UPDATES

ഡോ. ആരതി പിഎം

കാഴ്ചപ്പാട്

Reviewing Public Health

ഡോ. ആരതി പിഎം

വന്ധ്യതയുടെ വിപണിരാഷ്ട്രീയം; കുടുംബത്തിന്റേതും

സ്വമേധയാ കുട്ടികൾ വേണ്ട എന്നുള്ളവരുടെ തീരുമാനത്തെ സ്വീകരിക്കാൻ പാകത്തിന് എന്തുകൊണ്ടാണ് നമ്മുടെ സമൂഹം പക്വമാകാത്തത്?

                       

“ജീവിതത്തിലെ മറ്റേതു തുറയിൽ ഉള്ളതിനെക്കളും വ്യക്തിപരമെന്നത് രാഷ്ട്രീയം ആകുന്ന ഇടം പ്രത്യുത്പാദനമാണ്.”*

വിവാഹം കൊണ്ടു സാധൂകരിക്കപ്പെടുന്ന (ഒന്നിച്ചു ജീവിക്കുന്നവർ ഉൾപ്പടെ) ഏതൊരു സ്ത്രീയും പുരുഷനും, പ്രത്യേകിച്ച് സ്ത്രീകൾ പൊതുവെ കേൾക്കേണ്ടി  വരുന്ന ഒരു ചോദ്യമാണ് “ഇങ്ങനെയൊക്കെ നടന്നാൽ മതിയോ, ഒരു കുഞ്ഞു വേണ്ടേ” എന്നത്. ഈ ചോദ്യത്തിന്റെ ഉറവിടം കേവല സദാചാരപരം ആണോ എന്നറിയില്ല. ഒരുപക്ഷെ മനുഷ്യൻ എന്ന ജീവിവർഗ്ഗം വംശനാശ ഭീഷണി നേരിടുമോ എന്ന ആശങ്ക ആണോ!? അതുമല്ല മനുഷ്യവിഭവശേഷിയെ അധ്വാന ശേഷി ആക്കി  മാറ്റുന്നതിൽ ഇടിവ് സംഭവിച്ചാലോ എന്ന സാമ്പത്തിക ചിന്ത കൂടി ഈ ചോദ്യത്തിലുണ്ടോ!? ചോദ്യത്തിനുള്ളിലെ വികാരം എന്തുതന്നെ ആയാലും അത് ആത്യന്തികമായി പ്രശ്നവത്ക്കരിക്കുന്നത് രണ്ടു രീതിയിൽ ഉള്ള കാര്യങ്ങളാണ്; അത് എന്തുകൊണ്ടാണ് ഈ തീരുമാനം എന്നതിനെ  ആശ്രയിച്ചാണ്‌.
മനുഷ്യർക്ക്‌ അത്രമേൽ ലളിതമല്ലാത്ത പല കാരണങ്ങളാൽ ഈ തീരുമാനത്തിൽ  എത്താം, എന്നാൽ സൌകര്യത്തിനു നമുക്കതിനെ ആരോഗ്യപരം എന്നും സാമൂഹ്യപരം എന്നും രണ്ടായി തിരിക്കാം. (ഈ തരംതിരിവിൽ ആരോഗ്യവും സമൂഹവുമായി ബന്ധമില്ല എന്നര്‍ഥമില്ല എന്ന് മാത്രവുമല്ല ആ തരംതിരിവിന്റെ അര്‍ഥശൂന്യത വെളിപ്പെടുത്താനുള്ള ശ്രമവുമാണ് ഈ എഴുത്ത് ). സാമൂഹ്യമായ കാരണങ്ങളാൽ എടുക്കുന്ന തീരുമാനങ്ങൾ -അതിന്റെ സാംസ്കാരികവും സാമ്പത്തികവുമായ ചോദ്യം ചെയ്യലുകൾ; മറ്റൊന്ന് വന്ധ്യത എന്ന ആരോഗ്യപ്രശ്നം ഒരു സാമൂഹിക സ്റ്റിഗ്മ ആയിത്തീരുന്നത്. എഴുത്തിന്റെ സൗകര്യത്തിനായി ഇവിടെ രണ്ടാമത്തെ പ്രശ്നത്തിൽ കേന്ദ്രീകരിക്കുകയും ചുരുക്കുകയും ചെയ്യുന്നു.
