UPDATES

‘ആടുജീവിതം ആത്മകഥയല്ല, അതില്‍ മൃഗരതിയുമില്ല’

ബെന്യാമിനെ വ്യക്തിഹത്യ ചെയ്യുകയാണ്

                       

മലയാളത്തിലെ ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബെന്യാമിന്റെ ‘ആടുജീവിതം’ ലോകോത്തര സിനിമയായി സമ്മാനിച്ചിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. വൈകാരികമായ തിയേറ്റര്‍ അനുഭവവും, പൃഥ്വിരാജിന്റെ അനുപമായ പ്രകടനവും ആടുജീവിതത്തെ സജീവ ചര്‍ച്ചയാക്കി നിര്‍ത്തുന്നു. എന്നാല്‍ സിനിമ ഉണ്ടാക്കിയൊരു ‘ ദോഷം’ എന്തെന്നാല്‍ ഒരു വിഭാഗം ബെന്യാമിനും അദ്ദേഹത്തിന്റെ നോവലുമെതിരേ തിരിഞ്ഞിരിക്കുന്നു എന്നാണ്. രണ്ടു പതിറ്റാണ്ടിന് മുമ്പ് ഇറങ്ങിയ നോവല്‍ കടുത്ത വിചാരണ നേരിടുന്നത് ഇപ്പോഴാണ്, ഒപ്പം എഴുത്തുകാരനും.

ആടുജീവിതം നജീബ് എന്ന മനുഷ്യന്റെ ജീവിതകഥയാണെന്ന് ആദ്യം മുതല്‍ ബെന്യാമിന്‍ അക്കമിട്ടു നിരത്തിയിരുന്നു. എന്നാല്‍ സിനിമ പുറത്തിറക്കിയതിനു ശേഷം, 30 % മാത്രമാണ് അദ്ദേഹത്തിന്റ ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതെന്ന നിലപട് സ്വീകരിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍, പുസ്തകം അതേപടി നജീബിന്റെ ജീവിതം പകര്‍ത്തിയിരുന്നെങ്കില്‍ ആടുജീവിതം ഒരു ആത്മകഥയായല്ലേ മാറേണ്ടിയിരുന്നത് എന്ന മറുചോദ്യമാണ് കവി കുഴൂര്‍ വില്‍സണ്‍ ഉന്നയിക്കുന്നത്. ആടുജീവിതം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള നോവലാണ്. ഒരു സാഹിത്യകാരന്റെ കാല്പനികതയില്‍ നിന്നും ഭാവനയില്‍ നിന്നും ഉരുത്തിരിഞ്ഞ കലാസൃഷ്ടിയാണെന്നും കുഴൂര്‍ വില്‍സണ്‍ അടിവരയിടുന്നു.

ഇപ്പോള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന വിമര്‍ശനത്തില്‍ പ്രതികരിക്കുകയാണ് ആടുജീവിതം ആദ്യ പ്രതി പ്രകാശനം ചെയ്ത യുഎഇ മുന്‍ പ്രവാസിയും, പ്രശസ്ത കവിയുമായ കുഴൂര്‍ വില്‍സണ്‍.

