UPDATES

രശ്മി ജയദാസ്‌

കാഴ്ചപ്പാട്

രശ്മി ജയദാസ്‌

നല്ല പരിചരണവും സമാധാനവും കിട്ടണം, അതിന് വീടുകള്‍ തന്നെ വേണമെന്ന വാശിയെന്തിന്?

കെ.ജി. ജോര്‍ജിനെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് ഭാര്യയും മക്കളും ഗോവയില്‍ സുഖവാസത്തിനു പോയെന്ന് സൈബറിടങ്ങളിലടക്കം മുറവിളികൂട്ടുന്ന മേല്‍പ്പറഞ്ഞ മലയാളി പൊതുബോധം ഇനിയെങ്കിലും പുനര്‍ചിന്തനത്തിന് വിധേയപ്പെടേണ്ടതില്ലേ?

                       

വൃദ്ധസദനങ്ങളെ കുറിച്ചു മലയാളി സമൂഹത്തിന്റെ കാലങ്ങളായുള്ള പൊതുബോധത്തിന് ഇനിയും മാറ്റം സംഭവിച്ചിട്ടില്ല. കെ ജി ജോര്‍ജ് എന്ന വിഖ്യാത മലയാള സംവിധായകന്റെ മരണത്തിനു പിന്നാലെ അദ്ദേത്തിന്റെ കുടുംബത്തെ സമൂഹം വേട്ടയാടുന്നതിനു പിന്നിലും ഈ പൊതുബോധം തന്നെയാണ് നിഴലിച്ചു നില്‍ക്കുന്നത്.

30,000 അന്തേവാസികളുള്ള 625 വൃദ്ധസദനങ്ങളാണ് 2022 ലെ കണക്കുകള്‍ പ്രകാരം കേരളത്തിലുള്ളത്. ഒരു ആയുഷ്‌കാലത്തിന്റെ ഭൂരിഭാഗവും മക്കള്‍ക്കായി/ കുടുംബത്തിനായി മാറ്റിവച്ചവരെ വാര്‍ധക്യത്തിന്റെ അവശതകളിലമരുമ്പോള്‍ നിര്‍ദാക്ഷണ്യം ഉപേക്ഷിച്ചു കളയാനുള്ള ‘സോ കാള്‍ഡ്’ ഇടങ്ങളാണ് മലയാളികളെ സംബന്ധിച്ചു വൃദ്ധസദനങ്ങള്‍. മലയാള സിനിമകള്‍, നാടകങ്ങള്‍, വാര്‍ത്ത മാധ്യമങ്ങള്‍ എന്നിങ്ങനെ മുഖ്യധാരാ വ്യവഹാരങ്ങള്‍ വൃദ്ധസദനങ്ങള്‍ക്ക് നല്‍കുന്ന പ്രതിബിബവും ഈ കാഴ്ചപ്പാടിന്റെ ബൈനറിയില്‍ നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ കുടുംബ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത യുവ തലമുറയ്ക്ക് രക്ഷകര്‍ത്താക്കളെ അനാഥരെ പോലെ പുറന്തള്ളാനുള്ള ഇടം എന്ന വില്ലന്‍ പരിവേഷത്തിന് കോട്ടം തട്ടിയിട്ടില്ലതാനും.

കെ.ജി. ജോര്‍ജിനെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് ഭാര്യയും മക്കളും ഗോവയില്‍ സുഖവാസത്തിനു പോയെന്ന് സൈബറിടങ്ങളിലടക്കം മുറവിളികൂട്ടുന്ന മേല്‍പ്പറഞ്ഞ മലയാളി പൊതുബോധം ഇനിയെങ്കിലും പുനര്‍ചിന്തനത്തിന് വിധേയപ്പെടേണ്ടതില്ലേ?

വാര്‍ദ്ധക്യത്തില്‍ വീടുകള്‍ക്കുള്ളില്‍ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലില്‍ നിന്നുള്ള പുനരധിവാസം എന്ന നിലയില്‍ ഇക്കാലത്ത് ഓള്‍ഡ് ഏജ് ഹോമുകള്‍ പലരും സ്വയം തെരഞ്ഞെടുക്കുന്ന ഒന്നാണ്. വീടുകളില്‍ നിന്നു കിട്ടുന്നതിനെക്കാള്‍ മികച്ച ആരോഗ്യപരിപാലനം ഇത്തരം കേന്ദ്രങ്ങളില്‍ കിട്ടുമെന്നതും ചിലര്‍ മുഖവിലക്കെടുക്കുന്നു. കെ ജി ജോര്‍ജിന്റെ ആരോഗ്യ നിലയില്‍ മതിയായ പരിപാലനം നല്‍കാന്‍ കഴിയാതിരുന്ന അദ്ദേഹത്തിന്റെ ഭാര്യ, സംവിധയകന്റെ സമ്മതത്തോടു കൂടി തന്നെയാണ് അദ്ദേഹത്തെ വൃദ്ധസദനത്തിലാക്കുന്നത്. ഇക്കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പലരും സ്വമേധയാല്‍ വൃദ്ധസദനങ്ങള്‍ തിരഞ്ഞെടുക്കുന്നതും. എന്നാല്‍ മാതാപിതാക്കളുടെ സംരക്ഷണ ചുമതലയില്‍നിന്ന് സ്വയം ഇറങ്ങി നടക്കുന്ന കപടതയായി മാത്രം ഇതിനെ വ്ഖ്യാനിക്കുന്നവരാണ് ഭൂരിഭാഗവും. മലയാളികള്‍ ഊന്നിപ്പറയുന്ന സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഇതിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