ഇവിടെ പ്രധാനമായും ചർച്ച ചെയ്യുന്നത് വന്ധ്യത എന്ന ആരോഗ്യാവസ്ഥയെ കമ്പോളവത്കരിക്കപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചാണ്. ഇന്ത്യയിലെ വൻ നഗരങ്ങളിൽ നിന്നും ചെറുപട്ടണങ്ങളിലേക്ക് വന്ധ്യതനിവാരണ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും വ്യാപനത്തിന്റെ വാണിജ്യതാത്പര്യങ്ങൾ എന്താണ് എന്ന അന്വേഷണം കൂടിയാണ്. ആറ്റിങ്ങൽ , ഇടപ്പാൾ, കൊടുങ്ങല്ലൂർ തുടങ്ങി കേരളത്തിലെ പലയിടങ്ങളിലും സജീവമാകുന്ന വന്ധ്യതാനിവാരണ ചികിത്സാ സമ്പ്രദായം ഉയർത്തുന്ന നൈതികവും നിയമപരവുമായ ചില ചോദ്യങ്ങൾ  കൂടിയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പല വർഷങ്ങളായി നടത്തുന്ന മലക്കം മറിച്ചിലുകൾക്ക്  ഒടുവിൽ പർലമെന്‍റിന്റെ ശൈത്യകാല സമ്മേളനത്തിൽ Assisted Reproductive technology (Regulation ) ബിൽ കൊണ്ടുവരാൻ പോകുന്നു. മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും ഈ വിഷയം ചർച്ചചെയ്യുന്നത് ഏറെ ജനപ്രിയമാകുന്ന, വാടകയ്ക്കെടുക്കുന്ന ഗർഭപാത്ര ചികിത്സാരീതികളുമായി ബന്ധപ്പെടുത്തിയാണ്. അത് ഈ വിഷയത്തിന്റെ ഒരു വശം മാത്രമാണ്. ചര്‍ച്ച ചെയ്യാതെ പോകുന്ന ചൂഷണത്തിന്റെ മറുപുറമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
നിർവചനങ്ങളിലെ രാഷ്ട്രീയം** 
വിവാഹം കഴിഞ്ഞു കുറച്ചു കാലങ്ങള്‍ക്കു ശേഷം കേൾക്കേണ്ടി വന്നിരുന്ന ‘വിശേഷ’ ചോദ്യങ്ങൾ ഇപ്പോൾ വളരെ നേരത്തെ തന്നെ കേട്ട് തുടങ്ങുന്നുണ്ടോ? ആളുകൾ എപ്പോൾ മുതലാണ് പുരികം ഉയർത്തി അടിവയറ്റിലെക്ക് അധികാരപൂർവ്വം നോക്കി തുടങ്ങുക? കരുതലോടെ ഡോക്ടറെ കണ്ടില്ലേ എന്ന് ചോദിച്ചു തുടങ്ങുക? നാം ജീവിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ പരിസരമാണ് ഒരാൾക്ക് അനുവദിച്ചു കൊടുക്കുന്ന പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാനുള്ള കാലയളവിനെ അടയാളപ്പെടുത്തുന്നത്. എപ്പോൾ പ്രസവിക്കണം, എത്ര പ്രസവിക്കണം തുടങ്ങിയ വ്യക്തിവ്യവഹാരങ്ങൾ, ശക്തമായ ക്ഷേമരാഷ്ട്രത്തിന്‍റെ വരവോടുകൂടി സ്റ്റേറ്റിന്റെ ഇടപെടൽ മേഖല ആയിത്തീർന്നു. വിവാഹപ്രായം, സ്ത്രീകളുടെ വിദ്യാഭ്യാസം , തൊഴിൽ പങ്കാളിത്തം  തുടങ്ങി പൊതുവെ ഈ കാലയളവിനെ നിർണ്ണയിക്കുന്ന പല കാരണങ്ങൾ  ഉണ്ട്. ഇന്ത്യയിലെ നാഷണൽ ഫാമിലി ഹെൽത്ത്‌ സർവ്വേ നിശ്ചയിച്ചിരിക്കുന്ന പ്രത്യുദ്പാദന പ്രായം പതിനാലിനും നാല്പത്തി അഞ്ചിനും മദ്ധ്യേ ആണ്. വിവാഹ പ്രായം സ്ത്രീക്ക് പതിനെട്ടും.