ആറു വര്‍ഷം മുമ്പാണ് നജീബിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട്, വ്യാജ വാര്‍ത്ത ഒരു മാധ്യമ സ്ഥാപനം പ്രസിദ്ധീകരിക്കുന്നത്. അന്നും നജീബും ബെന്യാമിനും തമ്മിലുള്ള ബന്ധമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. സജീവ മാധ്യമപ്രവര്‍ത്തകനായത് കൊണ്ട് തന്നെ നജീബിനെ വിളിച്ച് നിജസ്ഥിതിയും അന്വേഷിച്ചിരുന്നു. ഇരുവരും തമ്മില്‍ ഫോണിലൂടെ ബന്ധം പുതുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നിപ്പോള്‍ നോവല്‍ സിനിമയായ വേളയില്‍ ബെന്യാമിനെ തേടിയെത്തുന്ന വിവാദങ്ങളില്‍ ഞാന്‍ ബെന്യാമിനൊപ്പമാണ്. സാധാരണഗതിയില്‍ സിനിമയിലെന്ന പോലെ സാഹിത്യത്തിലും വിഭാഗങ്ങളുണ്ട്. കള്ളന്റെ ആത്മകഥ എന്ന പുസ്തകം പൂര്‍ണമായും തയ്യാറാക്കിയത് ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. യഥാര്‍ത്ഥ കഥാപാത്രം അനുഭവങ്ങള്‍ വിവരിക്കുക മാത്രമാണ് ചെയ്തത്. മാധ്യമപ്രവര്‍ത്തകനെ പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത് ആത്മകഥ തയ്യാറാക്കിയ ആളെന്ന പേരിലാണ്. ആ പുസ്തകം ആത്മകഥ വിഭാഗത്തിലാണ് പെടുന്നത്. പക്ഷെ ആടുജീവിതം നോവലാണ്. ‘യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി’ എന്ന് പറയുമ്പോള്‍ പോലും അതിന്റെ ആശയം മാത്രമാണ് ഉള്‍ക്കൊള്ളുന്നത്. ആ ആശയത്തിന് ജീവന്‍ നല്‍കി പുനരുജ്ജീവിപ്പിക്കുന്നത് എഴുത്തുകാരന്റെ ഭാവനാസൃഷ്ടിയിലൂടെയാണ്. അത്തരത്തില്‍ ഗംഭീരമായ ഒരു ഇടപെടല്‍ കലാകാരന്‍ നടത്തിയാല്‍ മാത്രമേ അത് കലയാകുന്നുള്ളു. ചരിത്ര പുസ്തകമാക്കിയെടുത്തുകൊണ്ടാണ് നമ്മള്‍ പുസ്തകത്തിനെ സമീപിക്കുന്നത്.

അതിനുമപ്പുറം വ്യക്തിഹത്യക്ക് ഉതകുന്ന തരത്തില്‍ മൃഗരതിയെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഞാന്‍ തള്ളിക്കളയുന്നുണ്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ പുസ്തകത്തിലെവിടെയും മൃഗരതി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ഒറ്റപ്പെടലിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ ഒരു മനുഷ്യന്‍ ആടുകള്‍ക്ക് തനിക്ക് ചുറ്റുമുണ്ടായിരുന്ന മനുഷ്യരുടെ പേരുകള്‍ നല്‍കി അഭിസംബോധന ചെയുന്നുണ്ട്. ആടുകളുടെ മുഖം മാത്രം ചുറ്റിനുള്ള നജീബ് അതിന് തനിക്ക് പ്രിയപെട്ടവരുടെ മുഖമായി അതിനെ സങ്കല്പിക്കുകയാണ്. വളരെയധികം കാല്പനികമായും, സൗന്ദര്യപരമായും ബെന്യാമിന്‍ എഴുത്തിനെ സമീപിച്ച ഒരു ഭാഗമായിരുന്നു അത്. വിവാദ വര്‍ണനയുള്ള ഈ ഭാഗം വളരെ മനോഹരമായാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. ആട്ടിന്‍പറ്റങ്ങളില്‍ ഒന്നിന് തന്റെ മകന്റെ പേരും, നാട്ടിലുള്ള അതീവ സുന്ദരിയായ ഒരു സ്ത്രീയുടെ പേരും നല്‍കുന്നുണ്ട്. ഇഎംഎസിന്റെ പേരുപോലും നല്‍കുന്നുണ്ട്. ഇഎംഎസിന്റെ വര്‍ണന അന്ന് വിവാദമായിരുന്നു. ഒരു പേജില്‍ മാത്രം ഒതുങ്ങുന്ന ആ വര്‍ണനകളെ ലൈംഗികതയായി പര്‍വ്വതീകരിക്കുന്നില്ല.

