രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-66
ക്രിസ്തുമസ് അപ്പൂപ്പന്റെ ഇന്നത്തെ രൂപം ഒരു കാര്‍ട്ടൂണിസ്റ്റിന്റെ ഭാവനയില്‍ രൂപം കൊണ്ടതാണ്. ജര്‍മനിയില്‍ ജനിച്ച് അമേരിക്കയില്‍ പ്രശസ്തനായ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് തോമസ് നാസ്റ്റ് വരച്ചതാണ് ഇന്ന് ലോകം അംഗീകരിച്ച സാന്താക്ലോസ് രൂപം. 1863 ജനുവരി 3ലെ ഹാര്‍പ്പേസ് വീക്കിലിയിലാണ് അദ്ദേഹം ആദ്യമായി സാന്തയെ വരച്ചത്. നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയനായ മനുഷ്യനാണ് ഇന്നത്തെ സാന്താക്ലോസ്. ചുവന്ന കുപ്പായവും കൂര്‍മ്പന്‍ തൊപ്പിയുമണിഞ്ഞ് മാനുകള്‍ വലിക്കുന്ന തെന്നുവണ്ടിയില്‍ പുഞ്ചിരിയോടെ വരുന്ന നരച്ചമുടിയും താടിയുമുള്ള തടിയന്‍ സാന്താക്ലോസ് ക്രിസ്തുമസ് ദിനങ്ങളിലെ വിശേഷ കഥാപാത്രമാണ്. ക്രിസ്മസ് നാളുകളില്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വീടിന്റെ ചിമ്മിനിയിലൂടെ അദ്ദേഹം അകത്തേയ്ക്ക് ഇട്ടു കൊടുക്കുന്നുവെന്നാണ് സങ്കല്‍പ്പം. ക്രിസ്തുമസ് ആഘോഷിക്കുന്ന എവിടെയും വളരെ പരിചിതനാണ് തോളില്‍ സഞ്ചിയുമായി വരുന്ന സാന്താക്ലോസ്.
ക്രിസ്തുമസ് അപ്പൂപ്പന്‍ കാര്‍ട്ടൂണുകളില്‍…
ലോകത്തെ കാര്‍ട്ടൂണുകളില്‍ മാത്രമല്ല മലയാള കാര്‍ട്ടൂണുകളിലും സാന്താക്ലോസ് എന്ന ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷത്തില്‍ പലരുമെത്തി. ക്രിസ്തുമസ് കാലമായാല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ സാന്താക്ലോസ് അഥവാ ക്രിസ്തുമസ് അപ്പൂപ്പനെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരയ്ക്കുക ഒരു പതിവ് രീതി തന്നെയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാന്താക്ലോസ് കാര്‍ട്ടൂണുകള്‍ വരച്ചത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ആയിരിക്കും. ഏറ്റവും കൂടുതല്‍ മലയാളികളായ രാഷ്ട്രീയ നേതാക്കളെ സാന്തായിയുടെ വേഷം കെട്ടിച്ചിട്ടുണ്ടാവുക അദ്ദേഹം തന്നെയാണ്. അസാധുവിന് ശേഷം അദ്ദേഹം പ്രവര്‍ത്തിച്ച പത്രങ്ങളിലും അനുബന്ധ പ്രസിദ്ധീകരണങ്ങളിലും എല്ലാ വര്‍ഷവും ഡിസംബറില്‍ സാന്താക്ലോസിനെ വരയ്ക്കാറുണ്ട്.
യേശുദാസന്‍ പത്രാധിപത്യം വഹിച്ച അസാധു മാസികയുടെ 1981 ഡിസംബര്‍ ലക്കം കവറില്‍ വന്ന ഒരു സാന്താ കാര്‍ട്ടൂണ്‍ ഏറെ പ്രശസ്തമാണ്. ഡിസംബര്‍ ലക്കങ്ങളില്‍ എപ്പോഴും ക്രിസ്തുമസ് അപ്പൂപ്പനായി ഒരു നേതാവ് അസാധുവിന്റെ കവറില്‍ ഉണ്ടാകും. 1981 ല്‍ ലീഡര്‍ കെ. കരുണാകരനായിരുന്നു സാന്തയുടെ വേഷത്തില്‍. സാന്തയുടെ വേഷം അണിഞ്ഞ സമയം കേരളത്തില്‍ രാഷ്ട്രപതി ഭരണമായിരുന്നു. രാഷ്ട്രീയ രംഗം കത്തി കയറിയ കാലമാണ് അന്ന്. ലീഡറുടെ താടി പിടിച്ചു വലിച്ച് തീ കൊടുക്കാന്‍ ശ്രമിക്കുകയാണ് അന്നത്തെ സി.പി.എം നേതാവായ ഇ കെ നായനാര്‍. യുഡിഎഫിനോടൊപ്പം ഉണ്ടായ പി.ജെ ജോസഫ് ഹാപ്പി കെ മാസ് എന്ന് എഴുതിയ നക്ഷത്രവും ഉയര്‍ത്തിപ്പിടിച്ച് മുന്നില്‍ പോകുന്നു. കരുണാകരന് പിന്തുണയാണെന്നതിന്റെ സൂചനയാണ് ഹാപ്പി കെ മാസ് എന്ന് എഴുതിയ നക്ഷത്രം. കോണ്‍ഗ്രസ് നേതാവായ എ.കെ. ആന്റണി ചെണ്ടയും, മുസ്ലീം ലീഗ് നേതാവായ സി എച്ച് മുഹമ്മദ് കോയയും കേരള കോണ്‍ഗ്രസ് നേതാവായ കേരള കെഎം മാണിയും താളവുമായി ഒപ്പം ഉണ്ട്. ഡിസംബര്‍ 28ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിയുമായത് കേരള രാഷ്ട്രീയ ചരിത്രം.