ലോകാരോഗ്യ സംഘടന വന്ധ്യത സംബന്ധിച്ച് അതിന്റെ നിർവചനം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ മൂന്നു തവണ മാറ്റുകയുണ്ടായി. ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ (ഇന്ത്യയിൽ തീര്‍ച്ചയായും- വിവാഹിതരായ) പങ്കാളികൾക്ക് ഗര്‍ഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാതെ ഒരു വർഷം ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടതിനുശേഷം ഗര്‍ഭധാരണം നടന്നില്ലെങ്കിലാണ് അവർ വന്ധ്യത നേരിടുന്നവരായി ലോകാരോഗ്യ സംഘടന നിർവ്വചിക്കുന്നത്. ഈ നിർവചനം നിലവിൽ വരുന്നത് 2005-ലാണ്. 1975-നു മുൻപ് ഇത് അഞ്ചു വർഷവും അതിനു ശേഷം ഇത് രണ്ടു വര്‍ഷവും ആയിരുന്നു. ഈ കാലയളവിനെ ഒരു വര്‍ഷം ആയി ചുരുക്കിയത് ഏത് തരം പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് അറിയില്ല. ഇന്ത്യൻ കൌണ്‍സിൽ ഫോർ മെഡിക്കൽ റിസേർച്ചും പിന്തുടരുന്നത് അഥവാ തൊണ്ട തൊടാതെ വിഴുങ്ങുന്നത് ലോകാരോഗ്യ സംഘടനയുടെ ഈ നിർവചനം തന്നെയാണ്. വിവാഹപ്രായം പൊതുവേ നിയമപരമായി നിര്‍ണയിച്ചിട്ടുള്ള പരിധിക്കുതാഴെ നടക്കുന്ന സമൂഹത്തിൽ, ഒരു വർഷം എന്നത് വന്ധ്യതയെ നിർണ്ണയിക്കുന്ന കാലാവധി ആയി മാറുമ്പോൾ, കൌമാരകാല ഗർഭധാരണവും അതുയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ലോകാരോഗ്യ സംഘടനയുടെ ആശങ്ക ഇരട്ടത്താപ്പ് ആണെന്ന് വിലയിരുത്തേണ്ടി വരും.
സാമൂഹ്യ അപമാനങ്ങളും വൈദ്യശാസ്ത്ര ഇടപെടലുകളും  
ആത്യന്തികമായി നിർവചനത്തിൽ വന്നിട്ടുള്ള ഈ പരിവർത്തനം വന്ധ്യത കൂടിവരുന്നു എന്നും അത് ചികിത്സിക്കാൻ നൂതനമായ സാങ്കേതികവിദ്യകൾ വേണം എന്ന ആശയം മുന്നോട്ടു വയ്ക്കുകയും വലിയൊരു പ്രത്യുത്പാദന സാങ്കേതിക വിപണിക്കുവേണ്ടി വാതിലുകൾ തുറന്നിടുകയും ചെയ്യുന്നു. കണക്കുകൾ പെരുപ്പിച്ചു കാട്ടുന്നതിലൂടെ വാണിജ്യസാധ്യത തുറക്കുക മാത്രമല്ല ശരീരങ്ങൾ പരിചിതമല്ലാത്ത പരീക്ഷണങ്ങള്‍ക്കും ചികിത്സാവിധികൾക്കും  വിട്ടുകൊടുക്കേണ്ടിയും വരുന്നു. അതുണ്ടാക്കുന്ന സാമൂഹിക അവമതി വീട്ടിനകത്തും പുറത്തും; അതിന്റെ ഭാരം കൂടുതൽ പേറേണ്ടി