ഇതിനമപ്പുറം ലൈംഗികതയുമായി ബന്ധിപ്പിക്കാന്‍ എങ്ങനെയാണ് കഴിയുന്നത്. ദീര്‍ഘകാലം മറ്റു മനുഷ്യരുമായി സമ്പര്‍ക്കമില്ലാതെ, മൃഗങ്ങളുമായി മാത്രം ഇടപഴകുന്ന വ്യക്തിക്ക് അവയോട് ഭയം മുതല്‍ വാത്സല്യം വരെയുള്ള പല തരത്തിലുള്ള വികാരം ഉടലെടുത്തേക്കാം. അതില്‍ കാമവും ഉള്‍പ്പെട്ടാല്‍ തര്‍ക്കത്തിനിടയില്ല. വ്യക്തിഹത്യ നടത്തുന്ന തരത്തിലേക്ക് അതിനെ കഥാകാരന്‍ സങ്കീര്‍ണമാക്കുന്നുമില്ല.

നജീബ് അനുഭവിച്ച വേദനകള്‍ മാത്രമാണ് ഇവിടെ ഓര്‍ത്തുവക്കപ്പെടുക. അങ്ങനെയൊരു സാഹചര്യത്തില്‍ ഈ ആക്ഷേപം മാത്രം ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും മറഞ്ഞിരിക്കുന്ന അജണ്ടകള്‍ ഉണ്ടായിരിക്കാം. അതുമല്ലെങ്കില്‍ ബെന്യാമിനോടും, അദ്ദേഹത്തിന്റെയും പുസ്തകത്തിന്റെയും വളര്‍ച്ചയോടുമുള്ള അസഹിഷ്ണുതയായിരിക്കാം ഇതിനു പിന്നില്‍. കഥാപാത്രവും, നോവലിസ്റ്റും തമ്മില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളായും കണക്കാക്കാം. നജീബിനോടുള്ള അഭിമുഖത്തില്‍ പോലും ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരു കശാപ്പ് കാണാന്‍ കഴിയുന്നുണ്ട്. അതില്‍ ഒരു മാധ്യമ വേട്ടയുടെ വശവും കാണാനാകുന്നുണ്ട്. നോവലിന്റെ തുടക്ക സമയം മുതല്‍ നജീബ് അതില്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല. നജീബിനൊപ്പം തന്നെ തന്റെ പ്രവാസജീവിതവും വായനയും കണ്ടും കേട്ടുമറിഞ്ഞ കുറെയധികം പ്രവാസികളുടെ ജീവിതത്തില്‍ നിന്നുമാണ് ആടുജീവിതം എന്ന കൃതി ഉരുത്തിരിഞ്ഞതെന്ന് ബെന്യാമിനും പറയുന്നു.
അപ്പോള്‍ പിന്നെ ഈ വിവാദങ്ങള്‍ക്ക് എന്താണ് പ്രസക്തി?

2008 ഓഗസ്റ്റിലാണു ബഹറിനില്‍ വച്ച് ആടുജീവിതം പ്രകാശനം ചെയ്യുന്നത്. ബെന്യാമിന്റെ സാന്നിധ്യത്തില്‍
കഥാപാത്രത്തിനു(നജീബിന്)നല്‍കി കൊണ്ടായിരുന്നു പ്രകാശനം. ബ്ലോഗെഴുത്ത് സജീവമായിരുന്ന 2008 ല്‍ ആടുജീവിതത്തിന്റെ പി.ഡി.എഫ് മെയ്ല്‍ ആയി ബെന്യാമിന്‍ അയച്ചിരുന്നു. ഏഷ്യാനെറ്റ് റേഡിയോ ജീവനക്കാരനായത് കൊണ്ട് തന്നെ തിരക്ക് പിടിച്ച ജോലിയിലായിരുന്നു. പിന്നീട് വായനയെ പറ്റി ബെന്യാമിന്‍ ഓര്‍മിപ്പിക്കുമ്പോഴാണ് വായന തുടങ്ങുന്നത്. അവധി എടുത്താണ് വായിച്ചു തീര്‍ത്തത്. ഗള്‍ഫില്‍ ജോലി നോക്കിയിരുന്ന ആളുകള്‍ക്ക് ഒരുപക്ഷെ എളുപ്പത്തില്‍ ഈ സാഹചര്യങ്ങള്‍ കൂടുതല്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. അന്ന് റേഡിയോ ഉള്‍പ്പെടെയുള്ളവയ്ക്ക് അറബ് അധികാരികളില്‍ നിന്ന് നിരീക്ഷണം ഏര്‍പ്പെടുത്തിയ കാലമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ഉള്ളില്‍ ഇരുന്ന് വിങ്ങിയ ആടുജീവിതത്തിനെ ശ്രോതാക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.

