UPDATES

ഓഫ് ബീറ്റ്

ചങ്ങമ്പുയുടെ വാഴക്കുല

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം; 36

                       

കാലഘട്ടത്തോട് കലഹിക്കുന്ന, അടിമ ഉടമ, ജന്മി കുടിയാന്‍ സമ്പ്രദായവും ഉച്ചനീചത്വവും നിലനില്‍ക്കേ, വിശപ്പിനോട് പൊരുതിയ ഒരു സമൂഹത്തെ മുന്നില്‍ കണ്ട് 1937 ല്‍ ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച അതിപ്രശസ്തമായ കവിതയാണ് വാഴക്കുല. ‘മലയപ്പുലയനാ മാടത്തിന്‍മുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു’ എന്നു തുടങ്ങുന്ന വരികളുള്ള ഈ കവിത രക്തപുഷ്പങ്ങള്‍ എന്ന സമാഹാരത്തില്‍ വന്നതാണ്. കവിതയിലെ മലയപ്പുലയനും ഭാര്യ അഴകിയും അവരുടെ കുടിലിന്റെ മുറ്റത്ത് വാഴ വെച്ചു. കരുമാടിക്കുട്ടന്മാരായ മക്കള്‍ മാതേവനും, തേവനും, വള്ളോനും, കരുവള്ളോനും, കേളനും, നീലിയും മാത്രമല്ല മുറ്റത്തെ വാഴയും ആ കുടുംബത്തില്‍ ഒരംഗമായി. വാഴ കുലയ്ക്കുന്നതും പഴം കട്ടുതിന്നുന്നതും മറ്റും പറഞ്ഞ് കുട്ടികള്‍ തമ്മില്‍ത്തല്ലുന്നതും അവരുടെ കുസൃതികളും മലയന്റെ വികാരങ്ങളായി. വാഴ വലുതായി. കുലച്ചു. വാഴക്കുല പാകമായി. വെട്ടാറായി.

കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഒരു ഭൂവുടമസമ്പ്രദായമാണ് ജന്മിസമ്പ്രദായം. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാര്‍ക്ക് കൃഷിചെയ്യാന്‍ കൊടുക്കുകയും അവര്‍ ആദായത്തിന്റെ ഒരംശം ജന്മിക്ക് പാട്ടമായി നല്‍കുകയും ചെയ്യുന്ന പാരമ്പര്യവ്യവസ്ഥ ഉണ്ടായിരുന്നു. മലയ പുലയന്‍ ഒരു കുടിയാനായിരുന്നു. അയാളുടെ മക്കളുടെ സ്വപ്നമായ കുടിലിന് മുന്നില്‍ കുലച്ച വാഴക്കുലയിലെ പഴങ്ങള്‍ കഴിക്കുക എന്നത് തല്ലിക്കെടുത്തി ജന്മി പാകമായ വാഴക്കുലയുമായി പോയി. ചങ്ങമ്പുഴയുടെ ഈ കവിതാ സന്ദര്‍ഭത്തെ പല കാര്‍ട്ടൂണിസ്റ്റുകളും പല വിഷയത്തില്‍ പലപ്പോഴായി കാര്‍ട്ടൂണില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ദക്ഷിണ സംസ്ഥാനം നടക്കാതെ പോയി…

കന്യാകുമാരി ജില്ല പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗവും തെക്കന്‍ തിരുവിതാംകൂര്‍ എന്ന് അറിയപ്പെടുകയും ചെയ്തിരുന്നു. വേണാട് ഭരിച്ചിരുന്നത് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയായിരുന്നു. 1947 ല്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമാക്കി മാറ്റി. 1956 ല്‍ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ പുനര്‍നിര്‍മ്മിച്ചപ്പോള്‍ കന്യാകുമാരിയെ തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭാഗമായി മാറ്റി. 1956 ല്‍ കന്യാകുമാരി ജില്ലയെ തിരു-കൊച്ചിയില്‍ നിന്നും വേര്‍പെടുത്തി തമിഴ് നാട്ടില്‍ ലയിപ്പിച്ചു.

കന്യാകുമാരി ജില്ല തമിഴ്‌നാടിനൊപ്പം ചേര്‍ന്ന വിഷയം കെ.എസ്. പിള്ള ചങ്ങമ്പുയുടെ വാഴക്കുല എന്ന കവിതയെ അടിസ്ഥാനപ്പെടുത്തി കാര്‍ട്ടൂണില്‍ ചിത്രീകരിച്ചു. ദേശബന്ധുവില്‍ 1955 ഡിസംബര്‍ മാസം 14 തീയതിയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. തിരുക്കൊച്ചിയുടെ ഭാഗമായ കന്യാകുമാരി ജില്ലയെ തമിഴ് പ്രദേശമായി കൂട്ടിച്ചേര്‍ക്കുന്നതിനെയാണ് കാര്‍ട്ടൂണില്‍ വിഷയമാക്കുന്നത്. വിഷയം വളരെ ലഘൂകരിക്കുന്നതിന് പ്രശസ്തമായ കവിതയുടെ സഹായത്താല്‍ കാര്‍ട്ടൂണിസ്റ്റിന് സാധിച്ചു എന്ന് നമുക്ക് പറയാം.

Share on

മറ്റുവാര്‍ത്തകള്‍