പ്രായമായ കുടുംബാംഗങ്ങളെ വീട്ടില്‍ നിര്‍ത്താനും മറ്റു കുടുംബാംഗങ്ങള്‍ തന്നെ പരിചരണം നല്‍കാനുമുള്ള ആശയത്തിനാണ് ഇവിടെ പ്രഥമ പരിഗണന. കുടുംബങ്ങള്‍ക്കും, പ്രായമായവര്‍ക്കും ഒരു പോലെ സ്വീകാര്യമായെങ്കിലേ ഇതും നടപ്പിലാകുകയുള്ളു. സമൂഹത്തിന്റെ സംസ്‌കാരത്തിന് മുന്‍ഗണന നല്‍കി ഇതിനുള്ള സാഹചര്യം നിലവിലില്ലാത്തവരും ഇത്തരം ഔപചാരികതകളെ മുറുകെ പിടിക്കണമെന്ന അലിഖിത നിയമവും ഇവിടെ നിലവിലുണ്ട്. ആ അലിഖിത നിയമത്തിനു പുറത്തു നില്‍ക്കുന്നവര്‍ സാംസ്‌കാരികമായി ചോദ്യം ചെയ്യപ്പെടും.

മലയാളത്തിലിറങ്ങുന്ന ഒട്ടുമിക്ക സിനിമകളും ഈ അഭിപ്രയം വച്ചുപുലര്‍ത്തുന്നവയാണ്. ഉദാഹരണമായി സുരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജൂഡ് ആന്റണി സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദയില്‍ രജനി ചാണ്ടി അവതരിപ്പിക്കുന്ന ലീലാമ്മ എന്ന കഥാപാത്രം മക്കള്‍ തന്നെ വൃദ്ധസദനത്തിലാക്കുമോ എന്ന ഭയം കൊണ്ട് നടക്കുന്ന ആളാണ്. വൃദ്ധസദനം മക്കളുപേക്ഷിച്ചവര്‍ക്കു മാത്രമാണെന്നും അവിടം സാധരണ ജീവിതം നയിക്കാന്‍ പറ്റാത്ത ഇടങ്ങളാണെന്നും ഇവിടെ സംവിധായകന്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. വൃദ്ധസദനകളെ പറ്റി മലയാളികള്‍ വച്ചു പുലര്‍ത്തുന്ന സ്റ്റീരിയോടൈപിക് മനോഭാവത്തെ ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്നുണ്ട് ഇത്തരം സിനിമകള്‍.

വിദേശരാജ്യങ്ങളില്‍ സര്‍വസാധാരണമായ ഒരു കാര്യത്തെ മലയാളികള്‍ കണക്കിലെടുക്കുന്നത് അവിടെത്തെ സംസ്‌കാരവും കുടുംബ ബന്ധങ്ങള്‍ തമ്മിലുള്ള കെട്ടുറപ്പില്ലായ്മയുടെയും പാര്‍ശ്വഫലമായിട്ടാണ്. വീടുകളില്‍ ലഭിക്കുന്നതിനേക്കള്‍ കൂടുതല്‍ പരിചരണവും, ആരോഗ്യ സംരക്ഷണവും, സാമൂഹിക സമ്പര്‍ക്കവും, വൃദ്ധസദനങ്ങള്‍ക്ക് പ്രദാനം ചെയ്യാന്‍ കഴിയുമെന്ന വസ്തുതയെ പാടെ തള്ളി കളഞ്ഞുകൊണ്ടാണ് ഇത്തരം മുന്‍വിധികള്‍. വാര്‍ദ്ധക്യ ജീവിതം ആരെയും ആശ്രയിക്കാതെ തള്ളി നീക്കുന്ന ഒരു ജനതയെ പാശ്ചാത്യ നാടുകളില്‍ കാണാന്‍ സാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വാര്‍ദ്ധക്യത്തിലെത്തിയവര്‍ കുടുംബത്തിലെ തൊഴിലെടുക്കുന്ന അഗങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. 2020-ല്‍, ഇന്ത്യയിലെ വാര്‍ദ്ധക്യ ആശ്രിത അനുപാതം (1564 പേര്‍ക്ക് 65+) 9.8 എന്നാണ്. 1971-ലെ 6 അനുപാതത്തില്‍ നിന്ന് (1564 പേര്‍ക്ക് 65+) 2020-ല്‍ 9.8 എന്ന അനുപാതത്തിലേക്ക് 1.00% എന്ന ശരാശരി വാര്‍ഷിക നിരക്കില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

മലയാളികളുടെ ഇത്തരം പൊതുബോധങ്ങള്‍ക്ക് മാറ്റം വരേണ്ടത് അനിവാര്യമാണ്. പുരോഗനപരമായ മാറ്റത്തിന്റെ പാതയിലാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയണമെങ്കില്‍ ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ കൂടി തുടച്ചു മാറ്റേണ്ടതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