രാവിലത്തെ റേഡിയോ ടോക്കും വാര്‍ത്തകളുമാണ് അന്ന് പ്രധാനമായും ചെയ്തിരുന്നത്. ആടുജീവിതം എന്ന നോവല്‍ ന്യൂസ് അവറില്‍ ലൈവ് സ്റ്റോറിയാക്കാന്‍ തീരുമാനിച്ചു. കഠിനമായൊരു ജോലിയായിരുന്നു അത്. നോവലിലെ അറബ് വിരുദ്ധ വികാരം അധികം പുറത്തുകാട്ടാതെ വേണം അവതരിപ്പിക്കാന്‍. ഇടക്കിടെ സാഹസികത പുറത്തെടുക്കുന്ന എന്നെ തളയ്ക്കാന്‍ നിരീക്ഷണം നടത്തുന്ന മുതിര്‍ന്ന പ്രക്ഷേപണ ഉദ്യോഗസ്ഥരുടെ കാതുകളെയും വെട്ടിക്കണം. ന്യൂസ് അവര്‍ തുടങ്ങി. മലയാളത്തില്‍ ആകെ പത്തിരുപതു പേര്‍ മാത്രം വായിച്ചിട്ടുള്ള ഒരു നോവല്‍ ഗള്‍ഫ് ശ്രോതാക്കള്‍ക്ക് വേണ്ടി ആദ്യമായി അവതരിപ്പിക്കുകയാണ്. ഒരു ലൈനില്‍ ബെന്യാമിനും, മറ്റൊരു ലൈനില്‍ നജീബും ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കുപറ്റാതെ ആമുഖം അവതരിപ്പിക്കാന്‍ കഴിഞ്ഞു. നജീബിന്റെ കാര്യത്തിലാണ് കുറച്ചു വെല്ലുവിളി നേരിട്ടത്. മിനുട്ടുകള്‍ ഇടവിട്ടുള്ള നജീബിന്റെ സംഭാഷണം ബാധിച്ചത് റേഡിയോയിലെ ഏറ്റവും വിലപിടിപ്പുള്ള സമയത്തെയായിരുന്നു.

നജീബിനെ കേട്ട് എഴുതിയ ബെന്യാമിനെ അങ്ങേയറ്റം ബഹുമാനത്തോടെ കണ്ട നിമിഷം കൂടിയായിരുന്നു അത്. ചങ്കിടിപ്പോടെയാണ് ന്യൂസ് അവര്‍ അവസാനിപ്പിച്ചത്. നീണ്ട നീണ്ട വര്‍ത്തമാനങ്ങള്‍ക്ക് പിന്നീട് ഈ നജീബ് കാരണമാകും എന്നൊന്നും അന്ന് സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. ഇന്നിപ്പോള്‍ ഫീഡുകളിലും റീലുകളിലും നജീബ് നിറയുമ്പോള്‍ ഒപ്പം സന്തോഷവും നിറയുന്നു. അതെസമയം ദൗര്‍ഭാഗ്യകരമായി ബെന്യാമിനെതിരെയുള്ള ഹേറ്റ് ക്യാമ്പയിനാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്- കുഴൂര്‍ വില്‍സണ്‍ പറഞ്ഞു നിര്‍ത്തുന്നു.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