വരുന്നത്  പലപ്പോഴും നാം ജീവിക്കുന്ന സമൂഹത്തിലും കാലത്തിലും സ്ത്രീകള്‍ തന്നെയാണ്. മാതൃത്വം എന്നത് സ്ത്രീത്വത്തെ നിശ്ചയിക്കുന്നതും അടയാളപ്പെടുത്തുന്നതുമായ ഒന്നായി മാറുന്ന സാഹചര്യത്തിൽ, വംശ / കുടുംബ പരമ്പര (ആണ്‍ കുഞ്ഞുങ്ങളിലൂടെ ആയാൽ വളരെ നല്ലത്!) നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം അടിസ്ഥാനപരമായി സ്ത്രീകൾക്കായി മാറുന്നു.”ഞാൻ കല്യാണം കൂടാൻ പോകാറില്ല , മരിച്ചിടത്തും പോകാറില്ല… നാലാൾ കൂടിന്നിടത്ത് പോകുമ്പോൾ അവർ നമ്മളെ നോക്കി  കളിയാക്കി ചിരിക്കും പോലെ തോന്നും… വീട്ടിലെ സങ്കടങ്ങൾ കൂടാതെ അതു കൂടി സഹിക്കാൻ വയ്യ. പതിനേഴു വർഷമായി ഞാൻ എങ്ങും പോയിട്ടില്ല. ഇനി ധൈര്യമായി പുറത്തേക്കിറങ്ങാലോ” (പതിനേഴ്‌  വർഷത്തെ പലതരം  ചികിത്സകൾക്കു ശേഷം പ്രസവിച്ച ഒരു സ്ത്രീയുമായി തിരുവനന്തപുരത്തെ  ഒരു പ്രധാനപ്പെട്ട ഐ വി എഫ് ക്ലിനിക്കിൽ വച്ചു നടത്തിയ അഭിമുഖത്തിൽ നിന്നും, ഫീൽഡ് നോട്സ്, 2013***). സ്ത്രീകൾ മാത്രമല്ല പുരുഷന്മാർക്കും സാമുഹ്യജീവിതം നിഷേധിക്കുകയും ആണത്തം ചോദ്യം ചെയ്യപ്പെടുകയും അവഹേളനങ്ങൾക്ക് ഇരയാവുകയും ചെയ്യേണ്ടി വരുന്നു. “ഒരിക്കൽ ഒരു കല്യാണ വീട്ടില്‍ പന്തലിടാൻ ഞാൻ  ചെന്നപ്പോൾ കൂട്ടുകാർ എന്നെക്കൊണ്ട് അതിനൊക്കെ പറ്റുമോ എന്ന് കളിയാക്കി ചിരിച്ചു… മറ്റൊരിക്കൽ വീട് പണിയുന്നിടത്ത് ഒരു ചാക്ക് സിമന്റ് എടുക്കാൻ  ചെന്നപ്പോളും അവിടുള്ളവർ ‘കഴിയുന്ന കാര്യങ്ങൾ ചെയ്താൽ മതി’ എന്ന് പരിഹസിച്ചു. പിന്നീടെനിക്ക് ജോലിയും വീടും മാത്രമായി ജീവിക്കേണ്ടി വന്നു” (അവരുടെ  ഭർത്താവ്, ഫീൽഡ് നോട്സ്, 2013).
ഇത്തരത്തിൽ ഉള്ള അപമാനങ്ങൾ ഒഴിവാക്കാനും അതുണ്ടാക്കുന്ന മുറിവുകള്‍ പരിഹരിക്കാനും ഉതകുന്ന ഒരു സാമൂഹ്യസംവിധാനങ്ങളും നമുക്കില്ലാതെ പോകുമ്പോൾ വൈദ്യശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന കുറുക്കു വഴികളിലാണ് മിക്കവരും എത്തിച്ചേരുന്നത്. അതൊരു സ്വമേധയ ഉള്ള തിരഞ്ഞെടുപ്പല്ല, മറിച്ച് നിർബന്ധിതമായി എത്തിച്ചേരേണ്ടി വരുന്ന ചൂഷണത്തിന്റെ മറ്റൊരു മേഖലാണ്.
