ലോകം മുഴുവന്‍ തിരയുന്നുണ്ട്, കാതറിന്‍ മിഡില്‍ടണ്‍ എവിടെയെന്ന്. ബ്രിട്ടീഷ് രാജവംശത്തിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി പൊതുവേദികളില്‍ നിന്നും ഒഴിഞ്ഞു മാറിയിട്ട് നാളുകളായി. 42 കാരിയായ വെയ്ല്‍സ് രാജകുമാരി തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തതെന്നു മാത്രമായിരുന്നു ഏറെ നാളത്തെ അന്വേഷണത്തിന് കിട്ടിയ ഉത്തരം. എന്നാല്‍ രാജകുമാരിക്ക് എന്താണ് അസുഖമെന്ന കാര്യം കെന്നിംഗ്സ്റ്റണ്‍ കൊട്ടരത്തില്‍ നിന്നും ഉണ്ടായില്ല. രാജകുമാരി ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും, ആശുപത്രിയില്‍ രണ്ടാഴ്ച്ചയും തുടര്‍ന്ന് കൊട്ടാരത്തില്‍ മൂന്നുമാസത്തോളവും ചികിത്സയില്‍ തന്നെ തുടരുകയായിരുന്നുവെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു.
ഒരുകാലത്ത് ടെന്നീസ് കോര്‍ട്ടുകളിലും ഫുട്‌ബോള്‍ മൈതാനങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്നു, ഏറെ ഊര്‍ജ്ജസ്വലയായിരുന്ന കേറ്റ് മിഡില്‍ടണ്‍(കാതറിന്‍) പെട്ടെന്ന് പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷമായത് ബ്രിട്ടനിലെ ജനങ്ങളെ മാത്രമല്ല, ലോകത്ത് അവരെ ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം അമ്പരപ്പായിരുന്നു.
ഒടുവില്‍, ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയ്ക്ക് രാജകുമാരിയുടെ ഏറ്റവും പുതിയൊരു ചിത്രം പുറത്തു വന്നു. മക്കളായ 10 വയസുള്ള ജോര്‍ജ് രാജകുമാരനും എട്ടുവയസുകാരി ഷാര്‍ലറ്റ് രാജകുമാരിക്കും അഞ്ചു വയസുള്ള ലൂയിസ് രാജകുമാരനും ഒപ്പമുള്ള ഒരു കുടുംബ ചിത്രം. അമ്മയും മക്കളും നിറഞ്ഞ ചിരിയോടെയുള്ള ചിത്രം കെന്നിംഗ്സ്റ്റണ്‍ പാലസില്‍വച്ച് കഴിഞ്ഞാഴ്ച്ച വെയ്ല്‍സ് രാജകുമാരനും കേറ്റിന്റെ ഭര്‍ത്താവുമായ വില്യം പകര്‍ത്തിയതായാണ് പറഞ്ഞിരുന്നത്.
ഈ ചിത്രം ഞായറാഴ്ച്ച വില്യമിന്റെയും കാതറിന്റെയും സോഷ്യല്‍ മീഡിയ അകൗണ്ടിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. നിങ്ങളുടെ പിന്തുണയ്ക്ക് എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി എന്നൊരു കുറിപ്പും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. മാതൃദിന ആശംസകളും ഫോട്ടോയുടെ അടിക്കുറിപ്പില്‍ ചേര്‍ത്തിരുന്നു. വെയില്‍സ് രാജകുമാരന്‍ ഈ ആഴ്ച ആദ്യം വിന്‍ഡ്സറില്‍ വച്ചാണ് ചിത്രം പകര്‍ത്തിയതെന്നായിരുന്നു കെന്‍സിംഗ്ടണ്‍ കൊട്ടാരം അറിയിച്ചത്.
ഉദരശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം രാജകുമാരിയുടെതായി പുറത്തു വിടുന്ന ആദ്യത്തെ ഔദ്യോഗിക ഫോട്ടോഗ്രാഫ് എന്നും കൊട്ടാരം കേന്ദ്രമാക്കിയുള്ള വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ക്രിസ്തുമസിനു മുമ്പായിരുന്നു കേറ്റിന്റെതായി ഒരു ഫോട്ടോഗ്രാഫ് അവസാനമായി വെളിയില്‍ വരുന്നത്.
എന്നാല്‍ ഇപ്പോള്‍ പറയുന്നത്, ആ ചിത്രം, കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ്. ലോകത്തിലെ പ്രധാനപ്പെട്ട ചില ഫോട്ടോ ഏജന്‍സികള്‍ തന്നെയാണ് ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തിരിക്കുന്നത്. മക്കളെ മടിയിലിരുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കാതറിന്റെ ഫോട്ടോ ഒറിജനല്‍ അല്ലെന്നും ഫോട്ടോഷോപ്പ് ആണെന്നുമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ ചിത്രം പുറത്തുവിട്ടശേഷം അസോസിയേറ്റഡ് പ്രസ്, ഏജന്‍സി ഫ്രാന്‍സ്-പ്രസ്, റോയിട്ടേഴ്‌സ് തുടങ്ങിയ ഫോട്ടോ ഏജന്‍സികള്‍ ഈ ചിത്രത്തിന്റെ വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയുണ്ടായി. സൂക്ഷമമായ പരിശോധനയില്‍ ഈ ചിത്രത്തില്‍ കൃത്രിമം കാണിച്ചിട്ടുള്ളതായി തങ്ങള്‍ക്ക് വ്യക്തമായെന്നാണ് എ പി(അസോസിയേറ്റഡ് പ്രസ്) യുടെ നോട്ടീസില്‍ പറയുന്നത്. രാജകുമാരി ഷാര്‍ലെറ്റിന്റെ ഇടതു കൈയുടെ അലൈന്‍മെന്റില്‍ പൊരുത്തക്കേട് ഫോട്ടോയില്‍ ഉണ്ടെന്നാണ് എപി വക്താവ് ടെലഗ്രാഫിനോട് പറഞ്ഞത്. എഡിറ്റോറിയല്‍ തീരുമാനത്തെ തുടര്‍ന്ന് ചിത്രം തങ്ങള്‍ പിന്‍വലിച്ചതായും, ഈ ചിത്രം ഇനി മേലില്‍ ഉപയോഗിക്കില്ലെന്നും എപി പറയുന്നു. ഈ ചിത്രം എല്ലാവരും അവരുടെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ നിന്നും ഇത് ഉടന്‍ നീക്കം ചെയ്യാനും മറ്റേതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നത് നിര്‍ത്താനും ചിത്രം സെര്‍വറുകളില്‍ നിന്നും കളഞ്ഞേക്കാനും എപി ആവശ്യപ്പെടുന്നുണ്ട്.
ജനുവരിയിലാണ് കാതറിന്‍ മിഡില്‍ടണ്‍ ഉദരശസ്ത്രക്രിയയ്ക്ക് വിധേയായതെന്നാണ് വിവരം. കാതറിന്‍ കാന്‍സര്‍ ബാധിതയാണോ എന്ന ചോദ്യങ്ങള്‍ കെന്‍സിംഗ്ടണ്‍ കൊട്ടാരം നിഷേധിച്ചിരുന്നു. എന്തായാലും കാതറിന്റെ’ തിരോധാനം’ മുതല്‍ ഊഹാപോഹങ്ങളും സംശയങ്ങളും വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. വരുന്ന ഈസ്റ്ററോടെ കാതറിന്‍ സുഖം പ്രാപിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമെന്ന വാര്‍ത്തകളും ഇതിനൊപ്പം വരുന്നുണ്ട്. എന്നാല്‍, അവയ്ക്ക് സ്ഥിരീകരണങ്ങളൊന്നുമില്ല.