിപത്യ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപോരാട്ടങ്ങളും നടത്തിയുണ്ടാക്കിയ  രാഷ്ട്രീയബോധത്തിലേക്ക് (ആ രാഷ്ട്രീയബോധം തീര്‍ത്തൂം ജാതിവിരുദ്ധം എന്നൊന്നുമല്ലെങ്കിലും) നുഴഞ്ഞുകയറാനാനാണ് സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനത്തെ സംഘപരിവാര്‍ അപഹാസ്യമായി പുന:സൃഷ്ടിച്ചത്. അക്കീരമണ്‍ ഭട്ടതിരിപ്പാടിന് സി കെ ജാനുവിനൊപ്പം ഇരിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് സംഘപരിവാര്‍ ദയാവായ്പ്പോടെ പറയുകയായിരുന്നു.

തരുണ്‍ വിജയ് നടത്തിയ പരാമര്‍ശത്തിലെ വര്‍ണവെറിയുടെ മറ്റ് വശങ്ങള്‍ ഇരിക്കുമ്പോള്‍ തന്നെ, കറുത്തവര്‍ക്കെതിരെ മാത്രമല്ല, കറുപ്പെന്ന നിറം പോലും എത്ര അധിക്ഷേപാര്‍ഹമായ സാമൂഹ്യ അസ്തിത്വമാണ് കയ്യാളുന്നത് എന്ന പ്രതിഷേധാര്‍ഹമായ വസ്തുതയുടെ സാമൂഹ്യവും സാംസ്കാരികവുമായ വിവിധ മാനങ്ങള്‍ കാണുമ്പോള്‍ തന്നെ, സംഘപരിവാറിന്റെ ബ്രാഹ്മണ്യ രാഷ്ട്രീയാധികാര പ്രത്യയശാസ്ത്രത്തിന്റെ വലിയ സൂചനകളിലേക്ക് വിരല്‍ ചൂണ്ടാനാണ്, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നാമിതിനെ ഉപയോഗിക്കേണ്ടത്.

നമ്മുടെ രാഷ്ട്രീയ ബോധത്തെ മാത്രമല്ല, സ്വാഭാവികം എന്നു കരുതുന്ന ലാവണ്യബോധത്തെയും നിര്‍ദയം അടിച്ചുടയ്ക്കാതെ നമുക്കീ വര്‍ണവെറിയുടെ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തെ എതിരിടുക എളുപ്പമല്ല. അതുപക്ഷേ സംഘപരിവാറിനേ മാത്രം ലക്ഷ്യം വെക്കുന്ന ഒരു ദൌത്യമാകില്ല. നമ്മുടെ സ്വീകരണമുറികളിലും നാടകശാലകളിലും ആസക്തികളിലുമെല്ലാം ഇരവിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ കിടക്കുന്ന വര്‍ണാഭിമാനത്തെയും വര്‍ണത്തിലാശങ്കകളെയും കുത്തിക്കുലുക്കുന്ന ഒന്നാകേണ്ടിവരും ആ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനം.

എങ്ങനെയാണ് കൊളോണിയല്‍ യജമാനനായ വെള്ളക്കാരന്‍ അടിച്ചേല്‍പ്പിച്ച വര്‍ണബോധം, കൊളോണിയല്‍ പ്രജകളില്‍  സ്വാഭാവികമായ ബോധമാക്കുന്നത് എന്നതിനെക്കുറിച്ചും എങ്ങനെയാണ് തങ്ങളുടെ കറുത്ത നിറത്തെ അധാര്‍മ്മികതയും അധിക്ഷേപാര്‍ഹവുമായി സ്വയം സ്വീകരിക്കുന്നത് എന്നതിനെക്കുറിച്ചുമൊക്കെ ഫ്രാന്‍സ് ഫനന്‍ തന്റെ Black Skin, White Masks എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കൊളോണിയല്‍ പ്രജയില്‍ ആവേശിച്ച അധിനിവേശക്കാരന്റെ ബോധമാണ് വാസ്തവത്തില്‍ ആ ജനതയെ അടിമകളാക്കുന്നത്. മികച്ചത് എന്നതിനെല്ലാം യജമാനന്റെ നിറവും സ്വഭാവവുമായി സാമ്യം കല്‍പ്പിക്കുന്ന മാനസികാവസ്ഥയിലേക്ക് അത് ആ മനുഷ്യരെ എത്തിക്കും.

വൃത്തി, ശുദ്ധി എന്നിവയെല്ലാം ബ്രാഹ്മണനുമായി ബന്ധപ്പെടുത്തിയാണ്, സവര്‍ണതയുമായി ബന്ധപ്പെടുത്തിയാണ് നാം കേള്‍ക്കുന്നത് എന്നത് യാദൃശ്ചികതയല്ല.

ഇന്ത്യയില്‍ എക്കാലത്തും ജാതിവ്യവസ്ഥയില്‍ പടര്‍ന്നുകിടക്കുന്ന വര്‍ണ, വംശീയ വെറിയുടെ പുതിയ അധ്യായം അതിന്റെ രാഷ്ട്രീയാധികാര ഹിംസ കൊണ്ട് കൂടുതല്‍ ഭീകരമാണ്. അതിനെതിരായ രാഷ്ട്രീയ സമരത്തിന്റെ ഭാഗം തന്നെയാണ് വര്‍ണ വെറിക്കെതിരായ സമരവും.

കറുപ്പ് വെറുമൊരു നിറമല്ല, അതിന് മറ്റ് പല നിറങ്ങളോടും പോരാടേണ്ട കാലത്തോളം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