സാങ്കേതിക വിദ്യ ഉയർത്തുന്ന ചോദ്യങ്ങൾ 
സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഉള്ള പ്രത്യുല്‍പ്പാദനത്തെ കുറിച്ച് ഫെമിനിസ്റ്റ് ആശയം പ്രധാനമായും മൂന്നു വാദമുഖങ്ങൾ മുന്നോട്ടു വയ്ക്കുന്നു. ഒന്ന് സ്ത്രീകളുടെ പ്രത്യുല്പാദന അവകാശങ്ങളിൽ സ്വന്തം ശരീരഭാഗങ്ങൾ പരീക്ഷണങ്ങൾക്ക് വിട്ടു കൊടുക്കുക എന്നത് ഉൾക്കൊള്ളുന്നില്ല (anderson, warnock, corea), മറ്റൊന്ന് സാങ്കേതികവിദ്യ സ്ത്രീകളുടെ പ്രത്യുല്പാദന ഭാരം ലഘൂകരിക്കും; അതുവഴി പുരുഷകേന്ദ്രീകൃത സമൂഹത്തിൽ നിന്നുള്ള വിമുക്തി സാധ്യമായേക്കും (firestone ), മൂന്നാമതായി, വൈദ്യശാസ്ത്ര സാങ്കേതികവിദ്യയുടെ ഈ രംഗത്തുള്ള വളർച്ച ആത്യന്തികമായി ചൂഷണത്തിൽ അധിഷ്ടിതവും നിലവിലുള്ള സത്രീ വാർപ്പ്മാതൃകകളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതുമാണ് (ഒലിവർ).  ഇന്ത്യ പോലെ, തീരുമാനമെടുക്കുന്ന പ്രക്രിയയിൽ (സ്വകാര്യ ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും) രേഖപ്പെടുത്താത്ത ശബ്ദത്തിന്റെ ഉടമകളായി ഭൂരിപക്ഷം സ്ത്രീകൾക്കും ജീവിക്കേണ്ടി വരുന്ന സമൂഹത്തിൽ പ്രത്യുല്‍പ്പാദന അധികാരം എന്നത് മരീചികയാണ്. ചൂഷണത്തിന്റെ സാദ്ധ്യതകൾ മാത്രമാണ്, നിലനിൽക്കുന്ന സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യകൾ ചെയ്യുക; അവയ്ക്ക് വിമോചനത്തിനുള്ള അന്തർലീനശക്തി തുലോം കുറവാണ് താനും .
എന്ത് തരം ചികിത്സയാണ് ഫലപ്രദം? അതിന്റെ പാർശ്വഫലങ്ങൾ എന്താണ് ? ചികിത്സാ ചെലവുകൾ നിയന്ത്രിക്കുന്നത്‌ എങ്ങനെ? തുടങ്ങി ചികിത്സ തേടി എത്തുന്ന ഒരാൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ പല വിവരങ്ങളും ലഭ്യമല്ല.  ഇതിൽ പലർക്കും പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാവേണ്ടിയും വരുന്നു.
ടെസ്റ്റ്‌ ട്യൂബ് ശിശുക്കളും കച്ചവടവും 
ലോകത്തെ ആദ്യത്തെ ഐ വി എഫ് ശിശു, ലൂയിസ് ബ്രൌണ്‍ ജനിക്കുന്നത് 1978-ല്‍ ഇംഗ്ലണ്ടിലാണ്. മാസങ്ങൾക്കുള്ളിൽ കൽക്കത്തയിലെ ഡോക്ടർ സുഭാഷ്‌ മുഖർജി ലോകത്തെ രണ്ടാമത്തെ ഐ വി എഫ് ശിശു ദുർഗ എന്ന അവകാശവാദവുമായി രംഗത്തെത്തി; എന്നാൽ ശാസ്ത്രീയമായി അതു രേഖപ്പെടുത്തിയില്ല എന്ന കാരണത്താൽ വൈദ്യശാസ്ത്രലോകം ആ അവകാശവാദം തള്ളിക്കളയുകയും തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയുമുണ്ടായി. “ശാസ്‌ത്രീയമായി രേഖപ്പെടുത്തിയ” ഇന്ത്യയിലെ ആദ്യത്തെ “ടെസ്റ്റ്‌ ട്യൂബ്” ശിശു ജനിക്കുന്നത് 1986-ല്‍ ബോംബയിലാണ്ഹ; ഹര്‍ഷ ചവ്ല. ഇന്ത്യൻ കൌണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ സഹായത്താൽ ബോംബയിലെ ഒരു മുനിസിപ്പൽ ആശുപത്രിയായ കിംഗ്‌ എഡ്വാർഡ് മെമ്മോറിയലിൽ നടന്ന ഗവേഷണങ്ങളുടെ ഫലമായിരുന്നു അത്. പൊതുമേഖലയിലെ ഈ ഗവേഷണത്തിനു മാത്രമായി ഒരു സ്ഥാപനം തന്നെ സർക്കാർ സ്ഥാപിച്ചു; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ റീപ്രൊഡക്ഷൻ. ലോകത്തെ തന്നെ മികച്ച സ്ഥാപനമായ ഇവിടെ നിന്നും സർക്കാർ ചിലവിൽ പഠിച്ചവരാണ് ഇന്ന് ഇന്ത്യയിലെ പല നഗരങ്ങളിലെയും സ്വകാര്യ മേഖലയിലെ  പ്രധാനപ്പെട്ട കഴുത്തറപ്പൻ വന്ധ്യതാ നിവാരണ ചികിത്സാകേന്ദ്രങ്ങളുടെ ഉടമസ്ഥരും നടത്തിപ്പുകാരും! ഇതുമായി ബന്ധപ്പെട്ട ലോ കമ്മീഷൻ റിപ്പോർട്ട്‌ തന്നെ പറയുന്നത് 25,000 കോടിയുടെ ഒരു സ്വർണകുംഭം ആണ് ഇന്ത്യയിലെ ഐ വി എഫ് വ്യവസായം എന്നാണ്! (ഖണ്ഡിക 1.7, റിപ്പോർട്ട്‌ നമ്പർ 228, 2009). ഇമ്രാന ഖദീറിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാകുന്നു;  വൈദ്യശാസ്ത്ര സാങ്കേതികവിദ്യയുടെ നിയന്ത്രണം ഉപജ്ഞാതാവിന്റെ കയ്യിൽ നിന്നും നിക്ഷേപകരുടെ കൈയിലേക്ക് മാറി എന്നതാണ് ഈ രംഗത്ത് നവലിബറൽ രാഷ്ട്രീയം കൊണ്ടുവന്നിട്ടുള്ള നാടകീയ  മാറ്റം (ഇമ്രാന ഖദീർ, 2010).
രോഗശാസ്ത്രപരമായ (epidemiological ) ചോദ്യങ്ങൾ 
ഈ നൂതന ചികിത്സാ സമ്പ്രദായങ്ങളിലൂടെ യഥാർത്ഥത്തിൽ വന്ധ്യത ചികിത്സിച്ചു മാറ്റുകയല്ല, മറിച്ച് ശരീരത്തിൽ നടത്തുന്ന ചില പരീക്ഷങ്ങളിലൂടെ ഒരു കുഞ്ഞിനെ ജനിപ്പിക്കുക എന്ന കുറുക്കു വഴി മാത്രമാണ്. ചികിത്സയിലൂടെ ഭേദമാക്കുന്ന രോഗാവസ്ഥയായി ഇത് മനസിലാക്കണമെങ്കിൽ ആദ്യം അന്വേഷിക്കേണ്ടത് ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് എന്നതാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത് സെക്കണ്ടറി നിരുല്‍പ്പാദകത്വം ആണ് പ്രൈമറിയിലും കൂടുതൽ എന്നാണ്. ഇതിനുള്ള കാരണങ്ങൾ ആകട്ടെ പ്രസവകാലത്ത് നേരിട്ട സങ്കീർണ്ണതകൾ, പെൽവ്വിക് ഇൻഫെക്ഷനുകൾ, ലൈംഗിക രോഗങ്ങൾ, എൻഡോ മെട്രിയോസിസ്, ശിശു മരണ നിരക്ക് കൂടുന്നത് മൂലമുണ്ടാകുന്ന തുടർച്ചയായ ഗര്‍ഭധാരണം എന്നിവയാണ്. പകർച്ചവ്യാധികൾ കാരണമുണ്ടാകുന്ന പൊതുവിലുള്ള ശോഷിച്ച ആരോഗ്യവും പകർച്ച വ്യാധികളും അവശ്യ സൌകര്യങ്ങൾ ഇല്ലാത്ത പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ പ്രസവ ചികിത്സ തുടങ്ങിയവും സെക്കണ്ടറി നിരുല്പാദനത്തിനു കാരണമാകുന്നു. പോഷകാഹാരക്കുറവ്, അന്തരീക്ഷ മലിനീകരണം, പ്രകൃതിയുടെ ശോഷണം, മാനസിക സമ്മർദ്ദം, പ്രവാസം അങ്ങനെ പഠിക്കപെടാത്ത കുറെ കാരണങ്ങൾ കൂടി വന്ധ്യതക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ പ്രതിരോധിക്കാൻ സാധിക്കുന്ന കാരണങ്ങൾ ആവശ്യപ്പെടുന്നത് ദാരിദ്ര്യം, പ്രാഥമിക അവകാശങ്ങളുടെ നിഷേധം എന്നിവയ്ക്കെതിരെയുള്ള സാമൂഹിക ഇടപെടലും പൊതുമേഖലയിലെ പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നിലക്കൊള്ളലുമാണ്; അല്ലാതെ വിലയേറിയ അതിനൂതന സാങ്കേതികവിദ്യയല്ല.
ആധുനികതയെ പുൽകാന്‍ വെമ്പിനില്‍ക്കുന്ന സമൂഹമാണ് മലയാളിയുടേത്‌. ജനസംഖ്യാ നിയന്ത്രണ പദ്ധതികളും വന്ധ്യംകരണ ശസ്ത്രക്രിയയും സങ്കീർണതകളോടു കൂടിയെങ്കിലും എളുപ്പത്തിൽ സ്വാംശീകരിക്കപ്പെട്ട സമൂഹം കൂടിയാണ് നമ്മുടേത്‌ (ജെ. ദേവിക, 2008). വന്ധ്യംകരണം ക്ഷേമരാഷ്ട്രീയത്തിൽ  സർക്കാർ നടത്തിയ ഇടപെടൽ ആയിരുന്നെങ്കിൽ വന്ധ്യതാനിവാരണം നവ ലിബറൽ രാഷ്ട്രീയത്തിലെ വിപണിയുടെ ഇടപെടലാണ്. ചോദ്യം ചെയ്യപ്പെടാതെ ഈ പുതിയ ചികിത്സാരീതി തൊണ്ട തൊടാതെ വിഴുങ്ങാൻ നാം തയ്യാറാവുന്നു എന്നതിന്റെ സൂചനയാണ് കേരളത്തിന്റെ നഗരങ്ങളിൽ വ്യാപകമായി ഉയർന്നു നിൽക്കുന്ന ഐ വി എഫ് ക്ലിനിക്കുകളുടെ പരസ്യ ബോർഡുകളും ക്ലിനിക്കുകളുടെ വ്യാപനവും.
ആധുനികതയും പുരോഗമനപരതയും ഒരേ സമവാക്യത്തിൽ രേഖപ്പെടുത്തുന്ന ഈ സാഹചര്യത്തിൽ നാം ചോദിക്കേണ്ട ചോദ്യങ്ങൾ മറ്റൊന്നാണ്. സ്വമേധയാ കുട്ടികൾ വേണ്ട എന്നുള്ളവരുടെ തീരുമാനത്തെ സ്വീകരിക്കാൻ പാകത്തിന് എന്തുകൊണ്ടാണ് നമ്മുടെ സമൂഹം പക്വമാകാത്തത്? ദത്തെടുക്കൽ എന്ന കൂടുതൽ പുരോഗമനപരമായ ആശയങ്ങൾക്ക് പകരം സ്വന്തം രക്തത്തിൽ പിറന്ന കുട്ടി എന്ന സ്വാർഥബോധം എന്ത് തരം അരക്ഷിതാവസ്ഥയുടെ ആവിഷ്കാരമാണ്? കൂട്ടുകാർക്കൊപ്പവും മറ്റും ജീവിക്കുന്നതിലൂടെ സാദ്ധ്യമാകുന്ന സമാന്തര കുടുംബ സംവിധാനങ്ങളുടെ സാധ്യതക്ക് നേരെ നെറ്റി ചുളിക്കുന്നത് എന്തിനാണ്? വ്യവസ്ഥാപിതമായ വഴികളിൽ നിന്നു മാറി നടക്കാൻ ശ്രമിക്കുന്നവരോട് സാമൂഹ്യമായി രൂപപ്പെടുന്ന (സമീപകാലത്ത് കൂടുതൽ ശക്തമാകുന്ന) അസഹിഷ്ണുത ചോദ്യം ചെയ്യപ്പെടുക എന്നത് അനിവാര്യമാകുന്നുണ്ട്. നിയമം ചൂഷകർക്കൊപ്പം നിൽക്കുന്ന വന്ധ്യതാനിവാരണ ചികിത്സയുടെ രാഷ്ട്രീയം മനസിലാക്കുമ്പോൾ ഇത്തരത്തിൽ ഉള്ള മാറിനടത്തങ്ങൾക്ക് പ്രസക്തിയേറുന്നു.
* ജ്യോത്സന അഗ്നിഹോത്രി ഗുപ്ത (2000: പുറം 55)
** ആരതി പി എം (2012 )- ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ സെന്റർ ഓഫ് സോഷ്യൽ മെഡിസിൻ ആൻഡ്‌ കമ്മ്യൂണിറ്റി ഹെൽത്തില്‍ സമർപ്പിച്ച പി എച് ഡി തിസീസിൽ നിന്നും 
*** കേരളത്തിലെ ഐ വി എഫ് ക്ലിനിക്കുകളെ കുറിച്ചുള്ള ഫീൽഡ് സ്റ്റഡി യിൽ നിന്നും 
 
Reference: 
1. Raymond,J. (1995) Women as Wombs: Reproductive Technologies and the Battle over Women’s  Freedom, North Melbourne, Australia: Spinifex Press.
2. Anderson, E. (1990) ‘Is Women’s Labor  a Commodity?’ Philosophy & Public Affairs, 19: 71-92.
3. Corea, G. (1985) The Mother  Machine: Reproductive Technologies  from Artificial Insemination to Wombs, New York, Harper & Row.
4. Oliver, K. (1989) ‘Marxism and Surrogacy’, Hypatia, 4: 95-115.
5. Warnock, M.(1985) A Question of Life: TheWarnock Reporton Human Fertilisation   and Embryology, Oxford: Basil  Blackwell.
6. Qadeer, I. (2010). New Reproductive Technologies and Health Care in Neo-Liberal India:Essays. Monograph (pp.1-73), New Delhi:Centre For Women’s Development Studie
7. Devika, J. (2008). Individuals, householders, citizens: Malayalis and family planning, 1930-1970. Zubaan.
8. Gupta, J. A. (2000). New reproductive technologies, women’s health and autonomy: Freedom or dependency. New Delhi: Sage Publications.
ഡോ. ആരതി പിഎം

ഡോ. ആരതി പിഎം

പ്രാഥമികാരോഗ്യം സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിനെ വിലയിരുത്തുന്ന ലേഖനങ്ങളാണ് 'Reviewing Public Health'. ഇന്ത്യ അടക്കമുള്ള മൂന്നാം ലോക- വികസ്വര രാജ്യങ്ങളില്‍ സാമൂഹിക അസമത്വം പൊതുജനാരോഗ്യ വ്യവസ്ഥിതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന്‍ ഇവിടെ പരിശോധിക്കുന്നു; ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി എങ്ങനെ നിര്‍ണായകമാകുന്നു എന്നതും പ്രധാനമാണ്. ആയുര്‍ദൈര്‍ഘ്യം, പോഷകാഹാരം, ശുചിത്വം, കുടിവെള്ളം, ഭൂമി, വരുമാനം, വൈദ്യസഹായ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്നും ഇവിടെ പരിശോധിക്കുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ടരുടെ അഭിപ്രായങ്ങള്‍, ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ എന്നിവയും ഈ പഠനത്തില്‍ ഉള്‍പ്പെടും. ഇതിനൊപ്പം, Organ transplantation, Assisted Reproductive Technology regulation, Medical termination of pregnancy തുടങ്ങിയ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട കോടതി വിധികളും ഇവിടെ പഠനത്തിന് വിധേയമാക്കുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്തില്‍ പി.എച്ച്.ഡി. ഇപ്പോള്‍ ഡല്‍ഹിയില്‍, കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റി (CSD)ല്‍ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ് ആണ് ആരതി.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